കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജി സുധാകരന് പഠിക്കരുത്

  • By അഭിരാം പ്രദീപ്‌
Google Oneindia Malayalam News

KM Shaji- K Sudhakaran
വയനാടന്‍ ചുരമിറങ്ങി കോഴിക്കോട്ടെത്തിയ കെഎം ഷാജിയെ പൊതുസമൂഹം കണ്ടത് കേവലം യൂത്ത്‌ലീഗ് നേതാവായിട്ടല്ല. ലീഗ് നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കാനാവാത്ത പാരിസ്ഥിതികാവബോധവും സാമൂഹിക പ്രതിബദ്ധതയും മികച്ച പ്രസംഗശൈലിയും-'ഭാവിയുള്ള ചെറുപ്പക്കാരന്‍' എന്ന തോന്നല്‍ കേരളീയരില്‍ ഉളവാക്കിയിരുന്നു. നാലുവോട്ടിനു വേണ്ടി ജമാഅത്തെ ഇസ്ലാമിയെയും കാന്തപുരത്തിനെയും സ്തുതിപാടാന്‍ നേതാക്കള്‍ ക്യൂ നില്‍ക്കുമ്പോള്‍ സമുദായത്തിന്റെ പേരില്‍ മതതീവ്രപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ അംഗീകരിക്കാനാവില്ലെന്ന് തുറന്ന് പറഞ്ഞയാളാണ് കെഎം ഷാജി.

ലീഗിനെ പോലൊരു പാര്‍ട്ടിയില്‍ മതേതര നിലപാടിന് ഒരു സ്‌കോപ്പ് പോലുമില്ലെന്നറിഞ്ഞിട്ടും അതിനുവേണ്ടി ശ്രമിച്ചയാളെന്ന ക്രെഡിറ്റും ഷാജിക്ക് സ്വന്തം. പി സുരേന്ദ്രനെ പോലുള്ള എഴുത്തുകാരും സിആര്‍ നിലകണ്ഠനെ പോലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും പലപ്പോഴും ലീഗ് വേദികളില്‍ എത്തിയത് ഷാജിയുടെ ശ്രമം കൊണ്ടായിരുന്നുവെന്ന് വ്യക്തം. വിഎസ് അച്യുതാനന്ദനെ പോലുള്ള നേതാക്കള്‍ ഇതര ലീഗ് നേതാക്കളെ കര്‍ക്കശമായ ഭാഷയില്‍ വിമര്‍ശിക്കുമ്പോള്‍ ഷാജിയോടും കൂട്ടരോടും പലപ്പോഴും സൗമ്യമായി ഇടപെട്ടിട്ടുള്ളതും രാഷ്ട്രീയകേരളം കണ്ടിട്ടുള്ളതാണ്. ചാനല്‍ ചര്‍ച്ചകളില്‍ ഡിഫി നേതാക്കള്‍ പറയേണ്ട കാര്യങ്ങള്‍ ഷാജി പറയുന്നതുകേട്ട് ഉറക്കെ കൈയടിച്ചവരില്‍ സിപിഎം പ്രവര്‍ത്തകരുമുണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഈ അടിയൊഴുക്കുകള്‍ക്കിടയിലാണ് ഷാജി എംഎല്‍എയായത്. അതും സിപിഎം കോട്ടയായ കണ്ണൂരിലെ അഴിക്കോട്ട്. ആ അട്ടിമറിയുടെ ആഘാതം പലര്‍ക്കും ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പക്ഷേ, ജനപ്രതിനിധി ആയശേഷം തന്റെ ഗ്രാഫ് നിലനിര്‍ത്താന്‍ ഷാജിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സ്വയം വിമര്‍ശനം നടത്തേണ്ടത് ഷാജിയെ പോലുള്ള പൊതുപ്രവര്‍ത്തകന് അത്യാവശ്യമാണ്. കുഞ്ഞാലിക്കുട്ടി സംഘത്തോട് സമരസപ്പെട്ട് കൊണ്ടു മാത്രമേ നിയമസഭയില്‍ ഇരിക്കാന്‍ കഴിയൂ എന്നത് ശരിതന്നെ. സാക്ഷാല്‍ മുനീര്‍ തന്നെ ഇപ്പോള്‍ ആ പാതയിലുമാണല്ലോ. പക്ഷേ, കണ്ണൂരിലെ സിപിഎമ്മിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ റോള്‍ മോഡലാക്കാമെന്ന നിലയിലേക്ക് ഷാജി മാറുന്നതിനെ ഏത് വിധത്തിലാണ് അംഗീകരിക്കാനാവുക.

