അതിവേഗ റെയില്‍പ്പാത: ജനകീയസമരം റെഡി

പദ്ധതിക്കായി വന്‍തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന ആശങ്കയാണ് വിവിധ ജില്ലകളില്‍ പദ്ധതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം. പ്രാദേശിക തലങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വൈകാതെ സംസ്ഥാനതലത്തില്‍ തന്നെ സംഘടിതരൂപത്തിലെത്തും. തീവ്ര ഇടതുപക്ഷ സംഘടനകളാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള 630 കിലോമീറ്റര്‍ ദൂരം 156 മിനുട്ടുകള്‍ കൊണ്ട് ചെന്നെത്താവുന്ന രൂപത്തില്‍ ബുള്ളറ്റ് ട്രെയിനുകളാണ് നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍പാതയിലൂടെ സഞ്ചരിക്കുക.
മെട്രോ റെയില്‍ മാതൃകയില്‍ ഉയരമുള്ള തൂണുകളില്‍ സ്ഥാപിച്ച് മേല്‍പ്പാലത്തിലൂടെയായിരിക്കും അതിവേഗ റെയില്‍പാതയുടെ ഒട്ടുമുക്കാല്‍ ഭാഗവും കടന്നുപോവുക. നഗരങ്ങളില്‍ ടണലുകള്‍ നിര്‍മ്മിച്ച് നഗരത്തിരക്കിന് ഭംഗമുണ്ടാകാത്ത തരത്തിലായിരിക്കും ഇതിന്റെ നിര്‍മ്മാണമെന്നാണ് അറിയുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായി അതിവേഗം സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളില്‍ എത്തുന്നതിനാണ് ഹൈ സ്പീഡ് റെയില്‍വേ കോറിഡോര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പാത നിര്‍മിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. സംസ്ഥാന വ്യവസായ വികസന വകുപ്പ് കോര്‍പ്പറേഷനെയാണ് നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ സാധ്യതാപഠനത്തിനും നിയോഗിച്ചിട്ടുണ്ട്.
25 മീറ്റര്‍ അകലങ്ങളില്‍ ഓരോ തൂണുകള്‍ സ്ഥാപിച്ച് അതിനു മുകളില്‍ കൂടിയുള്ള പാലത്തിലൂടെയാണ് ട്രെയിനുകള്‍ സഞ്ചരിക്കുക. തിരക്കുള്ള പട്ടണങ്ങളിലും നഗരങ്ങളിലും ടണലുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വിധമുള്ള ട്രാക്കുകളാണ് ഡിസൈന്‍ ചെയ്യുന്നത്. ഡല്‍ഹി മെട്രോ റെയില്‍വെയിലേത് പോലെ സ്റ്റാന്‍ഡേര്‍ഡ് ഗേജിലുള്ള രണ്ട് സമാന്തര ട്രാക്കുകളാണ് ഉണ്ടാവുക. സംസ്ഥാന സര്‍ക്കാറും സ്വകാര്യസംരംഭകരും ഒന്നിച്ചുള്ള കൂട്ടുസംരംഭമാണ് പദ്ധതിക്ക് മുതല്‍ മുടക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മംഗലാപുരം എന്നീ ഒമ്പത് സ്റ്റഷനുകളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ തലശ്ശേരി, വളാഞ്ചേരി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും സ്റ്റേഷനുകള്‍ സ്ഥാപിക്കും.
അതിവേഗ റെയില്‍ പാത സ്ഥാപിക്കുന്നതിന്റെ ഭാഗമായി സര്‍വ്വേ പ്രവത്തനങ്ങള്‍ ആരംഭിച്ചതോടെയാണ് വിവിധ പ്രദേശങ്ങളില്‍ പദ്ധതിക്കെതിരെ ആളുകള്‍ സംഘടിച്ചുതുടങ്ങിയത്. പദ്ധതി നടപ്പിലാക്കിയാല്‍ പതിനായിരക്കണക്കിന് ആളുകളുടെ കിടപ്പാടം നഷ്ടപ്പെടുമെന്നും വന്‍തോതില്‍ ഭൂമി നഷ്ടപ്പെടുമെന്നുമുള്ള ആശങ്കയിലാണ് അതിവേഗറെയില്‍ പദ്ധതിക്കെതിരെ ആളുകള്‍ സംഘടിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ ജനവാസം ഏറ്റവും കൂടിയ മേഖലകളിലൂടെയാണ് അതിവേഗ റെയില്‍പാതയ്ക്കായി സര്‍വ്വേ നടത്തുന്നത്. സര്‍വ്വേ നടത്തിയ സ്ഥലങ്ങളിലെല്ലാം എച്ച് എസ് ആര്‍ സി (ഹൈ സ്പീഡ് റെയില്‍വേ കോറിഡോര്‍)എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കായി സ്ഥലം അടയാളപ്പെടുത്തിയപ്പോള്‍ പലയിടങ്ങളിലും രാത്രിയില്‍ രഹസ്യമായാണ് സ്ഥലം അടയാളപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
വടക്കന്‍ കേരളത്തില്‍ ഏറെ ജനസാന്ദ്രതയുള്ള ദേശീയപാത 17ന് സമാന്തരമായാണ് സര്‍വ്വേ നടത്തുന്നത്. ഒട്ടേറെ വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സര്‍വ്വേ നടത്തിയ ഭാഗങ്ങളിലുണ്ട്. 13 മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പലയിടങ്ങളിലും നൂറു മീറ്ററിനും മുകളില്‍ സര്‍വ്വേ നടത്തി അടയാളപ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നുണ്ട്.
പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് തൊണ്ടയാട് ചേര്‍ന്ന ജനകീയ പ്രതിരോധസമിതി യോഗം ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും സാമൂഹ്യ-സാംസ്‌കാരിക-പാരിസ്ഥിതിക സംഘടനകളുടേയും പ്രതിനിധികളും പദ്ധതി ബാധിക്കാവുന്ന പ്രദേശത്തെ ജനങ്ങളും ചേര്‍ന്നാണ് കോഴിക്കോട്ട് ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചിട്ടുള്ളത്. പ്രശ്‌നം അധികൃതരുടെ മുന്നില്‍ അവതരിപ്പിക്കാനും അനുകൂല നടപടി ഉണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വിപുലമായ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും ജനകീയ പ്രതിരോധസമിതി തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications