വേദനയോടെ ടിബറ്റിനെ അവഗണിക്കാം!!!

മനുഷ്യ സ്വാതന്ത്ര്യവും രാജ്യരക്ഷയും തമ്മിലുളള അകലം ഒളിമ്പിക്സ് താരങ്ങള്‍ക്ക് ഓടിയെത്താവുന്നതിലും അപ്പുറമാണെന്ന് ഒരിക്കല്‍കൂടി നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ടിബറ്റ്. ചോരക്കറ പുരണ്ട കൈകള്‍ കൊണ്ട് ജോര്‍ജ് ബുഷ് മനുഷ്യാവകാശങ്ങളുടെ കൊടി പിടിക്കുന്ന ഈ കാലത്തും ആ ദൂരം ഒരു ദൂരം തന്നെയാണ്.

ടിബറ്റിന് സ്വാതന്ത്ര്യം വേണമെന്ന ആര്‍പ്പുവിളിയെ എതിര്‍ക്കുന്നത് ലോകത്തില്‍ ഏറ്റവും ജനസംഖ്യയുളള രാജ്യമാണ്. ശക്തന്‍ ഇവിടെ ജയിക്കും. ടിബറ്റിന്റെ സര്‍വസ്വാതന്ത്ര്യം എന്ന മോഹം സ്വപ്നമായി തന്നെ തുടരും.

ടിബറ്റിന്റെ കാര്യത്തില്‍ അമേരിക്ക പറയുന്നതാണോ ചൈന പറയുന്നതാണോ ശരിയെന്ന ചോദ്യം മറ്റൊരു മറുചോദ്യത്തെ മാറ്റിവെച്ച് നമുക്കാലോചിക്കാം. കേട്ടില്ലെന്ന് നടിക്കേണ്ട ആ ചോദ്യം ടിബറ്റിന്റെ കാര്യത്തില്‍ ടിബറ്റുകാര്‍ എന്തു പറയുന്നുവെന്നതാണ്.

ശരി ആപേക്ഷികമാണെന്നോര്‍ക്കുക. മനുഷ്യാവകാശങ്ങളെക്കുറിച്ചുളള ചാരുകസേര ന്യായങ്ങള്‍ മാറ്റിവെച്ചേ പറ്റൂ. രാജ്യരക്ഷയെക്കുറിക്കുന്ന സൈനിക ശരിയാണ് ഇവിടെ ശരിയെന്ന വാക്കു കൊണ്ട് ഉദ്ദേശിച്ചത്. അത് ഓരോ രാജ്യത്തിനും ഓരോന്നാണ്. അക്കാര്യത്തില്‍ ഇന്ത്യയുടെ ശരിയല്ല, പാകിസ്താന്റെ ശരി. ഇതു രണ്ടുമാകില്ല, ചൈനയുടേത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അമേരിക്കയുടേത്.

ടിബറ്റിന്റെ കാര്യത്തില്‍ അമേരിക്ക ആദ്യം അഭിപ്രായം പറഞ്ഞത് 1949ലാണ്. ഒരു പത്രക്കുറിപ്പില്‍ അവര്‍ ഇങ്ങനെ പറഞ്ഞു, ടിബറ്റിന്റെ സ്വാതന്ത്ര്യവും പരമാധികാരവും അമേരിക്ക അംഗീകരിക്കുന്നു. അന്ന് ചൈനയെ അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായില്ലെന്നും നാം ഓര്‍ക്കണം.

ചരിത്രം വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യയില്‍, ചൈനയില്‍ അങ്ങനെ എത്രയോ രാഷ്ട്രങ്ങളില്‍ കച്ചവടത്തിനു പോയി അവിടുത്തെ അധികാരം വെട്ടിപ്പിടിച്ച പാരമ്പര്യമുളളവരാണ് ഇന്ന് മനുഷ്യാവകാശങ്ങളുടെ പേരില്‍ കുരയ്ക്കുന്നതെന്ന്. കച്ചവടത്തില്‍ ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യ കണ്ട ലക്ഷ്യമല്ല, അതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയുമായി കച്ചവടം നടത്തിയിരുന്ന ചീനക്കാര്‍ക്കുണ്ടായതെന്നും ഓര്‍ത്തു തന്നെ വെയ്ക്കണം.

ചൈനയിലെ വന്മതില്‍ പോലൊരു ലോകാത്ഭുതം സൃഷ്ടിക്കാനുളള കരുത്തുണ്ടായിരുന്ന മിങ് രാജവംശത്തിന്റെ കാലത്തേ ഉണ്ടായിരുന്നു ആ കച്ചവട ബന്ധം. അത് മാന്യമായിരുന്നു. നെറിവുളളതും. ഇന്ത്യയെ ആക്രമിക്കാനും കീഴടക്കാനും നിഷ്പ്രയാസം കഴിയുമായിരുന്നിട്ടും അവരന്നത് ചെയ്തില്ല.

അപ്പുറത്തോ. കച്ചവടത്തിനെത്തി രാജ്യങ്ങളുടെ കാര്യക്കാരായി കൊടും ക്രൂരതയും മനുഷ്യാവകാശ ധ്വംസനങ്ങളും കവര്‍ച്ചയും കൊലപാതകവും യഥേഷ്ടം നടത്തിയവരാണ് അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും. അവര്‍ പഴയതൊക്കെ മറന്ന് ഇന്ന് സ്വാതന്ത്ര്യത്തെക്കുറിച്ച് പാടുമ്പോള്‍
ചരിത്രബോധമുളളവര്‍ക്ക് അതിലെ അപസ്വരം തിരിച്ചറിയാതെ വയ്യ.

ടിബറ്റില്‍ സ്വന്തം താവളം സൃഷ്ടിച്ചാല്‍, ഹിമാലയത്തിന്റെ മുകളിലിരുന്ന് ലോകജനസംഖ്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ടു രാജ്യങ്ങളെ തങ്ങളുടെ തോക്കിന്‍ കീഴിലാക്കാമെന്ന് അമേരിക്ക മോഹിക്കുന്നുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും മാത്രമല്ല, ടിബറ്റില്‍ തന്ത്രപ്രധാന്യം, അതേ അളവില്‍ അമേരിക്കയ്ക്കുമുണ്ട്.

ടിബറ്റ് തങ്ങളുടെ കീഴില്‍ തന്നെ വേണമെന്ന് ചൈന ആഗ്രഹിക്കുന്നതിന്റെ കാരണം തന്ത്രപരമായ ആ പ്രാധാന്യമാണ്. അതാണ് അവരുടെ ശരി. 1911ല്‍ ടിബറ്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോ 1949ല്‍ അമേരിക്ക അതിന്റെ പരമാധികാരം പത്രക്കുറിപ്പായി പുറത്തിറക്കിയതോ ഒന്നും ചൈനയ്ക്ക് വിഷയമല്ല.

ടിബറ്റിന്റെ സ്വാതന്ത്ര്യമെന്നാല്‍ തങ്ങളുടെ തലയ്ക്കു മീതെ ഒരു വാള്‍ കെട്ടിത്തൂക്കുക എന്നതാണ് അര്‍ത്ഥമെന്ന് അവര്‍ തിരിച്ചറിയുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ഏതു രാജ്യവും ചെയ്യുന്നതിനപ്പുറമൊന്നും ചൈന ചെയ്യുന്നില്ല. ടിബറ്റുകാരോട് സഹതപിക്കാം.

1950ല്‍ സായുധരായ അമേരിക്കന്‍ പട്ടാളം കല്‍ക്കട്ട വഴി ടിബറ്റിലെത്താന്‍ ശ്രമിച്ചിരുന്നു. ടിബറ്റില്‍ ചൈന നടത്തിയത് അധിനിവേശമാണെന്ന് അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഡീന്‍ അചെന്‍സെന്‍ വിധിയെഴുതുകയും ഐക്യരാഷ്ട്ര സഭയില്‍ ചില സഖ്യരാജ്യങ്ങളെ കൂട്ടുപിടിച്ച് ചൈനയ്ക്കെതിരെ പ്രമേയം കൊണ്ടുവരികയും ചെയ്തു. പക്ഷേ വിജയിച്ചില്ല.

