'വീമ്പിളക്കമില്ല, ഉപദേശങ്ങളില്ല,ഞങ്ങളുടേത് മികച്ച കാലം എന്ന പൊങ്ങച്ചമില്ല',;മോഹൻലാലിനെ കുറിച്ച് കുറിപ്പ്
തിരുവനന്തപുരം: മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കിട്ട് നടൻ ഹരീഷ് പേരടി. നമ്മെ ഒരു പാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു മോഹൻലാൽ എന്ന് ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. കുറിപ്പ് ഇങ്ങനെ
'കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നിൽക്കുന്ന നിമിഷങ്ങൾ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്. മനോഹര മുഹൂർത്തങ്ങളാണ്.അയാൾ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും. അനാവശ്യ ഉപദേശങ്ങളില്ല.അനുഭവങ്ങളുടെ വീമ്പിളക്കമില്ല. ഇങ്ങിനെ പോയാൽ അങ്ങിനെയെത്തും എന്ന കൃത്രിമമായ മാർഗനിർദേശങ്ങളില്ല.ഞങ്ങളുടെ കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല.

പകരം എന്നെക്കാൾ വലിയവർ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് നമ്മളിൽ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും. പിന്നെ നമ്മുടെ മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി അയാൾമാറും.നമ്മളിൽ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മൾ അറിയും. നമ്മെ ഒരു പാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാൾ എന്ന്.മോഹൻലാൽ സാർ.പ്രിയപ്പെട്ട ലാലേട്ടൻ', ഹരീഷ് പോസ്റ്റിൽ പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രത്തിനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇന്ത്യയിൽ ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടുണ്ടോ എന്നത് തന്നെ സംശയമാണെന്നാണ് മോഹൻലാൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഒരു യോദ്ധാവ് ആയിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്നും സിനിമയിൽ പ്രത്യേക കാലമോ സമയമോ ഒന്നും പ്രതിപാദിക്കുന്നില്ലെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.
'ഒരു യോദ്ധാവായിട്ടാണ് വലിബനിലും കഥാപാത്രം വരുന്നത്. ഒരു കാലവും സ്ഥലവും ഒന്നുമില്ലാത്ത കഥയാണ് ചിത്രത്തിനുള്ളത്. ഇത്തരം ഒരു സിനിമ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോയെന്ന് തന്നെ സംശയിക്കാം. അങ്ങനെയൊരു സിനിമയാണ്. ആക്ഷന് ഒരുപാട് പ്രാധാന്യം കൊടുത്തിട്ടുള്ള സിനിമയാണ്. പക്ഷെ അതും ഫിലോസഫിക്കലായിട്ടെല്ലാം മറ്റൊരു തലത്തിലേക്ക് പോവാൻ സാധ്യതയുള്ള സിനിമയാണ്', എന്നാണ് അദ്ദേഹം സില്ലി മോങ്ക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ഈ മാസം 25 നാണ് സിനിമ റിലീസ് ചെയ്യുന്നത്.തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.












Click it and Unblock the Notifications