• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വാജ്പേയിയ്ക്കെതിരെ അന്താരാഷ്ട്ര ഗൂഡാലോചന?

  • By Staff

വാജ്പേയിയ്ക്കെതിരെ അന്താരാഷ്ട്ര ഗൂഡാലോചന?

കളളുകുടിയന്‍, വൃക്ക രോഗി, മറവിക്കാരന്‍, പൊതുവേദികളില്‍ ഉറക്കം തൂങ്ങുന്നവന്‍, ആര്‍ത്തിക്കാരന്‍....അപഹാസ്യമായി നീളുന്ന ഈ വിശേഷണങ്ങള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയെക്കുറിച്ചാണ്. പ്രസിദ്ധപ്പെടുത്തിയത് ലോകത്തിലെ ഏറ്റവും മികച്ച മാസിക എന്ന ഖ്യാതിയുളള ടൈം മാഗസിന്‍.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രത്തലവനെയാണ് സഭ്യതയുടെയും സമാന്യമരാദയുടെയും സകല പരിധികളും ലംഘിച്ച് ഒരു അന്താരാഷ്ട്ര മാസിക അപമാനിക്കുന്നത്. പ്രതിഷേധത്തിന്റെ തീക്കനലുകളുമായി ബിജെപി രാജ്യവ്യാപകമായി ഇറങ്ങിക്കഴിഞ്ഞു. തെരുവുകളില്‍ ടൈം മാഗസിന്റെ കോപ്പികളെ അി വിഴുങ്ങുന്നു.

ഔദ്യോഗികമായിത്തന്നെ ഇന്ത്യ ലേഖനത്തിനെതിരെ പ്രതികരിച്ചു. വിദ്വേഷ ജനകവും അസത്യങ്ങളുടെ കുമ്പാരങ്ങളുമാണ് ലേഖനത്തിലെന്ന് ആഭ്യന്തര മന്ത്രി എല്‍. കെ. അദ്വാനി പ്രതികരിച്ചു.

പക്ഷപാതപരവും അടിസ്ഥാന രഹിതവുമായി ലേഖനം എന്നാണ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചത്. മാഗസിന്‍ എഡിറ്റര്‍ക്ക് ശക്തമായ വിയോജനക്കുറിപ്പ് അയച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് നിരുപമാ റാവു പറഞ്ഞു.

ടൈം മാഗസിന്റെ ഏറ്റവും പുതിയ ഏഷ്യാ പതിപ്പിലാണ് ഇന്ത്യയ്ക്ക് മുഴുവന്‍ അപമാനകരമായ കവര്‍ സ്റോറി വന്നത്. ചക്രത്തിനു മുന്നിലിരുന്ന് ഉറങ്ങുന്നുവോ? എന്ന ശീര്‍ഷത്തിലാണ് ലേഖനം. സകലവിധ കുഴപ്പങ്ങളും കൈയിലുളള വാജ്പേയിയെ ആണവ ശേഷിയുളള ഒരു രാജ്യത്തിന്റെ തലപ്പത്ത് എങ്ങനെ ഇരുത്താനാകുമെന്നാണ് മാസിക ചോദിക്കുന്നത്.

മാഗസിന്റെ ദില്ലി ലേഖകനായ അലക്സ് പെറി എഴുതിയതാണ് ലേഖനം. വാജ്പേയിയുടെ സ്വകാര്യ ജീവിതത്തെ പ്പോലും ലേഖനം ഒരു മാന്യതയുമില്ലാതെ കടന്നാക്രമിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിന് ശരീരികവും മാനസികവുമായി അനുയോജ്യനല്ലെന്നാണ് മാസികയുടെ കണ്ടുപിടിത്തം.

ചെറുപ്പത്തില്‍ തന്നെ നന്നായി മദ്യപിക്കുന്ന ശീലം വാജ്പേയിയ്ക്കുണ്ടായിരുന്നു. വാര്‍ദ്ധ്യക്യത്തിലെത്തിയിട്ടും ഇപ്പോഴും വൈകുന്നേരങ്ങളില്‍ പ്രധാനമന്ത്രി അടിച്ചു പൂസാകും. വിസ്കിയാണ് ഏറ്റവും ഇഷ്ടം. വാതം പിടിച്ച കാലുകളുടെ വേദനയകറ്റാന്‍ വേദന സംഹാരികള്‍ എപ്പോഴും കരുതിയിരിക്കും.മൂത്രസഞ്ചി, കരള്‍ എന്നിവ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. ആകെ അവശേഷിയ്ക്കുന്ന വൃക്കയും തകരാറിലാണ്. ഇതൊക്കെയാണ് ടൈം വാജ്പേയിയില്‍ ആരോപിക്കുന്ന അയോഗ്യതകള്‍.

