'സുധിയുടെ വിയർപ്പ് കൊണ്ട് തയ്യാറാക്കിയ പെർഫ്യൂം ദേഹത്ത് അടിക്കാനല്ല; ലക്ഷ്മി വരാത്തതിന് കാരണം ഇത്'; രേണു
അപ്രതീക്ഷിതമായിട്ടായിരുന്നു നടൻ കൊല്ലം സുധിയുടെ വിയോഗം. കഴിഞ്ഞ വർഷം എറണാകുളത്ത് ഒരു പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. സുധിയുടെ വേർപാടിന്റെ ദുഃഖത്തിൽ നിന്നും ഭാര്യയും മക്കളും കരകയറി വരുന്നതേയുള്ളൂ. എന്നാൽ അവർക്കെതിരെ ഇപ്പോഴും കടുത്ത സൈബർ അധിക്ഷേപം തുടരുകയാണ് ചിലർ.
രേണു സോഷ്യൽ മീഡിയയിൽ സജീവമാകുന്നതും റീൽ ചെയ്യുന്നതിനുമെല്ലാമാണ് ചിലരുടെ പരിഹാസം. ഒരു 'വിധവ നടക്കേണ്ട രീതിയിൽ'' അല്ല രേണു കഴിയുന്നതെന്നും സുധിയുടെ ആദ്യ മകൻ കിച്ചുവിനെ രേണു ഒപ്പം നിർത്തുന്നില്ലെന്നൊക്കെയുള്ള അധിക്ഷേപ കമന്റുകളാണ് അവരുടെ സോഷ്യൽ മീഡിയ നിറയെ. ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നൽകുകയാണ് രേണു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. താൻ ഇത്തരം അധിക്ഷേപങ്ങളെ ശ്രദ്ധിക്കാറില്ലെന്ന് രേണു പറയുന്നു. രേണുവിന്റെ വാക്കുകളിലേക്ക്

'സൈബർ ആക്രമണങ്ങളൊന്നും കാര്യമാക്കുന്നില്ല. ഒരു വിധവ ഇങ്ങനെ നടക്കരുത്,അങ്ങനെ ഇരിക്കണം എന്നൊക്കെയാണ് കേൾക്കുന്നത്. ഇക്കാലത്തും ഇതൊക്കെയുണ്ടോയെന്നാണ്. വർഷങ്ങൾക്ക് മുൻപ് സതിയെ കുറിച്ചൊക്കെ കേട്ടിട്ടുണ്ട്. ഭർത്താവ് മരിച്ച ചിതയിൽ ചാടി മരിക്കണമെന്നായിരുന്നല്ലോ. സതിയൊക്കെ നിർത്തലാക്കിയതാണ്. പിന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത് എന്ന് മനസിലാകുന്നില്ല. സുധി ചേട്ടൻ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഞാൻ ജീവിക്കുന്നത്. ഞാൻ എന്തോ വലിയ കുറ്റം ചെയ്യുന്നത് പോലെയാണ് റീൽ ചെയ്യുന്നതിനെ കുറിച്ചൊക്കെ പറയുന്നത്. സുധിച്ചേട്ടൻ ഉള്ളപ്പോൾ മുതൽ റീൽ ചെയ്യുന്നുണ്ട്. അത് ചെയ്യുന്നത് എനിക്ക് സന്തോഷമാണ്.
