കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്‍പ്പോരില്‍ സര്‍ക്കാരിന് കാലിടറുമോ?

  • By Super
Google Oneindia Malayalam News

അടുത്ത അഞ്ച് വര്‍ഷക്കാലവും ഭരണത്തേക്കാളേറെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ശ്രദ്ധിക്കേണ്ടിവരിക സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന്റെ നീക്കങ്ങളെ തുരത്തുന്നതിലാവുമോ?

സിപിഎമ്മിലെ വിഭാഗീയത എല്‍ഡിഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തുടക്കത്തിലേ ബാധിച്ചതോടെ ഈ സര്‍ക്കാരിന്റെ തുടക്കം മന്ദഗതിയിലായി. സമരനായകന്റെ പ്രതിഛായയുമായി മുഖ്യമന്ത്രി പദത്തിലെത്തിയ അച്യുതാനന്ദന് ജനങ്ങളുടെ പ്രതീക്ഷകള്‍ എത്രത്തോളം നിറവേറ്റാനാവുമെന്ന ചോദ്യത്തിന് വരുനാളുകള്‍ ഉത്തരം നല്‍കും.

ഗ്രൂപ്പുവഴക്കിന് പേരുകേട്ട കോണ്‍ഗ്രസിനെ പോലും കടത്തിവെട്ടുന്നതരത്തിലാണ് ഭരണത്തലേറിയതിനു ശേഷവും സിപിഎമ്മിലെ ഉള്‍പ്പോരുകള്‍ ശക്തിപ്രാപിക്കുന്നത്. അച്യുതാനന്ദന്‍ പക്ഷവും പിണറായിപക്ഷവും തമ്മിലുള്ള അധികാര വടംവലി ഇനിയും രൂക്ഷമായാല്‍ ഈ സര്‍ക്കാര്‍ ഒരു പ്രതിസന്ധിയെയാവും നേരിടേണ്ടിവരിക.

തങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി വി.എസ് മുഖ്യമന്ത്രിയായെങ്കിലും പ്രധാന വകുപ്പുകള്‍ കൈയടക്കിയാണ് പിണറായി പക്ഷം മന്ത്രിസഭയില്‍ പ്രാബല്യം നിലനിര്‍ത്തിയത്. എന്നാല്‍ സെക്രട്ടറിയേറ്റ് തീരുമാനത്തില്‍ നിന്ന് വിരുദ്ധമായ വിജിലന്‍സ് വകുപ്പ് വി.എസ് ഏറ്റെടുത്തത് അവര്‍ക്ക് കനത്ത തിരിച്ചടിയായി. പിണറായി പക്ഷം പരാതി നല്‍കിയെങ്കിലും ഈ പ്രശ്നത്തില്‍ നേരിട്ട് ഇടപെടാന്‍ പോളിറ്റ് ബ്യൂറോ തയ്യാറായില്ല. പ്രശ്നം സംസ്ഥാന സെക്രട്ടറിയേറ്റിന് വിടാനാണ് പിബി തീരുമാനിച്ചത്.

ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വകുപ്പ് വി.എസിന് വിട്ടുകൊടുക്കേണ്ടി വന്നേക്കാം. അതേ സമയം വി.എസ് സ്വന്തം തീരുമാനപ്രകാരം ഏറ്റെടുത്ത ഐടി, പൊതുഭരണം എന്നീ വകുപ്പുകളുടെ കാര്യത്തില്‍ പിണറായി പക്ഷം ഒത്തുതീര്‍പ്പിനും തയ്യാറായേക്കാം. എന്നാല്‍ പ്രശ്നങ്ങള്‍ അവിടെയും അവസാനിക്കില്ല. വിജിലന്‍സ്, ഐടി വകുപ്പുകള്‍ ഏറ്റെടുത്തതു പോലെ നയപരമായ കാര്യങ്ങളിലും പാര്‍ട്ടി തീരുമാനത്തിന് അതീതമായി വി.എസ് പ്രവര്‍ത്തിച്ചാല്‍ ഔദ്യോഗിക പക്ഷം അത് കൈയും കെട്ടി നോക്കിയിരിക്കില്ല. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെന്തായാലും വി.എസ് തിരഞ്ഞെടുപ്പ് വിജയത്തില്‍ വഹിച്ച പങ്കും അദ്ദേഹത്തിന്റെ പ്രതിഛായയുമെന്തെന്ന് അറിയാവുന്ന പിബിക്ക് മുഖ്യമന്ത്രിയെ പിണക്കാനാനാവില്ല. ഔദ്യോഗിക വിഭാഗത്തിന്റെ ഇഛകളെ എപ്പോഴും നിരാകരിക്കാനുമാവില്ല.

