'ആരാണ് ആ നടന്‍, രഹസ്യമായി പറഞ്ഞാലും മതി..'' വിന്‍സിയുടെ വെളിപ്പെടുത്തലില്‍ നടപടി ഉറപ്പെന്ന് 'അമ്മ'
കൊച്ചി: സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് മോശം അനുഭവമുണ്ടായി എന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസിന് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ അമ്മ. വിന്‍സി പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കും എന്ന് നടനും 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റി ഭാരവാഹിയായ ജയന്‍ ചേര്‍ത്തല വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അമ്മയുടെ അഡ്ഹോക് കമ്മിറ്റി യോഗം ചേര്‍ന്ന് വിന്‍സി ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് നടനില്‍ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് വിന്‍സി പേര് വെളിപ്പെടുത്തിയിട്ടില്ല എന്ന് ജയന്‍ ചേര്‍ത്തല ചൂണ്ടിക്കാട്ടി. സ്വകാര്യമായിട്ടാണെങ്കിലും ആരാണ് ആ നടന്‍ എന്ന് വ്യക്തമാക്കിയാല്‍ തീര്‍ച്ചയായും അതിനെതിരെ നടപടിയെടുക്കും എന്നും അഡ്‌ഹോക്ക് കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച് ഐകകണ്ഠേന തീരുമാനം എടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

'ഇത്തരം മോശം പ്രവണതകള്‍ക്കൊപ്പം നില്‍ക്കാന്‍ സംഘടനയ്ക്കാവില്ല. പേര് പരസ്യമാക്കാന്‍ ആ കുട്ടിക്ക് ചിലപ്പോള്‍ മടി കാണും. രഹസ്യമായി ഞങ്ങളെ അറിയിച്ചാല്‍ മതി. പേര് തന്നാല്‍ ശിക്ഷാ നടപടികളുമായി തന്നെ മുന്നോട്ടുപോവും', ജയന്‍ ചേര്‍ത്തല വ്യക്തമാക്കി. പരാതി തരണമെന്ന് വിന്‍സിയോട് നേരിട്ട് അഭ്യര്‍ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസത്തിന് ശേഷം തീര്‍ച്ചയായും വിന്‍സി പരാതി തരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വിന്‍സിയുടെ ഒരു ചിത്രം ഇപ്പോള്‍ റിലീസാവാന്‍ പോവുകയാണ്. അതിനെ ഈ പരാതിയോ വെളിപ്പെടുത്തലുകളോ ബാധിക്കരുത് എന്നുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ പരാതി തരാത്തത്,' ജയന്‍ ചേര്‍ത്തല വ്യക്തമാക്കി. അതേസമയം വിന്‍സി സംഘടനയില്‍ അംഗമല്ല എന്നും അതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു അമ്മ നേരത്തെ അറിയിച്ചിരുന്നത്.
രേഖാമൂലം വിന്‍സി പരാതി നല്‍കിയിട്ടില്ലെന്ന് ഫെഫ്കയും പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു. എന്നാല്‍ വിന്‍സി നിയമനടപടിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്ന് മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്യൂസിസി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഒന്നിച്ച് അഭിനയിച്ച നടനില്‍ നിന്ന് മോശം അനുഭവമുണ്ടായി എന്ന് വിന്‍സി വെളിപ്പെടുത്തിയത്.
ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറി എന്നും സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുന്നതു കണ്ടത് കൊണ്ട് മാത്രമാണ് ആ സെറ്റില്‍ തുടര്‍ന്നത എന്നുമായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍. വിന്‍സി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച വീഡിയോയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു...
'കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ലഹരി വിരുദ്ധ ക്യാംപെയ്നുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു കാര്യം പറയുകയും ചെയ്തിരുന്നു. എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി താനിനി സിനിമ ചെയ്യില്ല എന്നായിരുന്നു അത്. ആ പറഞ്ഞത് വെച്ചുളള പോസ്റ്റുകള്‍ പലരും ഷെയര്‍ ചെയ്തതിന്റെ കമന്റ് സെക്ഷന്‍ വായിച്ചപ്പോള്‍ തോന്നി കുറച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട് എന്ന്.
