സ്വകാര്യമേഖലയോട് ഇനിയും പുച്ഛമോ?
ശിഖണ്ഡികളുടെ പ്രതിവിപ്ലവം - 3
സര്‍ക്കാരിന് വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടു പോകുന്നതിനും ഉണ്ടാകുന്ന ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് വികസനത്തിന് സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം നല്‍കുന്നത്. പൊതുമേഖലയ്ക്ക് അടിസ്ഥാന സൗകര്യവികസനത്തിനും തൊഴില്‍ സൃഷ്ടിക്കുന്നതിനും പരിമിതിയുണ്ട്. അത് സുവ്യക്തമായി തിരിച്ചറിയപ്പെട്ടിട്ടുമുണ്ട്.
പ്രധാന ഉദ്യോഗസ്ഥരടങ്ങിയ ബോര്‍ഡ് ഓഫ് അപ്രൂവല്‍ എന്ന സമിതിയ്ക്ക് രൂപം നല്‍കി, കര്‍ശനമായ വ്യവസ്ഥകളോടെ സെസ് അനുവദിക്കാനുളള തീരുമാനം ഇന്ത്യാ ഗവണ്മെന്റ് എടുത്തിട്ട് രണ്ടു വര്‍ഷം കഴിയുന്നു. രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി, തനിക്കു കിട്ടുന്ന സെസ് അപേക്ഷ കേന്ദ്രത്തിന് സമര്‍പ്പിക്കാതെ കഴിഞ്ഞ ഒരു വര്‍ഷമായി പൂഴ്ത്തി വെയ്ക്കുന്നു. സര്‍ക്കാരില്‍ അംഗമായ വേറൊരു പാര്‍ട്ടി സെസ് ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് തീരുമാനിക്കുന്നു. ഇവരൊക്കെ ചേര്‍ന്നാണ് പോലും കേരളത്തെ വികസനത്തിന്റെ കുംഭനിലാവില്‍ കുളിപ്പിക്കാന്‍ പോകുന്നത്.
ഐടി സ്ഥാപനങ്ങളിലെ തൊഴില്‍ സ്വപ്നം കണ്ട് വന്‍തുക ഫീസ് മുടക്കി പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് എന്തു ബാധ്യതയാണാവോ ഭരിക്കുന്നവര്‍ക്കുളളത്? ആരെ വിശ്വസിച്ചാണ് അവര്‍ വളരേണ്ടതും പഠിക്കേണ്ടതും? ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും എതിര്‍ത്തതിന്റെ ചീത്തപ്പേര് ഇന്നും അലങ്കാരമായി കൊണ്ടു നടക്കുന്നവരെ നോക്കി കാലം ചിരിക്കുന്നത് അവരറിയുന്നില്ല.
കമ്പ്യൂട്ടര്‍ നിര്‍മ്മാണ മേഖലയിലേയ്ക്ക് കടക്കാന്‍ തുനിഞ്ഞ കെല്‍ട്രോണിന് അതിനനുവാദം നല്‍കാതിരുന്ന അക്കാലത്തെ വ്യവസായ മന്ത്രി ഇന്ന് സിപിഎമ്മിന് പുറത്താണ്. സിപിഎം രാഷ്ട്രീയം സൂക്ഷ്മമായി പഠിച്ചാല്‍ അച്യുതാനന്ദനും വരുന്നത് ആ ഗതിയായിരിക്കുമെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. കാലത്തിനു പുറംതിരിഞ്ഞു നില്‍ക്കുന്നവരോട് കാലം തന്നെ കണക്കു ചോദിക്കും.
ജനസംഖ്യയ്ക്ക് ആനുപാതികമായി ഉയരുന്നതല്ല, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍. രാഷ്ട്രീയ സ്വാധീനമില്ലാത്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ തൊഴിലില്ല. സ്വയംഭരണം പ്രഖ്യാപിച്ചിരിക്കുന്ന സര്‍വകലാശാലകള്‍ പോലുളള സ്ഥാപനങ്ങളില്‍ പരീക്ഷയും ഇന്റര്‍വ്യൂവും വെറും പ്രഹസനം. പാര്‍ട്ടി ചീട്ടില്ലാത്തവന് അവിടെയും തൊഴിലില്ല.
