മമ്മൂട്ടിയല്ല... മോഹന്‍ലാല്‍ തന്നെ ബോക്‌സോഫീസ് കിംഗ്..! വെറുതെ പറയുന്നതല്ല, മറ്റാര്‍ക്കുമില്ലാത്ത നേട്ടം

മലയാള സിനിമയിലെ ബോക്‌സോഫീസ് റെക്കോഡുകളെല്ലാം തിരുത്തി കൊണ്ട് കുതിക്കുകയാണ് എമ്പുരാന്‍. മലയാള സിനിമയില്‍ ആദ്യമായി 250 കോടി ക്ലബില്‍ എത്തിയ സിനിമ എന്ന ചരിത്രനേട്ടമാണ് എമ്പുരാന്‍ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും പത്ത് ദിവസത്തിനുള്ളില്‍ ആണ് ഈ നേട്ടം എന്ന് കൂടി ഓര്‍ക്കണം. ഈ വിജയത്തോടെ മലയാള സിനിമയിലെ ബോക്‌സോഫീസ് കിംഗ് താന്‍ തന്നെയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ശരാശരിക്ക് മുകളില്‍ അഭിപ്രായം വന്നാല്‍ പോലും തിയേറ്ററില്‍ മികച്ച കളക്ഷന്‍ നേടാനാകും എന്ന് പറയാറുണ്ട്. ഇത് വെറുതെ പറയുന്നതല്ല എന്ന് മലയാള സിനിമയിലെ ബോക്‌സോഫീസ് കളക്ഷനുകളുടെ ചരിത്രമെടുത്താല്‍ മനസിലാകും. ഏറ്റവും കൂടുതല്‍ ഇന്‍ഡസ്ട്രി ഹിറ്റ് സ്വന്തം പേരിലാക്കിയ നടനാണ് മോഹന്‍ലാല്‍ എന്ന് പറയുന്നത് വെറുതെയല്ല.

Mohanlal

ഒരേസമയം അഭിനയ മികവിനൊപ്പം തന്നെ തിയേറ്ററിലേക്ക് ആളെ കയറ്റാനുള്ള കഴിവ് കൂടിയുള്ള ചുരുക്കം ചില നടന്‍മാരെ നമുക്കുള്ളൂ. അതില്‍ മുന്നിലാണ് മോഹന്‍ലാല്‍ എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. സിനിമ ഒരു വ്യവസയമാണ് എന്നതിനാല്‍ തന്നെ അഭിനയ മികവിനൊപ്പം തന്നെ ഒരു താരം കൊണ്ടു വരുന്ന ബിസിനസും പ്രധാനമാണ്. 1988 ല്‍ ചിത്രത്തിലൂടെ തുടങ്ങിയ മോഹന്‍ലാലിന്റെ തിയേറ്റര്‍ കുതിപ്പാണ് എമ്പുരാനില്‍ എത്തി നില്‍ക്കുന്നത്.

മലയാള വാണിജ്യ സിനിമയുടെ തലവര മാറ്റിയെഴുതിയ നടനാണ് മോഹന്‍ലാല്‍ എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല എന്ന് ചില കണക്കുകള്‍ നോക്കിയാല്‍ നമുക്ക് മനസിലാകും. കേരളം പോലെ ഒരു ചെറിയ സംസ്ഥാനത്ത് റിലീസ് ചെയ്യുന്ന മലയാള സിനിമയുടെ കളക്ഷന് പരിധികളുണ്ട് എന്ന് കണക്കുകൂട്ടലുകളെ പല തവണ പൊളിച്ചെഴുതിയ താരമാണ് മോഹന്‍ലാല്‍.

ഒരു വര്‍ഷത്തിലേറെ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമകളുണ്ടായിട്ടും ഭീമമായ തുക കളക്ട് ചെയ്യുക എന്ന പ്രക്രിയ പലപ്പോഴും നടക്കാറുണ്ടായിരുന്നില്ല. മോഹന്‍ലാല്‍ നായകനായി 1988 ല്‍ റിലീസ് ചെയ്ത 'ചിത്രം' എന്ന സിനിമയാണ് ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടു വന്ന ആദ്യ ചിത്രങ്ങളിലൊന്ന് എന്ന് വേണമെങ്കില്‍ പറയാം. അന്ന് 44 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.

എന്നാല്‍ ഒരു വര്‍ഷം തുടര്‍ച്ചയായി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം 4 കോടിയിലേറെയാണ് കളക്ട് ചെയ്തത്. കേരളത്തില്‍ നിന്ന് മാത്രമാണ് ഈ നേട്ടം. ബോക്‌സോഫീസ് അടക്കി വാഴാനുള്ള മോഹന്‍ലാലിന്റെ കുതിപ്പിന്റെ തുടക്കം മാത്രമായിരുന്നു ഇത്. മൂന്ന് വര്‍ഷത്തിന് ശേഷം 1991 ല്‍ വീണ്ടും മോഹന്‍ലാല്‍ ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ചു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ട് തന്നെയായിരുന്നു ഇതിന് പിന്നില്‍ എന്നത് മറ്റൊരു അപൂര്‍വതയായി.

Mohanlal

60 ലക്ഷം രൂപ ബഡ്ജറ്റില്‍ ഒരുങ്ങിയ കിലുക്കം അഞ്ച് കോടി കളക്ട് ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ലാല്‍ മാജിക്കിലൂടെ ബോക്‌സോഫീസില്‍ കളക്ഷന്‍ റെക്കോഡ് പിറന്നു. 30 ലക്ഷത്തോളം രൂപ ചെലവിട്ട് ഒരുക്കിയ മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നായ മണിച്ചിത്രത്താഴ് ഏഴ് കോടി രൂപയാണ് കളക്ട് ചെയ്തത്. 1995 ല്‍ മോഹന്‍ലാല്‍ ആക്ഷന്‍ഹീറോയായി എത്തിയ സ്ഫടികം നേടിയത് എട്ട് കോടി രൂപയാണ്.

75 ലക്ഷം രൂപയായിരുന്നു ഈ ചിത്രത്തിന്റെ മുടക്കുമുതല്‍. അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമ അന്ന് വരെ കണ്ടിട്ടില്ലാത്ത ബ്രഹ്‌മാണ്ഡ ഹിറ്റിനാണ് എല്ലാവരും സാക്ഷ്യം വഹിച്ചത്. 2000 ത്തില്‍ പുറത്തിറങ്ങിയ നരസിംഹം ഒരു കോടി രൂപ ചെലവില്‍ ആയിരുന്നു ഒരുക്കിയിരുന്നത്. കോടിക്കണക്കില്‍ രണ്ടക്കം പിന്നിട്ട നരസിംഹം 22 കോടി രൂപയാണ് കളക്ട് ചെയ്തത്. മുടക്കുമുതലിന്റെ 20 ഇരട്ടിയിലേറെയാണ് ചിത്രം സമ്പാദിച്ചത്.

പിന്നീട് അങ്ങോട്ട് മലയാള സിനിമയിലെ ബിസിനസ് തന്നെ മാറ്റി മറിച്ച വര്‍ഷങ്ങളായിരുന്നു. 2001 ല്‍ റിലീസ് ചെയ്ത രാവണപ്രഭു തിയേറ്ററില്‍ നിന്ന് 17 കോടി വാരി. ലാലിനെ കൂടാതെ മറ്റ് താരങ്ങളും തിയേറ്ററില്‍ നിന്ന് നേട്ടം കൊയ്തു. 2002 ല്‍ പുറത്തിറങ്ങിയ മീശമാധവന്‍ 15 കോടിയാണ് കളക്ട് ചെയ്തത്. 2004 ല്‍ വീണ്ടും മോഹന്‍ലാല്‍ ബോക്‌സോഫീസ് താരപദവി തിരിച്ചുപിടിച്ചു.

ഫാമിലി ഡ്രാമയായ ബാലേട്ടനിലൂടെ 14 കോടി രൂപ നേടി ലാലേട്ടന്‍ വീണ്ടും ഞെട്ടിച്ചു. പക്ഷെ ആ വര്‍ഷത്തെ കളക്ഷനില്‍ മുന്നിലെത്തിയത് സേതുരാമയ്യര്‍ സിബിഐ ആയിരുന്നു. 16 കോടിയായിരുന്നു സേതുരാമയ്യര്‍ സിബിഐയുടെ കളക്ഷന്‍. 2005 ലും മമ്മൂക്ക തന്നെ ബോക്‌സോഫീസ് കീഴടക്കി. മമ്മൂട്ടിയുടെ വ്യത്യസ്തമായ വേഷം കണ്ട രാജമാണിക്യം 25 കോടി നേടി നരസിംഹത്തിന്റെ റെക്കോഡ് തകര്‍ത്ത് ഇന്‍ഡസ്ട്രി ഹിറ്റായി.

2006 ല്‍ ലാല്‍ ജോസ് ഒരുക്കിയ ക്ലാസ്‌മേറ്റ്‌സ് ആണ് പണം വാരിയത്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, കാവ്യ മാധവന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം കളക്ട് ചെയ്തത് 24 കോടി രൂപയാണ്. 2007 ല്‍ മമ്മൂട്ടി മായാവിയിലൂടെ 15 കോടി നേടി വീണ്ടും ബോക്‌സോഫീസില്‍ കുതിപ്പ് നടത്തി. മലയാള സിനിമ എന്നല്ല ലോക സിനിമയിലെ തന്നെ അത്ഭുതമായ ട്വന്റി ട്വന്റി സംഭവിക്കുന്നത് 2008 ലാണ്.

