സമൃദ്ധിയുടെ ഓര്‍മ്മകളില്‍ കൊഴിഞ്ഞാമ്പാറ
ഒരു കാലത്ത് സമൃദ്ധിവിളിച്ചോതിക്കൊണ്ട് നോക്കേത്താദൂരം പരന്നുകിടന്നിരുന്ന നിലക്കടലപ്പാടങ്ങളും രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എണ്ണമില്ലുകളും പാലക്കാട്ടെ കൊഴിഞ്ഞാമ്പാറയെന്ന സ്ഥലത്തിന്റെ മുഖമുദ്രയായിരുന്നു.
കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ സാമ്പത്തിക രംഗത്തിന് അന്നൊന്നും നിലക്കടലകൃഷിയെ മാറ്റിനിര്‍ത്താന്‍ കഴിയുമായിരുന്നില്ല. നിലക്കടലകൃഷിയിലും ബന്ധപ്പെട്ട തൊഴിലുകളിലും പണിയെടുത്താണ് കൊഴിഞ്ഞാമ്പാറയിലെ മിക്കയാളുകളും പത്തിലേറെ ആംഗങ്ങള്‍വരെയുള്ള കുടുബങ്ങളെ പുലര്‍ത്തിപ്പോന്നത്.
സമൃദ്ധിയുടെ ആ കാലം നിലക്കടലകൃഷികൊണ്ട് ജീവിതം പുലര്‍ത്തിയിരുന്നവരുടെ ഉള്ളില്‍മാത്രം നിറംമങ്ങാതെ ഇന്നുമുണ്ട്. ചെയ്തുപോന്ന തൊഴിലില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത ചിലര്‍മാത്രം ഇന്നും നിലക്കടലകൃഷിയിലും എണ്ണമില്ലുകളിലും തന്നെ പിടിച്ചുനില്‍ക്കുന്നു. ഫര്‍ക്കയില്‍മാത്രം അന്‍പതോളം കടലമില്ലുകളുണ്ടായിരുന്നു. അവയുടെ ഉള്ളിലും പുറത്തുമായി ഉയര്‍ന്നുനില്‍ക്കുന്ന കലക്കൂമ്പാരങ്ങള്‍ നിലക്കടല കൃഷിയില്ലാത്തിടങ്ങളില്‍ നിന്നിവിടെയെത്തുന്നവര്‍ക്ക് കൗതുകവുമായിരുന്നു.
അന്നൊക്കെ കടലയെണ്ണയ്ക്ക് ആവശ്യക്കാരും ഏറെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരു തൊഴിലിനെക്കുറിച്ച് നിലക്കടലക്കര്‍ഷകര്‍ക്കും മില്ലുകാര്‍ക്കും ചിന്തിയ്ക്കുകയേവേണ്ടിയിരുന്നുമില്ല.
അക്കാലമോര്‍ത്ത് ദീര്‍ഘനിശ്വാസമിടുന്ന കുറച്ചുപേരെങ്കിലും ഇപ്പോഴും കൊഴിഞ്ഞാമ്പാറയിലുണ്ട്. 1977ല്‍ മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെയണ് നിലക്കടല കര്‍ഷകരുടെ ദുര്‍വിധി തുടങ്ങിയത്.
വിലക്കുറവും ലഭ്യതയും പാമോയില്‍ വ്യവസായമേഖലയെ തഴച്ചുവളര്‍ത്തി. അതിനിടയില്‍പ്പെട്ട് നിലക്കടലകൃഷിയും അനുബന്ധവ്യവസായങ്ങളും ശ്വാസംമുട്ടിപ്പോയെന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. കൊഴിഞ്ഞാമ്പാറയില്‍ മാത്രം പതിനാലോളം എണ്ണയാട്ടുകേന്ദ്രങ്ങളുണ്ടായിരുന്നു. അവയില്‍ ഒന്നൊഴികെ ബാക്കിയെല്ലാം നാളുകള്‍ക്കുമുമ്പേ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
കടലമില്ലുകളുടെ എണ്ണവും കുറഞ്ഞു. ഈ തകര്‍ച്ച കര്‍ഷകരെ മറ്റ് കൃഷികളിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചു. നിലക്കടലകൃഷിയില്‍ത്തന്നെ തുടര്‍ന്നവരാകട്ടെ വിലത്തകര്‍ച്ചയും വില്‍പ്പനക്കുറവും മൂലം വലഞ്ഞു.
ഇരുപതിനായിരത്തിലേറെ ഏക്കറില്‍ നിലക്കടലകൃഷി ഉണ്ടായിരുന്ന എരുത്തേംപതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളില്‍ ഇപ്പോള്‍ മൊത്തം രണ്ടായിരം ഏക്കറില്‍ താഴെമാത്രമേ കടലകൃഷിയുള്ളു.
കര്‍ഷകരില്‍ നിന്ന് 10 രൂപമുതല്‍ 15രൂപവരെ നല്‍കി വാങ്ങുന്ന കടല കിലോയ്ക്ക് 25രൂപ നിരക്കിലാണ് വിത്താക്കി വില്‍ക്കുന്നത്. അടുത്തതവണത്തേയ്ക്കുള്ള വിത്തിനായി ഒക്ടോബര്‍ മാസത്തിലുള്ള വിത്തുകള്‍ മാത്രമേ ഉപയോഗിയ്ക്കൂ.
കൃഷിവകുപ്പ് അധികൃതര്‍ കിലോയ്ക്ക് 40രൂപ നിരക്കില്‍ തമിഴ്നാട്ടില്‍ നിന്ന് കടല വിത്ത് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിനെതിരെ കടലകൃഷിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവരുന്ന വിത്ത് ഇവിടത്തെ മണ്ണിന് യോജിച്ചതല്ലെന്ന് കര്‍ഷകര്‍ പറയുന്നു.
തമിഴ്വ്യാപാരികള്‍ ഫര്‍ക്കയിലെ കര്‍ഷകരില്‍ നിന്ന് തുച്ഛമായ വിലയ്ക്കാണ് കടല വാങ്ങിയ്ക്കുന്നത്. തമിഴ് നാട്ടില്‍ കടലയെണ്ണയ്ക്ക് ഇപ്പോഴും നല്ല ആവശ്യക്കാരുള്ളതുകൊണ്ടുതന്നെ ലാഭം അവരുടെ കയ്യിലൊതുങ്ങുന്നു.
വിറ്റഴിയ്ക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത കര്‍ഷകര്‍ക്കാവട്ടെ ഇവരെത്തന്നെ ആശ്രയിക്കേണ്ടിയും വരുന്നു. ഇങ്ങനെ തുച്ഛമായ വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന കടല നാല്ശതമാനം വരുന്ന നികുതിയടയ്ക്കാതെ അതിര്‍ത്തി കടത്തുന്നത് സംസ്ഥാന സര്‍ക്കാറിന് അതിലേറെ നഷ്ടമുണ്ടാക്കുന്നു.
നിലവിലുള്ള നികുതി ഒരു ശതമാനമാക്കി കുറയ്ക്കുകയും കര്‍ഷകരില്‍ നിന്ന് കടല വാങ്ങി വിത്താക്കി നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ തുടങ്ങുകയും ചെയ്താല്‍ മാത്രമേ നാശംവന്നു പോകുന്ന കടലകൃഷിയേയും വിലക്കുറവുമൂലം കഷ്ടപ്പെടുന്ന കര്‍ഷകരെയും രക്ഷിയ്ക്കാന്‍ കഴിയൂ.












Click it and Unblock the Notifications