'പൃഥ്വിരാജ് എങ്ങനെ ആ വേഷം ചെയ്യുമെന്ന് മമ്മൂക്ക ചോദിച്ചു, പിന്നാലെ പുള്ളി ഏറ്റെടുത്തു'; ബെന്നി പി നായരമ്പലം
മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്നു ബെന്നി പി നായരമ്പലം. രണ്ടായിരത്തിന്റെ തുടക്കം മുതൽ ഇങ്ങോട്ട് എണ്ണമറ്റ ഹിറ്റ് ചിത്രങ്ങളാണ് ബെന്നി പല താരങ്ങൾക്കും നേടിക്കൊടുത്തത്. അതിൽ സൂപ്പർതാരങ്ങൾ മുതൽ അന്നത്തെ തലമുറയിലെ യുവതാരങ്ങളെ വരെ ഉൾപ്പെടുന്നു. കല്യാണരാമൻ, അടുത്തിടെ റീ റിലീസിൽ തരംഗമായി മാറിയ മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ എന്നിവയ്ക്ക് തിരക്കഥ ഒരുക്കിയത് ബെന്നി ആയിരുന്നു.
വലിയ ഹിറ്റുകളായിരുന്നു അന്നത്തെ കാലത്ത് ഈ ചിത്രങ്ങൾ. ബെന്നിയുടെ മകളായ അന്ന ബെന്നും ഇപ്പോൾ സിനിമയിൽ അഭിനേതാവായി സജീവമാണ്.രണ്ട് പതിറ്റാണ്ടിൽ അധികം നീണ്ടുനിന്ന കരിയറിൽ ബെന്നി സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർക്കൊപ്പം ഒരുപോലെ ഹിറ്റുകൾ നേടിയ ആളാണ്.

ഇപ്പോഴിതാ തന്റെ മെഗാഹിറ്റ് ചിത്രങ്ങളിൽ ഒന്നായ 'തൊമ്മനും മക്കളും' എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയതെന്നും അതിലേക്ക് മമ്മൂട്ടി എങ്ങനെയാണ് എത്തിയതെന്നും തുറന്ന് പറയുകയാണ് ബെന്നി. യുവതാരങ്ങളെ വച്ചാണ് ഈ സിനിമ ചെയ്യാൻ ഇരുന്നതെന്നാണ് ബെന്നി പറയുന്നത്. എന്നാൽ സ്ക്രിപ്റ്റ് കേട്ടയുടൻ മമ്മൂക്ക അത് താൻ ചെയ്യാമെന്ന് പറഞ്ഞുവെന്നും ബെന്നി സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ബെന്നി പി നായരമ്പലത്തിന്റെ വാക്കുകൾ
മമ്മൂക്കയുമായി അടുത്ത ബന്ധമാണ്. തൊമ്മനും മക്കളും തൊട്ടുള്ള ബന്ധം പിന്നെയങ്ങോട്ട് പുള്ളിക്ക് വേണ്ടി പടങ്ങൾ ചെയ്‌തു തുടരുകയായിരുന്നു. അതിലെ എല്ലാ വിജയമായിരുന്നു. ലൊക്കേഷനിൽ മമ്മൂക്കയുടെ കൂടെ ആരെങ്കിലും ഒക്കെ വേണം. വീട്ടിൽ നിന്ന് കൊണ്ട് വരുന്ന ഭക്ഷണമൊക്കെ നമ്മളെ കൊണ്ടൊക്കെ നിർബന്ധിച്ചു കഴിപ്പിക്കും. ചെമ്മീനൊക്കെയാണ് മമ്മൂക്കയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്‌ടം.
ഒരു പടം കഴിഞ്ഞാൽ പുള്ളി ഇങ്ങോട്ട് വിളിച്ചു പറയും അടുത്തത് ആലോചിക്കാൻ. മമ്മൂക്കയെ വച്ച് ഇനി എന്ത് കഥാപാത്രം ചെയ്യാനാണ്. ലോകത്തുള്ള എല്ലാം പുള്ളി ചെയ്‌തിട്ടുണ്ട്. ഇനി ചെയ്യാത്ത എന്തെങ്കിലും ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. ഞാൻ ഇതുവരെ ഊമയായിട്ട് ഇതുവരെ ചെയ്‌തിട്ടില്ല. അങ്ങനെയാണ് അണ്ണൻ തമ്പിയിലേക്ക് വരുന്നത്.
ഛോട്ടാ മുംബൈ ചെയ്‌ത സമയത്ത് എല്ലാവരും കഥയില്ല എന്നൊക്കെ പറഞ്ഞിരുന്നു, അപ്പൊ അൻവർ എന്നോട് പറഞ്ഞു, ഇതിൽ എന്തെങ്കിലും കഥ ഒക്കെ ഉണ്ടായിക്കോട്ടെ എന്ന്. പക്ഷേ കഥയില്ലെന്ന് എല്ലാവരും പറയുന്ന ഛോട്ടാ മുംബൈക്ക് അണ്ണൻ തമ്പിയേക്കാൾ ഇമ്പാക്റ്റ് ഇപ്പോഴത്തെ കാലത്തുണ്ട്. അത് യൂത്ത് ഏറ്റെടുത്തത് കൊണ്ടാണ്.
ഒരു കഥയും ഇല്ലാതെ ആലോചിച്ച് ഇരുന്ന സമയത്താണ് തൊമ്മനും മക്കളും ഉണ്ടാക്കി എടുക്കുന്നത്. തൊമ്മനും മക്കളും ആദ്യം പൃഥ്വിരാജിനെയും ജയസൂര്യയെയും പിന്നെ ലാലേട്ടനെയും (സിദിഖ് ലാൽ) വച്ചാണ് ചെയ്യാൻ ഇരുന്നത്. ലാൽ ക്രിയേഷൻസ് ആണ് നിർമ്മാണം, അങ്ങനെ അതുവച്ച് അനൗൺസ് ഒക്കെ ചെയ്‌തിരുന്നു. രാജൻ പി ദേവ് റോൾ ലാലേട്ടൻ, രണ്ട് മക്കളായി പൃഥ്വിയും ജയസൂര്യയും. ഇങ്ങനെയാണ് ശരിക്കും ആലോചിച്ചത്.
ലവ് ട്രാക്ക് ആയിരുന്നു ആദ്യം ഉദ്ദേശിച്ചത്. രാജു വന്നു കഥ കേട്ടു. ഭയങ്കര ഇഷ്‌ടമായി. പുള്ളി കൊറേ ചിരിച്ചു മറിഞ്ഞാണ് പോയത്. പെട്ടെന്ന് ഷൂട്ട് ഡേറ്റ് ഫിക്‌സ് ചെയ്‌ത സമയത്ത് രാജുവിന് മണിരത്നത്തിന്റെ പടം വന്നിട്ടുണ്ടെന്ന് പറഞ്ഞു. മണിരത്നത്തിന്റെ പ്രോജക്റ്റ് ആയത് കൊണ്ട് അങ്ങോട്ട് ചോദിയ്ക്കാൻ മടിയായിരുന്നു. രാവണൻ ആയിരുന്നു ആ സിനിമ, അന്ന് ആലോചിച്ച് പിന്നെ എടുത്ത് കഴിയുമ്പോൾ ഒരുപാട് വൈകിയിരുന്നു.
അങ്ങനെ ആ ഡേറ്റും ഇതുംകൂടി ക്ലാഷ് ആയപ്പോൾ രാജുവിന് വരാൻ പറ്റാത്ത അവസ്ഥയായി. അപ്പോഴാണ് നമ്മുക്ക് ആകെ സങ്കടമായി. അപ്പോൾ ലാലേട്ടനാണ് പറയുന്നത് മമ്മൂക്കയെ വച്ച് ആലോചിച്ചാലോ എന്ന് പറഞ്ഞു. ബ്ലാക്കിന്റെ സെറ്റിൽ വച്ചാണ് ഇതിനെ കുറിച്ച് പറയുന്നത്. ഞങ്ങൾ മമ്മൂക്കയുടെ കാറിൽ കയറി. ഞാൻ കഥ പറഞ്ഞു. വീടെത്തും മുൻപ് കഥ പറഞ്ഞു തീർന്നു. ഈ റോൾ പൃഥ്വിരാജ് എങ്ങനെ ചെയ്യും എന്നാണ് മമ്മൂക്ക ചോദിച്ചത്, അപ്പോൾ തന്നെ കമ്മിറ്റ് ചെയ്യുകയും ചെയ്‌തു.












Click it and Unblock the Notifications