തിരഞ്ഞെടുപ്പില്‍ ജനം തന്നിലേല്പിച്ച പ്രതീക്ഷകള്‍ പൊലിഞ്ഞെന്ന് തോന്നാതിരിക്കാന്‍ ശ്രമിക്കേണ്ട ബാധ്യത വി.എസിനുണ്ട്. അതുകൊണ്ടുതന്നെ ഏതു വിധത്തിലുള്ള ഒതുക്കല്‍ ശ്രമങ്ങളും പിണറായി പക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായാലും താനൊരു പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണെന്ന് തെളിയിക്കാന്‍ വി.എസ് ശ്രമിക്കും. വകുപ്പുകള്‍ ഏറ്റെടുത്തതു പോലെ ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനങ്ങളെ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ ഉപയോഗിച്ച് വി.എസ് മറികടന്നാല്‍ അത് മന്ത്രിസഭയ്ക്കുള്ളിലും പാര്‍ട്ടിക്കുള്ളിലും ഒരു ഏറ്റുമുട്ടലിന്റെ അന്തരീക്ഷമായിരിക്കും സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ആന്റണി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തെ ഏറിയ സമയവും ഭരിക്കാന്‍ അനുവദിക്കാതിരിക്കുന്നതിലാണ് കരുണാകരന്‍ ശ്രദ്ധിച്ചത്. അത് ഒരു ഏറ്റുമുട്ടലിന്റെ വഴിയിലേക്ക് നീങ്ങുകയും ചെയ്തു. അതിനേക്കാള്‍ എത്രയോ രൂക്ഷമായ അന്തരീക്ഷമായിരിക്കും ഇനിയുളള നാളുകളില്‍ എല്‍ഡിഎഫ് ഭരണം നേരിടേണ്ടിവരിക. സിപിഎം പോലുള്ള ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവും വി.എസ്.അച്യുതാനന്ദനെ പോലൊരു മുഖ്യമന്ത്രിയും തമ്മിലാണ് ഏറ്റുമുട്ടുന്നത് എന്നതിനാല്‍ അതിന്റെ ഫലങ്ങള്‍ പ്രവചനാതീതമായിരിക്കും.

വി.എസിന് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനു ശേഷം അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ഒരു പിബി ഇടപെടലിലൂടെ വീണ്ടും അംഗീകരിക്കപ്പെടുമെന്ന് പ്രവചിക്കാന്‍ പോലും രാഷ്ട്രീയനിരീക്ഷകര്‍ ധൈര്യപ്പെട്ടിരുന്നില്ല. എല്ലാ വിലയിരുത്തലുകളെയും അട്ടിമറിച്ചുള്ള ഒരു പിബി തിരുത്തലാണ് ഇന്ന് വി.എസിന്റെ മുഖ്യമന്ത്രി സ്ഥാനം വരെയെത്തിനില്‍ക്കുന്നത്. ഔദ്യോഗിക പക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ച് സിപിഎമ്മിലെ ഒരു നേതാവ് മുഖ്യമന്ത്രി സ്ഥാനത്തെത്തുക എന്നത് ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അസാധാരണമായ സ്ഥിതിവിശേഷമായിരുന്നു. ആ അസാധാരണത തന്നെയായിരിക്കും ഇനിയുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും നിഴലിക്കുക. അതിനിടയില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ വി.എസിനും എല്‍ഡിഎഫ് സര്‍ക്കാരിനും കഴിയുമോയെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X