കാമറൂണിന് ഭാവനയുണ്ട്, സിദ്ധിയും, ട്രഞ്ചിന് നിഗൂഢതയും! രണ്ടും ഒത്തുചേരുന്ന സിനിമ കാത്ത് ആരാധകർ
ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റിനെ ഒളിപ്പിക്കാൻ പോന്ന ആഴം. ബഹിരാകാശത്തെ ശൂന്യതയിലും ആഴത്തിലും പല തവണ കരണംകുത്തി മറിഞ്ഞിട്ടുള്ള മനുഷ്യന് ഇനിയും കാലു കുത്താനാകാത്ത ഇടം. അവിടെ എന്താകും? എന്തൊക്കെയുണ്ടാകും നിശബ്ദതയുടെ ആഴങ്ങൾക്ക് പറയാൻ? ഭാവനയും ശാസ്ത്രവും ചേർന്നുള്ളൊരുത്തരം പറയാൻ പോന്ന ഒരാളിലാണ് പ്രതീക്ഷ.
ജെയിംസ് ഫ്രാൻസിസ് കാമറൂൺ എന്ന സംവിധായകനിൽ. കാരണങ്ങൾ പലതാണ്. ഒന്ന്, മരിയാന ട്രഞ്ചിന്റെ ആഴങ്ങളിലേക്ക് കാമറൂൺ ഇറങ്ങിച്ചെന്നിട്ടുണ്ട്. രണ്ട്, സമുദ്രങ്ങളോടും സമുദ്രാന്തർഭാഗങ്ങളോടും കാമറൂണിനുള്ള സവിശേഷ താത്പര്യം. മൂന്ന്, ശാസ്ത്രവും ഭാവനയും സിനിമാസൗന്ദര്യവുമെല്ലാം ചേർത്ത് വെക്കാനുള്ള സവിശേഷ സിദ്ധി. അപ്പോൾ പിന്നെ മറ്റൊരു ദൃശ്യവിസ്മയം പ്രതീക്ഷിക്കുന്നതിൽ എന്താണ് തെറ്റ്?

മരിയാന ട്രഞ്ചിന്റെ ആഴങ്ങളിലേക്ക് പന്ത്രണ്ട് കൊല്ലം മുമ്പൊരു മാർച്ച് മാസമാണ് കാമറൂൺ ഇറങ്ങിച്ചെന്നത്. അമേരിക്കൻ നാവികസേനയുടെ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായിട്ടാണ് കാമറൂണിന് ആ അവസരം കിട്ടിയത്. ഡീപ് സെ ചലഞ്ചർ എന്ന സവിശേഷ പേടകത്തിൽ. ആഴക്കയമെന്ന പേര് പലവട്ടം ആവർത്തിച്ചാൽ മാത്രം അന്വർത്ഥമാകും വിധം ആഴമേറിയ സമുദ്രക്കിടങ്ങിൽ ചെലവിട്ടത് മൂന്ന് മണിക്കൂർ. വെറുതെ കണ്ണും മിഴിച്ച് ഇരുന്നില്ല , സാമ്പിളുകൾ എടുത്തു, ചിത്രങ്ങൾ പകർത്തി.
ഒരിക്കൽ മാത്രം കിട്ടുന്ന ഭാഗ്യാവസരം പരമാവധി പ്രയോജനപ്പെടുത്തിയിട്ടാണ് കാമറൂൺ സമുദ്രോപരിതലത്തിലേക്കും വെയിലിലേക്കും തിരിച്ചെത്തിയത്. ഇതും ഭൂമിയിലോ എന്ന് സംശയവുമായിട്ടായിരുന്നു ആ മടങ്ങിവരവ്. സ്വാഭാവികമായും ആ ചോദ്യവും ആ അനുഭവവും ആ കാഴ്ചയും കാമറൂൺ എന്ന ശാസ്ത്രകുതുകിയുടെ ഭാവനാസിദ്ധിയെ ഉണർത്തുകയും വളർത്തുകയും ചെയ്തിട്ടുണ്ട് എന്നുറപ്പ്. അപ്പോൾ പിന്നെ അത് തിരശ്ശീലയിൽ പ്രതിഫലിക്കാതിരിക്കുമോ...ഇതാണ് കാമറൂൺ സിനിമകളുടെ ആരാധകരുടെ യുക്തി.
അവതാർ മൂന്നാംഭാഗം എത്തുന്നത് അടുത്ത കൊല്ലം ഡിസംബറിലാണ്. നാലാംഭാഗം 2029ലും. രണ്ട് കൊല്ലം മുമ്പ് എത്തിയ രണ്ടാംഭാഗം അവതാർ ദ വേ ഓഫ് വാട്ടർ ചിത്രീകരിക്കാൻ കാമറൂൺ കണ്ട സമുദ്രക്കാഴ്ചകളുടെ ദൃശ്യഭംഗി ഉപകരിച്ചിട്ടുണ്ടാകും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകർ വിലയിരുത്തുന്നത്.
2009ൽ പാൻഡോറയുടെ വന്യഭംഗി സമ്മാനിച്ചതിന് ശേഷം 2022ൽ രണ്ടാംഭാഗത്തിന് സമുദ്രഭംഗി പകരാൻ തീരുമാനിച്ചതിനും വെള്ളത്തിനടിയിൽ ലൈവ് പെർഫോമൻസ് കാപ്ചർ സാങ്കേതിക വിദ്യ പരീക്ഷിക്കാനും കാരണം മറ്റൊന്നാകാൻ വഴിയില്ലെന്ന് തന്നെ അവർ വിചാരിക്കുന്നു. കാരണം 2012 ലാണല്ലോ കാമറൂൺ ട്രഞ്ച് കണ്ടത്.
ഹോളിവുഡിൽ എന്നും എക്കാലത്തും പ്രേക്ഷകപ്രീതി ഉറപ്പിക്കാവുന്ന സയൻസ് ഫിക്ഷൻ ചിത്രങ്ങളുടെ അമരക്കാരനായിരുന്നു കാമറൂൺ. വാണിജ്യവിജയവത്തിന്റെയും പുരസ്കാരനേട്ടങ്ങളുടെയെല്ലാം നേട്ടപ്പട്ടികയിൽ എപ്പോഴും മുൻനിരയിലുള്ള സംവിധായകൻ. ടൈറ്റാനിക്കിനും അവതാർ പരമ്പരക്കും മുമ്പേ ദ ടെർമിനേറ്ററും ഏലിയൻസും അബിസും പോലെയുള്ള ഭാവനാസമ്പുഷ്ടമായ സിനിമകൾ തന്ന സംവിധായകൻ.
കപ്പൽചേതങ്ങളുടെ കഥകളോട് പ്രത്യേക താത്പര്യമുള്ള കടലിനോട് പ്രത്യേക അഭിനിവേശമുള്ള കാമറൂൺ സിനിമകളോളം പേരുള്ള പുരസ്കാരങ്ങൾ നേടിയ ഡോക്യുമെന്ററികളും എടുത്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിപ്പോയ ജർമൻ യുദ്ധക്കപ്പൽ
ബിസ്മാർക്കിലേക്ക് ലോകത്തിന്റെ കണ്ണുകളെത്തിച്ചത് കാമറൂണാണ്. അത്‍ലാന്റിക്കിലേയും പസഫിക്കിലേയും സമുദ്രാന്തർ ഭാഗത്തെ പർവതനിരകളെ കുറിച്ചും അവിടെ കാണപ്പെടുന്ന അപൂർവയിനം ജീവജാലങ്ങളെ കുറിച്ചുമുള്ള ശാസ്ത്രഗവേഷണത്തിന് ദൃശ്യരൂപം നൽകി ലോകത്തെ അറിയിച്ചതും കാമറൂൺ. അങ്ങനെ തിരകളോടും തിരകൾക്കടയിലെ ലോകത്തോടും പ്രത്യേക താത്പര്യമുള്ള കാമറൂൺ, ട്രഞ്ച് പോലെ നിഗൂഢമായ ഒരിടം കണ്ടിട്ട് വന്ന് വെറുതെ ഇരിക്കുമോ ?
