എമര്‍ജിംഗ് കേരള ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി!

  • Posted By:
Subscribe to Oneindia Malayalam


Emerging Kerala
എമര്‍ജിംഗ് കേരളയുടെ പഴി മുഴുവന്‍ ഉമ്മന്‍ ചാണ്ടിയുടെ തലയിലായതോടെ തടിയൂരിയത് ഇതിന്റെ മുഖ്യആസൂത്രകനായ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ്. എമര്‍ജിംഗ് കേരളയുടെ പഴി തങ്ങളുടെ പേരില്‍ നിന്ന് മാറിയത് വലിയ ആശ്വാസമായി കരുതുകയാണ് മുസ്ലീം ലീഗ്. എമര്‍ജിംഗ് കേരളയുടെ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ആസൂത്രണം വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ തകൃതിയായി നടക്കുമ്പോള്‍ വിവാദങ്ങളോട് മല്ലിട്ട് സ്വന്തം പേര് ചീത്തയാക്കിക്കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി.

പ്രതിപക്ഷത്തോടൊപ്പം ഭരണപക്ഷത്തെ ചിലരും സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംശയങ്ങളും ആരോപണങ്ങളും ഉന്നയിച്ചതോടെ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി തന്നെ സംശയത്തിലായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള ആയുധമെന്ന നിലയ്ക്ക് ആരോപണങ്ങള്‍ തട്ടിവിടുകയാണ്. വിവാദങ്ങള്‍ പെരുപ്പിക്കാനുള്ള സിദ്ധി കൈമുതലായുള്ള വി എസ് അച്യുതാനന്ദനും വിഷയം ഏറ്റെടുത്തു. കേരളത്തില്‍ ഭൂമാഫിയ അതിന്റെ സര്‍വ്വ ശക്തിയും പുറത്തെടുത്ത ആറന്മുള വിമാനത്താവളത്തിന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുത്തത് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാരും സി പി എം നേതൃത്വവുമാണെന്ന വസ്തുത നിലനില്‍ക്കെ തന്നെയാണ് സി പി എമ്മിന്റെയും മറ്റ് ഇടതുകക്ഷികളുടെയും ചാരിത്ര്യപ്രസംഗം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.

എമര്‍ജിംഗ് കേരളയില്‍ പ്രധാന റോള്‍ വ്യവസായവകുപ്പിനായിട്ടുകൂടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇത് അഭിമാനപ്രശ്‌നമായി എടുത്തിരിക്കുകയാണ്. എമര്‍ജിംഗ് കേരള പദ്ധതി നടപ്പിലാക്കാന്‍ ഉമ്മന്‍ ചാണ്ടി കാണിക്കുന്ന അത്യുല്‍സാഹമാണ് സര്‍ക്കാരിന്റെ നീക്കത്തെ തന്നെ ഒട്ടാകെ സംശയത്തിലാക്കുന്നത്. കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങള്‍ എമര്‍ജിംഗ് കേരളയിലേക്ക് കൂടി വ്യാപിച്ചത് കൂടുതല്‍ ദോഷം ചെയ്്തു.

കേരളത്തില്‍ വികസനം വരണമെന്നതും വ്യാവസായിക മുന്നേറ്റം ആവശ്യമാണെന്നതിനും ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍, വരുമാനവര്‍ദ്ധനവ്, നാടിന്റെ വികസനം തുടങ്ങിയവവരുന്നത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് നാടിനോട് ചെയ്യുന്ന ദ്രോഹം തന്നെയാണ്. എന്നാല്‍ പൊതുസമ്പത്തിന്റെ ഉപയോഗം സുതാര്യമായിരിക്കണമെന്ന് മാത്രം. എല്ലാക്കാര്യത്തിലും സുതാര്യത അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ അനാവശ്യധൃതി എന്തിനോ ഉള്ള ആക്രാന്തമായി തെറ്റിദ്ധരിക്കപ്പെടുന്നതിന്റെ ഉത്തരവാദി അദ്ദേഹം തന്നെയാണ്.

സെപ്തംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 26 മേഖലകളിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നിക്ഷേപകരുടെ മുന്നില്‍ അവതരിപ്പിക്കുക. 2003ല്‍ നടന്ന ജിം ആഗോള നിക്ഷേപക സംഗമത്തിന്റെ ഗതി എമര്‍ജിംഗ് കേരളയ്ക്കുണ്ടാകരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം. വന്‍തോതിലുള്ള അടിസ്ഥാന സൗകര്യവികസനം മുതല്‍ കൃഷി വരെയുള്ള പദ്ധതികള്‍ എമര്‍ജിംഗ് കേരളയിലുണ്ട്. ടൂറിസത്തിന് മുഖ്യപരിഗണനയുണ്ട്.

