പൃഥ്വിരാജ് 'രായപ്പനി'ൽ നിന്നും രാജുവേട്ടൻ ആയി മാറിയ സീൻ; അന്ന് സംഭവിച്ചതിനെ കുറിച്ച് ലാൽ ജോസ്
കൊച്ചി: മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിലൊന്നാണ് ദിലീപിനെ നായനാക്കി ലാൽ ജോസ് ഒരുക്കിയ മീശമാധവൻ. ദിലീപിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രം കൂടിയാണിത്. ഇപ്പോഴിതാ അത്തരത്തിലൊരു സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സംവിധായക കുപ്പായത്തിനൊപ്പം അഭിനയത്തിലേക്ക് കടന്നതിനെ കുറിച്ചും തന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അയാളും ഞാനും തമ്മിൽ എന്ന സിനിമയെ കുറിച്ചും അഭിമുഖത്തിൽ ലാൽ ജോസ് സംസാരിച്ചു. സംവിധായകന്റെ വാക്കുകളിലേക്ക്
'കള്ളൻ റിപ്പൾസീവാണ്. എല്ലാവർക്കും പേടിയാണ്.കള്ളനെ ആരും പ്രേമിക്കില്ല, കല്യാണം കഴിക്കില്ല, ലൈക്കബിൾ ആയിട്ടുള്ള കള്ളനെ എങ്ങനെ ഉണ്ടാക്കാം എന്നായിരുന്നു ആലോചന. കാമുകൻമാരൊക്കെ കള്ളൻമാരാണ്. എന്നാൽ കള്ളൻ കാമുകൻ ആകുന്നത് എങ്ങനെയാണ് എന്ന ചിന്തയിൽ നിന്നൊക്കെയാണ് മീശമാധവൻ ഉണ്ടാകുന്നത്. സ്വന്തം വീട്ടിൽ നിന്നും മോഷ്ടിക്കുന്ന കള്ളനെ ആളുകൾ എങ്ങനെ സ്നേഹിക്കും, അതിലെന്ത് ന്യായീകരണം കൊടുക്കും എന്നൊക്കെയായിരുന്നു ചോദ്യം. ഗതികേടിന്റെ പുറത്ത് കള്ളനാകുന്ന ആളാണ് മീശമാധവനിനെ നായകൻ. അയാളുടെ മനസിലൊരു നൻമയുണ്ട്. അയാളുടെ നൻമയും പ്രതിഷേധവും കാണിക്കുന്നുണ്ട്, ഒരു പരിഹാരം ഉണ്ടാക്കേണ്ട സമയത്ത് അയാളിലെ കള്ളൻ വർക്ക് ചെയ്യുന്നുണ്ട്. അയാളിലെ കള്ളത്തരം ഒരു പോസിറ്റീവ് കാര്യത്തിന് ഉപയോഗിക്കുന്നുണ്ട്. ഒരു കള്ളന്റെ മനുഷ്യ ആങ്കിൾ കാണിക്കുന്നുണ്ട്.

ഞാൻ അഭിനയിച്ച് തുടങ്ങിയത് ഒരു എക്സ്ട്രാ വരുമാനമായിട്ടാണ് കാണുന്നത്. ആക്ടിങ് എളുപ്പമുള്ള പണിയല്ല, എന്നാൽ എമ്‍റെ മുൻ അസോസിയേറ്റുകൾ ചില സിനിമകളിലേക്ക് വിളിക്കാറുണ്ട്, അങ്ങനെയാണ് വന്നത്. അതൊക്കെ അമച്വർ സിനിമകളായിരിക്കും. എന്തായാലും 30 ഓളം സിനിമകൾ ചെയ്തു. അതിൽ നിന്നൊക്കെ ചെറിയൊരു വരുമാനം ലഭിച്ചു. ആക്ടർ എന്ന നിലയിൽ ഞാൻ ഇംപ്രൂവ് ചെയ്തുവെന്നാണ് തോന്നുന്നത്. ആക്ഷൻ പറയുമ്പോൾ ഡയലോഗ് മറന്ന് പോകുന്ന ആളായിരുന്നു ഞാൻ. എന്തായാലും ജൂഡിനോടാണ് നന്ദി. എന്നെ ആദ്യമായി ഒരു ക്യാരക്ടർ തന്നത് ജൂഡ് ആണ്', ലാൽ ജോസ് പറഞ്ഞു.
