അയോധ്യ വെബ് സീരീസുമായി പ്രിയദർശൻ; കെകെ നായരുടെ വേഷത്തിൽ താനുമുണ്ടാവുമെന്ന് വെളിപ്പെടുത്തി മേജർ രവി
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങുകൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ വമ്പൻ വെളിപ്പെടുത്തലുമായി നടനും സംവിധായകനുമായ മേജർ രവി. അയോധ്യ രാമജന്മഭൂമിയുടെ ചരിത്രവും പോരാട്ടവും ആസ്‌പദമാക്കി വെബ്‌സീരീസ് ഒരുങ്ങുന്നതായാണ് അറിയിച്ചത്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
അടുത്തിടെ അയോധ്യ സന്ദർശിച്ചെന്നും തന്റെ ഗുരുനാഥൻ പ്രിയദർശന്റെ വെബ്‌സീരീസിൽ അഭിനയിച്ചെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഫൈസാബാദ് ജില്ലാ കളക്‌ടറായിരുന്ന കെകെ നായരായിട്ടാണ് മേജർ രവി വെബ്‌സീരീസിൽ വേഷമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

അയോധ്യയിൽ ഞാൻ പോയിരുന്നു. ഒരു വെബ്‌സീരിസിൽ അഭിനയിക്കാൻ വേണ്ടിയായിരുന്നു അത്. എന്റെ പ്രിയ ഗുരുനാഥൻ പ്രിയദർശനാണ് ഇത് സംവിധാനം ചെയ്‌തത്. പ്രിയേട്ടൻ ഒരു ദിവസം വിളിച്ച് ഒരു കഥാപാത്രം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഹിന്ദി സംസാരിക്കാൻ അറിയാവുന്ന ഒരു മലയാളി ഐഎഎസ് കളക്‌ടറുടെ കഥാപാത്രമായിരുന്നു അത്.' മേജർ രവി പറഞ്ഞു.
'മസ്‌ജിദ് മുഴുവനായും പുല്ലും കാടും പിടിച്ചുകിടക്കുകയായിരുന്നു. അങ്ങനെയാണ് അവിടെ ഹിന്ദുക്കൾക്ക് ആരാധന നടത്താനുള്ള അവകാശം കൊടുത്തത്. അന്ന് പ്രശ്‌നം ഉണ്ടായ സമയത്ത് പ്രൈം മിനിസ്‌റ്ററുമായി എതിർത്ത നിന്ന ആളായിരുന്നു ഈ കളക്‌ടർ. എനിക്ക് പറ്റിയ വേഷമായിരുന്നു ഇത്. എന്റെ ലുക്കും അദ്ദേഹത്തിന്റെ ലുക്കും ഒരുപോലെയായിരുന്നു.' മേജർ രവി പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസമാണ് മേജർ രവി ഔദ്യോഗികമായി ബിജെപി അംഗത്വം എടുത്തത്. ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നുമാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. തന്റെ രാഷ്ട്രീയ നിലപാടുകളും ബിജെപിയിലേക്ക് എത്താനുള്ള കാരണവും ഉൾപ്പെടെ അദ്ദേഹം അടുത്തിടെ വിശദീകരിച്ചിരുന്നു.
താൻ പണ്ട് മുതലേ ബിജെപി തന്നെയായിരുന്നു എന്നായിരുന്നു മേജർ രവി പറഞ്ഞത്. എന്റെ രാഷ്ട്രീയം എന്ന് പറയുന്നത് എപ്പോഴും പറയുന്നത് പോലെ തന്നെയാണ്. രാഷ്ട്രമാണ് എന്റെ രാഷ്‌ട്രീയം. ഞാനൊരു മോദി ഭക്തനാണ്; മേജർ രവി ചൂണ്ടിക്കാട്ടി. 2016ൽ കുമ്മനം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ചിരുന്നെന്നും മേജർ രവി വെളിപ്പെടുത്തി.
ബിജെപിയിൽ ചേരാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'കഴിഞ്ഞ ആറ് മാസമായി പല കാര്യങ്ങളിലും ഞാൻ അസ്വസ്‌ഥനായിരുന്നു. പട്ടാളക്കാർക്ക് നേരെയുള്ള അതിക്രമങ്ങളിൽ എത്ര നാൾ കിടന്ന് ഞാൻ ഒറ്റയ്ക്ക് പോരാടും. ഇനി അവരുടെ സുരക്ഷയാണ് എനിക്ക് പ്രധാനം, അത് സംസ്ഥാന സർക്കാരിന് കഴിയുന്ന കാര്യമല്ല. അങ്ങനെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്' മേജർ രവി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications