ആന്റണിയെ വേദനിപ്പിച്ചത് എന്താണ്?
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സംസ്ഥാനമന്ത്രിമാരെയും സാക്ഷിയാക്കി എ കെ ആന്റണി നടത്തിയ വിമര്‍ശനങ്ങള്‍ പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് നീങ്ങുന്ന യു ഡി എഫ് സര്‍ക്കാരിന് കനത്ത പ്രഹരമായി. കൊച്ചി മെട്രോയും തോട്ടംഭൂമിയും ഉള്‍പ്പെടെയുള്ള കീറാമുട്ടികള്‍ സര്‍ക്കാരിന് ഭീഷണിയായി നില്‍ക്കുന്ന സമയത്ത് തന്നെയാണ് സ്വന്തം ഗ്രൂപ്പ് നേതാവായ എ കെ ആന്റണിയുടെ കടുത്ത വിമര്‍ശനം ഉമ്മന്‍ ചാണ്ടിക്കും സര്‍ക്കാരിനും നേരെ ഉണ്ടായിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയെയും പി കെ കുഞ്ഞാലിക്കുട്ടിയെയും പേരെടുത്ത് വിമര്‍ശിക്കുക മാത്രമല്ല കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിനെയും അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും വ്യവസായമന്ത്രി എളമരം കരീമിനെയും പ്രശംസിക്കുകയും ചെയ്ത ആന്റണി യു ഡി എഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അക്ഷരാര്‍ത്ഥത്തില്‍ കെണിയിലാക്കുകയായിരുന്നു. പ്രതിപക്ഷത്തിന് സര്‍ക്കാരിനെ നന്നായി പ്രഹരിക്കാനുള്ള വടി ആന്റണി അവര്‍ക്ക് കൊണ്ടുക്കൊടുക്കുകയായിരുന്നു. വാക്കുകള്‍ അളന്നുതൂക്കി മാത്രം ഉപയോഗിക്കുന്ന, വിമര്‍ശനങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്ന എ കെ ആന്റണിയില്‍ നിന്ന് വന്ന വാക്കുകള്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെയും യു ഡി എഫ് മന്ത്രിസഭയുടെയും ഭാവി നിര്‍ണയിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്.
കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പോക്കിലുള്ള കേന്ദ്ര നേതൃത്വത്തിന്റെ തുറന്ന വിമര്‍ശനമായി തന്നെ ആന്റണിയുടെ വാക്കുകളെ കാണാവുന്നതാണ്. കേന്ദ്രമന്ത്രിസഭയില്‍ പ്രധാനമന്ത്രിക്ക് ശേഷം രണ്ടാമത്തെ സ്ഥാനമുള്ള, കോണ്‍ഗ്രസ് അധ്യക്ഷയുടെ വിശ്വസ്തനായ എ കെ ആന്റണി പെട്ടെന്ന് നടത്തിയ വിമര്‍ശനമായി ഈ വാക്കുകളെ കാണാനാവില്ല. നേരിയ ഭൂരിപക്ഷത്തില്‍ യു ഡി എഫ് ഭരണം നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. കേരളത്തില്‍ സമുദായസംഘടനകളുടെയും വര്‍ഗീയസംഘടനകളുടെയും താളത്തിനൊത്ത് തുള്ളുന്ന, മുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും ഉദ്യോഗസ്ഥരുടെയും മാഫിയകളുടെയും ഭീഷണിക്ക് വഴങ്ങുന്ന, അധികാരം നിലനിര്‍ത്തുക എന്ന ലക്ഷ്യം മാത്രം നിലനിര്‍ത്തി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെയുള്ള താക്കീത് കൂടിയാണ് ആന്റണി നടത്തിയിരിക്കുന്നത്.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നടത്തുന്ന അധികാരകേന്ദ്രീകരണത്തിനും വീതംവയ്ക്കലിനുമുള്ള മുന്നറിയിപ്പ് കൂടിയാണ് ആന്റണിയുടെ വാക്കുകള്‍. വാക്കുകള്‍ പിശുക്കി ഉപയോഗിക്കുന്ന എ കെ ആന്റണി താനൊരു ഭാഷാ പണ്ഡിതനായിരുന്നെങ്കില്‍ വി എസിന്റെ കീഴിലുള്ള സര്‍ക്കാരിനെ ഇതിലും നന്നായി അഭിനന്ദിക്കുമായിരുന്നുവെന്ന് പറഞ്ഞതിനര്‍ത്ഥം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അത്രയ്ക്കും മോശമാണെന്ന് തന്നെയാണ്. യഥാര്‍ത്ഥത്തില്‍ ആന്റണിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ നിന്നും മാറുകയാണ് വേണ്ടത്.
