ഫലപ്രദമാകാത്ത ബ്ലോഗ് നിരോധനം
മുംബൈ സ്ഫോടനത്തെത്തുടര്‍ന്ന് കേന്ദ്ര ടെലികോം വകുപ്പ് ബ്ലോഗ് വെബ് സൈറ്റുകള്‍ക്കേര്‍പ്പെടുത്തിയ നിരോധനത്തെ നോക്കുകുത്തിയാക്കി സാങ്കേതിക വിദ്യയുടെ പഴുതുകള്‍ ഉപയോഗിച്ച് വീണ്ടും ഇവ സജീവമാകുന്നു.
തികച്ചും ലളിതമായ നെറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുതന്നെ ഈ നിരോധനത്തെ മറികടക്കാന്‍ കഴിയും എന്നതാണ് നിരോധനത്തെ ഫലപ്രദമല്ലാതാക്കിയത്.
രാജ്യത്തെ ബ്ലോഗുകളുടെ കൂട്ടായ്മയായ ബ്ലോഗേഴ്സ് കളക്ടീവ് ഇന്റര്‍നെറ്റിലൂടെതന്നെ ഇതിനുള്ള വഴികള്‍ നല്‍കിത്തുടങ്ങി. ജൂലൈ 11ന് മുംബൈയിലുണ്ടായ സ്ഫോടനപരമ്പരയെത്തുടര്‍ന്ന് ചല ബ്ലോഗിങ് സെന്ററുകളില്‍ സ്ഫോടനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്‍തോതില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ ചിലത് വര്‍ഗീയ വിദ്വേഷണം വളര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു. ഇതേത്തുടര്‍ന്നാണ് ജൂലൈ 13ന് തിരഞ്ഞെടുത്ത 18വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്തെ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക്ു നിര്‍ദേശം നല്‍കിയത്.
hindu unity.org, hindu human rights.org, princesskimberley.com , blood spot.com, dalitstan.org, clickatell.com, geocities.com, typepad.com, blogspot.com തുടങ്ങിയവയാണ് പ്രധാനമായും നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതില്‍ അവസാനത്തെ മൂന്നെണ്ണം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നവയാണ്.
ഇവയെല്ലാം ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട സൈറ്റുകള്‍ നിരോധിക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചതെങ്കിലും സേവന ദാതാക്കള്‍ ബ്ലോഗിങ് സൈറ്റുകള്‍ ഒന്നടങ്കം തടയുകയായിരുന്നു.
എന്നാല്‍ അനുവാദമുള്ള മറ്റ് വെബ് സൈറ്റുകളിലൂടെയും നിരോധിക്കപ്പെട്ട ബ്ലോഗിങ് സൈറ്റുകളിലെത്തിപ്പെടാനാവും. pkblog.com എന്ന സൈറ്റില്‍ ഇതിനായുള്ള സൗകര്യം ഒരുങ്ങിക്കഴിഞ്ഞു.
ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ വിവിധ കാരണങ്ങള്‍കൊണ്ട് നിരോധിക്കപ്പെട്ട സൈറ്റുകള്‍ ഇതിലൂടെ ലഭ്യമാണ്. ഈ സൈറ്റിലൂടെ ഇന്ത്യയിലെ ബ്ലോഗുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നിരോധനത്തെ മറികടക്കാന്‍ പറയുന്ന ഇത്തരം ഒട്ടേറെ സൈറ്റുകള്‍ നിരോധനം നിലവില്‍വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇന്റര്‍ നെറ്റില്‍ കൂണുപോലെ മുളച്ചുപൊങ്ങുകയും ചെയ്തു.
അതിര്‍ത്തിയുടെ നിയന്ത്രണവും നിയമത്തിന്റെ ചങ്ങലകളുമില്ലാതെ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇന്റര്‍നെറ്റില്‍ ഉരുത്തിരിഞ്ഞുവന്ന മാധ്യമമാണ് ബ്ലോഗിംഗ്. ചൈന, പാകിസ്ഥാന്‍ , സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ മുമ്പും ബ്ലോഗിംഗ് നിരോധിച്ചിട്ടുണ്ട്. അന്നൊക്കെ അവിടെയും നെറ്റ് ഉപയോക്താക്കള്‍ ഇത്തരം കുറുക്കുവഴികളിലൂടെ അതിനെ മറികടന്നിട്ടുമുണ്ട്.
ഇന്ത്യയിലിപ്പോള്‍ ഏകദേശം 3.8കോടി നെറ്റ് ഉപയോക്താക്കള്‍ ഉണ്ട്. ഇതില്‍ നാലിലൊന്ന് രേരും (ഏതാണ്ട് 95ലക്ഷം പേര്‍) ബ്ലോഗ് ചെയ്യുന്നുവെന്നാണ് കണക്ക്. ഇന്ത്യന്‍ വിവര സാങ്കേതിക വിദ്യാനിയമം-2000 അനുസരിച്ച് സര്‍ക്കാറിന്റെ നടപടിയില്‍ പിഴവുകളുണ്ട്.
നിയമമനുസരിച്ച് പരസ്പര വിദ്വേഷം, അക്രമം, തീവ്രവാദം, അശ്ലീലം എന്നിവ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ നിരോധിക്കാം. എന്നാല്‍ ഇത് രാജ്യസുരക്ഷയുടെ ചുമതലയുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടിം(സെര്‍ട്ട്) ന്റെ തീരുമാനമനുസരിച്ചായിരിക്കണം.
ഈ നിര്‍ദ്ദേശം ജൂലൈ 13ന് പുറപ്പെടുവിച്ച നിരോധനത്തില്‍ പാലിച്ചിട്ടില്ല. പൊതുവെ വംശീയ വിദ്വേഷമോ തീവ്രവാദമോ പ്രചരിപ്പിക്കാത്ത ബ്ലോഗ് സ്പോട്ട്, ജിയോസിറ്റീസ്, ടൈപ്പ് പാഡ്, പ്രിന്‍സ്കിമ്പര്‍ലി തുടങ്ങിയ സൈറ്റുകളും നിരോധിച്ചവയില്‍പ്പെട്ടിട്ടുണ്ട്. ഭരണഘടനയിലെ 19-എ അനുസരിച്ച് അഭിപ്രായ സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റമായും ഈ നിരോധനം വിലിയിരുത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ടെലികോം വകുപ്പിന്റെ ഈ നടപടി കോടതിയില്‍ ചോദ്യംചെയ്യപ്പെടാനിടയുണ്ട്.