'എന്നെ ഒരു സ്ത്രീ ഒരുപാട് ഉപയോഗിച്ചു, ഞാൻ ആ വാക്ക് പ്രയോഗിച്ചത് മറ്റൊരർത്ഥത്തിൽ'; മനസുതുറന്ന് സുധീർ സുകുമാരൻ
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് സുധീർ സുകുമാരൻ. നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള അദ്ദേഹം രണ്ട് പതിറ്റാണ്ടിൽ അധികമായി സിനിമയിൽ സജീവമാണ്. നെഗറ്റീവ് വേഷങ്ങളിലാണ് സുധീർ ഇതുവരെയും കൂടുതൽ തിളങ്ങിയിട്ടുള്ളത്. അതിൽ പ്രേക്ഷകർക്ക് ഏറെ പരിചിതമായ വേഷങ്ങളിൽ ഒന്നാണ് കൊച്ചി രാജാവിലെ മുത്തുവിന്റേത്. വളരെ പ്രേക്ഷക പ്രശംസ നേടിയ ഈ വേഷത്തിലൂടെയാണ് താരത്തെ കൂടുതൽ പേർ അറിഞ്ഞത്.
പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിൽ താരം പലകുറി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിന് പുറമേ തമിഴ് അടക്കമുള്ള ഭാഷകളിലും താരം അഭിനയിച്ചു. അടുത്തിടെ റിലീസായ ഒമർ ലുലു ചിത്രം ബാഡ് ബോയ്‌സിൽ വളരെ വേറിട്ട വേഷമാണ് സുധീർ അവതരിപ്പിച്ചത്. ഇത് വളരെയധികം ശ്രദ്ധനേടുകയും കൊണ്ടാടപ്പെടുകയും ചെയ്‌തിരുന്നു.

ഇപ്പോഴിതാ ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ തുറന്നുപറഞ്ഞ കാര്യങ്ങളുടെ പേരിൽ വേട്ടയാടലുകൾക്കും പരിഹാസത്തിനും വിധേയമാവേണ്ടി വന്നിരുന്നുവെന്നും അതിനെ പിന്നീട് അതിജീവിച്ചത് എങ്ങനെയെന്നും തുറന്നുപറയുകയാണ് സുധീർ. കൂടാതെ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ വീഡിയോയെ കുറിച്ചും ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മനസ് തുറന്നു.
സുധീർ സുകുമാരന്റെ വാക്കുകൾ
സോഷ്യൽ മീഡിയയിലെ എല്ലാ കമന്റുകൾക്കും മറുപടി നൽകുന്നതിന് കാരണമുണ്ട്. ആദ്യമൊക്കെ പത്തോ ഇരുപതോ കമന്റുകൾ മാത്രമാണ് വന്നിരുന്നത്. പിന്നീട് നൂറോ ഇരുന്നൂറോ ആയപ്പോഴും എനിക്കൊരു ബാധ്യത ആയിട്ട് തോന്നിയിട്ടില്ല. അത് കൊടുക്കുമ്പോൾ അവർക്ക് ഉണ്ടാവുന്ന ഒരു സന്തോഷമുണ്ടല്ലോ. റിപ്ലൈ തരുന്നൊരു സെലിബ്രിറ്റി എന്നൊക്കെ പറയുമ്പോൾ അവർക്ക് അത് വലിയ സന്തോഷമാണ്.
ഇതേതാ ഊള എന്ന് ചോദിക്കുമ്പോൾ ഞാൻ മോനേ സുധീർ എന്ന് ഞാൻ മറുപടി കൊടുക്കും. തെറി പറയുന്നവനും ഞാൻ നല്ല കമന്റ് മാത്രമേ കൊടുക്കാറുള്ളൂ. അത് അവന്റെ സംസ്‌കാരം, ഇത് എന്റെ സംസ്‌കാരം. മെസേജുകളും ഒരുപാട് വരുന്നുണ്ട്. എല്ലാത്തിനും മറുപടി കൊടുക്കാൻ പലപ്പോഴും പറ്റാറില്ല. എങ്കിലും പരമാവധി ഞാൻ ശ്രമിക്കാറുണ്ട്.
