മോഡേണ്‍ യക്ഷികള്‍ വെള്ള സാരി ഒഴിവാക്കി; 'ലോക' വന്നത് മലയാളി സങ്കല്‍പ്പങ്ങള്‍ ഉടച്ചുകൊണ്ട്
ലോക വാര്‍ത്തകളില്‍ നിന്ന് മാറുന്നതേ ഇല്ല. കളക്ഷന്റെ കാര്യത്തില്‍ മാത്രമല്ല. സിനിമയിലെ ഓരോരോ കാര്യങ്ങള്‍ എടുത്ത് പറഞ്ഞ് സാമൂഹികമാധ്യമങ്ങളിലും വാര്‍ത്താസൈറ്റുകളിലും എല്ലാം ലോക നിറഞ്ഞ് നില്‍ക്കുന്നു. ലോകയുടെ വിജയം പഴയ യക്ഷിക്കഥകളും ചര്‍ച്ചകളിലെത്തിക്കുന്നു. പറ്റിച്ചവരോടും വേദനിപ്പിച്ചവരോടും കൊല്ലാക്കൊല ചെയ്തവരോടും പ്രതികാരം ചെയ്യാന്‍ വെമ്പുന്ന, വെള്ളസാരിയുടുത്ത് മുടിയഴിച്ചിട്ട് നടക്കുന്ന സുന്ദരിയായ യക്ഷി. പഴംകഥകളിലെ ഭാവന എക്കാലത്തും ജനപ്രിയമായിരുന്നു.
യക്ഷിക്കഥകള്‍ പറഞ്ഞ് ചിരിക്കാനുള്ള നല്ല വകയായിരുന്നു ഈ വെള്ളസാരി. കള്ളിയങ്കാട്ട് നീലി പോലെ പ്രശസ്തയായ യക്ഷിയെ അവതരിപ്പിച്ചപ്പോഴും വേഷം അതായിരുന്നു.രാത്രിയില്‍ തെളിഞ്ഞ് കാണുന്ന, പെട്ടെന്ന് കണ്ടാല്‍ ഒന്ന് ഞെട്ടുന്ന വേഷത്തിന് അനുയോജ്യമായതു കൊണ്ടാകാം ഈ വെള്ള ഭ്രമം എത്തിയതും. എന്തായാലും ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ യക്ഷി വന്ന് കസറുമ്പോള്‍ കാലത്തിന് അനുസരിച്ചുള്ള വസ്ത്രമിട്ടാണ് എത്തിയത്. എടുത്ത് നില്‍ക്കുന്ന വെള്ളക്ക് പകരം രാത്രിയുടെ ഇരുളിനോട് ചേര്‍ന്ന് നില്‍ക്കുന്ന കറുത്ത ഉടുപ്പും ജാക്കറ്റും അതിന് ചേരുന്ന പുത്തന്‍ പുതിയ ആക്‌സസറീസും ഒക്കെ ഇട്ട നല്ല സ്‌റ്റൈലന്‍ യക്ഷി.

പക്ഷേ ഇതാദ്യമായല്ല യക്ഷി മലയാള സിനിമയില്‍ പരമ്പരാഗത വസ്ത്രമായ വെള്ള സാരി ഒഴിവാക്കി എത്തുന്നത്. മുമ്പും പുതിയ ഫാഷനുകളോട് മുഖം തിരിക്കാത്ത, വെള്ളയോട് താത്പര്യമില്ലാത്ത യക്ഷികള്‍ മലയാള സിനിമയില്‍ എത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 2001ല്‍ പുറത്തിറങ്ങിയ മേഘസന്ദേശം എന്ന സിനിമ. രാജസേനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അകാലമരണത്തിന് പിന്നാലെ പ്രണയനൈരാശ്യത്താല്‍ പരവശയായി മാറിയ യക്ഷി നല്ല സ്‌റ്റൈലന്‍ സാരികളിലാണ് എത്തുന്നത്. വര്‍ണപകിട്ടുള്ള സാരികളായിരുന്നു സിനിമയില്‍ യക്ഷിയായ വേഷമിട്ട രാജശ്രീ നായര്‍ അണിഞ്ഞിരുന്നത്. വെള്ളയോട് കട്ട നോ നോ.
2010ല്‍ തന്റെ മൂന്നാം പ്രേത സിനിമയില്‍ സംവിധായകന്‍ വിനയന്‍ പ്രതികാരദാഹിയായ യക്ഷിയെ വെള്ളയില്‍ നിന്ന് മോചിപ്പിച്ചു. പല തരം വസ്ത്രങ്ങളിട്ട് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മേഘ്‌ന രാജിനെ കാണാം. അപ്പോഴും പൊതുവെ യക്ഷികള്‍ക്ക് വെള്ള മാത്രമേ പിടിക്കൂ എന്നായിരുന്നു മട്ട് എന്ന് പറയാതെ വയ്യ. ആകാശഗംഗയിലാണെങ്കിലും ഇന്ദ്രിയത്തിലാണെങ്കിലും ഒക്കെ യക്ഷികള്‍ക്ക് വെള്ള സാരിയും ബ്ലൗസും പിന്നെ കെട്ടാത്ത തലമുടിയും തന്നെയാണ്. 2021ലെ യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് എന്ന ചിത്രത്തിലാണെങ്കില്‍ യക്ഷി , ജെന്‍ സിയുടെ ഭാഷയില്‍ പറയുന്ന, കുലസ്ത്രീ ലുക്കിലുമാണ്.