സംസ്ഥാനത്തിന്റെ വികസനപദ്ധതികളില്‍ ശ്രദ്ധ വയ്ക്കാതെ അധികാരം സംരക്ഷിക്കാന്‍ നീക്കുപോക്കുകള്‍ നടത്തുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന സൂചനയും ആന്റണിയുടെ വാക്കുകളിലുണ്ട്. കാരണം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിലും കേന്ദ്രസര്‍ക്കാരിലും ആന്റണിക്കുള്ള സ്വാധീനവും കരുത്തും അത്രയ്ക്കുണ്ട്.
ബ്രഹ്മോസ് പദ്ധതിയുടെ പുതിയ നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനവേദിയിലാണ് ആന്റണി യു ഡി എഫ് മന്ത്രിസഭയ്‌ക്കെതിരെ വിമര്‍ശനമഴിച്ചുവിട്ടത്. ബ്രഹ്മോസ് പദ്ധതി ആന്റണിയുടെ പ്രത്യേക താല്‍പര്യപ്രകാരം കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരാണ് കൊണ്ടുവന്നത്. എന്നാല്‍ ബ്രഹ്മോസില്‍ മുന്‍പ് പറഞ്ഞതുപോലെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നാരോപിച്ചും തൊഴിലാളികളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് ആക്ഷേപമുന്നയിച്ചും ഐ എന്‍ ടി യു സി, എ ഐ ടി യു സി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ബുധനാഴ്ചത്തെ പരിപാടി ബഹിഷ്‌കരിക്കുകയും എ കെ ആന്റണിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതരത്തില്‍ പ്രചാരണം അഴിച്ചുവിടുകയും ചെയ്തിരുന്നു.
ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവാണ് എ കെ ആന്റണിക്കെതിരെ ഐ എന്‍ ടി യു സിക്കാരെ സംഘടിപ്പിച്ചത്. ബ്രഹ്മോസ് മാത്രമല്ല പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട് മറ്റ് അഞ്ച് പദ്ധതികള്‍ കൂടി കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എ കെ ആന്റണി മുന്‍കൈ എടുത്ത് കേരളത്തിന് അനുവദിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും വ്യവസായമന്ത്രി എളമരം കരീമും ആണ് ഇതിന് വേണ്ട ക്രമീകരണങ്ങളൊരുക്കിയത്. എന്നാല്‍ യു ഡി എഫ് മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം കേരളത്തിലേക്ക് പുതിയ സ്ഥാപനങ്ങളൊന്നും കൊണ്ടുവരാന്‍ ശ്രദ്ധ പുലര്‍ത്താത്തതും കൊണ്ടുവന്ന പദ്ധതിക്കെതിരെ തൊഴിലാളികളെ അണിനിരത്തി വ്യക്തിപരമായി തന്നെ തേജോവധം ചെയ്യാനുള്ള നീക്കങ്ങളും എ കെ ആന്റണിയെ തീര്‍ച്ചയായും ചൊടിപ്പിച്ചിരിക്കണം. ഇതാണ് ഇന്നുവരെയില്ലാത്ത തരത്തില്‍ കടുത്ത വിമര്‍ശനം അഴിച്ചുവിടാന്‍ ആന്റണിയെ പ്രേരിപ്പിച്ചതെന്നും പറയാം.
ആദ്യ പേജില്‍












Click it and Unblock the Notifications