ചീരുവിനെ സ്വാധീനിച്ചത് മലയാളത്തിലെ യുവനടന്റെ റോളുകള്‍; അതുപോലുള്ള സിനിമകള്‍ ആഗ്രഹിച്ചു: മേഘ്‌ന രാജ്
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള തെന്നിന്ത്യന്‍ നടിയാണ് മേഘ്‌ന രാജ്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തിലും അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. തെലുങ്കിലും കന്നഡയിലും തമിഴിലുമാണ് താരം കൂടുതല്‍ ശോഭിച്ചത്. പത്ത് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് കന്നട സൂപ്പര്‍താരം ചിരഞ്ജീവി സര്‍ജയുമായി മേഘ്‌നയുടെ വിവാഹം നടന്നത്. 2018 ലായിരുന്നു ഇരുവരുടെയും വിവാഹം.
എന്നാല്‍ രണ്ട് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനൊടുവില്‍ ചിരഞ്ജീവി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത് മേഘ്‌നയെ ഉലച്ചുകളഞ്ഞു. മേഘ്ന നാല് മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം തേടിയെത്തിയത്. 2020 ജൂണ്‍ ഏഴിന് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. മേഘ്‌നയ്ക്കുണ്ടായ വലിയ നഷ്ടം മലയാളി പ്രേക്ഷകരെയും ഏറെ ദുഖിപ്പിച്ചിരുന്നു.

മകന്‍ റയാന്റെ കളിചിരികളിലാണ് മേഘ്ന ഇപ്പോള്‍ സങ്കടങ്ങള്‍ മറക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മേഘ്ന. മകന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.
ഒരു മലയാള നടന്‍ ചെയ്തിരുന്ന പോലെയുള്ള റോളുകള്‍ ചെയ്യാന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നുവെന്ന് മേഘ്ന ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ചിരഞ്ജീവി കന്നടയില്‍ ചെയ്തതെല്ലാം മാസ് സിനിമകള്‍ ആയിരുന്നു. എന്നാല്‍ മലയാളത്തില്‍ ഫഹദ് ഫാസിലൊക്കെ ചെയ്യുന്നതു പോലുള്ള കഥാപാത്രങ്ങള്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. കഥയ്ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ ചെയ്യാനായിരുന്നു താല്‍പര്യം. ചിരഞ്ജീവി സര്‍ജയുടെ ആഗ്രഹം സാധിക്കാന്‍ വേണ്ടിയാണ് താന്‍ സിനിമാ നിര്‍മാണം ആരംഭിച്ചതെന്ന് മേഘ്ന രാജ് പറഞ്ഞു.
താനും ചിരഞ്ജീവിയും സുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയും ചേര്‍ന്നാണ് നിര്‍മാണ കമ്പനി തുടങ്ങാന്‍ തീരുമാനിച്ചത്. അവസാനഘട്ട ഒരുക്കങ്ങള്‍ക്കിടയിലാണ് ചീരുവിന്റെ അപ്രതീക്ഷിത വിയോഗമെന്ന് മേഘ്ന പറഞ്ഞു.
മേഘ്നയുടെ വാക്കുകള്‍ ഇങ്ങനെ - 'ചിരുവിന്റെ പഴയ മോഹം സാധിക്കാന്‍ വേണ്ടിയാണ് ഞാന്‍ സിനിമ നിര്‍മാണത്തിലേക്ക് ഇറങ്ങിയത്. ചിരുവും ഞാനും ഞങ്ങളുടെ കുട്ടിക്കാലം മുതലേയുള്ള സുഹൃത്തായ പന്നഗയും ചേര്‍ന്ന് സിനിമ നിര്‍മാണ കമ്പനി തുടങ്ങാന്‍ ആലോചിച്ചിരുന്നു. ചിരു കന്നടയില്‍ ചെയ്തതെല്ലാം മാസ് സിനിമകളാണ്. കന്നട സിനിമയുടെ സ്വഭാവവും ഏതാണ്ട് അങ്ങനെ തന്നെ. അതില്‍ നിന്ന് മാറി, കഥയ്ക്ക് പ്രാധാന്യമുള്ള, മലയാളത്തില്‍ ഫഹദ് ഫാസിലൊക്കെ ചെയ്യുന്നതു പോലുള്ള സിനിമകള്‍ ചെയ്യാനായിരുന്നു പ്ലാന്‍.
പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വരെ പൂര്‍ത്തിയായിരുന്നതാണ്. പക്ഷേ, എല്ലാം മാറി മറിഞ്ഞത് പെട്ടെന്നല്ലേ. ഈയിടെ ചിരുവിന്റെ ആ സ്വപ്നം പന്നഗ ഓര്‍മിപ്പിച്ചു. അങ്ങനെ കന്നടയില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയാണ് ആദ്യം നിര്‍മിച്ചത്' - മേഘ്‌ന രാജ് പറയുന്നു.












Click it and Unblock the Notifications