ഭാവി തലമുറയ്ക്ക് സ്വകാര്യമേഖലയാണ് ആശ്രയം. കര്‍ണാടകയും ആന്ധ്രയും തമിഴ്‍നാടും പോലുളള സംസ്ഥാനങ്ങള്‍ അവരുടെ സഹായത്തോടെ അതിദ്രുതം വികസനത്തിന്റെ പുതിയ മേഖലകള്‍ തേടുന്നു. അതുപോലൊന്നുമായില്ലെങ്കിലും നിലവിലുളള സ്ഥിതിയില്‍ നിന്ന് എന്തെങ്കിലും മാറ്റം കേരളത്തിലും ഉണ്ടാകണം. ചുമതലപ്പെട്ടവരുടെ ചിന്തയും പ്രവൃത്തിയും ഈ പോക്കു പോയാല്‍ അത്തരം ആഗ്രഹങ്ങള്‍ വ്യാമോഹങ്ങളായി അവശേഷിക്കുകയേ ഉളളൂ.
പതിറ്റാണ്ടുകള് നീണ്ട ഇടതുഭരണത്തിന്റെ ബാക്കി പത്രമെന്ത് എന്ന ചോദ്യം ഉറക്കത്തിന്റെ ആഴങ്ങളില്‍ നിന്നുപോലും ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് ബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യ വഴി മാറി ചിന്തിക്കാന്‍ തീരുമാനിച്ചിരിക്കുക. ജ്യോതിബാസുവിന്റെ നീണ്ട ഭരണകാലത്തിനുളളില്‍ അദ്ദേഹത്തിന്റെ മകന്‍ ചന്ദന്‍ ബസു വളര്‍ന്നതിന്റെ ഒരു ശതമാനം പോലും സാധാരണ ബംഗാളി വളര്‍ന്നില്ല. മുപ്പത്തിയഞ്ചു വര്‍ഷം പിന്നിട്ട ഇടതുഭരണ പരമ്പരയുടെ ബാക്കി പത്രം ചോദിച്ചാല്‍ ബംഗാളിലെ ഗ്രാമങ്ങളും നഗരങ്ങളും വിളറിയ ചിരി ചിരിക്കും.
ചന്ദന്‍ ബസുവിന് വ്യവസായ സാമ്രാജ്യം വിപുലപ്പെടുത്താന്‍ പിതാവിന്റെ പ്രത്യയശാസ്ത്ര ശാഠ്യമൊന്നും തടസമായതേയില്ല. സ്വാശ്രയകോളെജില്‍ പഠിക്കാനും മുപ്പതാം വയസില്‍ ജോലി ലഭിക്കാനും വിഎസിന്റെ മകന്‍ അരുണ്‍കുമാറിനോ, എസ്എസ്എല്‍സി കഷ്ടിച്ചാണ് പാസായതെങ്കിലും രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ട് പോലൊരു സ്ഥാപനത്തില്‍ സെക്കന്റ് ഗ്രേഡ് സയന്റിസ്റ്റായി ജോലി ലഭിക്കാന്‍ അദ്ദേഹത്തിന്റെ മകള്‍ ആശയ്ക്കോ പിതാവിന്റെ കമ്മ്യൂണിസം തടസമായില്ല.
പരീക്ഷകള്‍ കഷ്ടിച്ചു പാസാകുന്ന ഒരു സാധാരണക്കാരനു മുന്നില്‍ രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാതിലുകള്‍ അടഞ്ഞേ കിടക്കും. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജില്‍ നിന്നും എംസിഎ പാസാകുന്ന സാധാരണക്കാരന് മുപ്പതാം വയസില്‍ കയര്‍ഫെഡിന്റെ എംഡിയാകാന്‍ കഴിയില്ല.
