'അനുവദിച്ചില്ലെങ്കില്‍ മാനസ പൂജ ചെയ്യും ഞാന്‍': ഗോപിയാശാന്റെ പോസ്റ്റിന് മറുപടിയുമായി സുരേഷ് ഗോപി
സുരേഷ് ഗോപിക്ക് വേണ്ടി പല വി ഐ പികളും അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന കലാമണ്ഡലം ഗോപിയാശാന്റെ മകന്റെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയുമായി തൃശ്ശൂരിലെ ബി ജെ പി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. പാര്‍ട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നുമാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്.
ഇത്തരത്തില്‍ സമീപിക്കുന്നതിന് ആളുകളെ ഏല്‍പ്പിക്കാനും ഉദ്ദേശിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട എന്റെ എല്ലാ കാര്യങ്ങള്‍ നോക്കുന്നതും ഞാന്‍ അഭിപ്രായങ്ങള്‍ പറയുന്നതും ബി ജെ പി ജില്ലാ അധ്യക്ഷൻ അനീഷുമായിട്ടാണ്. ഗോപിയാശാനെ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ മകന്റെ പോസ്റ്റ് ഞാന്‍ വായിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. നേരത്തെ പല തവണ ഗോപിയാശാനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു തവണ അദ്ദേഹത്തിന് മുണ്ടും നേര്യതും നല്‍കി വണങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഗോപിയാശാന്‍റെ ഡോക്യൂമെന്‍ററി പ്രകാശനം ചെയ്തത് അടക്കം ഞാനായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഇപ്പോള്‍ അങ്ങനെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കില്‍ തന്നെ മകന്റെ മനസ്സാണോ ഗോപിയാശാന് എന്ന് അറിയുകയും ഇല്ല. പ്രമുഖരായ കലാകാരന്മാരേയും വ്യക്തികളേയും സ്ഥാനാർത്ഥികള്‍ കാണുന്നത് സ്വാഭാവികമായ കാര്യമാണെന്നും സുരേഷ് ഗോപി പറയുന്നു.
ഗുരുത്വത്തിന്‍റെ പേരിലാണ് ഇത്തരത്തില്‍ വ്യക്തികളെ കണ്ട് അനുഗ്രഹം തേടുന്നത്. ഗുരുനാഥ തുല്യരായവരെയാണ് കാണുന്നത്. ഗോപിയാശാന്‍ എനിക്ക് ഗുരുതുല്യനാണ്. ഗുരുവെന്ന നിലയില്‍ അദ്ദേഹത്തെ വണങ്ങാൻ ഇനിയും ആഗ്രഹമുണ്ട്. പാര്‍ട്ടി ജില്ലാ അധ്യക്ഷനോട് ഈ ആവശ്യം പറയും. എന്നിട്ടും നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കില്‍ ഗുരുവായൂരപ്പന്‍റെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമര്‍പ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അര്‍പ്പിച്ച് അനുഗ്രഹം തേടുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം, 'സുരേഷ് ഗോപിക്ക് വേണ്ടി പല വി ഐ പികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണ്. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാന്‍ നോക്കരുത്.' എന്നായിരുന്നു ഗോപിയാശാന്റെ മകന്‍ രഘു ഗുരുകൃപയുടെ പോസ്റ്റ്
പ്രശസ്തനായ ഒരു ഡോക്ടര്‍ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. അച്ഛന് മറുത്തൊന്നും പറയാന്‍ പറ്റാത്ത ഡോക്ടര്‍. അച്ഛന്‍ എന്നോട് പറഞ്ഞോളാന്‍ പറഞ്ഞു ഞാന്‍ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാന്‍ അസുഖം വന്നപ്പോള്‍ ഞാനെ ഉണ്ടായുള്ളൂന്ന്.
ഞാന്‍ പറഞ്ഞു. അത് മുതലെടുക്കാന്‍ വരരുതെന്ന്. അത് ആശാന്‍ പറയട്ടെന്ന്. അവസാനം അച്ഛന്‍ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോള്‍ ഡോക്ടര്‍ ആശാന് പത്മഭൂഷണ്‍ കിട്ടണ്ടേന്ന്. അച്ഛന്‍ അങ്ങനെ എനിക്ക് കിട്ടണ്ടെന്ന്) ഇനിയും ആരും ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടില്‍ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കുട്ടിയാല്‍ മതി. - എന്നും മകന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications