ഇത് കാലത്തിന്റെയല്ല, ആന്റണിയുടെ തിരിച്ചടിയാണ്
2004 ഓഗസ്റ്റ് 29 എന്ന ദിവസം എ കെ ആന്റണി ഒരിക്കലും മറക്കാത്ത ദിവസമാണ്. അന്നാണ് മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് എ കെ ആന്റണി രാജിവച്ചിറങ്ങിയത്. 2001 മെയ് 17ന് അധികാരത്തിലേറിയ എ കെ ആന്റണി മന്ത്രിസഭ 21 മാസത്തെ കാലാവധി ബാക്കിയുള്ളപ്പോഴാണ് സ്വന്തം പേരിലുള്ള ഗ്രൂപ്പിനുള്ളിലെ കലാപം മൂലം രാജിവച്ചത്.

2004 മെയ് മാസത്തില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് തറപറ്റിയതിന്റെ ഉത്തരവാദിത്വമേറ്റെടുത്താണെന്ന ന്യായം പറഞ്ഞാണ് ഓഗസ്റ്റ് അവസാനം ആന്റണി രാജിവയ്ക്കുന്നത്. പിറ്റേന്ന് തന്നെ ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. അങ്ങനെ ആദ്യമായി ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി. ദീര്‍ഘകാലം ആന്റണിക്കൊപ്പം നിഴല്‍പോലെ നടന്നവര്‍ പെട്ടെന്ന് അദ്ദേഹത്തെ മറികടന്ന് അധികാരക്കസേരയിലെത്തിയത് ആന്റണിയെ വ്യക്തിപരമായി തന്നെ മുറിവേല്‍പ്പിച്ചെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിന്റെ പിറ്റേന്ന് മുതല്‍ വെളളയമ്പലത്തിനും ശാസ്തമംഗലത്തിനും ഇടയിലുള്ള കെ പി സി സി ഓഫീസായ ഇന്ദിരാഭവനില്‍ എത്തിയ എ കെ ആന്റണിയ്ക്ക് ഇരിയ്ക്കാന്‍ ഇന്ദിരാഭവനിലെ കെപിസിസി പ്രസിഡന്റിന്റെ മുറിയിലേക്ക് കയറിപ്പോകുന്ന ചവിട്ടുപടികളുടെ വശത്തുള്ള കുടുസുമുറിയില്‍ കസേരയിട്ടുകൊടുത്തു. ആന്റണിയുടെ സന്തതസഹചാരിയായ പ്രതാപന്‍ മുറിയുടെ വാതില്‍ക്കല്‍ ചെറിയൊരു മേശയ്ക്ക് പിന്നിലുള്ള കസേരയിലിരിക്കും. അകത്ത് സന്ദര്‍ശകര്‍ ആരുമില്ലാതെ മുന്‍മുഖ്യമന്ത്രിയായ ആന്റണിയും. പുത്തന്‍ മുഖ്യമന്ത്രി പരിവാരാരവങ്ങളോടെ 'അതിവേഗം ബഹുദൂരം' മുഖ്യമന്ത്രിപദത്തില്‍ തിമിര്‍ക്കുമ്പോള്‍ എല്ലാവരാലും അവഗണിക്കപ്പെട്ട് ഇന്ദിരാഭവന്റെ മുറിക്കുള്ളില്‍ ഇരിക്കുന്ന ഒരു ദിവസമാണ് കേന്ദ്രമന്ത്രിസഭാ വികസനത്തിന് മുന്നോടിയായി ആന്റണിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഡല്‍ഹിയിലേക്ക് ക്ഷണിച്ചത്.
എ കെ ആന്റണി കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് കേരളത്തിലെ ഒരു കോണ്‍ഗ്രസുകാരനും കരുതിയില്ല. പുതിയ മന്ത്രിമാരുടെ പേരുകളെക്കുറിച്ച് ഊഹാപോഹങ്ങളുണ്ടായതിനിടെ എ കെ ആന്റണി പ്രതിരോധമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞപ്പോള്‍ കെ പി സി സി ആസ്ഥാനത്തുണ്ടായിരുന്ന ഉന്നതനേതാക്കള്‍ അടക്കം പൊട്ടിച്ചിരിച്ചു. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരുടെ ലിസ്റ്റ് ഔദ്യോഗികമായി പുറത്തിറക്കിയപ്പോള്‍ പൊട്ടിച്ചിരിച്ചവരുടെ മുഖത്ത് മ്ലാനത പരന്നു. പിന്നീടവര്‍ പ്രതിരോധമന്ത്രിയാക്കാന്‍ പറ്റിയ ആള്‍ തന്നെയെന്ന് പരിഹസിച്ച് ആശ്വാസം കൊണ്ടു.