മൂലമ്പള്ളിയിലെ കുടിയിറക്കിനെതിരേയും ആദിവാസി സമൂഹമടക്കമുള്ളവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും കണ്ടല്‍ സംരക്ഷണത്തിനു വേണ്ടിയുമെല്ലാം ശക്തമായ പോരാട്ടത്തിനിറങ്ങിയ ഒരാള്‍, റിയല്‍ എസ്‌റ്റേറ്റ് ലോബികളുടെയും മണല്‍ മാഫിയകളുടെയും തടവിലാകുന്നത് ശരിയോ? മണല്‍മാഫിയ അതിശക്തമായാണ് കണ്ണൂര്‍-കാസര്‍ഗോഡ് മേഖലകളില്‍ പിടിമുറുക്കിയിരിക്കുന്നത്. മംഗലാപുരത്തെ നേത്രാവതി പുഴയോരത്ത് നിന്ന് നികുതി വെട്ടിച്ച് കൊണ്ടുവരുന്ന മണല്‍ പൊന്നിന്‍ വിലയ്ക്കാണ് ഇവിടങ്ങളില്‍ വിറ്റഴിക്കുന്നത്. കണ്ണൂരിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് ഇവരുടെ സംരക്ഷകന്‍ എന്നതും പരസ്യമായ കാര്യമാണ്.

ഇതിനു പുറമെയാണ് വളപട്ടണം പുഴയില്‍ നിന്ന് നിയമം ലംഘിച്ച് വന്‍തോതില്‍ മണല്‍ വാരികൊണ്ടിരിക്കുന്നത്. പുഴയില്‍ നിന്ന് നേരിട്ട് മണല്‍ കോരുന്നതിനു പുറമെ മണല്‍ സമൃദ്ധമായുള്ള കണ്ടല്‍ പ്രദേശങ്ങളില്‍ കണ്ടലുകള്‍ വെട്ടിമാറ്റി മോട്ടോര്‍ ഉപയോഗിച്ച് മണല്‍ പമ്പ് ചെയ്ത് എടുക്കുകയും പിന്നീടിത് കഴുകി അരിച്ച് മറ്റു മണലിനൊപ്പം ചേര്‍ന്ന് വില്‍ക്കുകയും ചെയ്യുന്നു. ഇതെല്ലാം നിയമവിരുദ്ധ പ്രവണതകളാണ്.

അധികാരത്തിന്റെ മറവില്‍ ഇതെല്ലാം നിര്‍ബാധം ചെയ്തിരുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെയാണ് വളപട്ടണം പോലിസ് അറസ്റ്റ് ചെയ്തതും സുധാകരന്‍ പോലിസ് സ്‌റ്റേഷനിലെത്തി സബ്ഇന്‍സ്‌പെക്ടര്‍ക്കുനേരെ ചാടിക്കയറിയതും. മണല്‍ലോബിയെ സഹായിക്കാന്‍ സുധാകരന്‍ എംപി സ്റ്റേഷനില്‍ ചവിട്ട് നാടകം നടത്തുമ്പോള്‍ കൂട്ടത്തില്‍ വിനീത വിധേയരായി രണ്ട് ജനപ്രതിനിധികളും ഉണ്ടായിരുന്നു. അബ്ദുള്ളക്കുട്ടിക്ക് അങ്ങനെയാകാം, കാരണം ആ കസേര സുധാകരന്റെ കനിവ് കൊണ്ട് മാത്രം കിട്ടിയതാണ്. പക്ഷേ, കെഎം ഷാജി അങ്ങനെയാകരുത്. കാരണം താങ്കില്‍ വിശ്വാസമര്‍പ്പിച്ച വലിയൊരു ജനസമൂഹത്തോട് കാണിയ്ക്കുന്ന വഞ്ചനയാകുമത്.

English summary
There was high drama in Valapatanam police station here on Wednesday . K Sudhakaran, MP barged into the station, gharoed the sub-inspector and threatened him.Azhikode MLA K M Shaji and KPCC secretary Satheeshan Pacheni had also reached the station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X