ജനകീയ ചൈനയെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കാന്‍ വിസമ്മതിച്ച അമേരിക്കക്ക് ചിയാംഗ് കൈഷക്കിന്റെ റിപ്പബ്ലിക് ഓഫ് ചൈനയോടായിരുന്നു പഥ്യം. മെയിന്‍ലാന്റ് ചൈന കമ്മ്യൂണിസ്റ്റുകാര്‍ ആക്രമിച്ച് കീഴടക്കിയതോടെ അവിടം യുഎസ് പട്ടാളത്തിന് ഉപേക്ഷിച്ചു പോരേണ്ടി വന്ന ജാള്യവും ചരിത്രത്തിലുണ്ട്. കൊറിയ യുദ്ധകാലത്തും അമേരിക്കയുടെയും ചൈനയുടെയും പട്ടാളം ഏറ്റുമുട്ടിയിട്ടുണ്ട്. അമേരിക്കയുടെ യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ ചെറുത്തു നില്‍പ്പായി ഈ ഏറ്റുമുട്ടല്‍ വിലയിരുത്തപ്പെടുന്നു. ഇരുഭാഗത്തും സംഭവിച്ച ആള്‍നാശത്തിന് ഇന്നും കണക്കില്ല.

ചൈനയെ വിഭജിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു, ഇപ്പോഴത്തെ ബുഷിന്റെ അപ്പന്‍ ബുഷ്. ചൈനയുടെ തീരപ്രദേശങ്ങള്‍, ടിബറ്റ്, സിന്നിയാംഗ്, മംഗോളിയ, എന്നിവ ചേര്‍ത്ത് വേറൊരു രാജ്യം ഉണ്ടാക്കണമെന്നാണ് ടിയാന്‍ കല്‍പ്പിച്ചു കളഞ്ഞത്. ചൈനയോട് അമേരിക്കയ്ക്ക് പകയുണ്ട്. ചൈനയെ അമേരിക്കയ്ക്ക് ഭയവുമാണ്.

കമ്മ്യൂണിസ്റ്റ് ചൈനയുടെ ആരംഭകാലം മുതല്‍ ആ രാജ്യത്തോട് പക വെച്ചു പുലര്‍ത്തുന്ന, ചരിത്രത്തിന്റെ പലഘട്ടങ്ങളിലും ചൈനയോട് മുഖാമുഖം ഏറ്റുമുട്ടി ഒരിക്കലും വിജയിക്കാന്‍ കഴിയാത്ത അമേരിക്ക, ഒരിക്കല്‍ കൂടി ശ്രമിക്കുകയാണ്. ടിബറ്റിനെ മുന്‍നിര്‍ത്തി ചൈനയുടെ പരാജയം സാധ്യമാക്കാന്‍.

പിടിച്ചു നിര്‍ത്താനാവാത്ത ശക്തിയായി വളര്‍ന്നു വരുന്ന ചൈനയ്ക്കു മീതെ ഒരു സ്വാധീനം വേണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്ന ശരി. ആ വലിയ ഭീഷണി വിലയ്ക്കു വാങ്ങാന്‍ തയ്യാറല്ലെന്ന നിലപാടാണ് ചൈനയുടെ ശരി. ഒന്നു മനുഷ്യാവകാശങ്ങളുടെ മറയണിഞ്ഞ സാമ്രാജ്യ മോഹം. മറ്റൊന്ന് രാജ്യതാല്‍പര്യം. അഞ്ജു ബോബി ജോര്‍ജിന് ചാടിക്കടക്കാനാവുമോ ഇവയ്ക്കിടയിലെ ദൂരം? പി റ്റി ഉഷയ്ക്ക് ഓടിത്തീര്‍ക്കാനും? ഇന്ത്യയെവിടെ നില്‍ക്കും? പ്രകാശ് കാരാട്ട് വിരല്‍ ചൂണ്ടുന്നിടത്തോ, എല്‍ കെ അദ്വാനി മിഴിയെറിയുന്നിടത്തോ?

