'മോഹൻലാൽ ഇമോഷണലായി നടന്നുവരുന്നത് കണ്ടപ്പോൾ കരഞ്ഞുപോയി, അദ്ദേഹം അന്ന് പറഞ്ഞത്...'; അളഗപ്പൻ
മലയാള സിനിമയിലെ അറിയപ്പെടുന്ന ചായഗ്രാഹകനാണ് അളഗപ്പൻ. സ്വതസിദ്ധമായ ശൈലിയിലൂടെ നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം തന്റെ മികവ് തെളിയിച്ചത്. വളരെ മികച്ച ഫ്രയിമുകളിലൂടെ, എണ്ണം പറഞ്ഞ ഷോട്ടുകളിലൂടെ അദ്ദേഹം ഒട്ടേറെ ചിത്രങ്ങൾ മികവുറ്റതാക്കിയിരുന്നു. സമ്മാനം എന്ന ചിത്രത്തിലൂടെയാണ് അളഗപ്പൻ സ്വതന്ത്ര്യ ക്യാമറാമാൻ ആയത്. പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
നിരവധി അവാർഡുകളും ഇക്കാലയളവിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു. നന്ദനം, സൂത്രാധാരൻ, തിളക്കം, മിഴി രണ്ടിലും, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും, ഗൗരിശങ്കരം, മനസ്സിനക്കരെ, വാർ & ലൗ, കാഴ്‌ച, അച്ചുവിന്റെ അമ്മ എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. അതിൽ കൂടുതലും വൻ ഹിറ്റുകളായിരുന്നു.

ദുൽഖർ സൽമാൻ നായകനായി അദ്ദേഹം സംവിധാനം ചെയ്‌ത പട്ടം പോലെ എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിന് ഒപ്പം ഒട്ടേറെ സിനിമകളിൽ അഭിനയിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. രസതന്ത്രം, ഛോട്ടാ മുംബൈ, ചന്ദ്രോത്സവം, ചൈനാ ടൗൺ, ഒരു മരുഭൂമിക്കഥ, ഡ്രാമ എന്നീ ചിത്രങ്ങളായിരുന്നു ഇവ.
അതുകൊണ്ട് തന്നെ മോഹൻലാലുമായി ഒട്ടേറെ അനുഭവങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത രസതന്ത്രത്തിൽ അഭിനയിക്കവേ ഉണ്ടായ വൈകാരികമായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ അളഗപ്പൻ. കൂടാതെ ചന്ദ്രോത്സവത്തിലെ ഷൂട്ടിംഗ് സമയത്ത് നടന്ന സംഭവങ്ങളും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അളഗപ്പന്റെ വാക്കുകൾ
എന്നെ അതിശയിപ്പിച്ച നടൻ ലാൽ സാർ തന്നെയാണ്. അദ്ദേഹം എന്ത് ചെയ്യുമെന്ന് നമുക്ക് നേരത്തെ പറയാൻ കഴിയില്ല. ഒരു സെക്കന്റ് കൊണ്ട് അദ്ദേഹം എന്തെങ്കിലും ഒക്കെ ചെയ്‌തു കളയും. അതുപോലെ തന്നെയാണ് ജഗതി ചേട്ടനും. ചില ഹ്യൂമർ സിറ്റുവേഷനുകൾ പോലും ഒരു മിനിറ്റ് കൊണ്ട് അദ്ദേഹം ചിലതൊക്കെ പുതുതായി കൊണ്ട് വരും. നന്ദനം പോലെയുള്ള സിനിമകളിൽ ഞാൻ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്‌തതാണ്.
ചിലപ്പോൾ ഞാൻ സംവിധായകരോട് അഭ്യർത്ഥിക്കാറുണ്ട്, പെട്ടെന്ന് കട്ട് പറയരുതെന്ന്. എന്താണെന്ന് വച്ചാൽ കട്ട് പെട്ടെന്ന് പറഞ്ഞാൽ ചിലപ്പോൾ ഫിനിഷിംഗ് സമയത്തെ അവരുടെ പെർഫോമൻസ് എക്‌സ്ട്രാ ഓർഡിനറി ആയിട്ട് മാറാറുണ്ട്. അങ്ങനെ ചന്ദ്രോത്സവം വർക്ക് ചെയ്യുമ്പോൾ ലാൽ സാർ എന്റെ എടുത്ത് വന്ന് കട്ട് പറഞ്ഞാലും കട്ട് ചെയ്യേണ്ട എന്ന് പറഞ്ഞിരുന്നു. എന്റെ ചെവിയിൽ വന്ന് പറയുകയായിരുന്നു.
ഞങ്ങൾ തമ്മിൽ കമ്മ്യൂണിക്കേഷൻ ഉണ്ടാവാറുണ്ട്. പുള്ളി കണ്ണ് കൊണ്ട് തന്നെ നമ്മളോട് കമ്മ്യൂണിക്കേറ്റ് ചെയ്‌തു കളയും. ഒരു ഷോട്ട് എടുക്കും മുൻപ് കണ്ണ് കൊണ്ട് ക്യാമറമാനുമായി നല്ലവണ്ണം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം. അത് നമുക്ക് മനസിലാവും, എന്തോ അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ടെന്ന് നമുക്കറിയാൻ കഴിയും. കൈകൊണ്ട് ചില ആംഗ്യങ്ങൾ ഒക്കെ കാണിക്കും.
അപ്പോൾ എനിക്ക് മനസിലായി കട്ട് പറഞ്ഞ ശേഷം ഫിനിഷിംഗിൽ എന്തോ ചെയ്യാൻ പോവുന്നുവെന്ന്. ഛോട്ടാ മുംബൈയിലെ പല ഷോട്ടുകളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. എനിക്ക് മനസ്സിലായിരുന്നു പുള്ളി എന്തോ ചെയ്യാൻ പോവുന്നുണ്ടെന്ന്. റിഹേഴ്‌സൽ സമയത്ത് പുള്ളി അത് ചെയ്യുന്നുണ്ടാവില്ല. അതിൽ നിന്നൊരു ഹൈ പിച്ചായിരിക്കും നമ്മുടെ ഷോട്ട് ഉണ്ടാവുക.
റിഹേഴ്‌സലിന് ഒരു 20 മാർക്ക് കൊടുക്കാമെങ്കിൽ ഇതിനൊരു 100 മാർക്ക് കൊടുക്കാം. എല്ലാ ഷോട്ടിലും അങ്ങനെ സംഭവിക്കാറുണ്ട്. ഞാൻ അങ്ങനെ റെഡി ആയിരുന്നു. കമ്പോസ് ചെയ്‌തതിലും അധികം അടി അവിടെ ഉണ്ടാവുമെന്ന് എനിക്ക് മനസ്സിലായിരുന്നു. ചെളിയിൽ വച്ചായിരുന്നു ആ ഷോട്ട്. ഞാൻ ക്യാമറ പാൻ ചെയ്യാൻ നോക്കിയപ്പോൾ എനിക്ക് പറ്റിയില്ല. എന്റെ സഹായിയുടെ മേൽ തട്ടി അവിടെ നിന്നു. പെട്ടെന്ന് കട്ട് ചെയ്യരുത് എന്ന് മാത്രമേ ഞാൻ പറഞ്ഞിരുന്നുള്ളൂ.
അവിടെ ഫിനിഷിംഗ് ചെളിയിൽ അടിച്ചിട്ട് വീണ ശേഷം ലാൽ സാർ എന്നോട് വന്നു പറഞ്ഞു കിട്ടിയില്ല അല്ലേ. ഞാൻ ലാൽ സാർ അറിയില്ലന്നാണ് വിചാരിച്ചത്. പാനിംഗ് ചെയ്‌തത് പുള്ളിക്ക് മനസ്സിലായിരുന്നു. ഞാൻ സോറി പറഞ്ഞു, എന്റെ മിസ്‌റ്റേക്ക് ആണെന്ന് പറഞ്ഞു. അപ്പോൾ പുള്ളി എന്റെ ചെവിയിൽ വന്നുപറഞ്ഞു, നിങ്ങളുടെ മിസ്‌റ്റേക്ക് അല്ല ഞാൻ ശ്രദ്ധിച്ചു.
ലാൽ സാർ തന്നെ പറഞ്ഞു ഇങ്ങോട് വൺ മോർ എടുക്കാമെന്ന്. രഞ്ജിത് ചോദിച്ചപ്പോൾ എനിക്ക് വേണ്ടിയാണ് ലാൽ സാർ അത് പറഞ്ഞത്. പിന്നെ ഷോട്ട് എടുത്തപ്പോൾ പഴയത് പോലെ അത്ര നന്നായി കിട്ടിയിരുന്നില്ല. ആദ്യത്തേത് വളരെ മികച്ചതായിരുന്നു. സിനിമയിൽ ഇപ്പോൾ ഉള്ളതും നല്ലത് തന്നെയായിരുന്നു, പക്ഷേ ആദ്യം ചെയ്‌തത് കൂടുതൽ നല്ലതായിരുന്നു.
അത് കഴിഞ്ഞപ്പോൾ എന്റെ തോളത്ത് വന്നുപിടിച്ചു പറഞ്ഞു, ഇറ്റ്സ് ഓക്കേ അതൊക്കെ സംഭവിക്കുമെന്ന്. ഡ്രാമയിൽ ഒക്കെ വർക്ക് ചെയ്യുമ്പോൾ നമുക്ക് പറ്റാത്ത സീനുകൾ ഒക്കെ ഉണ്ടെങ്കിൽ പുള്ളി നമുക്ക് വേണ്ടി കോംപ്രമൈസ് ചെയ്യും. എനിക്ക് തോന്നുന്നത് ഇത് എന്റെ മാത്രം കാര്യമായിരിക്കില്ല, ഒട്ടുമിക്ക എല്ലാ സിനിമാട്ടോഗ്രാഫർമാർക്കും അദ്ദേഹത്തിൽ നിന്ന് ഇതേ അനുഭവം തന്നെയായിരിക്കും.