ഒറക്കിള്‍ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ മകള്‍ വീണ ജോലിക്കു പോകുന്നതോ, മകന്‍ വിവേക് കിരണ്‍ ബര്‍മ്മിംഗ്‍ഹാമില്‍ പഠിക്കാന്‍ പോകുന്നതോ തടയാന്‍ പിണറായി വിജയന്റെ പ്രത്യയശാസ്ത്രക്കരുത്തിനും കഴിഞ്ഞില്ല. സ്വന്തം മക്കളുടെ ഭാവി സുഭദ്രമാക്കിയ നേതാക്കള്‍ സാധാരണക്കാരനു വേണ്ടി ചെയ്യുന്നതെന്ത് എന്ന ചോദ്യം എളുപ്പം അവഗണിച്ചു തള്ളേണ്ടതല്ല. സൈദ്ധാന്തിക ദുശാസനന്മാര്‍ എത്രയൊക്കെ പുച്ഛിക്കാന്‍ ശ്രമിച്ചാലും ആ ചോദ്യം ഉറക്കെയുറക്കെ ചോദിക്കേണ്ടത് വളരുന്ന തലമുറയാണ്.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും കഴിവും പ്രാപ്തിയുമുളള വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ക്ക് അവരാഗ്രഹിക്കുന്ന ജോലിയും ശമ്പളവും കേരളത്തില്‍ ലഭിക്കുന്നില്ലെന്നത് നമ്മുടെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെ അലട്ടുന്ന ചിന്തയല്ല. ചെന്നൈയിലും ബാംഗ്ലൂരിലും മലയാളി നല്‍കുന്ന പ്രൊഫഷണല്‍ ടാക്സിന്റെ വലിപ്പവും അവര്‍ക്ക് പ്രശ്നമേയല്ല.
ഒരു ബിരുദ സര്‍ട്ടിഫിക്കറ്റുമായി അന്യസംസ്ഥാനങ്ങളിലെ അവസരങ്ങള്‍ തേടി യാത്രയാകുന്നവരുടെ ദൈനംദിന ചെലവിന്റെ വലിപ്പവും നമ്മുടെ നേതൃത്വങ്ങളെ അമ്പരപ്പിക്കുന്നില്ല. അതിലൊരു ഭാഗമെങ്കിലും നാട്ടിലെത്തിക്കാനെന്തു വഴി എന്ന തരത്തില്‍ ആലോചനകള്‍ പിറക്കുന്നില്ല.
45 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ 2008 ജൂണില്‍ അനുമതി നല്‍കിയത്. 6244 ഹെക്ടര്‍ പ്രദേശത്ത് അവര്‍ പ്രതീക്ഷിക്കുന്ന നിക്ഷേപം 24,000 കോടി രൂപയുടേത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്ന തൊഴിലവസരങ്ങള്‍ 10 ലക്ഷവും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ എട്ടെണ്ണത്തിനു മാത്രമേ അനുമതി നല്‍കിയിട്ടുളളൂ.
കേരളത്തിലെ ഇടതു സൈദ്ധാന്തികര്‍ പുച്ഛിച്ചു തളളുന്ന ഈ പ്രത്യേക സാമ്പത്തിക മേഖലകളിലും പണിയെടുക്കാന്‍ വരുന്നതില്‍ ഇരുപതു ശതമാനമെങ്കിലും മലയാളികളായിരിക്കുമെന്നുറപ്പ്. ചെന്നൈയിലും ഹൈദരാബാദിലും അതു തന്നെയായിരിക്കും അവസ്ഥ. കേരളത്തിലോ..
ഇന്ത്യയിലെ ഏറ്റവും വേഗതയുളള ഇന്റര്‍നെറ്റ് ഗേറ്റ്വേയാണ് കൊച്ചി. സാധാരണ നിലയില്‍ ഈ ഒറ്റക്കാര്യം കൊണ്ടു തന്നെ വന്‍കമ്പനികളുടെ സാന്നിധ്യം കൊച്ചിയില്‍ ഉണ്ടാകേണ്ടതാണ്. അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കുന്ന കൊച്ചിയുടെ പ്രത്യേകത വന്‍വികസനത്തിന് വഴിയൊരുക്കുമെന്നായിരുന്നു പ്രവചനവും.
