കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയുടെവിമര്‍ശനം: നേതൃമാറ്റത്തിനുള്ള കാഹളമോ?

Google Oneindia Malayalam News

Oommen Chandy-Chennithala
എ കെ ആന്റണി അഴിച്ചുവിട്ട കൊടുങ്കാറ്റില്‍ ആടിയുലയുന്ന യു ഡി എഫ് സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും കരകയറാനാകാതെ കുഴങ്ങുന്നു. ആന്റണിയുടെ വാക്ശരമേറ്റ് ചൂളിപ്പോയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമനില വീണ്ടെടുത്ത് വിശ്വസനീയമായ വിധത്തിലൊരു പ്രതികരണം നടത്താന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. 'ആന്റണിയുടെ പരാമര്‍ശം സര്‍ക്കാരിനെതിരെയല്ല' എന്ന ഉമ്മന്‍ ചാണ്ടിയുടെ ആദ്യപ്രതികരണം ജാള്യത മറയ്ക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് എല്ലാവര്‍ക്കും വ്യക്തമായിട്ടും പിന്നീട് ഇതെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ മുഖ്യമന്ത്രിക്കോ അദ്ദേഹത്തോട് അടുപ്പമുള്ള മന്ത്രിമാര്‍ക്കോ കഴിഞ്ഞിട്ടില്ല.

സംസ്ഥാന സര്‍ക്കാരിനും ഭരണനേതൃത്വത്തിനും ഇതിലും വലിയൊരു പ്രഹരമുണ്ടാകാനില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും പ്രകടനം വളരെ മോശമാണെന്ന അഭിപ്രായം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുണ്ടെന്നത് തന്നെയാണ് എ കെ ആന്റണിയുടെ വാക്കുകളില്‍ നിന്നും വെളിപ്പെട്ടിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇങ്ങനെയൊരു സംഭവമുണ്ടായതായി അറിഞ്ഞമട്ടേ കാണിച്ചിട്ടില്ലെങ്കിലും എ കെ ആന്റണിയുടെ വാക്കുകള്‍ക്ക് പിന്നിലുള്ള ഭീഷണി തിരിച്ചറിഞ്ഞിട്ടുണ്ട്.

2004ല്‍ മുഖ്യമന്ത്രിപദം രാജിവച്ച് വെറുംകയ്യോടെ ഇറങ്ങിപ്പോയ ആളല്ല ഇന്ന് എ കെ ആന്റണി. ദേശീയ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് ആന്റണിയുടെ നിലയിപ്പോള്‍. പാര്‍ട്ടി അധ്യക്ഷയുടെ വിശ്വസ്തരില്‍ വിശ്വസ്തനാണദ്ദേഹം. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഘടകകക്ഷികളെക്കുറിച്ച് തീരുമാനമെടുക്കേണ്ട സമിതിയുടെ അധ്യക്ഷന്‍ എ കെ ആന്റണിയാണ്. പ്രധാനമന്ത്രിക്ക് തൊട്ടുതാഴെയാണ് മന്ത്രിസഭയില്‍ സ്ഥാനമെങ്കിലും പാര്‍ട്ടിയില്‍ പ്രധാനമന്ത്രിയെപ്പോലെ തുല്യ പ്രാധാന്യം അദ്ദേഹത്തിനുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗികനയം രൂപീകരിക്കുന്നത് ഇപ്പോള്‍ എ കെ ആന്റണി ആശ്രയിച്ചാണെന്ന് പറയുന്നതിലും തെറ്റില്ല. ഇങ്ങനെയുള്ള ആന്റണി പറയുന്ന വാക്കുകള്‍ വെറുതെയാവില്ലെന്നും കോണ്‍ഗ്രസിന്റെ അധികാരഘടനയെക്കുറിച്ച് ബോധ്യമുള്ളവര്‍ക്കറിയാം. അതിനാലാണ് കേരളത്തിലെ ഭരണനേതൃത്വത്തിന്റെയും പാര്‍ട്ടി നേതൃത്വത്തിന്റെയും ചങ്കില്‍ തീയാളുന്നത്. ആന്റണിയുടെ വാക്കുകള്‍ വെറുതെ പറഞ്ഞതല്ലെന്നും വരാനിരിക്കുന്ന വലിയ ഭൂകമ്പങ്ങളുടെ കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പാണെന്നും അവര്‍ക്ക് വ്യക്തമാണ്. പാര്‍ട്ടിയിലും ഭരണത്തിലും നേതൃമാറ്റം ഉണ്ടാകുമെന്ന സൂചനയാണ് ആന്റണിയുടെ വാക്കുകളില്‍ നിന്നും ഇവര്‍ വായിച്ചെടുക്കുന്നത്.

ആന്റണിയുടെ കടുത്ത വാക്കുകള്‍ക്ക് പിന്നാലെ പാര്‍ട്ടിയെയും സംസ്ഥാന ഭരണത്തെയും പ്രതിരോധിച്ചും വിമര്‍ശിച്ചും കൂടുതല്‍ നേതാക്കള്‍ കക്ഷിചേര്‍ന്നതോടെ കടുത്ത ചില നടപടികള്‍ വൈകാതെയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ബഹുഭൂരിപക്ഷവും കരുതുന്നത്. ഭരണത്തിലും പാര്‍ട്ടിയിലും നേതൃമാറ്റം അനിവാര്യമാണെന്ന വ്യക്തമായ സൂചനയാണ് ആന്റണിയുടെ വാക്കുകളില്‍ കൂടി പുറത്തുവന്നിരിക്കുന്നതെന്നും അധികം വൈകാതെ ഇത് സംഭവിക്കുമെന്നുമാണ് ഉമ്മന്‍ ചാണ്ടി-രമേശ് ചെന്നിത്തല കൂട്ടുകെട്ടില്‍ അതൃപ്തിയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍.

