കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പത്ത് വധം, ഉന്നതതല ഇടപെടല്‍ സജീവം

  • By ഷിബു ടി
Google Oneindia Malayalam News

CBI
അധികാരത്തിനും സ്വാധീനത്തിനും പണത്തിനും മുകളില്‍ ഒരു സി ബി ഐയ്ക്കും പറക്കാനാവില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് സമ്പത്ത് കസ്റ്റഡി മരണക്കേസ്. സമ്പത്തിന്റെ കസ്റ്റഡി മരണത്തിന് ശേഷവും തുടര്‍ന്ന് സി ബി ഐ ഈ കേസ് എടുത്ത അവസരത്തിലും കേരളാ പൊലീസില്‍ ഇപ്പോള്‍ എ ഡി ജി പി. ഡി ഐ ജി സ്ഥാനത്തുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഈ കേസില്‍ നേരിട്ട് പങ്കാളികളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ എ ഡി ജി പി മുഹമ്മദ് യാസിന്‍, ഡി ഐ ജി വിജയ് സാഖറേ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നതാണ്. സമ്പത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഐ പി എസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന കെയിന്‍ ഉപയോഗിച്ച് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും വിവരമുണ്ടായിരുന്നു. തെളിവുകള്‍ ഏറെക്കുറെ പൂര്‍ണമായും നശിപ്പിക്കപ്പെടുകയും അന്വേഷണോദ്യോഗസ്ഥന്‍ തന്നെ സമ്മര്‍ദ്ദം സഹിക്കാനാവാതെ ജീവനൊടുക്കുകയും ചെയ്ത കേസായിട്ടും നീതിപീഠത്തെ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടുപോവുകയായിരുന്നു സമ്പത്തിന്റെ ബന്ധുക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും.

സമ്പത്ത് വധക്കേസില്‍ കുറ്റാരോപിതരായ പൊലീസ് കോണ്‍സ്റ്റബിള്‍മാരും എസ് ഐ, സി ഐ, ഡി വൈ എസ് പി തസ്തികയിലുള്ളവരും പ്രതിപ്പട്ടികയില്‍ വരികയും ഇവര്‍ കസ്റ്റഡിയിലാവുകയും ചെയ്തിട്ടും കുറ്റാരോപിതരായ ഐ പി എസ് ഉദ്യോഗസ്ഥര്‍ നിയമത്തെ നോക്കുകുത്തിയാക്കി വിലസുന്നതിനെതിരെ കോടതി അതിരൂക്ഷമായ വിമര്‍ശനമാണ് സി ബി ഐക്ക് നേരെ ചൊരിഞ്ഞത്.

കേസ് ആദ്യം അന്വേഷിച്ച സി ബി ഐ എ എസ് പി ഹരിദത്ത് ആത്മഹത്യ ചെയ്തത് കേസന്വേഷണത്തിന് മേലുള്ള ഉന്നതതല സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെയാണെന്ന ആരോപണവും നിലനില്‍ക്കുകയാണ്. കസ്റ്റഡി മരണക്കേസ് അന്വേഷിച്ച സി ബി ഐ ഉദ്യോഗസ്ഥന്‍ തന്നെ മരിക്കാനിടയായ ഈ കേസിലെ ഉന്നതതല ഇടപെടല്‍ എത്ര മാത്രമുണ്ടായിരുന്നുവെന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല. ഹരിദത്തിന്റെ മരണം കേവലം ആത്മഹത്യ എന്നതില്‍ കവിഞ്ഞ് മറ്റ് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വഴിവയ്ക്കാതെ തേഞ്ഞുമാഞ്ഞുപോവുകയായിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച പാലക്കാട് പുത്തൂര്‍ ഷീല വധവുമായി ബന്ധപ്പെട്ട സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് സമ്പത്തുള്‍പ്പെടെയുള്ളവര്‍ പൊലീസ് കസ്റ്റഡിയിലാകുന്നത്. കേരള സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥന്റെ സഹോദരിയായ ഷീലയുടെ നിഷ്ഠൂരമായ കൊലചെയ്യപ്പെട്ടതിന് ശേഷം ലോക്കല്‍ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചാണ് രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സമ്പത്തിനെ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഇയാള്‍ അതിക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു.

2010 മാര്‍ച്ച് 29നാണ് റിവര്‍സൈന്‍ കോട്ടേജ് എന്ന റെസ്റ്റ്ഹൗസില്‍ വച്ച് സമ്പത്ത് കൊല്ലപ്പെട്ടത്. സമ്പത്തിന്റെ ദേഹത്ത് അറുപതോളം മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സമ്പത്തിന്റെ സഹോദരന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പിന്തുണയോടെ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. തുടര്‍ന്നും കോടതിയുടെ ശക്തമായ ഇടപെടലാണ് കേസിനെ മുന്നോട്ടുകൊണ്ടുപോയത്. കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ പല തവണ കോടതി അന്വേഷണസംഘത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒരു ഡി വൈ എസ് പിയെയും രണ്ട് എസ് ഐ മാരെയും ഒരു കോണ്‍സ്റ്റബിളിനെയും ഒരു കരാറുകാരനെയും പ്രതിചേര്‍ത്താണ് സി ബി ഐ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്. ഇപ്പോള്‍ ഐ പി എസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കം ഏഴുപേരെക്കൂടി പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയിരിക്കുകയാണ് സി ബി ഐ. തെളിവിന്റെ അഭാവത്തില്‍ എ ഡി ജി പിയെയും ഡി ഐ ജിയെയും ഉള്‍പ്പെടെ 16 പൊലീസ് ഉദ്യോഗസ്ഥരെയും കേസില്‍ നിന്ന്് ഒഴിവാക്കിയിട്ടുണ്ട്.

കസ്റ്റഡിയില്‍ എടുക്കുന്നത് കൊലക്കേസ് പ്രതിയാണെങ്കില്‍ പോലും ഇന്ത്യന്‍ ഭരണഘടനയും നിയമസംവിധാനവും നല്‍കുന്ന ആനുകൂല്യങ്ങള്‍ കാറ്റില്‍ പറത്തി ഉത്തരവാദിത്വപ്പെട്ട ഉന്നതോദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ കാട്ടാളന്മാരെ പോലെ പ്രവര്‍ത്തിച്ചതിന് മകുടോദാഹരണമാണ് പാലക്കാട്ടെ സമ്പത്തിന്റെ കസ്റ്റഡിവധം. കുറ്റക്കാരായ ഉന്നതര്‍ രക്ഷപ്പെടാനും അവരെ രക്ഷിക്കാനും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും സമ്പത്തിന്റെയും എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന കാഴ്ചയും ഈ കേസില്‍ പ്രകടമാണ്.

English summary
The Central Bureau of Investigation (CBI) on Monday submitted a revised supplementary chargesheet in Sampath custodial death case before the Ernakulam chief judicial magistrate court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X