അന്നത്തെ കാഴ്ചകളുടെ സ്റ്റാമ്പ് പതിഞ്ഞിട്ടുള്ള അവതാർ ദ വേ ഓഫ് വാട്ടർ വന്നത് പത്ത് കൊല്ലം കഴിഞ്ഞിട്ടാണ്. അപ്പോൾ പിന്നെ അന്ന് മനസ്സിൽ പതിഞ്ഞിട്ടുള്ള ഓർമകളുടെ നേർപ്രതിഫലനം തിരശ്ശീലയിലെത്താൻ ഇനിയും കുറച്ച് കാത്തിരിക്കേണ്ടി വരുമെന്ന് സിനിമാപ്രേമികൾ സ്വയം ആശ്വസിക്കുന്നു.
നോക്കാം, അത്ഭുതങ്ങൾ പെട്ടെന്നാണ് വരിക. പ്രതീക്ഷിക്കാതെയിരിക്കുമ്പോൾ എത്തുന്ന പ്രഖ്യാപനങ്ങൾക്ക് സൗന്ദര്യം കൂടും. കാത്തിരിപ്പിന്റെ ആഴം കൂടുമ്പോഴാണ് ട്രഞ്ചിന്റെ ആഴക്കാഴ്ചകളുടെ വിസ്മയത്തിന് ചാരുത കൂടുക. ഇനിയും പന്ത്രണ്ട് കൊല്ലം കാത്തിരിക്കാനും കാമറൂൺ ആരാധകർ തയ്യാർ
വാൽക്കഷ്ണം
എന്താണ് മരിയാന ട്രഞ്ച്
ശാന്തസമുദ്രത്തിൽ മരിയാന ദ്വീപുകളിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ കിഴക്ക് മാറികാണുന്ന കിടങ്ങ് (പേരിന് കടപ്പാട് ഈ ദ്വീപുകൾക്ക് തന്നെ). സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഇടം. ഏതാണ്ട് 2550 കിലോമീറ്റർ നീളവും 69 കിലോമീറ്റർ വീതിയുമുള്ള കിടങ്ങ്. ലോകത്തെ ഏറ്റവും ആഴമേറിയ ഇടമായ ചലഞ്ചർ ഡീപ്പ് മരിയാന കിടങ്ങിന്റെ ഭാഗം. ഏകദേശം 35875 അടിയാണ് ആഴം. കൃത്യമായി അളന്ന് തിട്ടപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. 35,771 മുതൽ 36,118 അടിവരെ ചലഞ്ചർ ഡീപ്പിന് ആഴമുണ്ടാകുമെന്നാണ് പല പല പഠനങ്ങൾ പറയുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. ഭൂമിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റിനെ കിടങ്ങിലിട്ടാൽ മുങ്ങിപ്പോകും. അതിൽ രണ്ടഭിപ്രായമില്ല.
1875ലാണ് ഇത്രയും ആഴമേറിയ കിടങ്ങുണ്ടെന്ന കാര്യം കണ്ടെത്തിയത്. ആദ്യമായി കിടങ്ങിലേക്കിറങ്ങിയത് 1960ൽ, അമേരിക്കൻ നാവികസേയിലെ ലെഫ്റ്റനന്റ് ഡോൺ വാൽഷും സ്വിറ്റ്സർലൻഡിൽ നിന്നുള്ള ഗവേഷകനായ ജാക്വസ് പികാർഡും . പിന്നീടിതുവരെ ആളുകളുള്ളതും ഇല്ലാത്തതുമായി മുപ്പതോളം പഠനദൗത്യങ്ങൾ. സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പിന്നെ ലോകമെമ്പാടുമുള്ള സമുദ്രങ്ങളുടെ ശ്വാസം മുട്ടിക്കുന്ന രാസ,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അവശിഷ്ടങ്ങളും.












Click it and Unblock the Notifications