'ജയസൂര്യ നൽകിയത് 2 ലക്ഷം രൂപയാണ്, ആ തുക ഇന്നും അദ്ദേഹം തിരികെ വാങ്ങിയിട്ടില്ല'; സംവിധായകന്റെ കമന്റ്
മലയാളത്തിൽ നൻമമരം ചമയുന്ന നടനാണ് ജയസൂര്യയെ വിമർശന കുറിപ്പിന് മറുപടിയുമായി സംവിധായകൻ രതീഷ് രഘുനനന്ദൻ. തനിക്ക് കൊവിഡ് കാലത്ത് ജയസൂര്യ നൽകിയ സാമ്പത്തിക സഹായത്തെ കുറിച്ച് വിശദീകരിച്ചാണ് രതീഷ് കമന്റ് ചെയ്തത്. ജയസൂര്യ എന്ന താരത്തിന് തന്നെ അത്രയും രൂപ നൽകി സഹായിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഇന്നും തന്നോട് ആ പണം തിരികെ ആവശ്യപ്പെട്ടിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു.
നടനെ വിമർശിച്ചുകൊണ്ട് സിനിമ ഗ്രൂപ്പിൽ വന്ന കുറിപ്പ് ഇങ്ങനെയായിരുന്നു- 'മലയാളത്തിൽ നന്മമരം ചമയുന്ന നടൻ ജയസൂര്യ ആണെന്ന് തോന്നിയിട്ട് ഉണ്ട്, മൺവെട്ടിയുമായി റോഡ് മണ്ണിട്ട് മൂടാൻ ഇറങ്ങി, മേരിക്കുട്ടി ഇറങ്ങിയപ്പോ ട്രാൻസ്ജെൻഡർസ് ആയി പോയി ഫോട്ടോസ് എടുത്തു. ഇനി കത്തനാർ ഇറങ്ങുമ്പോൾ കേരളത്തിലെ പള്ളീലച്ചൻമാരുമായി അടുത്ത സെൽഫി പ്രതീക്ഷിക്കാം.'

സംവിധായകന്റെ കമന്റ് ഇങ്ങനെ- 'നന്മമരം ചമയലാണോ എന്നറിയില്ല. എനിക്കുണ്ടായ അനുഭവം പറയാം. ഞങ്ങൾ ഒരുമിച്ചു ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നു. വിജയ് ബാബു നിർമാതാവ്. പ്രി-പ്രൊഡക്‌ഷൻ തുടങ്ങി ദിവസങ്ങൾക്കകം കോവിഡും ലോക്‌ഡൗണും വരുന്നു. എല്ലാം പൂട്ടിക്കെട്ടി. രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞപ്പോൾ ജയേട്ടന്റെ വിളി ''എങ്ങനെ പോകുന്നെടാ കാര്യങ്ങൾ?'', ഇങ്ങനെയൊക്കെ പോകുന്നുവെന്നു ഞാൻ പറഞ്ഞു. ''ഇത്തിരി പൈസ അക്കൌണ്ടിൽ ഇട്ടിട്ടുണ്ട് ട്ടോ''. വേണ്ട എന്ന് പറയാവുന്ന സാഹചര്യം ആയിരുന്നില്ല. ജയസൂര്യ എന്ന നടന് എന്നെ പോലെ ഒരാളെ ഓർത്തു സഹായിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം. അറിയില്ല.' എന്നായിരുന്നു രതീഷിന്റെ കമന്റ്.
നിരവധി പേരാണ് നടനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. പല നല്ല കാര്യങ്ങളും പറഞ്ഞതിന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ജയസൂര്യയെന്നും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നുമാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
ഉടൽ എന്ന സിനിമയുടെ സംവിധായകനാണ് രതീഷ് രഘുനന്ദനൻ. ദിലീപിനെ നായകനാക്കിയൊരുക്കിയ തങ്കമണിയായിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം.












Click it and Unblock the Notifications