വിവാദങ്ങളോട് പ്രതികരിക്കാൻ താത്പര്യപ്പെടുന്നില്ല. ഈ വിവാദങ്ങൾ മനസിൽ മുറിപ്പാട് ഉണ്ടാക്കുന്നില്ലെന്നതാണ് യാഥാർഥ്യം. മനസ് മുറിയണമെങ്കിൽ കാണണമല്ലോ. ഈ ചെവിയിലൂടെ കേട്ട് അടുത്ത ചെവിയിലൂടെ കളയും. ഈ കുറ്റം പറയുന്നവരൊന്നും നമ്മുക്ക് ഒന്നും ചെയ്ത് തരുന്നില്ല. മൂത്തമകനെ അടിച്ചിറക്കിയെന്നൊക്കെയാണ് പറയുന്നത്. ഇവൻ എന്റെ മൂത്ത മകനാണ്.ഇവനാണ് എന്നെ അമ്മേ എന്ന് ആദ്യം വിളിച്ച് തുടങ്ങിയത്. എനിക്ക് റിതപ്പനെക്കാൾ വലുതാണ് കിച്ചു', jരേണു പറഞ്ഞു.
കൊല്ലം സുധിയുടെ വിയർപ്പ് കൊണ്ട് പെർഫ്യൂം ഉണ്ടാക്കിയതിനെതിരെ നേരത്തേ കടുത്ത വിമർശനം ഉയർന്നിരുന്നു. അതിലും രേണു പ്രതികരിച്ചു. 'എന്റെ ആഗ്രഹം ആയിരുന്നു അങ്ങനെയൊരു പെർഫ്യൂം. സുധിച്ചേട്ടൻ മരിക്കുന്നതിന് മുൻപ് ഇങ്ങനെ മരിച്ചവരുടെ മണം പെർഫ്യൂമാക്കാമെന്ന വീഡിയോ ഞാൻ കണ്ടിരുന്നു. അദ്ദേഹത്തിനും കാണിച്ച് കൊടുത്തിരുന്നു. മരിച്ചപ്പോൾ ഞാനാണ് ലക്ഷമിയോട് അങ്ങോട്ട് പറഞ്ഞത്. ദുബായിൽ ആണ് ഏറ്റവും നന്നായി ചെയ്യുന്നത് എന്ന് അറിഞ്ഞാണ് ലക്ഷ്മി അവിടേക്ക് പോയത്. ആ പെർഫ്യൂം എന്നും ദേഹത്ത് അടിച്ച് നടക്കാനാകില്ല. തീർത്ഥ വെള്ളം പോലെ സൂക്ഷിച്ചിരിക്കുകയാണ്'.
ലക്ഷ്മി തിരക്കായതിനാലാണ് തങ്ങളുടെ പുതിയ. വീട്ടിലേക്ക് വരാതിരിക്കുന്നത് എന്നും രേണു പറഞ്ഞു. അവർ യുകെയിലൊക്കെയാണ്. നാട്ടിൽ തിരിച്ചെത്തിയാൽ തരാമെന്ന് അറിയിച്ചിട്ടുണ്ട്. ലക്ഷ്മി തന്നെയാണ് ഇപ്പോഴും കോൺടാക്ടുള്ളത്. സുധിച്ചേട്ടൻ മരിക്കുന്നതിന് മുൻപ് അവർ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. മരിച്ച് കഴിഞ്ഞതിന് ശേഷവും എല്ലാ മാസവും നല്ലൊരു തുക അയച്ച് തരുന്നുണ്ട്. ഇങ്ങനെ നല്ലകാര്യങ്ങൾ ചെയ്യുന്നവരെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് അറിയില്ല. അവളോട് ഇത് പറയുമ്പോൾ പറയുന്നത് സുധിച്ചേട്ടന്റെ വീട്ടുകാർക്ക് എന്നെ അറിയാമല്ലോ കാര്യമാക്കേണ്ടെന്നാണ്.
സുധിച്ചേട്ടന്റെ വീടുമായി നല്ല ബന്ധമുണ്ട്. കൊല്ലത്തായതിനാലാണ് കൂടെകൂടെ പോകാത്തത്. പക്ഷെ വിളിക്കാറുണ്ട്, സംസാരിക്കാറുണ്ട്. അവർ ഇങ്ങോട്ട് വരാറുണ്ട്', രേണു പറഞ്ഞു.












Click it and Unblock the Notifications