'ലാലേട്ടൻ അന്നെന്നെ അക്കാര്യത്തിന് ചീത്ത പറഞ്ഞു, ജയറാമിനെ റൂമിൽ പോയി വിളിച്ചുണർത്തണം'; രാമു മംഗലപള്ളി
മലയാള സിനിമയിൽ താരങ്ങളുടെ സമീപനവും കഥപറച്ചിലിന്റെ രീതിയും ഒക്കെ കഴിഞ്ഞകാലങ്ങളിൽ മാറിയിരുന്നു. മുമ്പത്തേതിൽ നിന്ന് വ്യത്യസ്‌തമായി സിനിമയിൽ കൂട്ടായ്‌മ കുറയുകയാണെന്നും പലപ്പോഴും ക്യാരാവാൻ സംസ്‌കാരമാണ് ഇപ്പോഴത്തെ കാലത്ത് നിലനിൽക്കുന്നത് എന്നും ആരോപണങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. കൂടാതെ പുതിയ കാലത്തെ താരങ്ങളുടെ രീതികളും ചോദ്യം ചെയ്യലിന് വിധേയമായിരുന്നു.
ഇപ്പോഴിതാ താരങ്ങളുടെ മാറ്റത്തെ കുറിച്ചും മുൻപ് നിലനിന്നിരുന്ന രീതികളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറും നടനുമായ രാമു മംഗലപള്ളി. പണ്ടത്തെ താരങ്ങളിൽ മോഹൻലാലിന്റെ ആത്മാർത്ഥയും ആത്മസമർപ്പണവും വളരെ വലുതായിരുന്നു എന്നാണ് രാമു പറയുന്നത്. പുതിയ കാലത്തെ താരങ്ങൾ മോശമാണെന്നല്ല പറയുന്നത് എങ്കിലും അന്ന് ഇത് ഒരൽപ്പം അധികമായിരുന്നു എന്നും രാമു പറഞ്ഞു.

മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു രാമു തന്റെ മനസ് തുറന്നത്. ഒരു ചിത്രം പരാജയപ്പെട്ടപ്പോൾ മോഹൻലാൽ അടുത്ത സിനിമയിൽ അഭിനയിക്കാമെന്ന് തനിക്ക് വാക്ക് തന്നെന്നും രാമു പറയുന്നു. ജയറാം, മമ്മൂട്ടി തുടങ്ങിയവരെ കുറിച്ചും രാമു മംഗലപള്ളി അഭിമുഖത്തിനിടെ മനസ് തുറന്നു. രാമുവിന്റെ വാക്കുകൾ ഇങ്ങനെ...
നമ്മൾ ജോലി ചെയ്‌തിട്ടുള്ളത് ഒക്കെ ജോലിയോട് ആത്മാർത്ഥയുള്ള നടന്മാർക്കും നടിമാർക്കും ഒപ്പമാണ്. ഇപ്പൊ ഉള്ള താരങ്ങൾക്ക് ആത്മാർത്ഥത ഇല്ലെന്നല്ല. അതിലൊരു ഇന്റിമസി ഉണ്ടായിരുന്നു. നമ്മളോട് ഒക്കെ ഒരു ബന്ധമുണ്ടായിരുന്നു. അതൊരു ഗിവ് ആൻഡ് ടേക്ക് ആയിരുന്നു. നമ്മൾ അങ്ങോട്ട് കൊടുക്കുന്ന മര്യാദ ഉണ്ടല്ലോ, അത് തിരിച്ചും കിട്ടും. ഓവറായിട്ട് അങ്ങോട്ട് മര്യാദ കൊടുത്ത് സുഖിപ്പിക്കാൻ ഒന്നും നിൽക്കേണ്ട ആവശ്യമില്ല.
