പൃഥ്വിരാജിനെ ടാർജറ്റ് ചെയ്ത് വെറുപ്പ് പടർത്തുന്നു, പുതിയ വ്യാജ പ്രചരണം: പരിഹാസമൊക്കെയാകാം പക്ഷെ ഇത് പാടില്ല
എല്ലാ കാലത്തും വലിയ രീതിയിലുള്ള സൈബർ അധിക്ഷേപങ്ങള്‍ക്ക് വിധേയനായിട്ടുള്ള താരമാണ് പൃഥ്വിരാജ്. മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായ എമ്പുരാന്‍ പുറത്ത് വന്നതിന് പിന്നാലെ അത് മറ്റൊരു തലത്തിലേക്ക് കടക്കുകയും വർഗ്ഗീയത അടക്കം ഇതിലേക്ക് കടന്ന് വരികയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വ്യാജ വാർത്തകളുടെ പശ്ചാത്തലത്തിലും പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം നടക്കുകയാണ്.
എമ്പുരാന്റെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്‍റേതെന്ന പേരില്‍ തെറ്റായ കാര്യങ്ങളാണ് ചില മാധ്യമങ്ങളില്‍ വരുന്നതെന്ന് വ്യക്തമാക്കി അദ്ദേഹത്തെ ഒഫിഷ്യല്‍ ഫാന്‍സ് ഗ്രൂപ്പ് ആയ പൊഫാക്ഷ്യോ (Poffactio) തന്നെ രംഗത്ത് വന്നു. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നും അണ്ടര്‍ വാട്ടര്‍ ആക്ഷന്‍ സീക്വന്‍സുകളടക്കം ഉള്ള ചിത്രമായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞതായിട്ടായിരുന്നു ചില മാധ്യമങ്ങളുടെ റിപ്പോർട്ട്.

'എൽ3 സിനിമയെക്കുറിച്ച് പൃഥ്വിരാജ് സുകുമാരൻ പ്രസ്താവന നടത്തിയെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പ്രമുഖ ചാനലുകളുടെ നടപടിയെ ഞങ്ങള്‍ അപലപിക്കുന്നു. ഈ റിപ്പോർട്ടുകൾ പൂർണ്ണമായും അസത്യമാണ്. കൃത്യമായ വിവരങ്ങൾക്ക് സർസമീൻ പ്രമോഷനുകളിൽ നിന്നുള്ള ഔദ്യോഗിക അഭിമുഖ വീഡിയോകൾ പരിശോധിക്കാൻ എല്ലാ മാധ്യമങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി വ്യാജ പ്രൊഫൈൽ ഐഡിയിൽ നിന്നാണ് ഈ തെറ്റായ വിവരങ്ങൾ ഉണ്ടായതെന്ന് തോന്നുന്നു.' പൊഫാക്ഷ്യോ എക്സില്‍ കുറിച്ചു.
റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കാനും പൊതുജനങ്ങൾക്കും പൃഥ്വിരാജിന്റെ അഭ്യുദയകാംക്ഷികൾക്കും സത്യം വ്യക്തമാക്കുന്നതിന് തിരുത്തിയ വാർത്തകൾ പുനഃപ്രസിദ്ധീകരിക്കാനും ഞങ്ങൾ എല്ലാ ചാനലുകളോടും അഭ്യർത്ഥിക്കുന്നു. ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ ഒരു പ്രൊഫഷണൽ സമീപനം ഞങ്ങൾ പ്രതീക്ഷിക്കുന്നു - എന്നും അവർ കുറിച്ചു.
അതേസമയം, സിനിമ ആരാധക ഗ്രൂപ്പുകളിലും ഈ വിഷയം ഇതിനോടകം വലിയ രീതിയില്‍ ചർച്ചയായിട്ടുണ്ട്. ഫെയ്സ്ബുക്കിലെ കുറച്ചധികം അക്കൗണ്ടുകൾ പൃഥ്വിരാജിനെ ടാർജറ്റ് ചെയ്ത് വെറുപ്പ് പടർത്താൻ തുടങ്ങിയിട്ട് കുറെ കാലമായെന്നാണ് വിനീത് വാസുദേവന്‍ എന്നയാള്‍ മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇൻ്റർവ്യൂവിൽ പറയുന്ന കര്യങ്ങൾ വളച്ചോടിക്കുന്നത് ഒക്കെ സർവ്വ സാധാരണം ആയ കാര്യമാണ്. ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടേ ഇല്ലാത്ത കാര്യങ്ങൾ അടിച്ച് വിടുന്നത് ഒക്കെ ഹേറ്റ് ക്യാമ്പയിന്റെ പീക്ക് ആണ്. ശ്രദ്ധിച്ചാൽ മനസ്സിലാകും, ഫെയ്സ്ബുക്കിലെ കുറച്ചധികം അക്കൗണ്ടുകൾ പൃഥ്വിരാജിനെ ടാർജറ്റ് ചെയ്ത് വെറുപ്പ് പടർത്താൻ തുടങ്ങിയിട്ട് കുറെ കാലമായി.
ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രം, അണ്ടർ വാട്ടർ ഫൈറ്റ് എന്നതൊക്കെ പുള്ളിയുടെ വായിൽ നിന്ന് വന്നിട്ട് പോലും ഇല്ലാത്ത കര്യങ്ങൾ ആണ്. അതെ പോലെ പ്രശാന്ത് നീലിൻറെ അടുത്ത സിനിമയുടെ പേര് പുറത്ത് വിട്ടു എന്നതാണ് മറ്റൊരു പരാതി. മൂന്ന് മാസം മുന്നേ ഇറങ്ങിയ ഒരു ഇൻ്റർവ്യൂവിൽ ഈ സിനിമയുടെ പേര് അടക്കം രാജമൗലി വരെ പരാമർശിച്ചിട്ടുണ്ട്. പ്രശാന്ത് നീലിനെ പറ്റി ഇൻ്റർവ്യൂവിൽ ചോദിച്ചപ്പോൾ അദ്ദേഹത്തെ പറ്റി പറഞ്ഞ ഒരു കമൻ്റ് മാത്രമാണ് ഇത് "അടുത്ത സിനിമയിൽ ബിജു മേനോനും, ടൊവിനോയും ഉണ്ട്. എനിക് ഉറപ്പാണ് അവർ രണ്ടു പേരും അർഹിക്കുന്ന ബഹുമാനം അവരുടെ കഥാപാത്രങ്ങൾക്ക് പ്രശാന്ത് കൊടുക്കും എന്ന് " എന്ന് വെച്ചാൽ കോമാളി ആക്കില്ല എന്ന്. അതല്ലാതെ പ്രശാന്തിൻ്റെ അടുത്ത 5 സിനിമകളുടെ കഥ എനിക്കറിയാം എന്നൊന്നും പുള്ളി പറഞ്ഞിട്ടില്ല.
പണ്ട് ഉള്ളത് ഒക്കെ പുള്ളി ഇൻ്റർവ്യൂവിൽ പറയുന്ന കര്യങ്ങൾ പലർക്കും ഉൾക്കൊള്ളാൻ കഴിയാത്തതിൻ്റെ കളിയാക്കലും, വിമർശനങ്ങളും ഒക്കെ ആയിരുന്നു എങ്കിൽ ഇപ്പൊൾ വരുന്നത് ഒക്കെ ടാർഗറ്റഡ് ആക്രമണം ആണ്. അങ്ങേരു ഗംഭീര നടൻ ആണെന്നോ, ഗംഭീര വ്യക്തിത്വം ആണെന്നോ ഒക്കെ ഉള്ള എൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഇവിടെ പറയുന്നില്ല (ഞാൻ തന്നെ ഒരു 10 പോസ്റ്റ് എങ്കിലും മുന്നേ ഇട്ടിട്ടുള്ളത് കൊണ്ട്). പക്ഷേ 16 വർഷത്തോളം ആയി കടുത്ത പൃഥ്വിരാജ് ആരാധകൻ എന്ന നിലയിൽ ഇങ്ങനെ ഉള്ള വ്യാജ പ്രചരണം കാണുമ്പോൾ അതിൻ്റെ ഫാക്ട് പറഞ്ഞ് ഒരു പോസ്റ്റ് ഇടണം എന്ന് തോന്നി












Click it and Unblock the Notifications