വിവാദക്കാര്‍ക്ക് ആരുടെ താല്‍പര്യം?
ശിഖണ്ഡികളുടെ പ്രതിവിപ്ലവം - 2
വെറും റിയല്‍ എസ്റ്റേറ്റുകാര്‍ക്ക്, 19 അംഗ ബോര്‍ഡ് ഓഫ് അപ്രൂവലിന്റെ കര്‍ശനമായ പരിശോധനകള്‍ മറികടന്ന് സെസ് പദവി കിട്ടുമെന്ന് പ്രചരിപ്പിക്കുന്നവര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ തൊഴില്‍ താല്‍പര്യങ്ങളല്ല.
നോക്കിയ, ഫ്ലെക്സ്ട്രോണിക്സ്‍, മഹേന്ദ്ര വേള്‍ഡ് സിറ്റി, ഇറ്റിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഐടി, മോട്ടോറോള - ഡെല്‍ - ഫോക്സ്കോണ്‍ എന്നിവ തമിഴ്നാട്ടിലും, അപ്പാഷെ സെസ്, ഡിവീസ് ലബോറട്ടറീസ്, ഹൈദരാബാദ് ജെംസ് ലിമിറ്റഡ് എന്നിവ ആന്ധ്രയിലും ക്വാര്‍ക്ക് സിറ്റി, രാജീവ് ഗാന്ധി ടെക്നോളജി പാര്‍ക്ക് എന്നിവ ചണ്ഡീഗഡിലും പ്രത്യേക സാമ്പത്തിക മേഖലയുടെ പദവി നേടി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
വെറും റിയല്‍ എസ്റ്റേറ്റ് കച്ചവടം മാത്രമാണ് ഇവിടെയൊക്കെ നടക്കുന്നത് എന്ന് വാദിക്കുന്ന സുന്ദര വിഡ്ഢികള്‍ക്ക് പിണറായി ശൈലിയില്‍ ഒരു നല്ല നമസ്കാരം പറയാം.
കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണ്‍ (EPZ) സൃഷ്ടിച്ചത് 1965ലാണ്. കാണ്ട്‍ലയായിരുന്നു ആദ്യ ഇപിസെഡ്. അതിനു ശേഷം കൊച്ചിയിലടക്കം (കൊച്ചിന്‍ എക്സ്പോര്ട്ട് പ്രോസസിംഗ് സോണ്‍ ) ഏഴ് മേഖലകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ചു. ഇപിസെഡ് ലക്ഷ്യം നേടാത്തതു കൊണ്ട്, അതിന്റെ പോരായ്മകളും പരിമിതികളും മറികടക്കുക എന്ന ആശയമാണ് പ്രത്യേക സാമ്പത്തിക മേഖലയുടെ സ്ഥാപനത്തില്‍ കലാശിച്ചത്.
അതായത് സെസിന്റെ പ്രാക് രൂപമായിരുന്ന ഇപിസെഡില്‍ നല്‍കിയ ആനുകൂല്യങ്ങള്‍ കുറേക്കൂടി വിപുലപ്പെടുത്തിയാണ് ഇന്ത്യയില്‍ 2000 ഏപ്രിലില്‍ സെസ് പോളിസി പ്രഖ്യാപിച്ചത്.
2006 ഫെബ്രുവരി 10ന് സെസ് ആക്ട് നിലവില്‍ വന്നു. തുടര്‍ന്ന് കാണ്ട‍്ല, സൂറത്ത് (ഗുജറാത്ത്), സാന്താക്രൂസ് (മഹാരാഷ്ട്ര), കൊച്ചി, ചെന്നൈ, വിശാഖപട്ടണം, ഫാള്‍ട്ട (പശ്ചിമ ബംഗാള്‍), നോയിഡ (യുപി) എന്നീ ഇപിസെഡുകള്‍ പ്രത്യേക സാമ്പത്തിക മേഖലകളായി മാറി. കയറ്റുമതിക്കായി നല്‍കിയിരുന്ന പല ഇളവുകള്‍ക്കു പുറമേ, സെസിന്റെ അധിക ആനൂകൂല്യങ്ങളൊക്കെ പറ്റിയാണ് ഈ വ്യവസായ മേഖലകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
അന്നും കാറല്‍ മാര്‍ക്സിന്റെ പുസ്തകങ്ങള്‍ ചിതലരിക്കാതെ, വെളിച്ചമേല്‍ക്കാതെ പല അലമാരകളിലും ഭദ്രമായിട്ടിരിപ്പുണ്ടായിരുന്നു. ചാനലുകളും പത്രങ്ങളുമുണ്ടായിരുന്നു. ഓര്‍ക്കാനം വരുന്ന സൈദ്ധാന്തിക ചര്‍ച്ചകള്‍ക്ക് ഡോക്ടറേറ്റ് കിട്ടിയ പ്രത്യയശാസ്ത്ര പ്രതിഭകളും ജീവിച്ചിരുന്നു. വ്യവസായ മന്ത്രി എളമരം കരീമിന്റെ വകുപ്പില്‍ നിന്ന് സെസ് അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ഒപ്പുകാത്ത് മേശപ്പുറത്ത് ഇരുപ്പു തുടങ്ങിയിട്ടും വര്‍ഷം ഒന്നു കഴിയുന്നു.
പക്ഷേ, സെസിനെ മുന് നിര്‍ത്തി ആശയസമരത്തിന്റെ പൂക്കുറ്റിയും മത്താപ്പും കത്താന്‍ 2008 ആഗസ്റ്റ് 13 വരെ കാത്തിരിക്കേണ്ടി വന്നു. തന്റെ ഓഫീസില്‍ നടപടി തടഞ്ഞുവെച്ചിരിക്കുന്ന സെസ് അപേക്ഷകള്‍ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കണമെന്ന് സിപിഎം ഏതാണ്ടൊരു ശാസനയുടെ രൂപത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ശേഷം നടന്ന വിഖ്യാതമായ വാര്‍ത്താ സമ്മേളനം അന്നായിരുന്നു.
സിപിഎം രൂപം കൊണ്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ്1965ല്‍ കാണ്ട്‍ലയില്‍ ഇപിസെഡ് ആരംഭിക്കുന്നത്. എണ്‍പതുകളിലാണ് കൊച്ചിയ്ക്ക് ഇപിസെഡ് പദവി കിട്ടിയത്. 2000ല്‍ സെസ് പോളിസി പ്രഖ്യാപിച്ചപ്പോള്‍ അറിയാമായിരുന്നു, ഇപിസെഡുകള്‍ സെസായി പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന്. പ്രത്യേക സാമ്പത്തിക മേഖലയുടെ പേരില്‍ സൈദ്ധാന്തിക വരട്ടുവാദങ്ങള്‍ തട്ടിവിടുന്നവരെയൊന്നും കേരളം അതുവരെ കണ്ടതേയില്ല.
സ്മാര്‍ട്ട് സിറ്റിയ്ക്കു വേണ്ടി ടീകോം മുന്നോട്ടു വെച്ച പ്രധാന നിബന്ധന സെസ് അനുവദിക്കണമെന്നതായിരുന്നു. ചര്‍ച്ചയോ വിവാദങ്ങളോ ഇല്ലാതെ അവിടെയും സെസ് യാഥാര്‍ത്ഥ്യമായി. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റിക്ക് മാത്രം സെസ് പദവി മതിയെന്ന് ആരൊക്കെയോ തീരുമാനിച്ചിട്ടുണ്ട് എന്ന സത്യമാണ് ഇത്തരം വിവാദങ്ങളില്‍ തെളിയുന്നത്.
ഐടി വികസനത്തിന്റെ കുത്തക സ്മാര്‍ട്ട് സിറ്റി വഴി മതിയെന്ന് പഴയ നിബന്ധനയാണ് ഇപ്പോള്‍ പത്തിയുയര്‍ത്തി പ്രതാപം കാണിക്കുന്നത്.
പ്രത്യേക സാമ്പത്തിക മേഖലയെന്ന പദവി നേടി ഐടി വികസനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനുളള അനുവാദം സെസ് ആക്ടില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇന്ത്യാ ഗവണ്മെന്റ് പാസാക്കിയ ഒരു നിയമത്തില്‍ പറയുന്ന ആനുകൂല്യം നിഷേധിക്കാന്‍ വിഎസ് അച്യുതാനന്ദന്റെ സര്‍ക്കാരിന് അവകാശമൊന്നുമില്ല. സംസ്ഥാന സര്‍ക്കാരിന് എതിരഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്താം. സെസ് ശിപാര്‍ശയ്ക്ക് മാനദണ്ഡം രൂപപ്പെടുത്തി പുതിയ നിയമം സ്വന്തം നിലയ്ക്ക് നിര്‍മ്മിക്കാം. (സ്വാശ്രയ നിയമത്തിന്റെ ഗതിയാകുമോ എന്നത് വേറെ കാര്യം).
മറ്റു സ്ഥലങ്ങളില്‍ നടപ്പാക്കിയ സെസിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സ്വന്തം പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വിധേയമായി തീരുമാനമെടുക്കുന്നതിന്റെ രാഷ്ട്രീയമൊക്കെ ആര്‍ക്കും മനസിലാകും. അതിനൊക്കെ എത്ര സമയം വേണം? ഇന്ത്യയിലെ ഇതര സെസ് മേഖലകളിലെ പ്രശ്നങ്ങളെന്തെന്ന് പഠിക്കാനും സ്വന്തം നയം രൂപപ്പെടുത്താനും ഒരു നടപടിയും ഇതുവരെ ഇടതുമുന്നണി തയ്യാറാക്കിയിട്ടില്ല.
