കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം പദ്ധതി സ്വപ്നമായി തുടരുമോ?

  • By Staff
Google Oneindia Malayalam News

കേരളത്തിന്റെ വികസന സ്വപ്നങ്ങളിലൊന്നായ വിഴിഞ്ഞം ആഴക്കടല്‍ തുറമുഖ വികസന പദ്ധതി ഇനിയും സ്വപ്നമായിത്തന്നെ തുടര്‍ന്നേക്കും. പദ്ധതി നടത്തിപ്പിനായി നല്‍കിയ കരാറിന്റെ കാലാവധി കഴിഞ്ഞിട്ടും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള യാതൊരു സൂചനയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല. മൂന്ന് കമ്പനികള്‍ക്ക് സംയുക്തമായി നല്‍കിയിരിക്കുന്ന കരാറിന്റെ കാലാവധി ജൂലൈ 15 ശനിയാഴ്ചയാണ് അവസാനിച്ചത്.

ഏപ്രില്‍ മാസത്തില്‍ ആദ്യം നല്‍കിയ കാലാവധികഴിഞ്ഞപ്പോള്‍ വീണ്ടും പുതുക്കിയ നല്‍കിയ തിയതിയാണ് ജൂലൈ 15ന് അവസാനിച്ചത്. 2006 മാര്‍ച്ചില്‍ പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ പദ്ധതിക്കു തറക്കല്ലിടാനാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അന്നത്തെ സന്ദര്‍ശനത്തിലെ ഔദ്യോഗിക പരിപാടികളുടെ പട്ടികയില്‍ ഇതും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് സന്ദര്‍ശനം മാറ്റിവെക്കുകയും തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുകയും ചെയ്തതോടെ പദ്ധതി വീണ്ടും തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയായുരുന്നു.

സുരക്ഷാപരമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി കിട്ടാത്തതാണ് പദ്ധതി അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. കരാര്‍ കാലാവധികഴിഞ്ഞ് ദിവസങ്ങളായിട്ടും കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല.

ഇതിനിടെ വല്ലാര്‍പാടം പദ്ധതിക്കുള്ള റെയില്‍ റോഡ് ഗതാഗതത്തിനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയെത്തുടര്‍ന്ന് പദ്ധതി അവലോകനത്തിനായി സംസ്ഥാനത്തെത്തിയ കേന്ദ്ര ഷിപ്പിംഗ് ഉപരിതല ഗാതഗതമന്ത്രി ടി. ആര്‍ ബാലു വിഴിഞ്ഞം പദ്ധതി പൂര്‍ണമായും സംസ്ഥാനത്തിന്റെ പദ്ധതിയാണെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞതോടെ കേന്ദ്രത്തിന്റെ അനുമതിയും സഹായവും അടക്കമുള്ള കാര്യങ്ങള്‍ ചോദ്യചിഹ്നമായിരിക്കുകയാണ്.

1996ല്‍ വിഴിഞ്ഞം പദ്ധതിക്കായി വകയിരുത്തിയ 4,200 കോടി രൂപ അനുവദിക്കുന്നതിനായുള്ള നടപടികളും ഇഴഞ്ഞു നീങ്ങുകയാണ്. ഇനിയും കരാര്‍ കാലാവധി വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ഇപ്പോഴത്തെ നിലവെച്ച് പദ്ധതിയുടെ സാക്ഷാത്കാരം അത്രതന്നെ വൈകുമെന്ന് വിദഗ്ദര്‍ പറയുന്നു.

എന്നാല്‍ പദ്ധതിയ്ക്ക് അനുമതിയായാല്‍ കരാര്‍ കാലാവധി തീരുന്നതോ പുതിയതു നല്‍കുന്നതോ ഒന്നും പ്രശ്നമാവില്ലെന്ന ഒരു മറുപക്ഷം കൂടി ഇക്കാര്യത്തിലുണ്ട്. പദ്ധതി തുടങ്ങാനായി പച്ചക്കൊടി കിട്ടിക്കഴിഞ്ഞാല്‍ ആറുമാസത്തിനുള്ളില്‍ ജോലിതുടങ്ങാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായിട്ടുണ്ടെന്നായിരുന്നു കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ പറഞ്ഞത്.

ചൈനീസ് കമ്പനിയായ കെയ്ദി ഇലക്ട്രിക് കമ്പനി, ചൈന ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കമ്പനി, മുംബൈ കേന്ദ്രമായ സൂം ഡവലപ്പേസ് എന്നിവയാണ് വിഴിഞ്ഞം പദ്ധതിക്കായി കരാര്‍ ഏറ്റെടുത്തിരുന്നത്. ഈ കരാറിന്റെ കാലാവധിയാണ് അവസാനിച്ചിരിക്കുന്നത്. കരാറില്‍ ചൈനീസ് കമ്പനികളുടെ സാന്നിദ്ധ്യമുള്ളതുകൊണ്ടാണ് കേന്ദ്രാനുമതി വൈകുന്നത്. ചെന്നൈ തുറമുഖം, നവിമുംബൈയിലെ ജെഎന്‍പിടി തുറമുഖം എന്നിവയുടെ നവീകരണത്തിനുള്ള കരാറിലും വിദേശ കമ്പനികള്‍ ഉണ്ട്. അവയുടെയും കേന്ദ്രാനുമതി സംബന്ധിച്ച കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാണ്.