എന്നാല്‍ സംഭവിച്ചതോ? പ്രവചനത്തിനോ പ്രതീക്ഷയ്ക്കോ ചേര്‍ന്ന വിധത്തില്‍ വന്‍ കമ്പനികളൊന്നും കൊച്ചിയിലെത്തിയില്ല. അവരൊക്കെ മറ്റു സംസ്ഥാനങ്ങളില്‍ ചേക്കേറി. പതിനായിരക്കണക്കിന് തൊഴിലവസരങ്ങളുമായി കമ്പനികള്‍ ചെന്നൈയിലും ബാംഗ്ലൂരിലും പ്രവര്‍ത്തിക്കുമ്പോള്‍ കൊച്ചി കൊതുകിനെയാട്ടി കാലം കഴിക്കുന്നു.
ആ കൊച്ചിയ്ക്ക് ലഭിച്ച ശാപമോക്ഷമായിരുന്നു സ്മാര്‍ട്ട് സിറ്റി. ദീര്‍ഘവീക്ഷണമില്ലാത്ത രാഷ്ട്രീയ രാക്ഷസന്മാരെ സ്വന്തം വ്യവസ്ഥകളുടെ കുടുക്കില്‍ കുരുക്കാന്‍ ആദ്യഘട്ടത്തില്‍ ടീകോമിന് കഴിഞ്ഞിരുന്നു. വിലപേശലിന്റെ സാധ്യതകളത്രയും അവഗണിച്ച് ടീകോമുകാരന്‍ പറഞ്ഞതെല്ലാം അപ്പാടെ വിശ്വസിച്ച് ഉമ്മന്‍ചാണ്ടി അവര്‍ വിരല് ചൂണ്ടുന്നിടത്ത് ഒപ്പിടാന്‍ മുതിര്‍ന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കേരളത്തിന്റെയാകെ ശബ്ദമായിരുന്നു. എന്നാല്‍ അന്ന് അച്യുതാനന്ദന് ഭരണത്തിന്റെ പ്രഭാവലയത്തിനു പുറത്തായിരുന്നു.
വന്‍കോലാഹലമുണ്ടാക്കി, വ്യവസ്ഥകള്‍ പലതും തിരുത്തിയെന്ന പ്രചണ്ഡമായ പ്രചരണഘോഷങ്ങളോടെയാണ് സ്മാര്‍ട്ട് സിറ്റി കരാറില്‍ വിഎസ് ഒപ്പിട്ടത്. എന്നാല്‍ അതുവരെ കണ്ടതിനും അപ്പുറമായിരുന്നു ടീകോമുകാരന്റെ പ്രൊഫഷണല്‍ മികവ്. എറണാകുളത്ത് തങ്ങളല്ലാതെ വേറെ ഐടി വ്യവസായം വേണ്ടെന്ന അവരുടെ ഉളളിലിരിപ്പ് യാഥാര്‍ത്ഥ്യമാകുന്നതിന്റെ ദൃശ്യ സൗന്ദര്യമാണ് ഇടവിടാതെ തുടരുന്ന വിവാദപ്പൂരത്തില്‍ തെളിയുന്നത്.
ഒരു ബഹുരാഷ്ട്രക്കുത്തകയുടെ സ്ഥാപിത ലക്ഷ്യം സാക്ഷാത്കരിക്കാനും കാറല്‍ മാര്‍ക്സിന്റെ വേദപുസ്തകത്തിലെ അധ്യായങ്ങള്‍ ആയുധമാകുന്ന കാഴ്ച കണ്ട്, വിപ്ലവ കേരളമേ മതിയാവോളം ചിരിക്കുക.
ബ്ലൂസ്റ്റാര്‍ റിയാല്‍റ്റേഴ്സ് ഉള്‍പ്പെട്ട എച്ച്എംടി വിവാദത്തിന്റെ നാള്‍ വഴികള്‍ മറന്നില്ലെങ്കില്‍ ചുരുക്കി ഇങ്ങനെ ഓര്‍ക്കുക.