സംസ്ഥാന ഭരണത്തിലും പാര്‍ട്ടി പ്രവര്‍ത്തന രീതിയിലും നിരവധി നേതാക്കള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവന്നതിന്റെ തുടര്‍ച്ച കൂടിയാണ് എ കെ ആന്റണിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് വി എം സുധീരനെപ്പോലെയുള്ള നേതാക്കള്‍ വളരെ മുമ്പെ തന്നെ രംഗത്തെത്തിയെങ്കിലും അധികാരം സംരക്ഷിക്കാന്‍ എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറായ മുഖ്യമന്ത്രി ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടുപോവുകയായിരുന്നു. പിന്നീട് ടി എന്‍ പ്രതാപന്‍, വി ഡി സതീശന്‍, ഹൈബി ഈഡന്‍, വി ടി ബല്‍റാം, കെ മുരളീധരന്‍ തുടങ്ങിയവര്‍ സര്‍ക്കാരിന്റെ നയങ്ങളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഇവര്‍ക്ക് ചെവികൊടുക്കാന്‍ പോലും ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ തയ്യാറായില്ല.

വയലാര്‍ രവി, പി സി ചാക്കോ തുടങ്ങിയവരും സംസ്ഥാന സര്‍ക്കാരിന്റെ പോക്കിനെതിരെ പലപ്പോഴും എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എ കെ ആന്റണിയോട് അടുപ്പമുള്ളവരും കേരളത്തിലെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ആശാസ്യകരമല്ലാത്ത പോക്കിലുള്ള അതൃപ്തി കേന്ദ്രനേതൃത്വത്തെ അതാത് സമയങ്ങളില്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതൊക്കെയാണ് ആന്റണിയുടെ വിമര്‍ശനത്തിന്റെ പിന്നാമ്പുറം. കോണ്‍ഗ്രസ് പാര്‍ട്ടിയെ നിഷ്പ്രഭമാക്കി മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും നടത്തുന്ന വിലപേശലുകളും ഭീഷണികളും ഫലപ്രദമായി നേരിടാതെ അധികാരം നിലനിര്‍ത്താന്‍ ആരുടെയും മുന്നില്‍ മുട്ടുമടക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനത്തിലുള്ള കടുത്ത അസംതൃപ്തിയാണ് വികസനത്തിലുള്ള അലംഭാവത്തിന്റെ പേരില്‍ ആന്റണിയില്‍ നിന്നുണ്ടായത്.

പാര്‍ട്ടി വേദികളില്‍ ഉന്നയിക്കേണ്ട വിഷയം എ കെ ആന്റണി പൊതുമധ്യത്തില്‍ തന്നെ എടുത്തിട്ടതും മനപ്പൂര്‍വ്വം തന്നെയാണ്. പാര്‍ട്ടിയിലും മുന്നണിയിലും വേണ്ടത്ര ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുന്നില്ലെന്ന് ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളുടെ ആവലാതി മാത്രമല്ല, വസ്തുത കൂടിയായിരുന്നു. എ കെ ആന്റണി, വയലാര്‍ രവി തുടങ്ങിയ സീനിയര്‍ നേതാക്കളെപ്പോലും സംസ്ഥാന കാര്യത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചന്നിത്തലയുടെയും കൂട്ടുകെട്ടില്‍ നടന്നത്.

വിശ്വസ്തരെയും പെട്ടിയെടുപ്പുകാരെയും മാത്രം ആശ്രയിച്ചും കൂടെക്കൂട്ടിയുമാണ് വകുപ്പ് മാറ്റമുള്‍പ്പെടെയുള്ള ഗൗരവതരമായ കാര്യങ്ങള്‍ പോലും ഉമ്മന്‍ ചാണ്ടി നടത്തിയത്. ഇത്തരം നടപടികളിലുള്ള അമര്‍ഷമാണ് തുറന്ന വിമര്‍ശനത്തിലേക്ക് എ കെ ആന്റണിയെ കൊണ്ടെത്തിച്ചതെന്ന് വ്യക്തമാണ്. കേരളത്തിലെ പാര്‍ട്ടിയും സര്‍ക്കാരും കടുത്ത നിരീക്ഷണത്തില്‍ തന്നെയാണെന്ന വ്യക്തമായ സൂചന തന്നെയാണ് കേന്ദ്രമന്ത്രി കെ വി തോമസ് ആന്റണിയുടെ വാക്കുകളെ അടിവരയിട്ടുകൊണ്ട് നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എ കെ ആന്റണിയുടെ വാക്കുകള്‍ക്ക് എതിര്‍പ്പുയര്‍ത്തുക ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ കേരളത്തിലാര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. അതിനാല്‍ ആന്റണി നടത്തിയ വിമര്‍ശനത്തിലുള്ള അതൃപ്തി കടിച്ചമര്‍ത്തുകയേ ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും നിവൃത്തിയുള്ളൂ.

English summary
The aftershocks of the political tremor triggered by Union defence minister A K Antony shook the Congress and UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X