ഒരു സിനിമാ ഇന്‍ഡസ്ട്രിയിലെ ഭൂരിഭാഗം താരങ്ങളേയും അണിനിരത്തിയുള്ള സിനിമ ഇതിന് മുന്‍പോ ശേഷമോ സംഭവിച്ചിട്ടില്ല. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി-മോഹന്‍ലാല്‍-സുരേഷ്ഗോപി-ദിലീപ്-ജയറാം എന്നിവരെ ഒന്നിപ്പിച്ചൊരുക്കിയ ട്വന്റി - ട്വന്റി കളക്ഷന്‍ റെക്കോഡുകളെല്ലാം ഭേദിച്ചു. 32 കോടി രൂപയാണ് സിനിമ അന്ന് കളക്ട് ചെയ്തത്. തൊട്ടടുത്ത വര്‍ഷം പഴശ്ശിരാജ എന്ന ചരിത്ര സിനിമയിലൂടെ മമ്മൂട്ടി വീണ്ടും നേട്ടം കൊയ്തു.

21 കോടി രൂപയാണ് പഴശ്ശിരാജ സ്വന്തമാക്കിയത്. 2010 ലും മമ്മുട്ടി തന്നെ വിജയം ആവര്‍ത്തിച്ചു. പൃഥ്വിരാജിനൊപ്പം ചെയ്ത പോക്കിരിരാജ എന്ന ചിത്രം 16.5 കോടി നേടി ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി. മോഹന്‍ലാല്‍, സുരേഷ്ഗോപി, ദിലീപ് എന്നിവര്‍ ഒന്നിച്ച ക്രിസ്ത്യന്‍ ബ്രദേഴ്സ് 28 കോടി കളക്ട് ചെയ്ത് നേട്ടം കൊയ്തു. 2012 ല്‍ ദിലീപാണ് ബോക്‌സോഫീസില്‍ ലാഭം നേടിയത്.

മായാമോഹിനി 22 കോടി നേടി മറ്റ് ചിത്രങ്ങളെ നിഷ്പ്രഭമാക്കി. ഈ സമയമെല്ലാം മറ്റ് ഇന്‍ഡസ്ട്രികളില്‍ എല്ലാം 50 കോടി ക്ലബ് സ്ഥിരമായും 100 കോടി ക്ലബ് ഇടയ്ക്കിടെയും സംഭവിക്കുന്നുണ്ടായിരുന്നു. 2013 ല്‍വ ആണ് മലയാള സിനിമയുടെ ബോക്‌സോഫീസ് ജാതകം തിരുത്തി കുറിക്കുന്നത്. അതും ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെ തന്നെ. ആദ്യത്തെ 50 കോടി ക്ലബ് സിനിമയായ ദൃശ്യം ആ വര്‍ഷമാണ് പുറത്തിറങ്ങുന്നത്.

അതിര്‍ത്തികള്‍ പിന്നിട്ട് കുതിച്ച ദൃശ്യം ആകെ കളക്ട് ചെയ്തത് 75 കോടി രൂപയാണ്. ട്വന്റി-ട്വന്റിയുടെ 32 കോടി കളക്ഷന്‍ എന്ന റെക്കോഡ് തകര്‍ത്ത ദൃശ്യം മലയാള സിനിമയുടെ ബിസിനസിന് പുതിയ വഴി തുറന്നിട്ടു. 2014 ല്‍ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, പാര്‍വതി തിരുവോത്ത്, ഇഷ തല്‍വാര്‍ എന്നിവര്‍ ഒന്നിച്ച ബാംഗ്ലൂര്‍ ഡേയ്‌സ് 45 കോടി നേടി.

Mohanlal

ബോക്‌സോഫീസില്‍ തള്ളിക്കയറ്റം സൃഷ്ടിച്ച സിനിമയായ പ്രേമം ഇറങ്ങുന്നത് 2015 ലാണ്. 60 കോടി തിയറ്ററുകളില്‍ നിന്ന് മാത്രം നേടിയ ആ സിനിമ മറ്റ് വരുമാന സ്രോതസുകളിലൂടെ ആകെ 75 കോടിക്ക് മുകളില്‍ വരുമാനം 75 നേടി. അപ്പോഴും 100 കോടി ക്ലബ് മലയാളിക്ക് അന്യമായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിലൂടെ തന്നെയാണ് അതിനും വഴിയൊരുങ്ങിയത് എന്നതാണ് മറ്റൊരു അപൂര്‍വത.

