ആദിപുരുഷ് സലാറിനും പണി കൊടുത്തു, പ്രഭാസിന്റെ താരമൂല്യം ഇടിഞ്ഞു? വിതരണാവകാശ തുക താഴേക്ക്
ബാഹുബലിക്ക് ശേഷം പ്രഭാസിന് ധാരാളം തിരിച്ചടികള്‍ നേരിട്ടിരുന്നു. ബിഗ് ബജറ്റ് സിനിമകള്‍ ഇറക്കിയെങ്കിലും ബാഹുബലിയുടെ വിജയം ഒന്നിനും ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നിങ്ങനെ മൂന്ന് ബിഗ് ബജറ്റ് സിനിമകളാണ് ഇറങ്ങിയത്. ഇതില്‍ സാഹോ നല്ല വിജയം നേടിയിരുന്നു. എന്നാല്‍ മറ്റ് ചിത്രങ്ങളൊന്നും ആ മികവിലേക്ക് ഉയര്‍ന്നില്ല. ആദിപുരുഷിന്റെ പരാജയം പ്രഭാസിന് വലിയ നാണക്കേടുമുണ്ടാക്കി.
ചിത്രത്തിനെതിരെ വ്യാപക ട്രോളുകളും ഇറങ്ങിയിരുന്നു. ഇപ്പോഴിതാ ആദിപുരുഷിലൂടെ വീണ്ടും തിരിച്ചടി പ്രഭാസിന് ഉണ്ടായിരിക്കുകയാണ്. വരാനിരിക്കുന്ന സലാര്‍ എന്ന ചിത്രത്തെയാണ് ഈ ചിത്രത്തിന്റെ പരാജയം ബാധിച്ചിരിക്കുന്നതെന്ന് കൊയ്‌മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. സലാറിലൂടെ വന്‍ തിരിച്ചുവരവാണ് പ്രഭാസ് ലക്ഷ്യമിടുന്നത്. കെജിഎഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ തന്നെ ചിത്രത്തിന് വന്‍ ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്. പല സ്ഥലത്തും ഷോയ്ക്കായി കൗണ്ട്ഡൗണും ആരംഭിച്ച് കഴിഞ്ഞു. ക്രിസ്മസ് അവധിക്കാലത്താണ് ചിത്രം റിലീസ് ചെയ്യുന്നത്. ബാഹുബലിക്ക് ശേഷം വമ്പന്‍ ഓപ്പണിംഗാണ് പ്രഭാസിന് എല്ലാ ചിത്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ കണ്ടന്റ് മികവിലേക്ക് ഉയരാത്തത് മാത്രമാണ് പ്രശ്‌നമാവുന്നത്. ഷാരൂഖ് ഖാന്റെ ഡങ്കിക്കൊപ്പമാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
ഇപ്പോള്‍ ചിത്രത്തിന്റെ തിയേറ്റര്‍ വിതരണാവകാശമാണ് വിറ്റുപോയത്. വന്‍ തുകയാണ് നിര്‍മാതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്.നൈസാം മേഖലയില്‍ സലാറിന്റെ തിയേറ്റര്‍ വിതരണാവകാശം വിറ്റുപോയത് 65 കോടി രൂപയ്ക്കാണ്. നൈസാമില്‍ പ്രഭാസാണ് ഏറ്റവും വലിയ താരം. സീസഡ് മേഖലയില്‍ വിതരണാവകാശം 27 കോടിക്കും വിറ്റുപോയിട്ടുണ്ട്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് മൊത്തമായി 165 കോടിയാണ് തിയേറ്റര്‍ വിതരണാവകാശമായി ലഭിച്ചത്. ഇത് വന്‍ തുകയാണ്.
പക്ഷേ പ്രഭാസിനെ സംബന്ധിച്ച് ഈ തുക കുറവാണ്. ആദിപുരുഷിന് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ തുകയാണിത്. ആദിപുരുഷ് വിതരണക്കാര്‍ക്ക് നഷ്ടമുണ്ടാക്കിയതാണ് പ്രഭാസിന്റെ താരമൂല്യം ഇടിയാന്‍ കാരണമായത്. ആദ്യ വാരാന്ത്യത്തില്‍ തന്നെ തെലുങ്കില്‍ നിന്ന് നൂറ് കോടി രൂപ ചിത്രം നേടിയിരുന്നു. എന്നാല്‍ പിന്നീട് ചിത്രം മോശമായത് കൊണ്ട് പരാജയപ്പെടുകയായിരുന്നു. ആദിപുരുഷിന്റെ തിയേറ്റര്‍ റൈറ്റ്‌സ് തെലുങ്ക് സംസ്ഥാനങ്ങളില്‍ മാത്രമായി വിറ്റുപോയത് 185 കോടി രൂപയ്ക്കാണ്. എന്നാല്‍ ചിത്രം പരാജയപ്പെട്ടത് കാരണം വിതരണക്കാര്‍ ഇത്തവണ റിസ്‌ക് എടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
കേരള, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിതരണാവകാശത്തിന് 75 കോടിയാണ് ലഭിച്ചത്. പ്രീ റിലീസ് ബിസിനസായി 240 കോടി രൂപയാണ് മൊത്തം ലഭിച്ചത്. ഡിസംബര്‍ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡിസംബര്‍ ഒന്നിന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവരുന്നു. അതേസമയം ചിത്രം നിലവാരം പുലര്‍ത്തിയാണ് റെക്കോര്‍ഡുകള്‍ പലതും വീഴുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.












Click it and Unblock the Notifications