പിന്നീട് എ കെ ആന്റണിയുടെ കരിയര്‍ഗ്രാഫ് കുതിച്ചുയര്‍ന്നതിന് രാഷ്ട്രീയ ചരിത്രം സാക്ഷിയാണ്. ഇന്ന് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനും കോണ്‍ഗ്രസ് അധ്യക്ഷയുടെ വിശ്വസ്തരില്‍ വിശ്വസ്തനും. പ്രണാബ് മുഖര്‍ജിയുടെ ടേം അവസാനിക്കുമ്പോള്‍ രാഷ്ട്രപതിയുടെ കസേരയിലേക്ക് ആനയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കണ്ടുവച്ചിരിക്കുന്നതും എ കെ ആന്റണിയെയാണ്.
കേരളത്തിലെ കോണ്‍ഗ്രസ് ഐ എന്നും എ എന്നും ചേരിതിരിഞ്ഞ് പോരടിച്ചിരുന്ന കാലത്തും എ കെ ആന്റണി രാഷ്ട്രീയ പ്രതിയോഗിയായ കെ കരുണാകരനോട് ബഹുമാനത്തോടെ മാത്രമേ ഇടപെട്ടിട്ടുള്ളൂ. കെ കരുണാകരന് മുറിവേല്‍ക്കുന്ന ഒരു വാക്കുപോലും ആന്റണിയില്‍ നിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ എ കെ ആന്റണിയെ ശക്തമായി ആക്രമിക്കാന്‍ കെ കരുണാകരനും അദ്ദേഹത്തോടൊപ്പമുള്ളവരും മടികാണിച്ചിരുന്നില്ല. ഐ ഗ്രൂപ്പിനെ കരുണാകരന്‍ നേരിട്ട് നയിക്കുമ്പോള്‍ എ ഗ്രൂപ്പിനെ എ കെ ആന്റണിയെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയും ആര്യാടന്‍ മുഹമ്മദും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെയാണ് പട തെളിച്ചത്.
കെ കരുണാകരന്റെ മരണത്തിന് മുമ്പ് തന്നെ കേരളത്തിലെ കോണ്‍ഗ്രസില്‍ എ ഐ ഗ്രൂപ്പിസം അപ്രത്യക്ഷമാവുകയും പകരം ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ നീക്കുപോക്കുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉണ്ടാവുകയും ചെയ്തതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ എ കെ ആന്റണിക്ക് ഇടമില്ലാതായി എന്നു പറയാം. ആന്റണിയെ അകറ്റിനിര്‍ത്താനും പഴയ സഹപ്രവര്‍ത്തകര്‍ ശ്രദ്ധപുലര്‍ത്തി. എന്നിട്ടും ആന്റണിയില്ലാത്ത ഉമ്മന്‍ ചാണ്ടി വിഭാഗം ഇന്നും എ ഗ്രൂപ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഈ വിഭാഗത്തോട് ആന്റണി പ്രത്യേക മമതയൊന്നും കാണിക്കുന്നുമില്ല. എന്ന് മാത്രമല്ല ഇക്കൂട്ടരെ സംരക്ഷിക്കാന്‍ തന്റെ സ്വാധീനമൊന്നും ഉപയോഗിച്ചില്ല. മാത്രമല്ല നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അധികാരം നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ നടത്തുന്ന ട്രിപ്പീസ് കളിയോട് എ കെ ആന്റണിക്ക് ഒരുതരത്തിലുമുളഅള യോജിപ്പുമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
അടുത്ത പേജില്‍ പേജില്‍












Click it and Unblock the Notifications