അയാളും ഞാനും തമ്മിൽ എന്ന സിനിമയാണ് 'രായപ്പൻ' എന്ന പൃഥ്വിരാജിന്റെ പരിഹാസപ്പേര് മാറ്റിയതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'കുഞ്ഞിനെ ചികിത്സിക്കാതിരിക്കുകയും പിന്നീട് പൃഥ്വിരാജിന്റെ ക്യാരക്ടർ കുഞ്ഞിന്റെ കാല് തൊടുന്നതുമൊക്കെയുള്ള സീൻ തന്നെയാണ് അയാളും ഞാനും തമ്മിൽ എന്ന സിനിമ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ഒരു ഡോക്ടർ ഒരു കുഞ്ഞിനെ ചികിത്സിക്കില്ലെന്ന അത്രയും ക്രൂരനാകുന്ന ഒരു സിറ്റുവേഷൻ , എന്തുകൊണ്ട് അയാൾ അങ്ങനെയൊരു അവസ്ഥയിലേക്ക് എത്തി എന്നത് കൗതുകമുള്ള കാര്യമാണ്. പിന്നെ അയാളുടെ തെറ്റ് തിരിച്ചറിഞ്ഞ് കുഞ്ഞിന്റെ കാല് തൊടുന്നത്, അത് രണ്ടും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നതാണ്.
ആ സിനിമ ചെയ്യുന്നതിന് തൊട്ട് മുൻപ് ഏതൊരു അഭിമുഖത്തിൽ രാജു എന്തോ പറഞ്ഞതിന് കടുത്ത സൈബർ ബുള്ളിയിങ് നേരിടുന്ന സമയമാണ്. രായപ്പൻ എന്നൊക്കെ പറഞ്ഞ് ഇൻസൾട്ട് ചെയ്യുകയായിരുന്നു. ആ സമയത്ത് ഇതുപോലൊരു സീരിയസ് സിനിമ വരുമ്പോൾ തീയറ്ററിലുള്ള ഏതെങ്കിലുമൊരുത്തൻ എന്തെങ്കിലും വിളിച്ച് കഴിഞ്ഞാൽ മുഴുവൻ ആളുകളുടെ മൂഡ് മാറും. അങ്ങനെയൊരു പേടിയുണ്ടായിരുന്നു, പ്രത്യേകിച്ച് തൃശൂർ പോലുള്ള സ്ഥലത്തൊക്കെ. അവർ ഭയങ്കര കമന്റ് പറയുന്നവരാണ്. എന്തെങ്കിലും കമന്റ് വന്നാൽ തന്നെ ആ സീനിന്റെ മൂഡ് തന്നെ മാറും. പക്ഷെ സിനിമ ആ കാർ ആക്സിഡന്റ് രംഗത്തോട് കൂടി വേറെ മൂഡിലേക്ക് പോയി.
ഒരാളെ കാസ്റ്റ് ചെയ്യുമ്പോൾ ആലോചിക്കുന്ന രണ്ട് കാര്യം ആ ക്യാരക്ടറിന് അയാൾ ആപ്റ്റാണോ എന്നതാണ്. മറ്റൊന്ന് സിനിമയുടെ ബിസിനസിന് സഹായിക്കുമോ അതോ പ്രതികൂലമാകുമോയെന്നും. സൈബർ ബുള്ളിയിങ്ങ് ഒന്നും ഒരാളെ അഭിനയിപ്പിക്കാൻ എനിക്ക് തടസമാകാറില്ല.












Click it and Unblock the Notifications