രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍!!!
അവനവനു വേണ്ടിയല്ലാതെ 
അപരന്നു ചുടുരക്തമൂറ്റി
കുലം വിട്ടു പോയവന്‍
രക്തസാക്ഷി.........
ഹേമന്ത് കാര്‍ക്കറെ, വിജയ് സലാസ്കര്‍, അശോക് കാംതെ ഇപ്പോള്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും കമാന്‍ഡോ ഗജേന്ദര്‍ സിംഗും... സ്വന്തം ചുടുരക്തം അപരന്നു വേണ്ടി ചൊരിഞ്ഞ് ഭൂവാസം ഉപേക്ഷിച്ചു പോയവര്‍.
കവിയ്ക്ക് തെറ്റിയില്ല.. രക്തസാക്ഷിയെന്ന പ്രയോഗം ഉജ്വലപ്രഭ ചൊരിഞ്ഞ് അര്‍ത്ഥവത്താകുന്ന നാമങ്ങളാണ് ഇവ. മരണത്തിലൂടെ ജനിച്ച് ഒരു രാഷ്ട്രത്തിന്റെ സ്മരണയില്‍ രക്തതാരകങ്ങളായി ജ്വലിക്കുന്നവര്‍. ഓര്‍മ്മയുടെ അടരുകളില്‍ കണ്ണീരു പൊടിയുമ്പോഴും ഹൃദയത്തില്‍ മുഴങ്ങുന്നത് അഭിവാദ്യങ്ങളുടെ പെരുമ്പറ.
ഇന്ത്യയറിയുന്നു, നിങ്ങള്‍ മരിച്ചത് നിങ്ങളുടെ ജീവന്‍ രക്ഷിക്കാനൊരുങ്ങിയപ്പോഴല്ലെന്ന്. നിങ്ങളുടെ ചുടുരക്തം ഒഴുകിപ്പരന്നത് ഒരുപാടൊരുപാട് ജീവനുകള്‍ക്ക് രക്ഷാകവചമൊരുക്കിയപ്പോഴാണെന്ന്. സ്വൈരമായി ജീവിക്കുക എന്ന പൗരന്റെ ഏറ്റവും ചെറിയ മോഹം സംരക്ഷിക്കാനുളള പോരാട്ടത്തിലാണെന്ന്..
ഒരു മഹാരാജ്യത്തെ ജനതയ്ക്കു വേണ്ടി മരണം ഏറ്റുവാങ്ങിയപ്പോള്‍ ഞങ്ങളറിഞ്ഞു, നിങ്ങളുടെ ജീവന്റെ വില. നിങ്ങളുടെ തന്റേടത്തിന്റെ കരുത്ത്. ജീവത്യാഗത്തിനു പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ലല്ലോ.
മുപ്പത്തിയൊന്നു വയസേ ആയിട്ടുളളൂ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. പ്രണയവും പൂക്കളും ശബളമോഹങ്ങളും നിറഞ്ഞു നില്‍ക്കുന്ന പ്രായം. താജ് ഹോട്ടലിന്റെ ഇടനാഴികളിലെവിടെയോ വെടിയേറ്റു വീഴുമ്പോള്‍ സന്ദീപിന്റെ ഹൃദയം ചാരിതാര്‍ത്ഥ്യത്തോടെ തുടിച്ചിരിക്കണം.
രാജ്യത്തിനു വേണ്ടി, പൗരന്റെ സുരക്ഷയ്ക്കു വേണ്ടി നല്‍കുന്ന ഈ ബലി, ഇനിയുമൊരുപാട് ഹൃദയങ്ങളില്‍ ചങ്കൂറ്റത്തിന്റെ വെളളവും വളവുമായി ഊറിയിറങ്ങും. തീര്‍ച്ച. അനിവാര്യമായ സാഹസികതയ്ക്ക് ഇനി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്നുമുണ്ടാകും പര്യായം.
ഏകമകനെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് സന്ദീപ് ഇനി കണ്ണീരണിഞ്ഞ ഓര്‍മ്മ. പോര്‍മുഖങ്ങളിലെ സജീവസാന്നിദ്ധ്യങ്ങള്‍ക്കോ കണ്ണും കരുത്തുമാണ് ആ സ്മരണ.