കൊഴുപ്പുളള പൊരിച്ച ആഹാരത്തോട് വല്ലാത്ത ആര്‍ത്തിയാണത്രേ അദ്ദേഹത്തിന്. കൊളസ്ട്രോള്‍ വല്ലാതെ ഉയര്‍ത്തുന്നതാണ് വാജ്പേയിയുടെ ഭക്ഷണപ്രേമം. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതു പോലെ ഉച്ച കഴിഞ്ഞ് മൂന്നു മണിക്കൂര്‍ ഉറങ്ങിയില്ലെങ്കില്‍ എല്ലാം കുഴപ്പത്തിലാകും. ആരോപണങ്ങളുടെ കരിമ്പട്ടിക ഇങ്ങനെ നീളുന്നു.

ഇടയ്ക്കിടയ്ക്ക് ഉറ്റ സഹപ്രവര്‍ത്തകരുടെ പേരു പോലും മറന്നു പോകുന്ന മനോരോഗി കൂടിയായി വാജ്പേയിയെ ടൈം ചിത്രീകരിക്കുന്നു. വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗിന്റെ പേര് ഇടയ്ക്ക് മറന്നു പോയത് മാസിക ഉദാഹരിക്കുന്നു.

പൊതുയോഗങ്ങളില്‍ ഉറക്കം തൂങ്ങുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യയ്ക്കുളളത് എന്നാണ് മാസികയുടെ പരിഹാസം. ഇടയ്ക്കിടയ്ക്ക് അകാരണമായ മൗനം, അര്‍ത്ഥമില്ലാത്ത ജല്പനങ്ങള്‍ എന്നിവയൊക്കെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സവിശേഷതകളായി മാസിക എടുത്തു കാട്ടുന്നു.

കഴിഞ്ഞ മാസം ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ അധികരിച്ചാണ് ഈ ആരോപണം. ഇടറിക്കൊണ്ടിരിക്കുന്നതിനാല്‍ അരയ്ക്കു കീഴോട്ട് പ്രദര്‍ശിപ്പിക്കരുതെന്ന് ടിവി ചാനലുകളെ വിലക്കേണ്ടി വന്ന കാര്യം മാസിക ചൂണ്ടിക്കാട്ടുന്നു. പാതി മരിച്ച അവസ്ഥയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ടതെന്ന് കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ഒരു വിദേശകാര്യ മന്ത്രി സൂചിപ്പിച്ചതും ഉദ്ധരണിയായി ചേര്‍ത്തിട്ടുണ്ട്.

കടുത്ത യുദ്ധക്കൊതിയിലാണ് വാജ്പേയിയെന്ന് ടൈം ആരോപിക്കുന്നു. തന്റെ പ്രധാനമന്ത്രി പദത്തിന് ഇളക്കം തട്ടുമെന്ന് പേടിച്ചാണത്രേ കൂടെക്കൂടെ യുദ്ധഭീഷണി മുഴക്കുന്നത്.

വാജ്പേയിയുടെ ഓരോ ശരീരഭാഗങ്ങള്‍ അടയാളപ്പെടുത്തി ആ ഭാഗത്തിനുളള കുഴപ്പങ്ങളും സൂചിപ്പിക്കുന്ന രേഖാചിത്രവും ലേഖനത്തിനൊപ്പമുണ്ട്. അവശനിലയിലായ ഒരു പ്രധാനമന്ത്രി ഉളളടത്തോളം കാലം പാകിസ്താനുമായുളള യുദ്ധ സാദ്ധ്യത വര്‍ദ്ധിക്കുകയാണെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. അപകടം സംഭവിക്കുന്നതിനു മുമ്പ് വേണ്ടത് ചെയ്യണമെന്ന ഉപദേശത്തോടെ ലേഖകന്റെ പൂച്ച പുറത്തു ചാടുകയും ചെയ്യുന്നു.

മോണിക്കാ ലെവിന്‍സ്കിയടക്കം പലരുമായും നേരമ്പോക്കിലേര്‍പ്പെട്ട ബില്‍ ക്ലിന്റണ്‍ ഇന്ത്യയിലെത്തിയപ്പോള്‍ സര്‍വ മര്യാദയും നല്‍കി സ്വീകരിച്ചതിന് പ്രതിഫലമാണോ ഈ അപമാനിക്കലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ അധിപനെ ഇത്തരത്തില്‍ അധിക്ഷേപിച്ചതിനു പിന്നിലെ ലക്ഷ്യങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ല.

വാജ്പേയിയെ ഉടനടി മാറ്റണമെന്ന ലേഖനത്തിന്റെ രത്നച്ചുരുക്കം ബിജെപിയിലെ പടലപ്പിണക്കത്തിന്റെ പ്രതിഫലനമാണോ എന്നും നിരീക്ഷകര്‍ സംശയിക്കുന്നു. ഒരു അന്താരാഷ്ട്ര മാസികയില്‍ അച്ചടി മഷി പുരണ്ട ഈ വിഷ ലേഖനത്തിന്റെ ഉളളറകളറിയാല്‍ കാത്തിരിക്കുകയാണ് രാജ്യവും ജനങ്ങളും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more