വീണ്ടും ഓര്‍ക്കുക. 21 അപേക്ഷകര്‍, തീരുമാനം കാത്ത് ഒരു വര്‍ഷമായി പുറത്തിരിക്കുന്നു. അവര്‍ക്കൊരു മറുപടി നല്‍കാന്‍ ഇനിയും കഴിയാത്തതിന് ആരെയാണ് പഴിക്കേണ്ടത്?
ചെയ്യേണ്ടതൊന്നും ചെയ്യാതെ, ഓഫീസിലെത്തുന്ന അപേക്ഷകളെ സ്വന്തം രാഷ്ട്രീയ ദുശാഠ്യങ്ങളുടെ പരീക്ഷണ വസ്തുവാക്കാനാണ് ഒരു മുഖ്യമന്ത്രി തുനിയുന്നതെങ്കില്‍ അസുഖം വേറെയാണ്. എത്രയും വേഗം ചികിത്സിക്കേണ്ടതും. ശസ്ത്രക്രിയയ്ക്കപ്പുറമൊരു ചികിത്സയൊന്നും ഇക്കാര്യത്തില്‍ ഫലിക്കില്ലെന്ന് സിപിഎം തിരിച്ചറിയേണ്ട സമയം എന്നേ കഴിഞ്ഞു.
സെസ് വിവാദത്തെ ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കിയാല്‍ അതിങ്ങനെ സംഗ്രഹിക്കാം. വ്യവസായ മന്ത്രിയുടെ ഓഫീസില്‍ കിട്ടുന്ന 21ഓളം അപേക്ഷകള്‍ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നു. അപേക്ഷകളെക്കുറിച്ച് തര്‍ക്കമുണ്ടാകുന്നു. പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി, വ്യവസായ സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന സമിതിയെ നിയമിക്കുന്നു.
വിശകലനത്തിനു ശേഷം അവര്‍ പത്ത് അപേക്ഷകള്‍ തിരഞ്ഞെടുത്ത് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നു. ഏതാണ്ട് ഒരുവര്‍ഷത്തിലേറെയായി ഈ അപേക്ഷകള്‍ അന്തിമ വിധി കാത്ത് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് ഇരിപ്പു തുടങ്ങിയിട്ട്.
അപേക്ഷ തളളണോ കൊളളണോ എന്ന് തീരുമാനിക്കാന്‍ എത്ര സമയം വേണം? ഈ പത്ത് അപേക്ഷകരും കുഴപ്പക്കാരും റിയല്‍ എസ്റ്റേറ്റ് മാഫിയയുമാണെന്ന് വ്യക്തമായ ഉറപ്പുണ്ടെങ്കില്‍ പരിഗണിക്കാനാവില്ലെന്ന് തീരുമാനമെഴുതി ഫയല്‍ ക്ലോസ് ചെയ്യുകയല്ലേ ചെയ്യേണ്ടത്?
നടപടിയൊന്നുമില്ലാതെ അകാരണമായി ഒരു ഫയല്‍ തടഞ്ഞു വെയ്ക്കുന്നതിന് കാരണം സ്ഥാപിത താല്‍പര്യമാണെന്ന് അത്യാവശ്യം ബോധമുളളവര്‍ക്കൊക്കെ അറിയാം. സെസ് അപേക്ഷ നിരസിക്കുകയോ ശിപാര്‍ശ ചെയ്യുകയോ ചെയ്യാതെ അപേക്ഷകരില്‍ അക്ഷമ വളര്‍ത്തി അവരെ സ്വയം പിന്മാറാന്‍ പ്രേരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ലക്ഷ്യമെന്ന് വ്യക്തം.
വിവരാവകാശ നിയമപ്രകാരം അപേക്ഷ നിരസിക്കാനുളള കാരണമറിഞ്ഞ് നീതിനിഷേധത്തിനെതിരെ കോടതിയില്‍ പോകാനൊന്നും കോര്‍പറേറ്റുകള്‍ക്ക് നേരമുണ്ടാകില്ല. നിക്ഷേപത്തിന് മുതലിറക്കാന്‍ തയ്യാറുളളവരെ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിമാരുടെ വേറൊരു നിര കാത്തു നില്‍ക്കുന്നുണ്ട്.
അടുത്ത പേജില്‍












Click it and Unblock the Notifications