മമ്മൂട്ടിക്ക് എന്നെ ഇഷ്ടമല്ല: സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ട് 25 വർഷമെന്ന് കെബി ഗണേഷ് കുമാർ
സിനിമ മേഖലയിലായാലും രാഷ്ട്രീയത്തിലായാലും കാര്യങ്ങള്‍ തുറന്ന് പറയുന്ന വ്യക്തിയാണ് കെബി ഗണേഷ് കുമാർ. ഇത് പലപ്പോഴും വിവാദങ്ങള്‍ക്കും ഇടയാക്കുന്നു. എല്‍ ഡി എഫ് അംഗമാണെങ്കിലും കഴിഞ്ഞ ദിവസം പത്തനാപുരത്ത് നടന്ന ഒരു ചടങ്ങില്‍ വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ വലിയ വിമർശനമാണ് കെബി ഗണേഷ് കുമാർ നടത്തിയത്.
തന്നെ പോലുള്ള സീനിയർ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു ഇടത് എംഎല്‍എയുടെ വിമർശനം. പത്തനാപുരം ബ്ലോക്കിൽ ഈ വർഷം പുതിയതായി 100 മീറ്റർ റോഡ് പോലും അനുവദിച്ചിട്ടില്ല. നടൻ എന്ന കാര്യം മാറ്റിനിർത്തിയാൽ തനിക്ക് ജനപ്രതിനിധി എന്ന നിലയിൽ സീനിയോറിറ്റിയുണ്ട്. റിയാസിനെക്കാളും 20 വർഷം മുമ്പ് മന്ത്രിയായ ആളാണ് താനെന്നും ഗണേഷ് പറഞ്ഞു.

ഇടത് മന്ത്രിക്കെതിരായ കെബി ഗണേഷ് കുമാറിന്റെ വിമർശനം എല്‍ഡിഎഫില്‍ തന്നെ വലിയ ചർച്ചാ വിഷയമായി മാറുമെന്നതില്‍ സംശയമില്ല. ഇതോടൊപ്പം തന്നെയാണ് നടന്‍ മമ്മൂട്ടിയെക്കുറിച്ച് ഗണേഷ് കുമാർ നടത്തിയ അഭിപ്രായ പ്രകടനവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
മമ്മൂട്ടിക്ക് എന്നെ അത്ര ഇഷ്ടമില്ലെന്നാണ് ന്യൂസ് 18 മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗണേഷ് കുമാർ പറയുന്നത്. 'മമ്മൂക്കയുമായി നല്ല ബന്ധമായിരുന്നു, അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകനായിരുന്നു. എന്നാല്‍ പുള്ളിക്ക് എന്നെ അത്ര ഇഷ്ടമല്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല.' ഗണേഷ് കുമാർ പറയുന്നു.
നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയെ റോള്‍ മോഡലായി കണ്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. എന്നാല്‍ പിന്നീട് പുള്ളി എന്നോട് അകന്ന് നില്‍ക്കുന്നത് പോലെയാണ് തോന്നിയത്. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. മമ്മൂട്ടിയുമായി ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത്തിയഞ്ച് വർഷമായി. അവസാനമായി ഒന്നിച്ച് പ്രവർത്തിച്ചത് കിങ് എന്ന ചിത്രത്തിലാണ്.
എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല, എന്നത് തന്നെയാണ് ഒരുമിച്ച് അഭിനയിക്കാതിരിക്കാനുള്ള കാരണം. എന്താണ് എന്നെ ഇഷ്ടമില്ലാത്തതെന്ന് പുള്ളിയോടെന്നല്ല ആരോടും ഞാന്‍ ചോദിക്കുന്നില്ല. ആരോടും പോയി അവസരം പോലി ചോദിക്കാത്ത ഒരു വ്യക്തിയാണ് ഞാന്‍. എന്തുകൊണ്ടോ ദൈവം കുറച്ച് അവസരങ്ങള്‍ തന്നു. നീ കഴിക്കേണ്ട ധാന്യത്തില്‍ നിന്റെ നാമം എഴുതിയിരുന്നുവെന്ന് വിശുദ്ധ ഖുറാനില്‍ പറഞ്ഞത് പോലെ ഞാന്‍ അഭിനയിക്കേണ്ട പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് കരുതുകുയം അതില്‍ സന്തോഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാനെന്നും ഗണേഷ് കുമാർ പറയുന്നു.
അമ്മയുടെ യോഗ സ്ഥലത്ത് വെച്ചൊക്കെ മമ്മൂട്ടിയെ കാണുകയും സംസാരിക്കാറുമുണ്ട്. എനിക്ക് അദ്ദേഹത്തോട് യാതൊരു ഇഷ്ടക്കുറവുമില്ല. എന്നാല്‍ എന്തുകൊണ്ടോ അദ്ദേഹത്തിന് എന്നെ ഇഷ്ടമല്ല. ഞാന്‍ അദ്യമായി മമ്മൂട്ടിയെ കാണുമ്പോള്‍ അദ്ദേഹത്തിന് 36 വയസ്സാണ്. കോളേജ് വിദ്യാർത്ഥിയാണ് അന്ന് ഞാന്‍. സിനിമയില്‍ എത്തിയിട്ടൊന്നുമില്ല.
ലാലേട്ടനെ സ്ഥിരമായി ഫോണില്‍ വിളിക്കും. സിദ്ധീഖും ഇടവേള ബാബുവുമൊക്കെ സ്ഥരിമായി ഫോണില്‍ സംസാരിക്കുന്ന ആളുകളാണ്. ജയറമാനേയും അപൂർവ്വമായി വിളിക്കും. മുകേഷുമായി ഫോണിലൂടേയും അല്ലാതെയും സംസാരിക്കും. മുകേഷിന്റെ തമാശകള്‍ കേട്ടാല്‍ രണ്ട് ദിവസത്തേക്ക് സംസാരിക്കാനുള്ള കാര്യങ്ങളുണ്ടാവുമെന്നും ഗണേഷ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications