കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെക്കോര്‍ഡുകള്‍ പിറക്കുന്ന ബാറ്റുമായി സചിന്‍..2

  • By Staff
Google Oneindia Malayalam News

റണ്‍സ് നേടാനുളള അടങ്ങാത്ത ആഗ്രഹമാണ് സചിനെ തന്റെ സഹകളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ക്രീസില്‍ നില്‍ക്കാനുളള ക്ഷമയും, ഏതു പന്ത് അടിക്കണം, ഏത് അടിക്കേണ്ട എന്നു തിരിച്ചറിയാനുളള വകതിരിവും. ഗാംഗൂലിയും സചിനും വ്യത്യസ്തരാകുന്നത് ഇവിടെയാണ്. (നല്ല ബാറ്റിംഗ് ട്രാക്കില്‍ ആവേശം കയറി വിക്കറ്റ് ദാനം ചെയ്യുകയാണ് ഈ കളിയിലും ഗാംഗൂലി ചെയ്തത്).

ഏകദിനത്തിന്റെ ആവേശത്തില്‍ നിന്നും പൂര്‍ണമായും മോചിതനായ സചിനെയാണ് ടെസ്റില്‍ കാണാനാവുക. ഏകദിനങ്ങളില്‍ പൊട്ടിത്തെറിക്കാറുളള സചിന്‍, ടെസ്റില്‍ ക്ഷമയുടെ ആള്‍രൂപമാകുന്നു. പിച്ചിന്റെ സ്വഭാവത്തോട് പൊരുത്തപ്പെട്ട്, ബൗളറുടെ പരിമിതികള്‍ മുതലെടുത്ത് പതിയെ പതിയെ ചൂടുപിടിക്കുന്ന ഇന്നിംഗ്സുകളാണ് സചിന്റേത്. ഒരു സമാന്തര ശ്രേണി പോലെ ക്രമാനുഗതമായാണ് സചിന്‍ ഇന്നിംഗ്സ് ഉഗ്രരൂപം പ്രാപിക്കുന്നത്.

ഏറ്റവും കൂടുതല്‍ ടെസ്റ് സെഞ്ച്വറികളെന്ന സുനില്‍ ഗവാസ്ക്കറുടെ റിക്കാര്‍ഡിനൊപ്പമെത്താന്‍ ഇനി വെറും അഞ്ച് നൂറുകള്‍ മാത്രം. 125 ടെസ്റില്‍ നിന്നും 34 സെഞ്ചറികളാണ് സണ്ണി അടിച്ചു കൂട്ടിയത്. കളിക്കളത്തില്‍ ഇനിയും ഒരുപാട് വസന്തങ്ങള്‍ ശേഷിക്കുന്ന സചിന് ഇതൊരു ലക്ഷ്യമേയല്ല. ഇപ്പോള്‍ തന്നെ ടെസ്റിലും ഏകദിനത്തിലുമായി ഏറ്റവുമധികം സെഞ്ച്വറികളെന്ന ബഹുമതി സചിനാണ്. ഏകദിനത്തില്‍ 31 ഉം ടെസ്റില്‍ 29 ഉം തവണ സചിന്‍ നൂറു കടന്നിട്ടുണ്ട്.

ക്രിക്കറ്റിനായി എന്തും സമര്‍പ്പിക്കാന്‍ തയ്യാറാകുന്ന മുംബെ രക്തമാണ് സചിന്റെ സിരകളില്‍. സ്ക്കൂളില്‍ പഠിക്കുമ്പോഴേ കളിക്കൂട്ടുകാരന്‍ വിനോദ് കാംബ്ലിയുമൊത്ത് റെക്കോര്‍ഡ് വേട്ട തുടങ്ങി. പ്രശസ്തിയായപ്പോള്‍ പ്രതിഭയോട് നീതി പുലര്‍ത്താന്‍ കഴിയാതെ പോയ കാംബ്ലി ഇടയ്ക്കു വിടപറഞ്ഞപ്പോള്‍ പിന്നെ ഒറ്റയ്ക്കായി റണ്‍ വേട്ട.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ച്വറിയും, ഏകദിനത്തില്‍ 10,000 റണ്‍ കടക്കുന്ന ആദ്യ ക്രിക്കറ്റര്‍, ഏറ്റവും കൂടുതല്‍ തവണ കളിയിലെ കേമനുളള പുരസ്ക്കാരം, പറയാന്‍ തുടങ്ങിയാല്‍ റെക്കോര്‍ഡുകളുടെ പെരുമഴ പെയ്യും. പക്ഷേ, സമ്പത്തും അംഗീകാരവും പ്രശസ്തിയും ആവോളവും അതിനപ്പുറവും ഉണ്ടായിട്ടും സചിന്‍ വിനയാന്വിതനാണ്.

അതു കൊണ്ടാണ് വെറും 52 ഇന്നിംഗ്സുകളില്‍ നിന്നും 29 സെഞ്ചറി നേടിയ ബ്രാഡ്മാന്‍ തനിക്കും എത്രയോ ഉയരെയാണെന്ന് തുറന്നു പറയാന്‍ സചിന് കഴിയുന്നത്. കളിക്കളത്തിനും പുറത്തും വിവാദങ്ങളോട് വിടപറഞ്ഞ് പൂര്‍ണമായും കളിയില്‍ കേന്ദ്രീകരിക്കുന്ന സചിന്‍. നൂറു ശതമാനം മാന്യനായ കളിക്കാരനെന്ന് പരിചയപ്പെട്ടവരെല്ലാം നിറഞ്ഞ ഹൃദയത്തോടെയാണ് കൊച്ചു ചാമ്പ്യന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ഇനിയും കീഴടക്കാന്‍ ഉയരങ്ങള്‍ ഒരുപാടുണ്ട് സചിന്. കോടികളില്‍ ഒരാള്‍ക്കു മാത്രം ലഭിക്കുന്ന പ്രതിഭയുടെ വരദാനം വേണ്ടുവോളം കിട്ടിയിട്ടുളള സചിന് ഉയരങ്ങള്‍ ഒരു പ്രശ്നമേയല്ല. സചിന്‍ ബാറ്റേന്തുമ്പോള്‍ റെക്കോര്‍ഡുകളുടെ ഫീല്‍ഡില്‍ പഴുതുകള്‍ സ്വയം സൃഷ്ടിക്കപ്പെടും. കണ്ണഞ്ചിപ്പിക്കുന്ന സ്ക്വയര്‍കട്ടുകളും സ്ട്രെയ്റ്റ് ഡ്രൈവുകളും കൊണ്ട് ആ പഴുതുകളിലൂടെ മാസ്റര്‍ ബ്ലാസ്റര്‍ നേട്ടങ്ങളുടെ റണ്‍മഴ പെയ്യിക്കും. ജീവശ്വാസത്തേക്കാള്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്ന കായികപ്രേമികളുടെ മനസില്‍ അങ്ങനെ സചിന്‍ ഒരു ധ്രുവതാരമായി തിളങ്ങും.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X