മമ്മൂക്ക, ലാൽ സാർ, സുരേഷ് ഗോപി ചേട്ടൻ, ജയറാം അങ്ങനെ ഒരുപാട് നടന്മാരുണ്ട്. മേയ്ക്കാൻ പാടുണ്ട് എന്നൊന്നും പറയാൻ പറ്റുന്ന താരങ്ങൾ ഉണ്ടായിരുന്നില്ല. സായ് കുമാർ ഒക്കെ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അവരോടൊക്കെ വർക്ക് ചെയ്യാൻ നമുക്കൊരു സുഖം ഉണ്ടാവും. അങ്ങോട്ടും ഇങ്ങോട്ടും അറിയാമായിരുന്നു.
ഞാനൊക്കെ വർക്ക് ചെയ്യുമ്പോൾ, അയ്യോ രാമുവോ അവനൊക്കെ 6 മണിക്കേ ഉണർത്തി കളയും എന്ന് തമാശ രൂപേണ പറയുന്നത് കേൾക്കാറുണ്ട്. നമ്മൾ നമ്മുടെ ജോലിയുടെ ആത്മാർത്ഥത കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ജയറാമിനെ ഒക്കെ ഞാൻ പുലർച്ചെ ആറ് മണിക്കൊക്കെ വിളിച്ചു എണീപ്പിക്കുമായിരുന്നു. ഹോട്ടൽ റൂമിൽ കേറി ചെന്നിട്ടൊക്കെയാണ് വിളിക്കാറുള്ളത്.
നടിമാർ ആയാലും അങ്ങനെയൊക്കെ. എനിക്ക് ഏഴര എട്ട് മണിക്ക് മുൻപ് ഷൂട്ട് തുടങ്ങണം. അങ്ങനെ മുപ്പത് ദിവസം എടുക്കുമ്പോൾ അത്രയും സീനായി. എല്ലാ ദിവസവും ഇത് സാധിക്കണം എന്നില്ല. ജയറാം ഇപ്പൊ റെഡിയായി എന്നൊക്കെ പറയുമെങ്കിലും റെഡിയാവില്ല. മമ്മൂക്കയുടെ അടുത്തും പോയി വിളിക്കാറുണ്ട്. അദ്ദേഹം പോടാ പോടാ അവിടെ ഒന്നും ആയിട്ടില്ലെന്നൊക്കെ പറയും.
മമ്മൂക്കയെ ഒക്കെ പേടി ഇല്ലാതിരിക്കുമോ? അത് വേണമല്ലോ. ലാൽ സാർ രാവിലെ ഏഴ് മണിക്ക് എത്തണം എന്ന് പറഞ്ഞാൽ അത് കൃത്യമായി എത്തിയിരിക്കും. ഏഴ് മണിക്ക് വരണമെന്ന് തലേദിവസം പറഞ്ഞാൽ പുള്ളി കൃത്യമായി അവിടെ എത്തിയിരിക്കും. വലിയതോ പുതിയതോ ഏത് സംവിധായകനും ആയിക്കൊള്ളട്ടെ ലാൽ സാർ ഒരിക്കലും അവരെ ലൊക്കേഷനിൽ കാത്ത് നിൽപ്പിക്കില്ല.
അഗ്നിദേവൻ എന്ന സിനിമയുടെ ഷൂട്ടിനിടെ ഒരിക്കൽ എന്നോട് സമയം പറയാൻ വിട്ടുപോയി. വേണു നാഗവള്ളി സാറും ക്യാമറാമാനും ഒക്കെ കാത്തിരിക്കുകയായിരുന്നു. അപ്പോൾ ലാൽ സാർ എന്നെ വഴക്ക് പറഞ്ഞു. ഒന്ന് എന്റെ അസിസ്‌റ്റൻസിനോട് പറയാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. അതാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥത. ഒരു സിനിമ പരാജയപ്പെട്ടപ്പോൾ അദ്ദേഹം അടുത്ത സിനിമ അദ്ദേഹം അടുത്തതിൽ അഭിനയിക്കാമെന്ന് പറഞ്ഞു, അതാണ് അദ്ദേഹത്തിന്റെ പാഷൻ.












Click it and Unblock the Notifications