കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജകുടുംബത്തിന് എവിടെനിന്ന് കിട്ടി ഈ സ്വത്തുക്കള്‍

  • By ഷിബു ടി ജോസഫ്‌
Google Oneindia Malayalam News

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിക്ഷേപമായിരുന്നു പത്മനാഭ സ്വാമിക്ഷേത്രത്തിലെ മഹാനിധിയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. പത്തുനൂറ്റാണ്ടിലേറെ ചരിത്രമുള്ള ക്ഷേത്രത്തിന് ഭക്തരുടെ കാണിക്കയായി ഇത്രയേറെ സ്വത്ത് കിട്ടില്ലെന്ന കാര്യം സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം. രാജഭരണകാലത്തും പ്രധാന വരുമാനം ജനങ്ങളില്‍ നിന്നുള്ള നികുതി പിരിവ് തന്നെയായിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബം പ്രബലമായിരുന്ന കാലത്ത് കേരളം വിദേശകച്ചവടക്കാരുടെ താവളമായിരുന്നു. അറബികളും പടിഞ്ഞാറന്‍ നാട്ടുകാരും കുരുമുളകും നാണ്യവിളകളും സുഗന്ധദ്രവ്യങ്ങളും ശേഖരിച്ചിരുന്നത് ഇവിടെനിന്നായിരുന്നു.

Padmanabha swami temple

ഇതിന് പ്രതിഫലമായി സ്വര്‍ണം തന്നെയാണ് വാങ്ങിയിരുന്നത്. ഇതിനോടൊപ്പം അമൂല്യമായ രത്‌നക്കല്ലുകളും ഇവിടെ എത്തി. വിദേശീയരുമായുണ്ടായിരുന്ന കച്ചവടം വഴിയുള്ള അളവറ്റ സമ്പത്ത് കൈകാര്യം ചെയ്തിരുന്നത് ഭരണാധികാരികള്‍ തന്നെയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ നാട്ടിലെ ജനതയുടെ അധ്വാനമാണ് രാജാക്കന്മാര്‍ സ്വര്‍ണത്തിന്റെയും രത്‌നത്തിന്റെയും രൂപത്തില്‍ സ്വന്തമാക്കിയത്. കാലാകാലങ്ങളായി ആര്‍ജ്ജിച്ചെടുത്ത അളവറ്റ സമ്പത്ത് സൂക്ഷിക്കാനുള്ള സ്‌ട്രോംഗ് റൂം തന്നെയായിരുന്നു ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

തിരുവിതാംകൂറിലെ ജനങ്ങള്‍ പട്ടിണി കിടന്നപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബം സ്വര്‍ണും രത്‌നവും തട്ടിക്കളിക്കുകയായിരുന്നുവെന്ന് പറയുന്നതില്‍ അതിശയോക്തി ഒട്ടുമില്ല. ഇല്ലെങ്കില്‍ പിന്നെ ഇരുപതും മുപ്പതും കിലോ തൂക്കമുള്ള ശരപ്പൊളി മാലകള്‍ ആര്‍ക്ക് അണിയാനാണിവര്‍ ഉണ്ടാക്കിയത്? നൂറുകണക്കിന് രത്‌നങ്ങള്‍ പതിച്ച സ്വര്‍ണക്കിരീടങ്ങള്‍ ആര്‍ക്ക് തലയില്‍ വയ്ക്കാനാണ് പണികഴിപ്പിച്ചത്? നാടൊന്നടങ്കം പട്ടിണിയിലും മഹാമാരികളിലും കഷ്ടപ്പെടുമ്പോള്‍ തമ്പുരാട്ടിമാര്‍ കൈക്കുടന്ന നിറയെ സ്വര്‍ണനാണയങ്ങളും സ്വര്‍ണക്കതിരുകളും ശ്രീപത്മനാഭന് കാണിക്കയും നേര്‍ച്ചയുമായി നല്‍കിയതിനെ എങ്ങനെ ന്യായീകരിക്കാനാവും. ജനം പട്ടിണി കിടന്നപ്പോള്‍ കേക്ക് തിന്നാന്‍ ഉപദേശിച്ച ലൂയി പതിനാറാമന്റെ ഭാര്യയെക്കാള്‍, റോം കത്തിയപ്പോള്‍ വീണ വായിച്ച നീറോയെക്കാള്‍ നിഷ്ഠൂരന്മാരായിരുന്നു തിരുവിതാംകൂറിലെ 'പ്രജാവത്സലരായ' ഭരണാധിപന്മാരെന്ന് ഈ മഹാനിധി വെളിപ്പെടുത്തുന്നു.