കേരളത്തില്‍ അവശേഷിച്ചിരിക്കുന്ന റവന്യൂ-വനഭൂമി തട്ടിയെടുക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. തോട്ടം ഭൂമിയില്‍ അഞ്ച് ശതമാനം മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കുള്ളില്‍ ഭൂമാഫിയയുടെ താല്‍പര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സംശയങ്ങള്‍ക്ക് ദൂരീകരിക്കുകയും വ്യക്തമായ മറുപടി നല്‍കുകയും ചെയ്യേണ്ടതിന് പകരം എമര്‍ജിംഗ് കേരളയുമായി മുന്നോട്ടുപോകുമെന്ന കടുംപിടുത്തമാണ് പ്രശ്‌നം.

സാംപിട്രോഡയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് പലവട്ടം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സാംപിട്രോഡയുടെ വികസന സങ്കല്‍പ്പങ്ങള്‍ അനുസരിച്ച് കേരളത്തെ വികസിപ്പിക്കാനാകുമോ എന്ന കാര്യം കണക്കിലെടുക്കാനോ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ തകരാറാണ് എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടെ കാണുന്നത്.

കേരള പരിസ്ഥിതി ഐക്യവേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തിന്റെ സമാപനം എമര്‍ജിംഗ് കേരളയെക്കുറിച്ച് ചൂടുപിടിച്ച വാക്കുതര്‍ക്കമായിരുന്നു. നേര്‍ക്കുനേരല്ലെങ്കില്‍ കൂടി ഒരേ വേദിയില്‍ പരസ്പരമുള്ള അസാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഏറ്റുമുട്ടി. വി എസ് പ്രസംഗിച്ച് പോയതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടി സംസാരിക്കാനെത്തിയത്. വേദിയില്‍ ഹരിതരാഷ്ടീയത്തിന്റെ വക്താക്കളുമുണ്ടായിരുന്നു.

കോണ്‍ഗ്രസിനുള്ളിലെ ചേരിതിരിവും വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവരെ നിരന്തരമായി അവഗണിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടുമാണ് എമര്‍ജിംഗ് കേരളയെ ഇത്രയേറെ വിവാദത്തില്‍ അകപ്പെടുത്തിയത്. വി ഡി സതീശന്റെയും ടി എന്‍ പ്രതാപന്റെയും നേതൃത്വത്തിലുള്ള യുവതുര്‍ക്കികള്‍ ന്യായമായും ഉന്നയിച്ച സംശയങ്ങളെ തക്ക സമയത്ത് തന്നെ പരിഹരിക്കാന്‍ ശ്രമിക്കാതെ ഒഴിഞ്ഞുമാറിയത് ഉമ്മന്‍ ചാണ്ടി ചെയ്ത ആനമണ്ടത്തരമാണ്. ഭരണപക്ഷത്തുള്ളവരുടെ എതിര്‍പ്പ് മുതലെടുത്താണ് പ്രതിപക്ഷം തന്നെ എമര്‍ജിംഗ് കേരളയ്‌ക്കെതിരെ രംഗത്തെത്തിയത്.

കേരളത്തിന്റെ പൊതുസമ്പത്തും ഭൂമിയും വന്‍സ്രാവുകള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെങ്കില്‍ അതത്ര എളുപ്പമാകില്ലെന്ന് യു ഡി എഫിനുള്ളില്‍ നിന്ന് തന്നെയുള്ള എതിര്‍പ്പുകള്‍ വ്യക്തമായ സൂചന നല്‍കുന്നുണ്ട്. തോട്ടം ഭൂമി പോലെ തന്നെ കേരളത്തിലെ പ്രധാന നഗരങ്ങളിലെ കണ്ണായ ഭൂമി സ്വകാര്യസംരംഭകര്‍ക്ക് നല്‍കാനും ടൂറിസത്തിന്റെ മറവില്‍ മാഫിയകള്‍ക്ക് വിളയാടാനും അവസരമൊരുക്കാന്‍ തയ്യാറായി ഇരിക്കുന്നവര്‍ മന്ത്രിസഭയില്‍ തന്നെയുണ്ട്.

മുന്‍കാലാനുഭവങ്ങള്‍ അതാണ് വ്യക്തമാക്കിത്തരുന്നത്. വികസനം തുടങ്ങിവച്ച ഐ ടി അടക്കമുള്ള മേഖലകളുടെ വളര്‍ച്ച പാതിവഴിയില്‍ പോലുമായിട്ടില്ല. കേരളത്തിന്റെ പരിമിതികള്‍ക്ക് ഐ ടി പോലുള്ള വ്യവസായങ്ങള്‍ ഏറെക്കുറെ വലിയ പരിഹാരങ്ങള്‍ തന്നെയാണ്. ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് തോട്ടം മേഖലയടക്കമുള്ള ഭൂമിയില്‍ കൈവയ്ക്കുന്നത് ആരുടെയൊക്കെയോ നിഗൂഢ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്.

English summary
Chief minister Oommen Chandy and Opposition leader V S Achuthanandan on Monday entered into another round of war of words over the objectives and righteousness of the Emerging Kerala business meet being held in Kochi from September 12 to 14.
Please Wait while comments are loading...