കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായകന്‍ ക്യാച്ച് നിലത്തിട്ടു. . . . . എന്നിട്ടും. . . . ..

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇ. കെ. നായനാരുടെ പേരില്‍ സി. പി. എം. സംഘടിപ്പിച്ച ഫുട്ബോള്‍ മേളയ്ക്ക് 60 ലക്ഷം രൂപ സംഭാവന നല്‍കിയ വ്യവസായിയുടെ പശ്ചാത്തലം പാര്‍ട്ടിക്ക് തലവേദനയാകുന്നു.

സിംഗപ്പൂരില്‍ നാഷണല്‍ കിഡ്നി ഫൌണ്ടേഷന്‍ കുംഭകോണത്തില്‍ പ്രതിയാവുകയും കുറ്റം സമ്മതിച്ച് പിഴയടക്കുകയും ചെയ്ത ഒരു വ്യവസായിയില്‍ നിന്നും ജനകീയ നേതാവായിരുന്ന നായനാരുടെ പേരിലുള്ള സംരംഭത്തിന് പണം പറ്റിയത് വിശദീകരിക്കാനാകാത്തതാണ് നേതാക്കളുടെ പുതിയ പ്രതിസന്ധി. കുംഭകോണത്തില്‍ പ്രതിയായ വ്യവസായിയുമായി പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്കുള്ള ബന്ധത്തിലെ ദുരൂഹതയും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്നു.

ഫുട്ബോള്‍ ടൂര്‍ണമെന്റിന് ചെന്നൈ ആസ്ഥാനമായ പാരറ്റ് ഗ്രോവ് എന്ന സ്ഥാപനമാണ് 60 ലക്ഷം രൂപ നല്‍കിയത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരായി ഈ സ്ഥാപനം രംഗത്തുവരാതെ നിഷ്കാമ കര്‍മ്മമായിട്ടായിരുന്നു സംഭാവന. വ്യവസായിയും ദീപിക ചെയര്‍മാനുമായ എം. എ. ഫാരീസിന്റെതാണ് ഈ സ്ഥാപനം.

നാഷണല്‍ കിഡ്നി ഫൌണ്ടേഷനുമായി ബന്ധപ്പെട്ട കുംഭകോണത്തില്‍ 10 ലക്ഷം ഡോളര്‍ (ഏകദേശം 40 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സിങ്കപ്പൂര്‍ ഹൈക്കോടതിയില്‍ ഫാരീസ് അബൂബേക്കര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പ്രതികളായി കേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ടിരുന്നത്. നാഷണല്‍ കിഡ്നി ഫൌണ്ടേഷന്റെ സി. ഇ. ഒ. ശ്രീലങ്കന്‍ തമിഴ് വംശജനായ ടി. ടി. ദുരൈ, മുന്‍ ഭരണസമിതി അംഗങ്ങളായിരുന്ന റിച്ചാര്‍ഡ് യങ്, ലൂലോസാന്‍, മറ്റില്‍ഡാചുവ എന്നിവരായിരുന്നു മറ്റു പ്രതികള്‍.

കേസ്സിന്റെ വിചാരണ തുടങ്ങി മൂന്നാം ദിവസം തന്നെ ടി. ടി. ദുരൈ കുറ്റം സമ്മതിച്ച് പിന്‍വാങ്ങി. ഫാരീസ് അബൂബേക്കര്‍ ഉള്‍പ്പെടെ മറ്റ് നാല് പ്രതികളും 2007 ഫിബ്രവരിയോടെ തുക മുഴുവനും കോടതി ചെലവുകള്‍ സഹിതം നല്‍കി കേസ്സില്‍ നിന്ന് തടിയൂരുകയായിരുന്നു. എന്‍.കെ. എഫിന്റെ പുതിയ ചെയര്‍മാനായ ജെറാള്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ഈ വിവരം കമ്പനി ലോകത്തെ അറിയിക്കുകയും ചെയ്തു.

കിഡ്നി രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കുകയെന്ന ലക്ഷ്യത്തോടെ സിങ്കപ്പൂരില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ് നാഷണല്‍ കിഡ്നി ഫൌണ്ടേഷന്‍. ജനങ്ങളില്‍ നിന്നുള്ള സംഭാവനയായിരുന്നു സ്ഥാപനത്തിന്റെ പ്രധാന മൂലധനം. സിങ്കപ്പൂര്‍ ജനതയുടെ അകമഴിഞ്ഞ സംഭാവനയില്‍ ഫൌണ്ടേഷന്‍ വളര്‍ന്നുപന്തലിച്ചു. 2000_04_ല്‍ കമ്പനിയുടെ മൊത്ത വരുമാനം 71 ലക്ഷത്തില്‍ നിന്ന് 313 കോടിയായി ഉയര്‍ന്നു. കരുതല്‍ ധനം 1431 ലക്ഷം ഡോളറില്‍ നിന്ന് 2406 ലക്ഷം ഡോളറായി. 2004_ല്‍ മാത്രം കമ്പനി സംഭാവനയായി ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തത് 700 ലക്ഷം ഡോളറായിരുന്നു (280 കോടിയോളം രൂപ).