ഈ നാടിന്റെ മണ്ണും ഫലപുഷ്ടിയും വിളകളും ലോകത്ത് ഏറ്റവും വിലപിടിച്ചവയായിട്ടും മാറുമറയ്ക്കാനും ഉടുക്കാനും ഒരു കീറ് തുണിപോലുമില്ലാതെ തിരുവിതാംകൂറിലെ പ്രജകള്‍ പാള ഉടുത്ത് നടന്നിരുന്നു . ഈ നാട്ടിലെ പട്ടിണി മാറ്റാന്‍ വിദേശത്തുനിന്നെത്തിച്ച കപ്പ സാര്‍വ്വത്രികമായി കൃഷി ചെയ്യേണ്ടി വന്നു. അപ്പോഴെല്ലാം അളവറ്റ സമ്പത്തില്‍ മുങ്ങിക്കുളിച്ച രാജകുടുംബം യൂറോപ്യന്‍ രീതികളില്‍ തന്നെ ജീവിക്കുകയായിരുന്നു. പേരുദോഷമൊഴിവാക്കാനും അധികാരം മറ്റാരും കയ്യേറാതിരിക്കാനും ശ്രീപത്മനാഭനാണ് നാടിന്റെ ഭരണാധികാരിയെന്നും പത്മനാഭ ദാസന്മാരായ തങ്ങള്‍ ദൈവത്തിന് വേണ്ടി ഭരണം നടത്തുകയാണെന്നും വിളംബരം ചെയ്തു.

യൂറോപ്യന്മാരുടെ അധിനിവേശകാലത്ത് ഇന്ത്യയിലെ ജനങ്ങളും ഭൂരിപക്ഷം നാട്ടുരാജാക്കന്മാരും പടപൊരുതിയപ്പോള്‍ വേലുത്തമ്പിദളവയുടെ പോരാട്ടം ഒഴിച്ചുനിര്‍ത്തിയാല്‍ തിരുവിതാംകൂര്‍ മുട്ടിലിഴഞ്ഞ് വിദേശിക്ക് കപ്പം കൊടുത്ത് സിംഹാസനം രക്ഷിച്ചെടുത്തു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ബ്രിട്ടീഷുകാരുടെ ആജ്ഞാനുവര്‍ത്തികളായി ഭരണം തുടര്‍ന്നതിന് പിന്നിലും ഒളിച്ചുവയ്ക്കപ്പെട്ട ഈ മഹാനിധി വലിയ പങ്കുവഹിച്ചിട്ടുണ്ടായിരിക്കും തീര്‍ച്ച. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച അത്യപൂര്‍വ്വ നാട്ടുരാജ്യങ്ങളില്‍ ഒന്നായി തിരുവിതാംകൂര്‍ ബലം പിടിച്ചുനിന്നതും ഈ മഹാനിധി നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്താലായിരിക്കണം.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ നിക്ഷേപിക്കപ്പെട്ടതാണ് മഹാനിധിയെന്ന വാദത്തിന് കഴമ്പില്ല. അധികം പഴക്കമില്ലാത്ത തരത്തിലുള്ള സുരക്ഷാസംവിധാനങ്ങായിരുന്നല്ലോ നിലവറയ്ക്കുള്ളില്‍ സജ്ജമാക്കിയിരുന്നത്? വീരശൂര പരാക്രമികളും കൊള്ളയടി വീരന്മാരുമായ ബ്രിട്ടീഷുകാരുടെയും മറ്റ് വിദേശികളുടെയും കണ്ണില്‍നിന്ന് ഇത്രയും വിലമതിപ്പുള്ള സമ്പത്ത് ഒളിപ്പിച്ച് വയ്ക്കാന്‍ ശ്രീപത്മനാഭ തിരുസന്നിധി തന്നെ തിരഞ്ഞെടുത്ത തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ബുദ്ധി സമ്മതിക്കണം. സ്വാതന്ത്ര്യാനന്തരകാലത്തെ ഭരണാധികാരികള്‍ക്കും ഈ സ്വത്തില്‍ കയ്യിട്ടുവാരാന്‍ കഴിയാത്തവിധം സൂക്ഷിച്ച് വയ്ക്കാന്‍ രാജകുടുംബം സഹിച്ച 'ത്യാഗങ്ങള്‍' അംഗീകരിക്കണം തന്നെ വേണം. ഇത്രയും മൂല്യമുള്ള നിധി ഇത്രയും കാലം സൂക്ഷിച്ച ശ്രീപത്മനാഭസ്വാമിയെയും സ്തുതിക്കണം.

അടുത്ത പേജില്‍

ക്ഷേത്രത്തിലെ നിധി എന്ത് ചെയ്യണം?ക്ഷേത്രത്തിലെ നിധി എന്ത് ചെയ്യണം?

English summary
The wealth now in possession of the Padmanabhaswamy temple includes offerings of various types given by the devotees and also the precious items which were seized when the erstwhile kings of Travancore. Public debate to be initiated to find out what needs to be done?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X