അമേരിക്കയുമായി ചൈന വ്യാപാര ബന്ധം സൂക്ഷിക്കുമ്പോള്‍‍ തന്നെ, രാഷ്ട്രീയമായി ഇരുരാജ്യങ്ങളിലും കടുത്ത ഭിന്നതയിലാണ്. ശതകോടികള്‍ വരുന്ന ജനസംഖ്യയുടെ ഭീമമായ വിപണിയാണ് തങ്ങളുടെ സമ്പത്തെന്ന് തിരിച്ചറിഞ്ഞ് ചൈന കൃത്യമായ കണക്കുകൂട്ടലോടെ ആഗോളീകരണത്തെ ആശ്ലേഷിക്കുന്നു. തങ്ങളുടെ രാഷ്ട്രീയാധികാരങ്ങള്‍ക്ക് ഒരു പോറലുപോലുമേല്‍ക്കാതെ അമേരിക്കയിലെ കച്ചവട ഭീമന്മാരെ അവര്‍ ഭംഗിയായി ഉപയോഗിക്കുന്നു.

ലോകത്തെ ഏതു രാജ്യത്തെയും അസ്ഥിരപ്പെടുത്തുക എന്നത് അമേരിക്കയുടെ രാഷ്ട്രീയമാണ്. ചരിത്രത്തില്‍ അതിന് എത്രയോ ഉദാഹരണങ്ങള്‍. പിനോഷയും സദ്ദാമും ലാദനുമൊക്കെ ലോക രാഷ്ട്രീയത്തില്‍ അസ്ഥിത്വം നേടിയ വഴി വെട്ടിയൊരുക്കിക്കൊടുത്തത് അമേരിക്ക തന്നെയാണ്. ടിബറ്റിലെ സ്വാതന്ത്ര്യ പ്രക്ഷോഭകരുടെ പിന്നില്‍ അമേരിക്ക നിലയുറപ്പിക്കുന്നത് ഏത് ലക്ഷ്യത്തോടെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്?

ലോകം ഭരിക്കാനുളള അമേരിക്കയുടെ ക്രൂരമായ ദാഹത്തിനും ചൈനയുടെ രാജ്യസുരക്ഷയ്ക്കും ഇടയില്‍ പെട്ട് ഞെരിയുന്ന ടിബറ്റിലെ നിരപരാധികളായ ജനതയോട് നമുക്ക് സഹതപിക്കാം. ഒരിക്കലും ചൈനയില്‍ നിന്ന് അവര്‍ക്ക് മോചനം കിട്ടില്ല. ടിബറ്റിനു മേലുളള ചൈനയുടെ പരമാധികാരം
ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്ന് ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യയുടെ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് 1954ലാണ്. അത് സത്യമാണോ എന്ന് തര്‍ക്കിക്കാം.

1953ല്‍ ചൈനയുമായുണ്ടാക്കിയ സെവന്‍ പോയിന്റ് എഗ്രീമെന്റിനുളളില്‍ നിന്ന് സ്വയംഭരണ പ്രവിശ്യയായി തുടരുകയല്ലാതെ ടിബറ്റിന് പോംവഴിയൊന്നുമില്ല.

അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ രൂപപ്പെടുന്ന സ്വതന്ത്ര പരമാധികാര ടിബറ്റ് ഹിമാലയത്തില്‍ മറ്റൊരു ഡീഗോ ഗാര്‍ഷ്യയാവുക തന്നെ ചെയ്യും. തെക്കേ കടല്‍ മധ്യത്തും വടക്കേ മലമുകളിലും അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികത്താവളങ്ങളുണ്ടാവുക എന്നത് ഇന്ത്യയ്ക്ക് സുഖകരമായ അനുഭവമായിരിക്കുകയില്ല. ചൈനയ്ക്കും.

അതിനാല്‍ വേദനയോടെ, ടിബറ്റിലെ ജനതയുടെ സ്വാതന്ത്ര്യമോഹത്തെ കണ്ടില്ലെന്ന് നടിക്കുകയേ ഇന്ത്യയ്ക്ക് നിര്‍വാഹമുളളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+