എനിക്ക് വലിയ വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. ഉള്ളത് പറയുകയാണേൽ അതായിരുന്നു സത്യം. തട്ടിയും മുട്ടിയുമാണ് പത്താം ക്ലാസ് പോലും പാസായത്. അച്ഛൻ വളരെ പ്രതീക്ഷയോടെയാണ് എന്നെ വളർത്തിയത്. പക്ഷേ എന്റെ കൃസൃതിത്തരങ്ങളും ഉഴപ്പും കാരണം എനിക്ക് പഠിക്കാൻ പറ്റിയില്ല. അതിലെനിക്ക് ഒരുപാട് വിഷമം ഉണ്ട്. കാരണം അതിനുള്ള സാഹചര്യം ഇല്ലാഞ്ഞിട്ടാണ് പലരും പഠിക്കാത്തത്.
എല്ലാം ഉണ്ടായിട്ടും ഞാൻ ഉഴപ്പി. വിദ്യാഭ്യാസമില്ലാത്ത എനിക്ക് എന്ത് ജോലി കിട്ടാനാണ്. ആദ്യം കിട്ടിയത് വസ്ത്രം കഴുകൽ ആയിരുന്നു. പിന്നെ പല പണികളും എടുത്തിട്ടുണ്ട്. വീട്ടിൽ ഒരാളെ ടാങ്ക് താഴ്ത്താൻ വേണ്ടി നാലോ അഞ്ചോ ദിവസമായി വിളിച്ചിട്ടും വന്നില്ല. അങ്ങനയാണ് ഞാൻ സ്വന്തം തന്നെ കുഴികുത്തി അതിൽ ഫ്രണ്ടിന്റെ സഹായത്തോടെ അത് താഴ്ത്തിയത്. അത് ബ്രദറിന്റെ മോൻ വീഡിയോ എടുത്തതാണ്, കണ്ടപ്പോൾ എനിക്കും തോന്നി നല്ലതായെന്ന്, അതാണ് ഇട്ടത്.
ഹേമ കമ്മിറ്റി വന്നപ്പോൾ അതിനെപ്പറ്റി ഒരു ചോദ്യം ചോദിച്ചു തുടങ്ങിയതാണ്. സിനിമ ഉള്ള കാലം തൊട്ടേ ഇതൊക്കെ ഉള്ളതാണ് എന്നാണ് ഞാൻ പറഞ്ഞത്. അതിൽ എന്നെ ഒരുപാട് കാലം ഒരു സ്ത്രീ ഉപയോഗിച്ചു, മാനസികമായും സെക്ഷ്വലിയും എന്ന് ഞാൻ പറഞ്ഞിരുന്നു. അതിൽ കീപ്പ് എന്ന ഒരു വാക്ക് കൂടി ഞാൻ പറഞ്ഞിരുന്നു, അത് പക്ഷേ വേറൊരു അർത്ഥത്തിലാണ് ഞാൻ പറഞ്ഞത്.
ഒരു സ്ത്രീയെന്നാണ് ഞാൻ പറഞ്ഞത് അവർ നടിയെന്നാക്കി. പക്ഷേ വൈഫിനെ ഇരുത്തികൊണ്ട് അത് പറഞ്ഞെന്ന് പറഞ്ഞുകൊണ്ട് ചാനലായ ചാനലുകൾ എല്ലാം എടുത്തിട്ട് ഇവനൊരു ഊളയാണ് എന്നൊക്കെയാണ് പറഞ്ഞത്. അത് ശരിക്കും വളരെ പൊസസീവ്‌നെസ് എന്ന കാര്യത്തെ കുറിച്ചായിരുന്നു ഞാൻ പറഞ്ഞത്.












Click it and Unblock the Notifications