കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്റെ വിജയത്തിനപ്പുറം

  • By Super
Google Oneindia Malayalam News

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ സെബാസ്റ്യന്‍പോളിന്റെ വിജയം അല്ലെങ്കില്‍ ഐക്യ ജനാധിപത്യമുന്നണിയുടെ പരാജയം ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ്നേതാവ് കെ. കരുണാകരന്റെ വിജയമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍ പരം വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചുകയറിയ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഇപ്പോള്‍ 22,134 വോട്ടുകള്‍ക്ക് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സെബാസ്റ്യന്‍പോള്‍ ജയിച്ചിരിക്കുന്നു.

എങ്കിലും സെബാസ്റ്യന്‍ പോളിന്റെ വിജയത്തെ കരുണാകരന്റെ വിജയം എന്ന് മാത്രമാക്കി ഒതുക്കിനിര്‍ത്തുന്നത് ശരിയല്ല. ഈ തിരഞ്ഞെടുപ്പ് കേരളത്തിന് ഒരു പാട് പാഠങ്ങള്‍ നല്കുന്നു.

കരുണാകരന്‍-ആന്റണി യുദ്ധത്തിന്റെ ഗോദ ആയാണ് എറണാകുളം തിരഞ്ഞെടുപ്പ് കൂടുതല്‍ ശ്രദ്ധനേടിയത്. കരുണാകരന്റെ തീരുമാനത്തെ വെല്ലുവിളിച്ച് എം.ഒ. ജോണിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ എറണാകുളത്തെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഹൈക്കമാന്റിന്റെ വരെ എതിര്‍പ്പുകളെ വെല്ലുവിളിച്ച് പരസ്യമായി തന്നെ ജോണിനെ തോല്പിക്കാന്‍ കരുണാകരന്‍ ആഹ്വാനം ചെയ്തു. അദ്ദേഹം രഹസ്യമായി അണികളെകണ്ട് സെബാസ്റ്യന്‍ പോളിന് വോട്ട് ചെയ്യാന്‍ നിര്‍ദേശം നല്കുകയും ചെയ്തു.

എന്തൊക്കെയായാലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യില്ല എന്ന ആന്റണിയുടെയും കൂട്ടരുടെയും സ്വപ്നങ്ങള്‍ തകര്‍ന്നു. മാത്രമല്ല, അന്തരിച്ച ജോര്‍ജ്ജ് ഈഡന്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച് കയറിയ മണ്ഡലത്തില്‍ നേരിയ ഒരു ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കാനാകും എന്ന് ആന്റണിയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് ഹൈക്കമാന്റും കണക്കുകൂട്ടി. 67 ശതമാനത്തിലേറെ പോളിംഗ് നടന്നതോടെ അവര്‍ ആ വിശ്വാസം അരക്കിട്ട് ഉറപ്പിച്ചു. 2003 സെപ്തംബര്‍ 24 മുതല്‍ 28 വരെ എറണാകുളത്ത് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങള്‍ നടക്കുമ്പോള്‍ ഉത്കണ്ഠയിലെങ്കിലും എ ഗ്രൂപ്പുകാരും ഉള്ളിലും രഹസ്യമായും വിജയം തങ്ങള്‍ക്കായെന്ന് കരുതി ആഘോഷിയ്ക്കുകയായിരുന്നു. നല്ല തോതില്‍ യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട് എന്ന കാര്യം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം മുഖ്യമന്ത്രി എ.കെ. ആന്റണി തുറന്നുപറഞ്ഞു. അതായത് കരുണാകരന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ വിജയം.

ഇതിനെ ഐ വിഭാഗക്കാര്‍ വളരെ സരസമായാണ് ആക്ഷേപിച്ചത്. കോണ്‍ഗ്രസില്‍ ഐ വിഭാഗത്തിലാണ് പ്രവര്‍ത്തകര്‍. എ വിഭാഗത്തില്‍ നേതാക്കള്‍ മാത്രമേ ഉള്ളു. തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ ഈ ആരോപണം വ്യക്തമായിരുന്നു. എം. ഒ. ജോണിന് വേണ്ടി മണ്ഡലത്തില്‍ പ്രവര്‍ത്തിയ്ക്കാന്‍ ആളെകിട്ടിയില്ല. അതുകൊണ്ട് എ വിഭാഗക്കാര്‍ മറ്റ് ജില്ലകളില്‍ നിന്ന് ആളെ ഇറക്കുകയായിരുന്നു. ഇങ്ങനെ ആണെങ്കില്‍ ഇനി പൊതു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഏത് ജില്ലയില്‍ നിന്ന് ആളെ ഇറക്കുമെന്നും അവര്‍ എ വിഭാഗത്തെ കളിയാക്കി ചോദിയ്ക്കുന്നു.

ഇത് സോണിയാഗാന്ധിയുടെ കണ്ണ് തുറപ്പിയ്ക്കുമെന്ന് കരുതാം. രാജ്യസഭ തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ നിര്‍ത്തിയ വിമതസ്ഥാനാര്‍ത്ഥിയെ തോല്പിച്ചതിന്റെ ആവേശമാണ് ആന്റണിയ്ക്ക് എറണാകുളം തിരഞ്ഞെടുപ്പിലും കരുണാകരനെ വെല്ലുവിളിയ്ക്കാന്‍ പ്രചോദനം നല്കിയത്. പക്ഷേ അത് നേതാക്കന്മാരുടെ വോട്ടും ഇത് ജനങ്ങളുടെ വോട്ടുമാണെന്നതാണ് കാര്യങ്ങള്‍ വ്യത്യസ്ഥമാക്കിയത്. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് ആന്റണിയെ പൂര്‍ണ്ണമായും വിശ്വസിയ്ക്കുകയും ചെയ്തു. പക്ഷെ ഇക്കുറി കരുണാകരനെ കുഴിച്ചുമൂടാം എന്ന ആന്റണിയുടെ മോഹം തകര്‍ന്നു. കരുണാകരനെ പാടെ അവഗണിച്ച് കേരളത്തില്‍ മുന്നോട്ട് പോകാം എന്ന ഹൈക്കമാന്റിന്റെ കണക്കുകൂട്ടലും പിഴച്ചു.

ആന്റണിയുടെ ഈ നിലപാട് വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് വേളയില്‍ ഒരു തവണ അദ്ദേഹം തന്നെ ഇക്കാര്യം തുറന്നടിയ്ക്കുകയും ചെയ്തു. - എറണാകുളം മണ്ഡലത്തില്‍ ഒരു നാടകം നടക്കുകയാണ്. ഈ നാടകം ഇവിടെ വിജയിച്ചാല്‍ ഇത് എല്ലാ മണ്ഡലത്തിലും അരങ്ങേറും. അതുകൊണ്ട് ഈ നാടകം ഇവിടെ വച്ച് തന്നെ അവസാനിപ്പിയ്ക്കണം. - ഇതായിരുന്നു മുഖ്യമന്ത്രി എ. കെ. ആന്റണി എറണാകുളം പ്രസ് ക്ലബില്‍ വച്ച് വാര്‍ത്താ ലേഖകരോട് പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഈ നാടകത്തെക്കുറിച്ച് ഇതുവരെ ആന്റണി പ്രതികരിച്ചിട്ടില്ല. ആള് ആന്റണി ആയതുകൊണ്ട് ഇതിനെക്കുറിച്ച് ഇനി ഒരു പ്രതികരണം ആന്റണിയില്‍ നിന്ന് നാട്ട്കാര്‍ക്ക് പ്രതീക്ഷിയ്ക്കാനുമാവില്ല.

ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ കരുണാകരനെതിരെ ശിക്ഷാനടപടിയെടുക്കണമെന്ന് ആന്റണി പക്ഷം ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടേയ്ക്കാം. പക്ഷെ വരാനിരിയ്ക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കാണുന്ന സോണിയ ഗാന്ധി അതിന് മുതിര്‍ന്നേയ്ക്കില്ല. കാരണം ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ എപ്പോഴും കോണ്‍ഗ്രസിനൊപ്പം ശക്തിദുര്‍ഗ്ഗമായി നില്ക്കുന്ന സംസ്ഥാനമാണ് കേരളം. പ്രധാനമന്ത്രി പദത്തില്‍ നോട്ടമിട്ടിരിക്കുന്ന സോണിയാ ഗാന്ധി ആ അടിത്തറ തകര്‍ക്കാന്‍ മുതിര്‍ന്നേയ്ക്കില്ല. അതായത് ഹൈക്കമാന്റ് കരുണാകരനെതിരെ കര്‍ശനമായ നിലപാടെടുക്കില്ലെന്നര്‍ത്ഥം. മാത്രമല്ല, എറണാകുളം തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ ഹൈക്കമാന്റ് പ്രതിനിധികള്‍ക്ക് ഐ വിഭാഗം നേതാക്കള്‍ നിവേദനം നല്കിയിരുന്നു. ജോണ്‍ ജനപ്രീതിയുള്ള നേതാവല്ലെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ തോറ്റേയ്ക്കുമെന്നും അങ്ങിനെ തോറ്റാല്‍ തങ്ങള്‍ക്കതില്‍ പങ്കില്ലെന്നും ആണ് ഐ വിഭാഗം ഹൈക്കമാന്റിനെ രേഖാമൂലം അറിയിച്ചത്. ഒരു തരം മുന്‍കൂര്‍ ജാമ്യം വാങ്ങല്‍. ഐ വിഭാഗത്തിന് ആ നിവേദനത്തില്‍ പിടിച്ചുതൂങ്ങി ശിക്ഷയില്‍ നിന്ന് തലയൂരാം. പക്ഷേ ഒരു കാര്യം കൂടി കണക്കിലെടുക്കണം. കേരളത്തില്‍ ആര് ജയിച്ചാലും അത് വരുന്ന ലോക്സഭയില്‍ സോണിയയ്ക്ക് അനുകൂലമായ വോട്ടായിരിയ്ക്കും. (സോണിയയുടെ നേതൃത്വത്തെ ഇപ്പോള്‍ സര്‍വാത്മനാ സ്വാഗതം ചെയ്തിരിയ്ക്കുകയാണല്ലോ മാര്‍ക്സിസ്റ് പാര്‍ട്ടി. അതിനാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന സിപിഎം എംപിമാരും കേന്ദ്രത്തില്‍ ചെന്നാല്‍ സോണിയയ്ക്ക് തന്നെയായിരിക്കും വോട്ടുചെയ്യുക) പക്ഷേ കരുണാകര വിഭാഗത്തനെതിരെ അച്ചടക്കനടപടി എടുത്ത് തോല്‍വി ചോദിച്ച് വാങ്ങി കേരളത്തില്‍ കോണ്‍ഗ്രസിന് എങ്ങനെ തുടരാനാവും. അങ്ങനെ ഒരു പരാജയം കൂടി ഉണ്ടായാല്‍ വൃദ്ധനെങ്കിലും കരുണാകരന്‍ നോക്കി ഇരിയ്ക്കുമോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X