കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുമായി വെള്ളാപ്പള്ളിയുടെ യുദ്ധം...2

  • By Staff
Google Oneindia Malayalam News

ഇതോടെ കേരളമാകെ സിപിഎം-എസ്എന്‍ഡിപി സംഘര്‍ഷം തെരുവിലേക്ക് നീങ്ങുമെന്ന് കരുതുന്നു. എസ്എന്‍ഡിപി യോഗത്തിന് ശക്തികുറഞ്ഞ മലബാര്‍ മേഖലയില്‍ കൂടുതല്‍ വേരുറപ്പിക്കാനുള്ള യോഗം നേതാവ് വെള്ളാപ്പള്ളിയുടെ തന്ത്രം സിപിഎമ്മിന് ഭീഷണിയായിരിക്കുകയാണ്. മലബാര്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൊന്ന് ആണെന്നതാണ് സി പി എമ്മിനെ വിറളി പിടിപ്പിയ്ക്കുന്നത്. സിപിഎമ്മില്‍ നിന്ന് ഈഴവന്‍മാരെ ചോര്‍ത്തിയെടുക്കാനുള്ള വെള്ളാപ്പള്ളിയുടെ തന്ത്രങ്ങളെ വിമര്‍ശിച്ചും വിമര്‍ശനം പോരെങ്കില്‍ അടിച്ചമര്‍ത്തിയും നിര്‍വീര്യമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

CPM marchഈയിടെ മലബാര്‍ മേഖലയില്‍ ശമ്പളം നല്കി വെള്ളാപ്പള്ളി കുറെ വളണ്ടിയര്‍മാരെ നിയോഗിച്ചിരുന്നു. ഈഴവന്‍മാരായ സിപിഎംകാരെ എസ്എന്‍ഡിപിയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ വളണ്ടിയര്‍മാരെ വെള്ളാപ്പള്ളി ഏല്പിച്ചിരുന്ന ദൗത്യം. വെള്ളാപ്പള്ളിയുടെ വളണ്ടിയര്‍മാര്‍ ഉശിരോടെ പ്രവര്‍ത്തിച്ച് ചില ഈഴവ സിപിഎമ്മുകാരെ എസ്എന്‍ഡിപിയിലേക്ക് കൊണ്ടുവന്നത് സിപിഎം നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.

മലബാര്‍ മേഖലയില്‍ എസ്എന്‍ഡിപി യോഗത്തിന്റെ പുതിയ യൂണിറ്റുകള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളെ സിപിഎം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ്. 2002 ഒക്ടോബര്‍ 11ന് സിപിഎം വിരുദ്ധ ധര്‍ണ്ണയോടെ സിപിഎം-യോഗം ഏറ്റുമുട്ടല്‍ തെക്കന്‍ജില്ലകളിലേക്കും വ്യാപിച്ചേക്കും. ഈ ധര്‍ണ്ണയ്ക്കെതിരെ സിപിഎം ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ധര്‍ണ്ണയില്‍ പങ്കെടുക്കരുതെന്ന് ഈഴവന്‍മാരായ സിപിഎം അംഗങ്ങള്‍ക്ക് പാര്‍ട്ടി താക്കീത് നല്കിയിട്ടുണ്ട്. യോഗം പ്രവര്‍ത്തകര്‍ക്കെതിരെ ആത്മനിയന്ത്രണം പാലിച്ച് ശക്തമായി പ്രതികരിക്കാനും സിപിഎം സെക്രട്ടേറിയറ്റ് പാര്‍ട്ടിപ്രവര്‍ത്തകരെ ആഹ്വാനം ചെയ്തിട്ടുണ്ട്.

സിപിഎമ്മുമായി തുറന്ന ഏറ്റുമുട്ടലാണ് വെള്ളാപ്പള്ളി നടേശന്‍ ആഗ്രഹിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ക്കറിയാം. അത് കൂടുതല്‍ ഈഴവന്‍മാര്‍ പാര്‍ട്ടിയില്‍ നിന്നും ചോര്‍ന്നുപോകാന്‍ കാരണമാകുമെന്നും പാര്‍ട്ടിനേതാക്കള്‍ക്കറിയാം. അതിനാല്‍ വെള്ളപ്പള്ളിയുടെ വെല്ലുവിളികളെ അധികം കയ്യാങ്കളിയിലേക്ക് നീങ്ങാതെ നേരിടുക എന്ന തന്ത്രമാണ് സിപിഎം നേതാക്കള്‍ എടുക്കുന്നത്.

പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിന് സിപിഎം എന്തു ചെയ്തു എന്ന തുറന്ന ചോദ്യങ്ങളുയര്‍ത്തി വെള്ളാപ്പള്ളി പാര്‍ട്ടിയിലെ ഈഴവന്‍മാരെ ചൊടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയസ്വാധീനമുള്ള ക്രിസ്ത്യന്‍ സമുദായത്തിന്റെ താല്പര്യങ്ങളോടാണ് പാര്‍ട്ടിക്ക് കൂടുതല്‍ താല്പര്യമെന്നും വെള്ളാപ്പള്ളി തുറന്നടിക്കുന്നു. സംഘ്പരിവാറിന്റെ രഹസ്യപിന്തുണയും കൂടി ലഭിച്ചതോടെ വെള്ളാപ്പള്ളിയുടെ തന്ത്രങ്ങള്‍ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്.

ഈഴവസമുദായത്തിലുള്ള സിപിഎമ്മിന്റെ മേല്‍ക്കൈ തകര്‍ക്കുക എന്നത് സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആഹ്ലാദമുള്ള കാര്യമാണ്. ഈഴവസമുദായത്തെ കമ്മ്യൂണിസത്തിന്റെ പിടിയില്‍ നിന്ന് പൊതുവെയും സിപിഎമ്മിന്റെ പിടിയില്‍ നിന്ന് പ്രത്യേകിച്ചും അടര്‍ത്തിയെടുക്കാന്‍ സംഘ്പരിവാര്‍ കൊണ്ടുപിടിച്ച് ശ്രമിച്ചുവരികയാണ്.

എസ്എന്‍ഡിപി യോഗത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വെള്ളാപ്പള്ളി ഉയര്‍ന്നുവന്നതോടെ സംഘ്പരിവാറിന് അവരുടെ തന്ത്രങ്ങള്‍ പയറ്റാന്‍ കൈകോര്‍ത്തുപിടിക്കാവുന്ന ഏറ്റവും നല്ല നേതാവായി വെള്ളാപ്പള്ളി മാറി. ഈഴവസമുദായത്തിന്റെ ക്ഷേമത്തിന് സഹായം നല്കാവുന്ന ഒരു വന്‍ മദ്യവ്യവസായ സാമ്രാജ്യവും വെള്ളാപ്പള്ളിയ്ക്കുണ്ട്.

വെള്ളാപ്പള്ളിയുടെ ആര്‍എസ്എസ്-ബിജെപി ബന്ധത്തെക്കുറിച്ച് സിപിഎം കിട്ടുന്ന വേദികളിലെല്ലാം തുറന്നടിക്കുന്നുണ്ട്. ഒക്ടോബര്‍ 11ന്റെ ധര്‍ണ്ണ കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനസര്‍ക്കാരില്‍ നിന്നും വ്യക്തിഗത നേട്ടങ്ങളുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള വെള്ളാപ്പള്ളിയുടെ തന്ത്രമാണെന്നും സിപിഎം ആരോപിച്ചുകഴിഞ്ഞു. പക്ഷെ ഇതുവരെയും ഈഴവസമുദായത്തില്‍ നിന്ന് വെള്ളാപ്പള്ളിയ്ക്കെതിരെ ഒരു തരംഗമുയര്‍ത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ഇതുവരെ ഈഴവസമുദായത്തില്‍ നിന്ന് ഒരു നേതാവും വെള്ളാപ്പള്ളിയ്ക്കെതിരെ സിപിഎമ്മിനെ അനുകൂലിച്ചുകൊണ്ട് ഉയര്‍ന്നുവന്നിട്ടില്ലെന്നതാണ് സത്യം.

ചില വ്യവസ്ഥകള്‍ സിപിഎം അംഗീകരിച്ചാല്‍ ഒക്ടോബര്‍ 11ന്റെ ധര്‍ണ്ണ പിന്‍വലിക്കാമെന്ന് യോഗം പ്രസിഡന്റ് സി.കെ. വിദ്യാസാഗര്‍ പ്രസ്താവിച്ചിട്ടുണ്ട്. വടക്കന്‍ മലബാറില്‍ ഗുരുപ്രതിമയെ അംഗഭംഗം വരുത്തിയതില്‍ സിപിഎം പരസ്യമായി ഖേദം പ്രകടിപ്പിക്കുക, അതിന് കാരണക്കാരായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുക എന്നിവയാണ് വിദ്യാസാഗര്‍ മുന്നോട്ട് വച്ചിട്ടുള്ള ആവശ്യങ്ങള്‍. ഇതിനോട് അനുകൂലമായി സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല. വടക്കന്‍ മലബാറില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

എന്തായാലും വെള്ളാപ്പള്ളിയെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഏറ്റവും കരുത്തുള്ള ശത്രുവുമായുള്ള ഏറ്റുമുട്ടലാണിത്. ഇതില്‍ വിജയിച്ചാല്‍ വെള്ളാപ്പള്ളി കേരളത്തിന്റെ രാഷ്ട്രീയം കയ്യിലെടുക്കാവുന്ന സാമുദായിക നേതാവായി വളരും.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X