'വർഷങ്ങൾ കഴിഞ്ഞിട്ടല്ല പരാതി പറയേണ്ടത്, എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല? നടിമാർ എല്ലാം അങ്ങനെയല്ല'; പൊന്നമ്മ
മലയാളത്തിലെ മുതിർന്ന നടിമാരിൽ ഇപ്പോഴും സിനിമയിൽ സജീവമായ വ്യക്തിയാണ് പൊന്നമ്മ ബാബു. സിനിമയിൽ എത്തി മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും അവർ മികച്ച വേഷങ്ങളുമായി ഇപ്പോഴും തന്റെ പ്രതിഭ തെളിയിക്കുകയാണ്. പ്രമുഖരായ പല ചലച്ചിത്ര സംവിധായകരുടെയും ചിത്രങ്ങളിൽ പൊന്നമ്മ ബാബു പ്രധാന വേഷം കൈകാര്യം ചെയ്‌തിരുന്നു. മുന്നൂറിലധികം ചിത്രങ്ങളിലാണ് അവർ ഇതുവരെ വേഷമിട്ടിരിക്കുന്നത്.
സിനിമയിൽ തങ്ങളുടെ അഭിപ്രായം പറയാൻ മടി കാണിക്കുന്ന ആളുകളാണ് കൂടുതലായും ഉള്ളത്. എന്നാൽ അത്തരത്തിൽ ഒരു മടിയും കാണിക്കാതെ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് സംസാരിക്കാൻ താൽപര്യം കാണിക്കുന്ന നടിയാണ് പൊന്നമ്മ ബാബു. അമ്മ സംഘടനയുമായി ബന്ധപ്പെട്ടും നടിമാരുടെ പരാതിയുമായി ബന്ധപ്പെട്ടുമെല്ലാം നേരത്തെ പൊന്നമ്മ ബാബു തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു.

എന്നാൽ അമ്മ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മെമ്മറി കാർഡ് വിവാദം ഉയർത്തിയതും കുക്കു പരമേശ്വരന് എതിരെ രംഗത്ത് വന്നതും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് പൊന്നമ്മ ബാബു. സ്ത്രീകൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുമ്പോൾ ഉടനടി പ്രതികരിക്കണമെന്നും അല്ലാതെ വർഷങ്ങൾ കഴിഞ്ഞല്ലെന്നും അവർ പറയുന്നു. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് അവർ പ്രതികരണം.
പൊന്നമ്മ ബാബുവിന്റെ വാക്കുകൾ
വലിയ ഇഷ്യൂസ് ഒക്കെ ഉണ്ടായപ്പോഴും മറ്റും ഞാൻ ആണ് ഇറങ്ങി സംസാരിച്ചത്. ഒരുപാട് പേരെ വിളിച്ചു ആരും വന്നില്ല. ഞാൻ അമ്മ സംഘടനയെ സംരക്ഷിച്ചാണ് സംസാരിച്ചത്. മുപ്പത് വർഷമായി ഞാൻ സിനിമയിൽ വന്നിട്ട്. അമ്മയിൽ അംഗമായിട്ടും അത്ര വർഷമായി. എനിക്ക് എന്റെ അമ്മയെ പോലെ തന്നെയാണ് സംഘടനയും. ഒരുപാട് മഹാരഥന്മാർ നയിച്ച സംഘടനയാണ് ഇത്. അവരിൽ ഒരുപാട് പേർ മരിച്ചുപോയി. സത്യസന്ധമായ കാര്യമാണ് ഞാൻ പറയുന്നത്.
ഒരു കാര്യം നടക്കുമ്പോൾ അല്ലേ പരാതി പറയേണ്ടത്, അല്ലാതെ വർഷങ്ങൾ കഴിഞ്ഞല്ലാലോ. അവരെ നശിപ്പിക്കാൻ വേണ്ടി വർഷങ്ങൾ കഴിഞ്ഞല്ലല്ലോ സംസാരിക്കേണ്ടത്. പെണ്ണുങ്ങൾക്ക് നിയമം അനുകൂലമാണെന്ന് കരുതി ചിലരെ അങ്ങ് തീർത്തുകളയാം എന്ന് കരുതി അല്ല ഇതൊന്നും ചെയ്യേണ്ടത്. നമുക്ക് മുന്നിൽ വരുന്ന പരാതികളിൽ കൂടുതലും തെറ്റാണ്. അതുകൊണ്ടാണ് പറയുന്നത്, എന്തുണ്ടായാലും അപ്പോൾ തന്നെ പ്രതികരിക്കണം.
തെറ്റേതാണ് ശരിയേതാണ് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഇതിനകത്ത് ചതിക്കപ്പെട്ട ആളുകളും ഉണ്ടാവും. ആരും കേസിന് പോവുന്നില്ല. പിന്നെ എന്തിനാണ് ഇവർ പരാതിയുമായി മുന്നോട്ട് വരുന്നത്. മലയാള സിനിമയെ തന്നെ പിടിച്ചുലച്ച സംഭവങ്ങളാണ്. ഹേമ കമ്മീഷൻ വന്നപ്പോൾ പല മീഡിയാസും മോശമായിട്ടാണ് എഴുതിയിരുന്നത്. ആ സമയത്ത് ഞാൻ കുറച്ച് ആളുകളെ വിളിച്ചു. അവരാരും തയ്യാറായില്ല. പക്ഷേ, അവർ പറഞ്ഞ വാക്കുകൾ മോശമായിരുന്നു.
അവർ പറഞ്ഞത് എന്നെ വേദനിപ്പിച്ചു. നടിമാർ എല്ലാം അങ്ങനത്തെ ആളുകൾ അല്ല, അവരൊക്കെ കഷ്‌ടപെട്ട് വന്നവരാണ് എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു. അങ്ങനെ പറയാനാണ് ഞാൻ ഇഷ്‌ടപ്പെട്ടത്. സ്ത്രീകൾക്ക് ഒരുമായില്ല എന്ന് ഞാൻ പറഞ്ഞിരുന്നു. ഒരിക്കൽ കൂട്ടായ്‌മ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, ആരും കൂടെ നിന്നില്ല. പിന്നെ ഒരു വാട്‍സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.
മെമ്മറി കാർഡുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉണ്ടെന്നത് സത്യമായ കാര്യമാണ്. അതിപ്പോൾ സംഘടനയ്ക്ക് ഉള്ളിൽ നിന്ന് തന്നെ തീർക്കാനുള്ള ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ട്. അതൊരിക്കലും പൊതു സമൂഹത്തിന് ഇടയിൽ കൊണ്ടുവരാൻ താൽപര്യപ്പെടാത്ത കാര്യമായിരുന്നു. പക്ഷേ അതിൽ ഇല്ലാത്ത ഒരാളാണ് അത് പറഞ്ഞുപരത്തിയത്.












Click it and Unblock the Notifications