രാംഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഫഹദ് ഫാസിലും? സംവിധായകന്‍ പറയുന്നത്
ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ മേക്കറാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. സത്യ, രംഗീല, കമ്പനി, സര്‍ക്കാര്‍, രാത്ത് തുടങ്ങിയ ചിത്രങ്ങള്‍ ഏക്കാലവും സിനിമാ പ്രേമികള്‍ ഓര്‍ത്തിരിക്കുന്നവയാണ്.
സമാന്തര സിനിമ, ഡോക്യുഡ്രാമ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലായി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള രാംഗോപാല്‍ വര്‍മ്മയുടെ അവതരണ രീതി നിരൂപക പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്.

പലപ്പോഴും വയലന്‍സും ഹൊററും അധോലോകവുമൊക്കെ രാംഗോപാല്‍ വര്‍മ്മയുടെ ചിത്രങ്ങളുടെ പ്രമേയമായി വരാറുണ്ട്. അടുത്തിടെ, തന്റെ പുതിയ സിനിമയിലൂടെ താന്‍ ചെയ്ത എല്ലാ സിനിമാ പാപങ്ങളും കഴുകിക്കളയുമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ അവകാശപ്പെട്ടിരുന്നു. സിന്‍ഡിക്കേറ്റ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് എക്സിലാണ് രാംഗോപാല്‍ തന്റെ അഭിപ്രായം പറഞ്ഞത്.
ചിത്രം ഗംഭീരമായ സൃഷ്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമാ പ്രഖ്യാപനത്തെ ചുറ്റിപ്പറ്റി ഉണ്ടായ അഭ്യൂഹങ്ങളില്‍ വ്യക്തതയുമായി വീണ്ടും അദ്ദേഹം രംഗത്തുവന്നിരിക്കുകയാണ്.
ഫഹദ് ഫാസിലിനൊപ്പമുള്ള തന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഫഹദിനൊപ്പം രാംഗോപാല്‍ വര്‍മ്മ പുതിയ ചിത്രമൊരുക്കാന്‍ പോവുകയാണോ എന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ചോദ്യം.
ഇതുകൂടാതെ സിന്‍ഡിക്കേറ്റില്‍ ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, നടന്‍ മനോജ് ബാജ്പേയി എന്നിവരെ പ്രധാന വേഷങ്ങളിലേക്ക് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും പരന്നു. സിനിമയിലെ പ്രധാന വേഷത്തിനായി പ്രമുഖ തെലുങ്ക് നടന്‍ വെങ്കിടേഷ് ദഗ്ഗുബതിയുമായും ഫഹദ് ഫാസിലുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും തെലുങ്ക് 360 എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തിലാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ വ്യക്തത വരുത്തിയിരിക്കുന്നത്.
ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് പറഞ്ഞ സംവിധായകന്‍ വിശദാംശങ്ങള്‍ പിന്നീട് പങ്കിടുമെന്ന് ട്വിറ്ററില്‍ കുറിച്ചു. 'സിന്‍ഡിക്കേറ്റ് സിനിമയുടെ കാസ്റ്റിംഗിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്, അവയെല്ലാം പൂര്‍ണമായും തെറ്റാണ്. തയ്യാറാകുമ്പോള്‍ വിശദാംശങ്ങള്‍ പങ്കിടും' എന്നാണ് അദ്ദേഹം സമൂഹ മാധ്യമത്തില്‍ പറഞ്ഞത്.
ഇന്ത്യയുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന ഒരു ക്രിമിനല്‍ സംഘടനയുടെ ഉദയമാണ് തന്റെ ഈ സിനിമയെന്ന് രാംഗോപാല്‍ വര്‍മ്മ പറയുന്നു. മുമ്പ് മാഫിയ സംഘങ്ങള്‍ ഒരു പ്രധാന ഭീഷണിയായിരുന്നു.
എന്നാല്‍ ഇന്നത്തെ യഥാര്‍ത്ഥ അപകടം വിവിധ ആളുകളെ ഉള്‍ക്കൊള്ളുന്ന ശക്തമായ ഒരു സിന്‍ഡിക്കേറ്റിന്റെ രൂപീകരണമാണ്. രാഷ്ട്രീയ ശക്തികള്‍, നിയമപാലകര്‍, അതിസമ്പന്നരായ ബിസിനസുകാര്‍, സൈനിക ഉദ്യോഗസ്ഥര്‍ ഇങ്ങനെ വിവിധ ഭാഗക്കാര്‍ ഇതില്‍പ്പെടുന്നു.
കുറ്റകൃത്യങ്ങളുടെയും ഭീകരതയുടെയും ചാക്രിക സ്വഭാവം തുറന്നുകാട്ടുന്ന ചിത്രം, കാലക്രമേണ കൂടുതല്‍ മാരകമായ രൂപങ്ങളിലേക്ക് ക്രിമിനല്‍ സംഘടനകള്‍ എങ്ങനെ പരിണമിക്കുന്നുവെന്ന് തന്റെ ചിത്രം കാണിച്ചുതരുമെന്നും സംവിധായകന്‍ പറഞ്ഞു.












Click it and Unblock the Notifications