2007 ഫെബ്രുവരി 10നാണ് മുഖ്യമന്ത്രിയും ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് പ്രതിനിധികള്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് ചര്‍ച്ച നടത്തിയത്. ഭൂമിയുടെ പോക്കുവരവ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് അവര്‍ നല്‍കിയ കത്ത് 2007 മെയ് മൂന്നിന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ് വ്യവസായ വകുപ്പിന് കൈമാറി. 2008 ജനുവരി 30ലെ മന്ത്രിസഭാ യോഗം കഴിഞ്ഞുളള വാര്‍ത്താ സമ്മേളനത്തില്‍, ബ്ലൂസ്റ്റാറുകാരുടെ സ്ഥാപിത താല്‍പര്യം പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ മുഖ്യമന്ത്രി അകമഴിഞ്ഞ് അഭിനന്ദിച്ചു.
2004ല്‍ വില്‍ക്കാന്‍ ശ്രമം തുടങ്ങി, 2006ല്‍ വില്‍പന നടന്ന് 2007ല്‍ സ്റ്റാമ്പ് ഡ്യൂട്ടിയടച്ച് രജിസ്ട്രേഷന്‍ നടത്തിയ ഇടപാടില്‍ വ്യവസായ മന്ത്രി എളമരം കരീം വില്ലനായത് 2008 ജനുവരിയില്‍.
അപ്പോഴേയ്ക്കും അദ്ദേഹം പെരുങ്കളളനും ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് ഭീകരമാഫിയയും ആയിക്കഴിഞ്ഞിരുന്നു.
അതേ തിരക്കഥ തന്നെയാണ് സെസിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള സെക്രട്ടറി തല സമിതി ചര്‍ച്ചയും വാഗ്വാദവും നടത്തി ശിപാര്‍ശ ചെയ്ത സെസ് അപേക്ഷകളുടെ കാര്യത്തില്‍ ഒരു വര്‍ഷത്തിനു ശേഷം, അതേ എളമരം കരീം വില്ലന്‍ വേഷത്തില്‍. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ മന്ത്രിസഭയിലെ പ്രതിനിധിയെന്ന പഴയ കുറ്റം തന്നെ ഇവിടെയും. ഇവനെ ക്രൂശിക്കുക എന്നാക്രോശിച്ച് ഇടവും വലവും ഇളകിത്തുളളുന്നവരും പഴയ ടീം അംഗങ്ങള്‍.
സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ ഒരു സംഘം മാധ്യമങ്ങളുടെയും ആരാധകരുടെയും സഹായത്തോടെ കളളന്മാരും പോഴന്മാരും മാഫിയാത്തലവന്മാരുമാക്കും വിധം വിവാദങ്ങള്‍ സംവിധാനം ചെയ്യുന്ന ഒരു മുഖ്യമന്ത്രിയെ നിഷ്കരുണം വിചാരണ ചെയ്യാന്‍ അദ്ദേഹത്തിന്റെ ഭൂതകാല വിപ്ലവപാരമ്പര്യമോ, പ്രായമോ തടസമായിക്കൂടാ. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ പഴയ മിടുക്കന്റെ നിഷ്ഠുരമായ നിഷ്കളങ്കതയെ മാതൃകയാക്കുക. എന്നിട്ട് ചോദിക്കുക.
എത്രകാലം ഈ പോക്കുപോകും? പൊയ്ക്കോലങ്ങളെ എത്രകാലം തങ്കവിഗ്രഹങ്ങളായി തെറ്റിദ്ധരിക്കും? കാക്കപ്പൊന്നിന്റെ തിളക്കം എത്രകാലം നീളും? വെട്ടുപോത്തുകള്‍ക്ക് വേദം തെരിയുമെന്ന് എത്രകാലം വ്യാമോഹിക്കും?
അതോ, ഒരു ജനതയ്ക്ക് അവരര്‍ഹിക്കുന്ന ഭരണാധികാരിയെ മാത്രമേ കിട്ടൂ എന്ന പഴമൊഴി ഏറ്റവും ക്രൂരമായി കേരളത്തെ വേട്ടയാടുകയാണോ? ഉത്തരം പറയേണ്ടത് സിപിഎമ്മാണ്.
മുന്‍ പേജുകളില്‍












Click it and Unblock the Notifications