'പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും ഭാരവാഹികളാക്കാൻ ആലോചിച്ചു,പക്ഷെ '; ജഗദീഷ് പറയുന്നു
കൊച്ചി: താരസംഘടനയായ അമ്മയിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് സംഘടനയുടെ പ്രസിഡന്റ്. എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഇടവേള ബാബു പിൻവാങ്ങിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വാശിയേറിയ പോരാട്ടത്തിനൊടുവിൽ സിദ്ധിഖ് ആണ് വിജയിച്ചത്.
അതേസമയം ഇത്തവണ അമ്മയിൽ യഥാർത്ഥത്തിൽ ഒരു തലമുറമാറ്റമായിരുന്നു തങ്ങളെല്ലാവരും ആഗ്രഹിച്ചതെന്ന് പറയുകയാണ് വൈസ് പ്രസിന്റായി തിരഞ്ഞെടുക്കപ്പെട്ട നടൻ ജഗദീഷ്. പൃഥ്വിരാജ് , കുഞ്ചാക്കോ ബോബനെ പോലുള്ളവർ ഭരണസമിതിയിൽ അംഗങ്ങൾ ആവണമെന്നാണ് തങ്ങൾ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

'പാനൽ തീരുമാനിക്കുന്നതിൽ യാതൊരു അഭിപ്രായ ഭിനന്നതയും ഉണ്ടായിട്ടില്ല. യഥാർത്ഥത്തിൽ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും ഒരു തലമുറമാറ്റം ആഗ്രഹിച്ചിരുന്നു. ഇടവേള ബാബുവൊക്കെ ആഗ്രഹിച്ചത് അതായിരുന്നു. പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമൊക്കെ ഭരണസമിതിയിൽ വന്നാൽ നന്നായിരിക്കും എന്ന് കരുതി. എന്നാൽ അവരൊന്നും സന്നദ്ധരായില്ല. ഇതോടെയാണ് മോഹൻലാൽ സ്വയം മുന്നോട്ട് വരുന്നത്. സത്യത്തിൽ ഞങ്ങളൊക്കെ നിർബന്ധിച്ച് എന്ന് വേണമെങ്കിൽ പറയാം.
പുതുതലമുറയുടെ തിരക്കായിരിക്കാം അവരെ പിന്നോട്ട് അടിക്കുന്നത്. ഒരുപക്ഷെ കൂടുതൽ സമയം വിനിയോഗിക്കാൻ ആവില്ലെന്ന ചിന്തകൂടിയാകാം.കുറച്ചൂടെ കഴിയുമ്പോൾ അവർ പദവികൾ ഏറ്റെുക്കാൻ തയ്യാറാകും. എന്തായാലും അമ്മ മുന്നോട്ട് പോയല്ലേ പറ്റുള്ളൂ.
വനിതകളെ ഭരണസമിതിയിൽ ഉൾപ്പെടുത്തുന്നതിലുണ്ടായ ആശയക്കുഴപ്പത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 'ബൈലോ പ്രകാരം നാല് സ്ത്രീകൾ ഭരണസമിതിയിൽ ഉണ്ടാകണം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ച സ്ത്രീകൾ പരാജയപ്പെട്ടിരുന്നു. മൂന്ന് പേർ മാത്രമാണ് മത്സരിച്ചത്. ഒരാളെ കോഓപ്റ്റ് ചെയ്യണം. മത്സരിച്ച രണ്ട് പേർ വിജയിച്ചിരുന്നുവെങ്കിൽ രണ്ട് പേർക്കേ സാധ്യതയുള്ളൂ. ഇപ്പോൾ മൂന്ന് പേരേയും ഉൾപ്പെടുത്താനാണ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.
വനിതകളെ എക്സിക്യൂട്ടീവിൽ മാത്രമേ ഉൾപ്പെടുത്തുന്നുള്ളൂവെന്ന വിമർശനത്തിന് അവർ മത്സരിച്ച് വിജയിക്കുന്നില്ലെന്നതാണ് സത്യം എന്ന് ജഗദീഷ് പറഞ്ഞു. പുതിയ ഭരണസമിതിയെ സംബന്ധിച്ചെടുത്തോളം എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാനാണ് താത്പര്യം. പരിഭവിച്ച് മാറി നിൽക്കുന്നവരെയൊക്കെ സഹകരിക്കാൻ താത്പര്യമുണ്ട്. മത്സരത്തിൽ സ്ഥാനാർത്ഥികളുടെ രാഷ്ട്രീയം പ്രതിഫലിച്ചിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു.
അമ്മയിലെ ഭാരവാഹികൾ
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 157 വോട്ട് നേടിയാണ് സിദ്ധിഖ് വിജയിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജു പിള്ള പരാജയപ്പെട്ടിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെതിരെ ബാബുരാജ് (വോട്ട് 198) തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി മുകുന്ദനാണ് ട്രഷർ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
കലാഭവൻ ഷാജോൺ - 294, സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു - 279, സുരേഷ് കൃഷ്ണ - 275, ടിനി ടോം - 274, അനന്യ -271, വിനു മോഹനർ -271, ടൊവിനോ തോമസ് -268, സരയൂ, അൻസിബ.












Click it and Unblock the Notifications