ജനുവരിയിലാണ് പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറിയത്. അതിനുശേഷം ഇതേവരെ ഇതുമായി ബന്ധപ്പെട്ട യാതൊരറിയിപ്പും കേന്ദ്രത്തില്‍നിന്നും സംസ്ഥാന സര്‍ക്കാറിന് ലഭിച്ചിട്ടില്ല. ഇത്രയും വലിയൊരു പദ്ധതി കേന്ദ്രസഹായമില്ലാതെ നടപ്പാക്കുകയെന്നത് കേരളത്തിന്റെ സാമ്പത്തികസ്ഥിതി വെച്ച് സാധ്യമായ കാര്യമല്ല.

ഒന്നുകില്‍ നല്‍കിയിരിക്കുന്ന കരാര്‍ കാലാവധി അവസാനിച്ച നിലയ്ക്ക് പുതിയ ടെന്‍ഡര്‍ വിളിക്കണം. അല്ലെങ്കില്‍ തീയതി നീട്ടി നല്‍കണം. ഇതിലേതു ചെയ്യണമെങ്കിലും കേന്ദ്രസര്‍ക്കാറില്‍ നിന്നേതെങ്കിലും തരത്തിലുള്ള പ്രതികരണം ലഭിക്കണംമെന്ന് ഉദ്യോഗസ്ഥര്‍.പുതിയ ടെന്‍ഡര്‍ വിളിച്ചാല്‍ പുതിയ അപേക്ഷകര്‍ മുന്നോട്ടുവരാനും സാധ്യതയുണ്ട്. ഇന്ത്യന്‍ കമ്പനികളില്‍ മിക്കവയ്ക്കും ഇത്തരം പദ്ധതികള്‍ ഏറ്റെടുത്ത് നടത്തി പരിചയമോ പ്രാഗല്‍ഭ്യമോ ഇല്ല. വിഴിഞ്ഞമാണെങ്കില്‍ ഇന്ത്യയിലെ മറ്റേതൊരു തുറമുഖത്തേക്കാളും സാധ്യതകളുള്ള ഒന്നാണ്. അതിനാല്‍ പരിചയവും അത്തരത്തിലുള്ള കാര്യങ്ങളും കരാര്‍ നല്‍കുന്നതില്‍ പരിഗണിക്കേണ്ടിയും വരും.

സംസ്ഥാന സര്‍ക്കാറിന് വന്‍ പ്രതീക്ഷകളുള്ള ഒരു പദ്ധതിയാണിത്. മൊത്തം 4,800 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണച്ചെലവ്. ആദ്യഘട്ടത്തില്‍ 1830 കോടിയാണ് മുടക്കുക. ഇടതു സര്‍ക്കാര്‍ അതിന്റെ കന്നി ബജറ്റില്‍ 10 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. ജൂണില്‍ കേന്ദ്ര പര്യടനം നടത്തിയ മുഖ്യന്ത്രി വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം പ്രധാനമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. മാത്രമല്ല ചര്‍ച്ചയില്‍ വിഴിഞ്ഞം പദ്ധതിക്ക് തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെ വി എസ് ക്ഷണിക്കുകയും ചെയ്തു. ഇത്രയായിട്ടും ഇക്കാര്യത്തിലുള്ള അവഗണന കേന്ദ്രം തുടരുകയാണ്.

വിഴിഞ്ഞം തുറമുഖം വികസിക്കുന്നതോടെ രാജ്യത്തെ മറ്റ് തുറമുഖങ്ങള്‍ വഴിയെല്ലാമുള്ള വിദേശ വ്യാപാരം വര്‍ദ്ധിക്കും. ഇതുതന്നെയാണ് വിഴിഞ്ഞത്തിന് ഇത്രക്കേറെ പ്രാധാന്യം കൈവരാനും കാരണം. കാരാര്‍ കാലാവധി കഴിഞ്ഞതോടെ സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പുതിയ കരാറിന് ടെന്‍ഡര്‍ വിളിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. സംസ്ഥാനത്തിന് ലഭ്യമായ ധനസഹായങ്ങളുപയോഗിച്ചും വിദേശമലയാളികളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചുമെല്ലാം പദ്ധതിപ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദമേറുന്നുണ്ട്.

എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്ന നടപടികളുടെ വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ പെട്ടെന്നു തീരുമാനത്തിലെത്താന്‍ കഴിയില്ലെന്നുമാണ് തുറമുഖമന്ത്രി വിജയകുമാറിന്റെ പക്ഷം. പുതിയ കരാര്‍ നല്‍കുന്നതിനെപ്പറ്റി കൂടുതലായി ആലോചിച്ചുവരുകയാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X