ഒരുപാട് സീനുകൾ ലാൽ സാറിന്റെ അഭിനയം കണ്ടു നോക്കി നിന്നിട്ടുണ്ട്. അതിലൊന്നാണ് രസതന്ത്രത്തിലേത്. അതിൽ കൂടുതലും മലയും പുഴയുമാണ് ബാക്ക്ഗ്രൗണ്ട്. ഇതിൽ ഗോപി ചേട്ടൻ മരിച്ച ശേഷം പുള്ളിയുടെ ചിതാഭസ്‌മം കർമ്മം ചെയ്യുന്ന ഒരു സീനുണ്ട്. അങ്ങനെ ഞാൻ സത്യൻ അന്തിക്കാട് ചേട്ടനോട് പറഞ്ഞു, നമ്മൾ എല്ലാം കാണിക്കുന്നത് പുഴയും മലയുമാണ്.
ഇതിൽ കടൽ ആയാലോ എന്ന്. അപ്പോൾ എല്ലാം കൂടി ഷിഫ്റ്റ് ചെയ്‌തു പോവണ്ടേ എന്നാണ് അദ്ദേഹം ചോദിച്ചത്. ഞങ്ങൾ തൊടുപുഴയായിരുന്നു. തിരുവനന്തപുരത്തോ അല്ലെങ്കിൽ കൊച്ചിയിലോ വർക്കലയിലോ ഒക്കെ പോവണ്ടേ എന്നാണ് ചോദിച്ചത്. അപ്പോൾ ഞാൻ പറഞ്ഞു ഡബ്ബിംഗ് വരുമ്പോൾ ചെയ്യാൻ പറ്റുമോ ഒറ്റ ഷോട്ടല്ലേ ഉള്ളൂവെന്ന്. ശരി അങ്ങനെ ചെയ്യാമെന്ന് സമ്മതിച്ചു.
എന്റെ മനസ്സിൽ എന്താണെന്ന് വച്ചാൽ കടൽ ആവുമ്പോൾ തിരകൾ ഉണ്ടാവുമല്ലോ. പുള്ളി ചിതാഭസ്‌മം ഒഴുക്കി നടന്നുവരുമ്പോൾ പിന്നിൽ തിര ബാക്ക്ഗ്രൗണ്ട് ആയി വരണം എന്നായിരുന്നു എന്റെ മനസ്സിൽ. അങ്ങനെയൊരു കോൺസെപ്റ്റ് ഞാൻ എന്റെ മനസ്സിൽ ഉണ്ടാക്കി വച്ചിരുന്നു. ശംഖുമുഖത്തിൽ പോയി സ്ഥലമൊക്കെ കണ്ടു. ആറ് മണിക്ക് ഷൂട്ട് ചെയ്യണം നല്ല തിര ഉണ്ടാവും ആ സമയത്ത് എന്ന് തീരുമാനിച്ചു.
ഞങ്ങൾ അഞ്ച് മണി മുതൽ ക്യാമറയൊക്കെ സെറ്റ് ചെയ്‌തു കാത്തിരിപ്പ് തുടങ്ങി. അങ്ങനെ വെയ്റ്റ് ചെയ്‌തു വെയ്റ്റ് ചെയ്‌തു ഏഴ് മണി ആയിട്ടും തിര വരുന്നില്ല. അങ്ങനെ സത്യൻ ചേട്ടൻ ചോദിച്ചു ഇനി കാത്തിരിക്കണോ സൺലൈറ്റ് വന്നാൽ ഷൂട്ട് നടക്കില്ലെന്ന്. അങ്ങനെ മനസില്ലാ മനസോടെയാണ് ഞാൻ സമ്മതിക്കുന്നത്.
ഭയങ്കര അപ്സെറ്റ് ആയിരുന്നു ഞാൻ. മണലിൽ ലെൻസ് വച്ചു, ലാൽ സാർ ചിതാഭസ്‌മം ഒഴുക്കി നടന്നുവരികയാണ്. ഞാൻ ക്യാമറയിലേക്ക് നോക്കി പ്രാർത്ഥിച്ചോണ്ട് ഇരിക്കുകയാണ് തിര വരണേയെന്ന്. അപ്പോഴാണ് ബാക്കിൽ തിര വരുന്നത്.
അപ്പോൾ ഞാൻ ശരിക്കും കടന്നുപോയി. ഒപ്പം ലാൽ സാർ അവിടെ നിന്ന് ഇമോഷണലായി നടന്നുവരിക കൂടി ചെയ്‌തപ്പോൾ ഞാൻ കരയുകയായിരുന്നു. തൊട്ടടുത്ത് വന്നു നിന്നിട്ട് എന്നോട് ചോദിച്ചു കിട്ടിയില്ലേ പിന്നെന്ത് പറ്റി? പുള്ളിക്ക് മനസിലായി ഞാൻ കരഞ്ഞുവെന്ന്.












Click it and Unblock the Notifications