2016 ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ 100 കോടി, 150 കോടി ക്ലബില്‍ കയറിയ ആദ്യ മലയാള ചിത്രമായി മാറി. മലയാള സിനിമയ്ക്ക് എത്തിപ്പിടിക്കാവുന്ന കളക്ഷന് പരിധികളില്ല എന്ന വെളിപ്പെടുത്തല്‍ കൂടിയായിരുന്നു ഈ ചിത്രം. 2017 ല്‍ ദിലീപിന്റെ രാമലീല 55 കോടി കളക്ട് ചെയ്തു. 2018 ല്‍ നിവിന്‍പോളി കേന്ദ്ര കഥാപാത്രമായ കായംകുളം കൊച്ചുണ്ണി 70 കോടി നേടി. ഈ സിനിമയില്‍ മോഹന്‍ലാല്‍ അതിഥിതാരമായി എത്തി കൈയടി നേടിയിരുന്നു.

2019 ല്‍ ബോക്‌സോഫീസ് താരപദവി മോഹന്‍ലാല്‍ തിരിച്ചുപിടിച്ചു. ലൂസിഫര്‍ തിയേറ്ററില്‍ നിന്ന് മാത്രം 127 കോടി രൂപയാണ് കളക്ട് ചെയ്തത്. 2020 ല്‍ കുഞ്ചാക്കോ ബോബന്‍ നായകനായ അഞ്ചാം പാതിര 48 കോടി നേടി ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി. 2021 ല്‍ ദുല്‍ക്കര്‍ സല്‍മാന്റെ കുറുപ്പ് 81 കോടി നേടി. 2022 മമ്മൂട്ടി ബോക്‌സോഫീസ് താരപദവിയിലേക്ക് തിരിച്ചെത്തിയ വര്‍ഷമായിരുന്നു.

ഭീഷ്മപര്‍വം 85 കോടിയാണ് തീയറ്ററുകളില്‍ നിന്ന് മാത്രം വാരിയത്. 2023 ല്‍ പുറത്തിറങ്ങിയ കേരളത്തിന്റെ പ്രളയകഥ പറഞ്ഞ 2018 കളക്ഷന്‍ റെക്കോഡുകളെല്ലാം തകര്‍ത്തു. ആദ്യമായി 175 കോടി കളക്ട് ചെയ്ത 2018 പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തിലെ ആദ്യ 200 കോടി ക്ലബ് ചിത്രമായി മാറുന്നതാണ് പിന്നീട് കണ്ടത്.

Take a Poll

ആഗോളതലത്തില്‍ നിന്നും 242 കോടിയാണ് ചിത്രം നേടിയത്. എന്നാല്‍ 2025 ല്‍ പുറത്തിറങ്ങിയ എമ്പുരാനിലൂടെ മോഹന്‍ലാല്‍ വീണ്ടും ബോക്‌സോഫീസ് കിംഗായി മാറി. തിയേറ്റര്‍ കളക്ഷനില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചാണ് എമ്പുരാന്‍ മുന്നേറ്റം നടത്തിയത്. റിലീസ് ചെയ്ത് വെറും 40 മണിക്കൂര്‍ കൊണ്ട് 100 കോടി ക്ലബില്‍ എത്തിയ എമ്പുരാന്‍, മഞ്ഞുമ്മല്‍ ബോയ്‌സ് 72 ദിവസം കൊണ്ട് സൃഷ്ടിച്ച റെക്കോഡ് തകര്‍ത്തത് വെറും 10 ദിവസം കൊണ്ടാണ്.

2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ മലയാളത്തിലെ ആദ്യത്തെ 250 കോടി ക്ലബ് പടം എന്ന ലേബലും പിന്നിട്ട് കുതിച്ച് കൊണ്ടിരിക്കുകയാണ്. ഈ കണക്കുകളില്‍ നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. മറ്റ് താരങ്ങള്‍ക്ക് അപൂര്‍വമായി മാത്രം ലഭിക്കുന്ന വിജയങ്ങള്‍ പലകുറി ആവര്‍ത്തിക്കാന്‍ കഴിഞ്ഞ ഏക നടന്‍ മോഹന്‍ലാല്‍ മാത്രമാണ്. 2000 മുതല്‍ 2025 വരെയുളള കണക്കെടുത്താല്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇന്‍ഡസ്ട്രി ഹിറ്റ് പദവിയില്‍ ഇല്ലാതിരുന്നത് ആകെ നാലോ അഞ്ചോ വര്‍ഷങ്ങള്‍ മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+