വസ്ത്ര സങ്കല്‍പത്തില്‍ പലപ്പോഴും പുതുമ വന്നപ്പോഴും മാറാത്ത ഒന്നുണ്ട്. യക്ഷികള്‍ സുന്ദരികളായിരിക്കും. അതില്‍ വിട്ടുവീഴ്ചയില്ല. സൗന്ദര്യമാണ് അവളുടെ കരുത്ത്. അവളിലേക്ക് ഇരകളെ എത്തിക്കുന്ന മാന്ത്രികത. അവളെ യക്ഷിയാക്കിയതും അതു തന്നെ. അതു കൊണ്ട് തന്നെയാണ് യക്ഷികളെ കുറിച്ച് പഠിക്കാന്‍ തത്പരനായിരുന്ന പ്രൊഫസര്‍ ശ്രീനിവാസന്‍ സുന്ദരിയായ ഭാര്യ രാഗിണിയില്‍ യക്ഷിയെ കണ്ടത്.
അപകടത്തില്‍ വിരൂപനായ തന്നെ സ്‌നേഹിക്കുന്ന സുന്ദരി വെറുതെ വന്നതാകില്ലെന്ന് അയാള്‍ ഉറപ്പിക്കുന്നത് അതു കൊണ്ടാണ്. സ്വന്തം അപകര്‍ഷതാബോധവും ലൈംഗികശേഷിക്കുറവും മറച്ച് പിടിക്കാനും സ്വയം തെളിയിക്കാനും അയാള്‍ കണ്ടെത്തുന്ന വഴിയും ആ ഉറപ്പാണ്. അതുകൊണ്ടാണ് കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത യക്ഷി മലയാളത്തിലെ ആദ്യത്തെ സൈക്കോളജി ത്രില്ലര്‍ ആയി വാഴ്ത്തപ്പെടുന്നത്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവലിനെ അടിസ്ഥാനമാക്കി തോപ്പില്‍ ഭാസി രചിച്ച തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം 57വര്‍ഷത്തിനിപ്പുറവും വേറിട്ട് നില്‍ക്കുന്ന യക്ഷിചിത്രമാണ്. മനുഷ്യന്റെ തോന്നലുകളും ഭാവനകളുമാണ് യക്ഷി എന്ന് പറയാതെ പറയുന്ന സിനിമ.
വാല്‍ക്കഷ്ണം...യക്ഷിക്കഥകള്‍ എന്തുകൊണ്ടാകും ജനപ്രിയമായത്? പെണ്ണിനെ വഞ്ചിച്ചാല്‍ വേദനിപ്പിച്ചാല്‍ ശിക്ഷ കിട്ടുമെന്നാണല്ലോ, അവള്‍ യക്ഷിയായി വന്ന് ചോര കുടിക്കുമെന്നാണല്ലോ യക്ഷിക്കഥകള്‍ പറഞ്ഞു വെക്കുന്നത്. ആണിനെ ഭയപ്പെടുത്തുന്ന ആ കഥകള്‍ പണ്ടേക്കുപണ്ടേ സ്ത്രീകളാകും പറഞ്ഞു കൊണ്ടേയിരുന്നത്, കൈമാറി കൊണ്ടേയിരുന്നത്. രണ്ട് കിട്ടട്ടെ എന്ന മട്ടില്‍. അത് തന്നെ. പെണ്ണിന്റെ മനസ്സില്‍ നിന്ന് പെണ്ണിന്റെ വാക്കുകളിലൂടെ പറഞ്ഞ് പറഞ്ഞ് വന്നതു കൊണ്ടേ ആയിരിക്കുള്ളു. അല്ലാതെ അടി ഇങ്ങോട്ട് കിട്ടുന്ന കഥകള്‍ ആണുങ്ങള്‍ പ്രചരിപ്പിക്കാനിടയില്ല.
അവസാനം കത്തനാരുടെ മാന്ത്രികതയില്‍ ഇരുന്നു പോവുന്ന നീലിയേ അവര്‍ക്ക് പറ്റൂ, തന്ത്രികള്‍ മണിച്ചിത്രത്താഴിട്ട് പൂട്ടുന്ന നാഗവല്ലിമാരേ പറ്റൂ. അതുകൊണ്ട് തന്നെയാണ് തിരക്കഥയില്‍ പെണ്‍സ്പര്‍ശമേറ്റ ലോകയില്‍ നീലി വേറിട്ട് നില്‍ക്കുന്നത്. സംരക്ഷകയാകുന്നത്. അതുകൊണ്ടാണ് തീയേറ്ററുകളില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ലോകക്ക് കയ്യടിക്കുന്നത്. ജയ ജയ ഹേ എന്ന സിനിമയില്‍ ഭര്‍ത്താവിനെ ഭാര്യ തല്ലുമ്പോള്‍ തീയേറ്ററുകളില്‍ ഉയര്‍ന്ന് പൊങ്ങിയ പെണ്‍ചിരി പോലെ.












Click it and Unblock the Notifications