2005 ജൂലായിലാണ് എന്‍.കെ. എഫ്. കുംഭകോണം പൊട്ടിപ്പുറപ്പെട്ടത്. സി. ഇ. ഒ. ആയിരുന്ന ടി. ടി. ദുരൈയുടെ ഓഫീസില്‍ സ്വര്‍ണ്ണം പൂശിയ ടാപ്പും വിലകൂടിയ ജര്‍മ്മന്‍ ടോയ്ലറ്റ് ബൌളും ഘടിപ്പിച്ചുവെന്ന ആക്ഷേപമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതിന് നിമിത്തമായത്. ഈ വിവരം പ്രസിദ്ധീകരിച്ച സിങ്കപ്പൂരിലെ പത്രത്തിനെതിരെ ആദ്യം മാനനഷ്ടക്കേസ് കമ്പനി നല്‍കിയെങ്കിലും കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരാനേ അത് ഉപകരിച്ചുള്ളൂ.

2005 ജൂലായില്‍ തന്നെ ദുരൈയും മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും രാജിവെച്ചു. പുതിയ ഭരണസമിതി പ്രശസ്ത അക്കൌണ്ടിങ് സ്ഥാപനമായ കെ. പി. എം. ജി. യെ ഓഡിറ്റ് ഏല്പിച്ചു. ഇവരുടെ പരിശോധനയിലാണ് ഫാരീസ് അബൂബക്കറും പ്രതിസ്ഥാനത്തേയ്ക്ക് വന്നത്.

ദുരൈയുടെ അടുത്ത സുഹൃത്തായ ഫാരീസ് അബൂബക്കര്‍ ഡയറക്ടറായ ഫോര്‍ട്ടെസിസ്റ്റം, പ്രോട്ടോണ്‍ വെബ് എന്നി ഐ. ടി. കമ്പനികള്‍ക്ക് 13.8 കോടിയുടെയും 18.4 കോടിയുടെയും കരാറുകള്‍ നല്‍കി. എന്നാല്‍ ഏറ്റെടുത്ത ജോലികള്‍ കമ്പനികള്‍ ചെയ്തില്ല. എങ്കിലും എന്‍. കെ. എഫ്. ഈ കമ്പനികള്‍ക്ക് പണം നല്‍കി. ക്രമംവിട്ട് കരാര്‍ നല്‍കുകയും വ്യവസ്ഥ പാലിക്കാഞ്ഞിട്ടും ഫാരീസിന്റെ ഇന്ത്യയിലേയ്ക്കുള്ള കമ്പനിയുടെ അക്കൌണ്ടിലേക്ക് വരെ പണം കൈമാറുകയും ചെയ്തത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എണ്ണമിട്ട് പറയുന്നുണ്ട്. എന്‍. കെ. എഫുമായി ബിസിനസ് ബന്ധമുണ്ടായിരുന്ന ഫാരീസിന്റെ നാല് കമ്പനികള്‍ വഴിയായിരുന്നു തട്ടിപ്പ് അരങ്ങേറിയത്.

നഷ്ടപരിഹാരത്തുക പൂര്‍ണ്ണമായി നല്‍കിയതിലൂടെ കുറ്റസമ്മതം നടത്തി ഫാരീസ് കേസ്സില്‍ നിന്ന് ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് ദീപിക ദിനപത്രം ഫാരീസ് വാങ്ങി. ഇതോടെ സി. പി. എം. വിഭാഗീയതയില്‍ ഔദ്യോഗിക പക്ഷത്തിന്റെ പ്രചാരണ ആയുധമായി അത് മാറി. ഈ സാഹചര്യത്തിലാണ് സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായി കുറ്റസമ്മതം നടത്തി നഷ്ടപരിഹാരത്തുക നല്‍കിയ കേസിലെ പ്രതിയുമായി സി. പി.എം. നേതാക്കള്‍ക്കുള്ള ബന്ധം വിശദീകരിക്കാനാകാതെ നേതൃത്വം കുഴയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X