കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃദ്ധജനതയുടെ വിലാപങ്ങള്‍....

  • By Staff
Google Oneindia Malayalam News

60 വയസിന് മേല്‍ പ്രായമുള്ളവര്‍ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാനമാണുള്ളത്. ദേശീയ തലത്തില്‍ ഇത് ഏഴ് ശതമാനമാണെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസിലെ ഡോ. ഇറുദയരാജന്‍ പറയുന്നു. 2001 ജനസംഖ്യാ കണക്കെടുപ്പ് പുറത്തുവരുമ്പോള്‍ ഇത് കൂടാനാണ് സാധ്യത. പത്തനംതിട്ട ജില്ലയിലെ 100 പേരില്‍ 14 പേര്‍ 60 വയസ് കഴിഞ്ഞവരാണ്.

2001 ജനസംഖ്യാ കണക്കെടുപ്പില്‍ ആറ് വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം പുറത്തുവന്നിട്ടുണ്ട്. ഇത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 12 ശതമാനം മാത്രമേയുള്ളു.

എന്നാല്‍ കേരളത്തില്‍ പോപ്പുലേഷന്‍ ഏജിംഗ് നടന്നത് വെറും 15 വര്‍ഷം കൊണ്ടാണ്. മികച്ച ആരോഗ്യപരിചരണത്തിലൂടെ ആയുര്‍ദൈര്‍ഘ്യം കൂടിയതാണ് ഇതിന്റെ ഒരു കാരണം. ജനസംഖ്യാ വളര്‍ച്ച നിലയ്ക്കുന്ന സീറോ പോപ്പുലേഷന്‍ ഗ്രോത്തിലേക്ക് കേരളം വളരുമ്പോള്‍ വൃദ്ധജനങ്ങളുടെ പരിചരണം വളരെയധികം ശ്രദ്ധ പതിയേണ്ട കാര്യമാകും- വൃദ്ധജനങ്ങളുടെ സംരക്ഷണത്തില്‍ പ്രത്യേക പഠനവും പ്രവര്‍ത്തനങ്ങളും നടത്തുന്ന ഡോ. ജ്യോതിദേവ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എല്ലാ തിങ്കളാഴ്ചയും ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ജീറിയാട്രിക്ക് ക്ലിനിക്ക് നടത്തുന്നുണ്ട്.

വാര്‍ധക്യകാലത്ത് നേരിടുന്ന ഏകാന്തത പലപ്പോഴും വിഷാദരോഗത്തിലേക്ക് വൃദ്ധരെ നയിക്കാറുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി വിഭാഗം അസിസ്റന്റ് പ്രൊഫസര്‍ ഡോ. തോമസ് മാത്യു പറയുന്നു. ഇക്കാരണം കൊണ്ട് തന്നെ വൃദ്ധജനങ്ങളുടെ ആത്മഹത്യ വര്‍ധിക്കുന്നതായും തോമസ് മാത്യു ചൂണ്ടിക്കാട്ടി.

വര്‍ഷങ്ങളോളം ഇണയോടൊത്ത് സുഖവും ദുഖവും പങ്കിട്ട് കഴിഞ്ഞവര്‍ക്ക് പലപ്പോഴും പങ്കാളിയുടെ വേര്‍പാട് സഹിക്കാനാവില്ല. തിരുവനന്തപുരത്ത് ഈയിടെ ഒരു വൃദ്ധ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരിലെ മാളയ്ക്ക് സമീപം വൃദ്ധദമ്പതികള്‍ ആത്മഹത്യ ചെയ്തു. ഒറ്റയ്ക്കുള്ള ജീവിതവും ഇടയ്ക്കിടെ ഉണ്ടാകുന്ന അസുഖങ്ങളുമായിരുന്നു കാരണം. മക്കളുണ്ടെങ്കിലും ഇവര്‍ രണ്ട് പേരും മാത്രമായിരുന്നു ഒരു വീട്ടില്‍ താമസിച്ചിരുന്നത്.

അടുത്ത ബന്ധുക്കളുടെ വിയോഗവും ഒറ്റപ്പെടലും അനാരോഗ്യവും സാമ്പത്തിക ബുദ്ധിമുട്ടും വൃദ്ധരുടെ ആത്മഹത്യയ്ക്കും വിഷാദരോഗത്തിനും കാരണമാകുന്നുണ്ടെന്ന് തോമസ് മാത്യു പറയുന്നു.

ജോലി തേടി നാട് വിടുമ്പോള്‍ വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം പല മക്കള്‍ക്കും ഒരു പ്രശ്നമാകുന്നു. ഇവിടെയാണ് വൃദ്ധസദനങ്ങള്‍ ഒരു അനുഗ്രഹമായത്. എന്നാല്‍ ഇപ്പോള്‍ കൂണുപോലെ മുളച്ചുപൊന്തുന്ന വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ യാതൊരു സംവിധാനവുമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യയൊഴിച്ച് എല്ലാ രാജ്യങ്ങളിലും വൃദ്ധസദനങ്ങള്‍ നഴ്സിംഗ് ഹോമുകള്‍ എന്നാണ് അറിയപ്പെടുന്നത്. അവിടെ ഭക്ഷണവും താമസവും മാത്രമല്ല, കൗണ്‍സലിംഗ് പോലുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. നഴ്സിംഗ് ഹോമുകള്‍ ഒരു നിയമത്തിന്റെ ചട്ടക്കൂടിലാണ് പ്രവര്‍ത്തിക്കുന്നതും. ഇവിടെ വ്യക്തമായ ഒരു നിയമം പോലുമില്ല. വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു നയരൂപീകരണം അത്യാവശ്യമാണ് - ഡോ. ജ്യോതിദേവ് പറഞ്ഞു.

കൂട്ടുകുടുംബ വ്യവസ്ഥിതി തകര്‍ന്നതും കുടുംബത്തിലെ സ്ത്രീകള്‍ അന്യനാടുകളില്‍ ജോലിക്ക് പോയിത്തുടങ്ങിയതുമാണ് വൃദ്ധജനങ്ങളുടെ പരിചരണം ഒരു നീറുന്ന പ്രശ്നമാക്കി മാറ്റിയത്. വൃദ്ധസദനങ്ങളിലെ വൃദ്ധര്‍ മാത്രമല്ല ജീവിച്ചുവളര്‍ന്ന ചുറ്റുപാടുകളില്‍ നിന്നും പറിച്ചുനടപ്പെടുന്ന വൃദ്ധരും വിഷാദരോഗത്തിന്റെയും നഷ്ടബോധത്തിന്റെയും അടിമകളാവുന്നു. കാവും തൊടികളുമുള്ള വിശാലമായ ഒരു ലോകത്ത് നിന്നും മകന്റെയോ മകളുടെയോ സൗകര്യാര്‍ത്ഥം നഗരത്തിലെ മുറ്റം പോലുമില്ലാത്ത ഫ്ലാറ്റിന്റെ നാല് ചുവരുകള്‍ക്കുള്ളിലേക്ക് ഒതുങ്ങുന്നവരുടെ വ്യഥ പറഞ്ഞറിയിക്കാനാവില്ല.

ലോകാരോഗ്യ സംഘടന ഒക്ടോബര്‍ ഒന്ന് വൃദ്ധദിനമായി ആചരിക്കുമ്പോള്‍ കേരളത്തിലെ വൃദ്ധജനങ്ങളുടെ പരിചരണം കൂടുതല്‍ ഗൗരവത്തോടെ കാണണമെന്ന് വിദഗ്ധര്‍ പറയുന്നു. 2020 ആകുമ്പോഴേക്കും കേരളത്തിലെ വൃദ്ധരുടെ ജനസംഖ്യ 20 ശതമാനം വരെയാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X