കമാന്‍ഡോയുടെ ജീവിതത്തില്‍ നാളെയെന്ന വാക്കിന് പ്രസക്തിയില്ലെന്ന് കളിയായും കാര്യമായും പറഞ്ഞു, വിജയ് സലാസ്കര്‍. ഒന്നുകില്‍ കൊല്ലുക, അല്ലെങ്കില്‍ കൊല്ലപ്പെടുക. കമാന്‍ഡോയുടെ മുന്നില്‍ വേറെ വഴിയൊന്നുമില്ല.
സ്വന്തം ജീവന്‍ വേണമെങ്കില്‍ മറ്റൊരു ജീവനെടുത്തേ മതിയാകൂ. വെടിയുണ്ടകള്‍ കൊണ്ടൊരു പകിടകളി. ഓരോ ഏറ്റുമുട്ടലും അതിജീവിക്കുമ്പോള്‍, ഒരു ദിവസത്തേയ്ക്ക്, ഒരു ദിവസത്തേയ്ക്ക് മാത്രം ജീവന്‍ നീട്ടിക്കിട്ടിയെന്ന് ആശ്വസിക്കാന്‍ വിധിക്കപ്പെട്ടവര്‍.
നാളെയെന്നത് ഒരു മിഥ്യ മാത്രമാണെന്നും ജീവിച്ചിരിക്കുന്നത് ഭാഗ്യം കൊണ്ടാണെന്നും തുറന്നു പറഞ്ഞിരുന്നു, ഈ ധീരന്‍. ഒരൊറ്റത്തവണ സംഭവിക്കുന്ന നിര്‍ഭാഗ്യം മതി തന്റെ ജീവനൊടുങ്ങാന്‍ എന്ന തിരിച്ചറിവോടെ യുദ്ധമുഖത്ത് കൊളളിയാന്‍ വെട്ടമായി ജ്വലിച്ചു നിന്ന വിജയ് സലാസ്കര്‍ ഇനി കനല്‍ച്ചൂടുളള ഓര്‍മ്മ മാത്രം.
ഹേമന്ത് കാര്‍ക്കറെയെ എങ്ങനെ രാജ്യം മറക്കും. മുന്നില്‍ നിന്ന് നയിച്ച് മരണം സ്വയം വരിച്ച ഹേമന്ത്, ഒരു മഹാകല്‍പ വൃക്ഷമായി വളര്‍ന്നത് എത്ര പെട്ടെന്നാണ്! കണ്ണിനെത്താത്ത ദൂരത്തോളം ഉയര്‍ന്നു നില്‍ക്കുന്ന കര്‍മ്മ നിരതയുടെ ഒരു മഹാപര്‍വതമായി ഇന്ത്യയുടെ സേനാബലത്തില്‍ എന്നെന്നുമുണ്ടാകും, മിടുമിടുക്കനായ ഈ രാഷ്ട്രപുത്രന്റെ വീരസ്മരണ.
ഒരു മഹാരാജ്യത്തിന്റെ ഹൃദയചക്രവാളത്തില്‍ നിറഞ്ഞേ കിടക്കുന്ന അഭിമാനത്തിന്റെ മഹാസാഗരം.
ഏതുനിമിഷവും പാഞ്ഞുവരുന്ന ഒരു വെടിയുണ്ടയില്‍ തങ്ങളുടെ ജീവനൊടുങ്ങുമെന്ന കറുത്ത സത്യം നെഞ്ചിലൂക്കായി ഏറ്റുവാങ്ങി പൊരുതാനിറങ്ങിയവരുടെ ത്രസിപ്പിക്കുന്ന സ്മരണയ്ക്കു മുന്നില്‍ ഒരു പിടി കണ്ണീര്‍പ്പൂക്കള്‍. അഞ്ചു വിരലും ചേര്‍ത്തു പിടിച്ച് അഭിമാനപൂര്‍വം ഒരു സല്യൂട്ട്.
ഒഴുകിയിറങ്ങുന്ന ചുടുകണ്ണീര്‍ തുടയ്ക്കാതിരിക്കുക. സിരകളിലേയ്ക്ക് വറ്റിച്ചേരുന്ന ആ കണ്ണീരില്‍ ധീരന്മാരുടെ പ്രാണത്യാഗത്തിന്റെ ഉപ്പുരസമുണ്ട്. നമ്മുടെ ചോരയിലും കലര്‍ന്നു പടരട്ടെ ആ പ്രാണനുകളുടെ ഉപ്പ്.
* കടപ്പാട് : മുരുകന്‍ കാട്ടാക്കടയുടെ രക്തസാക്ഷി എന്ന കവിത












Click it and Unblock the Notifications