ആളുകള്‍ പല പല കാര്യങ്ങളാണ് പറയുന്നത്. എന്തുകൊണ്ട് താന്‍ അങ്ങനെ പറഞ്ഞു എന്ന് വ്യക്തമാക്കിയാല്‍ പിന്നെ ആളുകള്‍ക്ക് പല കഥകള്‍ പറയേണ്ടതില്ലല്ലോ. താനൊരു സിനിമയുടെ ഭാഗമായപ്പോള്‍ അതിലെ ഒരു പ്രധാന താരത്തില്‍ നിന്നും ഉണ്ടായ അനുഭവം ആണ് ഇങ്ങനെ പറയാന്‍ കാരണം. അദ്ദേഹം ലഹരി ഉപയോഗിച്ച് മോശമായ രീതിയില്‍, പറഞ്ഞാലും മനസിലാവാത്ത രീതിയില്‍ ആണ് പെരുമാറിയത്.
ഉദാഹരണത്തിന് തന്റെ ഡ്രസ്സിന് ഒരു കുഴപ്പം വന്ന് അത് മാറാന്‍ പോകുമ്പോള്‍, ഞാനും കൂടി വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കി തരാം എന്നൊക്കെ എല്ലാവരുടേയും മുന്നില്‍ വെച്ച് പറയുന്ന രീതിയില്‍ ഉളള പെരുമാറ്റമൊക്കെ ആയിരുന്നു അയാളുടേത്. സഹകരിച്ച് മുന്നോട്ട് പോകാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഒരു സീന്‍ റിഹേഴ്സല്‍ ചെയ്യുന്നതിനിടയില്‍ അദ്ദേഹം ഒരു വെളുത്ത പൊടി മേശയിലേക്ക് തുപ്പി.
സിനിമാ സെറ്റുകളില്‍ ഡ്രഗ്സ് ഉപയോഗിക്കുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്. വ്യക്തിജീവിതത്തില്‍ ഇത് ഉപയോഗിക്കുക, ഉപയോഗിക്കാതിരിക്കുക എന്നതൊക്കെ മറ്റൊരു വശമാണ്. സിനിമാ സെറ്റില്‍ ഇത് ഉപയോഗിച്ച് മറ്റുളളവര്‍ക്ക് ശല്യമാകുമ്പോള്‍ അങ്ങനെയുള്ള അവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. എനിക്ക് അങ്ങനെ ജോലി ചെയ്യാന്‍, അത്രയും ബോധം ഇല്ലാത്ത ഒരാളുടെ കൂടെ ജോലി ചെയ്യണം എന്നും താല്‍പര്യമില്ല.
എനിക്ക് ഇത്തരം ബുദ്ധിമുട്ട് ഉണ്ടായത് സെറ്റില്‍ എല്ലാവരും അറിഞ്ഞിരുന്നു. സംവിധായകന്‍ പോയി സംസാരിച്ചെങ്കിലും അവര്‍ക്ക് എങ്ങനെയെങ്കിലും അദ്ദേഹത്തെ വെച്ച് ആ സിനിമ തീര്‍ക്കണം എന്നുളള നിസഹായാവസ്ഥ കൂടി ഞാന്‍ കണ്ടു. എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നിയ സാഹചര്യങ്ങളില്‍ അവരൊക്കെ പ്ലീസ് എന്ന് പറഞ്ഞ് തന്നെ കംഫര്‍ട്ടബിള്‍ ആക്കിയത് കൊണ്ട് മാത്രമാണ് അതില്‍ മുന്നോട്ട് പോയത്. വളരെ കുറച്ച് ദിവസങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. അത് എങ്ങനെയൊക്കെയോ കടിച്ച് പിടിച്ച് തീര്‍ത്തു,' എന്നായിരുന്നു വിന്‍സി പറഞ്ഞിരുന്നത്.












Click it and Unblock the Notifications