'ശ്രീനിയേട്ടന്റെ ആ പടത്തിൽ മോഹൻലാലിനെ വളരെ മോശമായി കാണിച്ചു'; മേജർ രവി പറയുന്നു
മലയാളത്തിലെ മുൻനിര സംവിധായകനും നടനുമാണ് മേജർ രവി. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒരുക്കുന്ന പട്ടാള സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തവണ നായകനായത് മോഹൻലാലാണ്. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971: ബിയോണ്ട് ബോർഡേഴ്‌സ്, കാണ്ഡഹാർ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. ഇപ്പോഴിതാ മോഹൻലാലും ശ്രീനിവാസനും തമ്മിൽ പിണങ്ങാൻ ഇടയായ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് മേജർ രവി.
കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. പദ്‌മശ്രീ ഡോ. സരോജ് കുമാർ എന്ന ചിത്രവും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും മോഹൻലാൽ ശ്രീനിവാസൻ ബന്ധത്തിലുണ്ടാക്കിയ ഉലച്ചിലും മേജർ രവി തുറന്നുപറഞ്ഞു. എന്നാൽ ഇപ്പോൾ ഈ ഭിന്നതകളെല്ലാം മാറിയെന്നും മോഹൻലാലും ശ്രീനിവാസനും തമ്മിൽ നല്ല ബന്ധത്തിലാണെന്നും മേജർ രവി പറഞ്ഞു വയ്ക്കുന്നു.

ശ്രീനിവാസനുമായി മേഘം എന്ന പ്രിയദർശൻ ചിത്രത്തിന്റെ സമയം തൊട്ടേയുള്ള ബന്ധം ആണെന്ന് മേജർ രവി പറയുന്നു. 'ഒരു ദിവസം അദ്ദേഹം എന്റെ ഫ്‌ളാറ്റിന് മുകളിലേക്ക് താമസം മാറ്റി. ചേച്ചി നാട്ടില്‍ പഠിപ്പിക്കുന്നത് കൊണ്ട് അദ്ദേഹം ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത് . പിന്നീട് അവരെല്ലാവരും താമസം അങ്ങോട്ടാക്കുകയായിരുന്നു.' അദ്ദേഹം പറഞ്ഞു.
മോഹൻലാലിനെ കളിയാക്കി വിവാദത്തിൽപ്പെട്ട ചിത്രമായ പദ്‌മശ്രീ ഡോ. സരോജ് കുമാർ എന്ന ചിത്രത്തെ കുറിച്ചും മേജർ രവി മനസ് തുറന്നു. "ശ്രീനിയേട്ടന്റെ കൂടി സഹായത്തിന് നിന്നിരുന്ന ആളായിരുന്നു സജിൻ. അദ്ദേഹത്തിന് ഒരു പടം സംവിധാനം ചെയ്യണം. അങ്ങനെ അവര്‍ ചെയ്‌ത പടമാണ് പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്നത്." മേജർ രവി വ്യക്തമാക്കി.
"അതിനകത്ത് മോഹൻലാൽ എന്നയാളെ വളരെയധികം ഭീകരമായി തെറ്റായാണ് അവതരിപ്പിച്ചത്. എന്നാൽ ആ സംവിധായകനെങ്കിലും പറയേണ്ടതായിരുന്നു, ശ്രീനിയേട്ടാ നമുക്ക് ഇതിൽ പോവണ്ടെന്ന്. കാരണം ലാലേട്ടൻ അത്രയധികം സപ്പോർട്ട് ചെയ്‌ത വ്യക്തിയായിരുന്നു ആ സംവിധായകൻ. അവർക്കൊരു സിനിമ ചെയ്യണം അത്രയേ ഉള്ളൂ, മറ്റുള്ളവരുടെ നെഞ്ചത്ത് കയറിയിട്ടാണെങ്കിലും എനിക്ക് ജീവിക്കണം എന്നത് മാത്രം" മേജർ രവി തുറന്നടിച്ചു.
"ഈ സിനിമ ഞാന്‍ കണ്ടു. അതിന്റെ തൊട്ടടുത്ത ദിവസം ചാനലുകാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ വളരെ രൂക്ഷമായിട്ട് തന്നെ പ്രതികരിച്ചു. ശ്രീനിയേട്ടാ നിങ്ങളിങ്ങനെ ഭ്രാന്തമായിട്ട് ചെയ്യാന്‍ പാടില്ലായിരുന്നു. ഇതില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു." മേജർ രവി പറയുന്നു. എന്നാൽ ശ്രീനിവാസൻ അതിനെ തമാശയായിട്ടാണ് എടുത്തതെന്നും മേജർ രവി ചൂണ്ടിക്കാട്ടി.
ഇവർ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണം എന്നുള്ള ആഗ്രഹമുണ്ടായിരുന്നുവെന്നും മേജർ രവി പറയുന്നു. "എന്തായിരുന്നു അവർ തമ്മിലുള്ള കോമ്പിനേഷൻ. പക്ഷേ, ഇന്ന് അതേ മോഹൻലാൽ ചെന്ന് അവർ തമ്മിലുള്ള ബന്ധം തിരിച്ചുപിടിച്ചു. അവർ രണ്ട് പേരുടെയും സന്മനസാണ് അത്" മേജർ രവി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications