'ആ വനിതാ നിർമ്മാതാവിന് ലിസ്‌റ്റിൻ സ്‌റ്റീഫനോട് കുശുമ്പാണ്, എന്തെങ്കിലും പറഞ്ഞാൽ ഉടൻ കോടതി കയറ്റും'; ജോസ് തോമസ്
കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയ വെളിപ്പെടുത്തൽ നടത്തിയ ആളാണ് നിർമ്മാതാവായ ലിസ്‌റ്റിൻ സ്‌റ്റീഫൻ. അദ്ദേഹം നിർമ്മിക്കുന്ന ഏറ്റവും പുതിയ ദിലീപ്-ധ്യാൻ ശ്രീനിവാസൻ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞ വാക്കുകളാണ് വലിയ വിവാദത്തിനും പിന്നാലെ ചർച്ചകൾക്കും കാരണമായത്. മലയാളത്തിലെ ഒരു പ്രമുഖ നടനെ കുറിച്ചായിരുന്നു ലിസ്‌റ്റിൻ സ്‌റ്റീഫന്റെ വിമർശനം.
ഒരു പ്രമുഖൻ നടൻ വലിയ തെറ്റിന് തിരികൊളുത്തിയെന്നും അത് തുടർന്നാൽ സമീപ ഭാവിയിൽ മലയാള സിനിമയ്ക്ക് ദോഷമായി മാറുമെന്നും ലിസ്‌റ്റിൻ പറഞ്ഞിരുന്നു. എന്നാൽ ഏതാണ് നടനെന്നോ എന്താണ് സംഭവിച്ചതെന്നോ വെളിപ്പെടുത്താൻ ലിസ്‌റ്റിൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ലിസ്‌റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. കൂടാതെ ആരാണ് ആ നടനെന്ന രീതിയിലുള്ള ചർച്ചകളും ആരംഭിച്ചു.

തുടർന്ന് നിർമ്മാതാവ് കൂടിയായ സാന്ദ്ര തോമസ് ഉൾപ്പെടെ ലിസ്‌റ്റിനെതിരെ രംഗത്ത് വന്നിരുന്നു. ലിസ്‌റ്റിൻ ആരുടെയൊക്കെയോ ബിനാമി ആണെന്നും മലയാള സിനിമ പിടിച്ചടക്കാനുള്ള ശ്രമം ആണെന്നും കൊള്ളപ്പലിശക്കാരുടെ ഏജന്റ് ആണെന്നുമൊക്കെ സാന്ദ്ര വിമർശിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയുമായി ലിസ്‌റ്റിൻ തന്നെ രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ ലിസ്‌റ്റിൻ സ്‌റ്റീഫനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ജോസ് തോമസ്. സാന്ദ്ര തോമസിനെ പേരെടുത്ത് പറയാതെ രൂക്ഷമായ ഭാഷയിലാണ് ജോസ് തോമസ് വിമർശിച്ചിരിക്കുന്നത്. അവർക്ക് ലിസ്‌റ്റിൻ സ്‌റ്റീഫനോട് അസൂയ ആണെന്നും ലിസ്‌റ്റിൻ ചെറു പ്രായത്തിലേ സിനിമയിൽ വിജയിച്ച ആളാണെന്നും ജോസ് തോമസ് പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജോസ് തോമസിന്റെ വാക്കുകൾ
സാന്ദ്ര എന്ന വാക്കിന് അർത്ഥം സമർത്ഥമായ, മർദ്ദവമുള്ള, കൊഴുത്ത, കട്ടിയുള്ള എന്നിങ്ങനെയാണ്. കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനലിൽ നിന്ന് എന്നെ വിളിക്കുകയാണ്. ആ നടൻ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചാണ് വിളിച്ചത്, എനിക്കറിയില്ലെന്നും ആരാണെന്ന് അന്വേഷിച്ചു പറയാമെന്നും ഞാൻ പറഞ്ഞു. അപ്പോഴാണ് ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമ്മാതാവിന്റെ വിവാദം പുറത്തുവരുന്നത്.
എല്ലാവരും അനുമാനിച്ച് എടുത്തു, ലിസ്‌റ്റിൻ സ്‌റ്റീഫൻ പേര് പറഞ്ഞിട്ടില്ല അത് നിവിൻ പോളി ആണെന്ന്. നിവിൻ പോളിയെ നായകൻ ആക്കി ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്ന നിർമ്മാതാവ് ഒരു സിനിമ ചെയ്‌തു കൊണ്ട് ഇരികുന്നുണ്ട്. ആ സിനിമയുടെ നിർമ്മാണം നിർത്തിവച്ചിരിക്കുന്നു. അപ്പോൾ നിവിൻ പോളി ആ നടനെന്ന് ആളുകൾ പറയുന്നു.
നിവിൻ പോളി ആണെന്ന് ഞാൻ പറഞ്ഞിട്ടില്ലെന്ന് പല ചാനലുകളിൽ ആണയിട്ട് അദ്ദേഹം പറയുന്നു. ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്ന നിർമ്മാതാവ് മലയാള സിനിമയിൽ വളരെ ചെറുപ്പകാരനായ നിർമ്മാതാവാണ്. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തുടക്കം കുറിക്കുന്നത്. ഉഴവൂർകാരൻ ആണ്, വളരെ ചെറുപ്പത്തിലേ 22ഓ 24ഓ വയസുള്ളപ്പോൾ സിനിമ എടുക്കാൻ വന്ന ചെറുപ്പക്കാരനാണ്.
പിന്നീട് ഒട്ടനവധി സിനിമകൾ കേരളത്തിൽ ഒരുപാട് സ്ഥലങ്ങളിൽ, പത്തോ ഇരുപതോ തിയേറ്ററുകൾ ലീസിന് എടുത്ത് ബിസിനസ് നടത്തുന്ന ചെറുപ്പക്കാരൻ ആണ്. വളരെ പെട്ടെന്ന് തന്നെ ഡിസ്ട്രിബ്യുട്ടെഴ്‌സ് അസോസിയേഷൻ പ്രസിഡന്റായി, പ്രൊഡ്യൂസ്‌ഴ്‌സ് അസോസിയേഷൻ ട്രഷറർ ആയി. അതിനിടയിലാണ് ഇങ്ങനെയൊരു വിവാദം ഉണ്ടാവുന്നത്.
കഴിഞ്ഞ ദിവസം ദിലീപ് അഭിനയിക്കുന്ന, ലിസ്‌റ്റിൻ നിർമ്മിക്കുന്ന പ്രിൻസ് എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു ഒരു നടൻ മലയാള സിനിമയിൽ ഒരു മോശം പ്രവണതയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അയാൾ സൂക്ഷിച്ചാൽ കൊള്ളാം. പലരും ചോദിച്ചു ആളാരാണെന്ന്, പക്ഷേ അദ്ദേഹം അത് പറഞ്ഞില്ല.
എന്റെ ഈ വാക്കുകൾ കേൾക്കുന്ന ആ നടന് മനസിലാവും അല്ലെങ്കിൽ എന്റെ കൂടെ ഉണ്ടായിരുന്ന ക്രൂവിന് മനസിലാവും. ആ നടൻ മനസിലാക്കിയാൽ മതി. അദ്ദേഹം തെറ്റ് തിരിച്ചറിഞ്ഞ് ജീവിക്കണം, അത്രയേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. അല്ലാതെ അദ്ദേഹത്തെ പൊതുമധ്യത്തിൽ അപമാനിക്കാൻ ഞാൻ ആലോചിട്ടില്ല എന്നാണ് ലിസ്‌റ്റിൻ പറഞ്ഞത്.
പിന്നെ നമ്മുടെ ചാനലുകാർ നിലയ്ക്ക് നിക്കുമോ? എല്ലാവരും ഓടിയടുത്തു. നിവിൻ പോളിയല്ലേ എന്ന് ചോദിക്കുന്നു. നിവിൻ പോളി ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം മറുപടി നൽകുന്നു, മറ്റ് പലരും പല അഭിപ്രായങ്ങളും പറയുന്നു. അതിന് ഞാൻ മറുപടി നൽകേണ്ട കാര്യമില്ല. എന്നാൽ ഇതിനിടയിൽ ഒരു വനിതാ നിർമ്മാതാവ് സടകുടഞ്ഞ് എഴുന്നേറ്റു. അങ്ങനെയാണ് പല വിഷയങ്ങളും ഉണ്ടാവുമ്പോൾ പലരും സടകുടഞ്ഞ് എഴുന്നേൽക്കാറുണ്ട്.
ലിസ്‌റ്റിൻ സ്‌റ്റീഫൻ മലയാള സിനിമയുടെ നേതൃനിര ഒന്നാകെ പിടിച്ചെടുക്കാനുള്ള ശ്രമമാണ്. വട്ടിപലിശയ്ക്ക് പണം മേടിച്ച് ഇവിടെ കൊണ്ട് വന്ന് മറ്റ് നിർമ്മാതാക്കൾക്ക് കൊടുക്കുന്നു. അങ്ങനെ വഴിവിട്ട ബിസിനസുകൾ ചെയ്യുന്നു. സ്വന്തം കൈപ്പിടിയിൽ മലയാള സിനിമയെ ഒതുക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. നടൻമാരെ അപമാനിക്കുകയല്ലേ എന്നൊക്കെ ചോദിക്കുന്നു. ഞാൻ ആ വനിതാ നിർമ്മാതാവിന്റെ പേര് പറയുന്നില്ല.
ഒട്ടനവധി വനിതാ നിർമ്മാതാക്കളുണ്ട് സിനിമയിൽ. ലിസ്‌റ്റിൻ ഇതിന് മറുപടിയുമായി രംഗത്ത് വന്നു. ആ വനിതാ നിർമ്മാതാവ് എന്നിൽ നിന്ന് പണം മേടിച്ചിട്ടുണ്ട്. ഇതെന്റെ തൊഴിലാണ്, ഞാൻ ഇരുട്ടത്തല്ല ഇത് ചെയ്യുന്നത്. നല്ല വെളിച്ചത്തിൽ തന്നെയാണ് ഞാനിത് ചെയ്യുന്നത്. ആ ചെറുപ്പക്കാരന്റെ മറുപടി എനിക്ക് വല്ലാതെ ഇഷ്‌ടമായി. ഒരു ഭയവുമില്ലാതെ, സത്യസന്ധമായ വാക്കുകളിൽ സത്യസന്ധമായ മറുപടി.
ഒരു ആലങ്കാരിതയും ഇല്ലാതെ പച്ചമനുഷ്യൻ സംസാരിക്കുന്നത് പോലെ പറയുകയാണ്. ഞാൻ ചിലപ്പോൾ മദിരാശിയിൽ നിന്ന് പണം കടമെടുക്കും. ഞാൻ ചിലപ്പോൾ പലിശയ്ക്ക് കൊടുക്കും. അതെന്റെ ഇഷ്‌ടമാണ്. ആ ഇഷ്‌ടം ചെയ്യുമ്പോൾ ആർക്കാണ് ചോദിയ്ക്കാൻ അധികാരം. ലിസ്‌റ്റിൻ സ്‌റ്റീഫൻ പറയുന്നു ഈ വനിതാ നിർമ്മാതാവ് എന്ത് പ്രശ്‌നം ഉണ്ടെങ്കിലും ഇറങ്ങി പുറപ്പെടും. കാരണം വനിതകൾക്ക് ഇക്കാലത്ത് നിയമ പരിരക്ഷയുണ്ടല്ലോ.
തിരിച്ചൊന്നും പറയാത്തത് കൊണ്ട് ആർക്കെതിരെയും ഇവർ പരാതി പറയും. തിരിച്ചു പറഞ്ഞാൽ കേസ് കൊടുക്കും, അവരെ കോടതി കയറ്റും. അവർക്ക് ആരെയും വെല്ലുവിളിക്കാം. ഇവർ പറഞ്ഞത് വച്ച് ലിസ്‌റ്റിൻ സ്‌റ്റീഫന് ഇവർക്കെതിരെ പരാതി കൊടുക്കാം. എന്നാൽ അയാൾക്ക് വേറെ പണിയുണ്ട്. അല്ലാതെ ഏതെങ്കിലും കുറയ്ക്കുന്ന നായ്ക്കൾക്ക് എതിരെ കേസ് കൊടുക്കാൻ സമയമില്ല.
ഞാനിവിടെ ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാൻ വേണ്ടിയുള്ള ഒരു പ്രഹസനം. അല്ലെങ്കിൽ ലിസ്‌റ്റിൻ സ്‌റ്റീഫന്റെ പ്രസ്‌താവനയ്ക്ക് എതിരെ എന്തിന് ഈ നിർമ്മാതാവ് രംഗത്ത് വരണം. അവർക്ക് ഇതുമായി ഒരു ബന്ധവുമില്ലല്ലോ. ലിസ്‌റ്റിൻ സ്‌റ്റീഫൻ ഒറ്റയ്ക്ക് നിന്നാണ് അയാൾ സംഘടനയുടെ തലപ്പത്ത് എത്തിയത്. എതിർക്കുന്നവരുടെ മാനസിക നില എന്തെന്ന് പരിശോധിക്കണം.
ലിസ്‌റ്റിൻ സ്‌റ്റീഫന് പരാജയ സിനിമകൾ ഉണ്ടാവാം. എന്നാൽ രണ്ട് സംഘടനകളുടെ തലപ്പത്ത് നിൽക്കുന്ന ആളാണ്. ഒരുപാട് തിയേറ്ററുകൾ, സ്‌റ്റുഡിയോകൾ, സ്വാഭാവികമായും ഒരു അസൂയ ഉണ്ടാവും. ഇത്ര ചെറുപ്പത്തിലേ ഇത്രയധികം പണമുണ്ടാക്കിയ ഒരു മനുഷ്യനോടുള്ള അസൂയ, അല്ലെങ്കിൽ കുശുമ്പ്. അതല്ലേ ലിസ്‌റ്റിൻ സ്‌റ്റീഫനെതിരെ തിരിയാനുള്ള കാരണം? സ്വാഭാവികമായി ഒരു മനുഷ്യന് ഉണ്ടാവുന്ന അസൂയയും കുശുമ്പും ആണത്.












Click it and Unblock the Notifications