കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിക്കു ശേഷം സമരം ഇംഗ്ലീഷ് മീഡിയത്തിലേക്ക്‌

  • By ഡോ. അസീസ് തരുവണ
Google Oneindia Malayalam News

Azeez Tharuvana
സി.ബി.എസ്.ഇ സ്‌കൂള്‍ അധ്യാപകര്‍ക്ക് 10,000 മുതല്‍ 20,000 രൂപവരെ പ്രതിമാസ ശമ്പളം നല്‍കണമെന്ന ഹൈകോടതി ഉത്തരവ് എന്തുകൊണ്ടോ മാധ്യമങ്ങളില്‍ ഒരു ദിവസത്തെ വാര്‍ത്തയിലൊതുങ്ങി. കടുത്ത ചൂഷണത്തിനിരയാവുന്ന ഇംഗ്‌ളീഷ് മീഡിയം അധ്യാപകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്നതാണ് കോടതി ഉത്തരവ്. ശമ്പളം നല്‍കുന്നതില്‍ കൃത്രിമം കാട്ടുന്ന മാനേജര്‍ക്കും കൂട്ടുനില്‍ക്കുന്ന പ്രിന്‍സിപ്പലിനുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, സി.കെ. അബ്ദു റഹീം എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. കേരളത്തിലെ നഴ്‌സുമാര്‍ നേരിടുന്ന ചൂഷണത്തിന് സമാനമാണ് ഇംഗ്‌ളീഷ് മീഡിയം അധ്യാപകരുടെ അവസ്ഥ.

1500, 2000, 3000 എന്നിങ്ങനെ വേതനം നല്‍കുന്ന 'തട്ടുകട ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകള്‍' മുതല്‍ 5000, 6000 നിരക്കില്‍ ആരംഭ ശമ്പളം നല്‍കുന്ന 'ഫൈവ്സ്റ്റാര്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകള്‍' വരെ സംസ്ഥാനത്തുണ്ട്. സര്‍ക്കാര്‍ അധ്യാപകരുടെ സ്‌കെയിലില്‍ ശമ്പളം നല്‍കുന്ന അപൂര്‍വം സ്വകാര്യ സ്‌കൂളുകളും ഇല്ലാതെയല്ല. ഹൈകോടതി ചൂണ്ടിക്കാണിച്ച ശമ്പളരേഖയിലെ കൃത്രിമം പലരീതിയിലാണ് പ്രമുഖ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ശമ്പളം ബാങ്ക് വഴി എന്നിട്ടും..

സ്വദേശത്തും വിദേശത്തുമുള്ള വന്‍ സമ്പന്നരുടെയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മക്കള്‍ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ പഴക്കംചെന്ന ഒരു സി.ബി.എസ്.ഇ സ്‌കൂളിലെ അധ്യാപകര്‍ക്ക് അടുത്തകാലംവരെ വേതനം നല്‍കിയിരുന്നത് തൊട്ടടുത്ത ബാങ്ക് വഴിയാണ്. അധ്യാപകരുടെ അക്കൗണ്ടിലേക്ക് മാസാമാസം 15,000വും അതിലധികവും ശമ്പളമായി നല്‍കും. അധ്യാപകര്‍ എ.ടി.എം വഴി തങ്ങളുടെ 'യഥാര്‍ഥ ശമ്പള'ത്തിന്റെ ബാക്കി തുകപിന്‍വലിച്ച് സ്‌കൂള്‍ ഓഫിസില്‍ നിശ്ചിത തീയതിക്കകം തിരിച്ചടക്കണം. ഇതാണ് വ്യവസ്ഥ. ഒരു പരിശോധകനും കണ്ടുപിടിക്കാനാവാത്ത കൃത്രിമം.

വയനാട്ടിലെ ഒരു പ്രമുഖ ഇംഗ്‌ളീഷ്മീഡിയം സ്‌കൂളിലെ തുടക്ക ശമ്പളം 3500, 4000 എന്നിങ്ങനെ. അധ്യാപകര്‍ വേതനം പറ്റുമ്പോള്‍ രണ്ട് രജിസ്റ്ററുകളില്‍ ഒപ്പുവെക്കണം. ഒരു രജിസ്റ്ററില്‍ 20,000, 25,000 എന്നൊക്കെ കാണും. അടുത്ത രജിസ്റ്ററില്‍ യഥാര്‍ഥ ശമ്പള തുക എഴുതി ഒപ്പിടാം. ആദ്യത്തെത് പരിശോധനക്ക് വരുന്നവരുടെയും മറ്റും മുന്നില്‍ ഹാജരാക്കാനുള്ളതാണ്.

ജോലി ഭാരം കൂടുതല്‍

സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെക്കാള്‍ എത്രയോ അധികമാണ് ഇംഗ്‌ളീഷ് മീഡിയം അധ്യാപകര്‍ പഠിപ്പിക്കേണ്ട പീരിയഡുകള്‍. രണ്ട് അധ്യാപകര്‍ ചെയ്യേണ്ട ജോലി ഒരാളെകൊണ്ട് ചെയ്യിക്കുന്ന നിരവധി സ്‌കൂളുകളുണ്ട്. അധ്യാപക നിയമനം മുതല്‍
ആരംഭിക്കുന്നതാണ് ചൂഷണം. പല സ്‌കൂളുകളും അധ്യാപകരെ നിയമിക്കുന്നത് യോഗ്യതയുടെ മാനദണ്ഡമനുസരിച്ചല്ല. ഇന്റര്‍വ്യൂ വേളയില്‍, താങ്കള്‍ എത്രരൂപ പ്രതീക്ഷിക്കുന്നു? എത്രതുക വരെ കിട്ടിയാല്‍ ഇവിടെ ചേരും? തുടങ്ങി വിലപേശലിന്റെ ഒരു ഘട്ടത്തില്‍ ഏറ്റവും കുറവ് പറഞ്ഞയാളെ നിയമിക്കുന്ന രീതിയുണ്ട്. പലപ്പോഴും യോഗ്യതയുള്ളയാളെ മാറ്റിനിര്‍ത്തിക്കൊണ്ടായിരിക്കും നിയമനം. സ്‌കൂളില്‍ അധ്യാപകനായി ചേരുമ്പോള്‍ എസ്.എസ്.എല്‍.സി ബുക്കു മുതല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വരെ വാങ്ങിവെക്കുകയും മറ്റൊരു സ്ഥാപനത്തിലേക്ക് പോകുന്നത് തടയുകയും ചെയ്യുന്ന പതിവുണ്ട്.

രണ്ടു വര്‍ഷമാണ് പ്രൊബേഷന്‍ കാലം. അതുവരെ ഒരുവിധ ആനുകൂല്യങ്ങളും നല്‍കാത്ത സ്‌കൂളുകളുണ്ട്. രണ്ടുവര്‍ഷം തികയുമ്പോള്‍ സ്‌നേഹപൂര്‍വം ഓഫിസിലേക്ക് വിളിപ്പിക്കും. മാനേജ്‌മെന്റ് സ്‌കൂള്‍ നടത്തിക്കൊണ്ടുപോകുന്നതിന്റെ പലവിധ പ്രശ്‌നങ്ങള്‍ 3000വും 4000വും വേതനം പറ്റുന്ന പാവപ്പെട്ട അധ്യാപകന്റെ മുന്നില്‍ അവതരിപ്പിക്കും. ഒടുവില്‍ ഒരു നിര്‍ദേശവും. 'നിങ്ങളെല്ലാവരും സ്‌കൂളില്‍നിന്ന് റിസൈന്‍ ചെയ്യുക. അടുത്ത ജൂണില്‍ ഇതേ പോസ്റ്റിലേക്ക് ഇന്റര്‍വ്യൂ നടക്കുമ്പോള്‍ വരുക. നിങ്ങള്‍ക്ക് യോഗ്യതയും എക്‌സ്പീരിയന്‍സുമുള്ളതിനാല്‍ തീര്‍ച്ചയായും ഇവിടെതന്നെ ജോലികിട്ടും.' ഇങ്ങനെ പ്രൊബേഷന്‍ കാലാവധി മറികടക്കുകയും വീണ്ടും 'ഫ്രെഷ്അപ്' ആയി നിയമനം നല്‍കുകയും ചെയ്യുന്ന ഒട്ടേറെ സ്‌കൂളുകള്‍ കേരളത്തിലുണ്ട്.

ചൂഷണം ചെയ്യപ്പെടുന്നത് സ്ത്രീകള്‍

പൊതുവെ, കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യാന്‍ ഇന്റര്‍വ്യൂവിന്റെ/വിലപേശലിന്റെ ഘട്ടത്തില്‍ തയാറാവുക സ്ത്രീകളാണ്. വലിയ മുറുമുറുപ്പില്ലാതെ ജോലിചെയ്യാനും സ്ത്രീകളാണ് നല്ലതെന്ന് മാനേജ്‌മെന്റുകള്‍ക്ക് അറിയാം. വേണ്ടത്ര യോഗ്യതയോ കഴിവോ ഇല്ലാത്ത സ്ത്രീകള്‍ക്ക് നല്‍കുന്ന മുന്‍ഗണന സ്ഥാപനത്തിന്റെയും വിദ്യാര്‍ഥികളുടെയും ഭാവിയെ എങ്ങനെയെല്ലാം ബാധിക്കും എന്ന അന്വേഷണങ്ങള്‍ നടക്കാറില്ല. കച്ചവടമാകയാല്‍ താല്‍ക്കാലികമായ ലാഭംമാത്രമാണ് പലപ്പോഴും പരിഗണിക്കപ്പെടുന്നത്.

സ്‌കൂളില്‍ ചേരുമ്പോള്‍ ഒപ്പിട്ട നൂറു രൂപയുടെ ബ്‌ളാങ്ക് മുദ്രപേപ്പര്‍ ഉദ്യോഗാര്‍ഥിയോട് കൈപ്പറ്റുന്ന സമ്പ്രദായം പൊതുവെ ഇംഗ്‌ളീഷ് മീഡിയത്തിലുണ്ട്. ഈ മുദ്രപേപ്പര്‍ ഏതു ഘട്ടത്തിലും ഡെമോക്‌ളസിന്റെ വാളായി ശിരസ്സില്‍ പതിക്കാവുന്നതാണ്. അധ്യാപകനെ അകാരണമായി പുറത്താക്കാന്‍ ഈ മുദ്രപേപ്പര്‍ ധാരാളം. മാനേജ്‌മെന്റിനെതിരെ ചെറുവിരല്‍ ഉയര്‍ത്തുന്നുവെന്ന് തോന്നുന്ന വേളയില്‍ വന്‍ചതിയില്‍ പെടുത്താനും ഈ മുദ്രപേപ്പര്‍ ഉപയോഗിച്ച ചരിത്രമുണ്ട്. മുദ്രപേപ്പര്‍ കൂടാതെ ഒപ്പിട്ട ബ്‌ളാങ്ക് ചെക് സ്‌കൂളില്‍ ചേരുന്ന വേളയില്‍ വാങ്ങി സൂക്ഷിക്കുന്ന ചില വിരുതന്മാരായ മാനേജര്‍മാരുമുണ്ട്. പി.എസ്.സി കിട്ടി സര്‍ക്കാര്‍ സ്‌കൂളുകളിലേക്കോ മറ്റോ പോകുന്ന അധ്യാപകരോട് 'ജോലിയില്‍നിന്ന് പിരിയുന്ന വിവരം രണ്ടുമാസം മുമ്പേ പറഞ്ഞില്ല' എന്ന കാരണംകാണിച്ച് രണ്ടു മാസത്തെ ശമ്പളം ചെക്കില്‍ എഴുതി ഈടാക്കിയ സംഭവങ്ങള്‍ നിരവധിയാണ്.

കോഴിക്കോട്ടെ ഒരു പ്രമുഖ ഇംഗ്‌ളീഷ് മീഡിയത്തില്‍നിന്ന് ഗള്‍ഫിലെ ഒരു ഇന്റര്‍നാഷനല്‍ സ്‌കൂളിലേക്ക് പ്രിന്‍സിപ്പലായി പോയ അധ്യാപകനോട് രണ്ടു മാസത്തെ ശമ്പളം തട്ടിയെടുത്തതിന് ഈ ലേഖകന്‍ സാക്ഷിയാണ്. പി.ടി.എയും വിദ്യാര്‍ഥികളും യാത്രയയപ്പു നല്‍കി, ഗള്‍ഫിലെത്തി ആറുമാസം പിന്നിട്ടപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ക്ക് പണം തട്ടാനുള്ള ബ്‌ളാങ്ക് ചെക്കിനെക്കുറിച്ചുള്ള ബോധോദയമുണ്ടായത് എന്നുമാത്രം. ബ്‌ളാങ്ക് ചെക്കില്‍ ഇഷ്ടമുള്ള തുകയെഴുതി അധ്യാപകരെ ചെക്കുകേസില്‍ പെടുത്തുന്ന മാനേജര്‍മാരുണ്ട്. മാനേജ്‌മെന്റിന്റെ അനീതികളെ എതിര്‍ക്കുന്നവരോട് ഇത്തരം ചതികള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഒരു മാനേജരെക്കുറിച്ച് തലശ്ശേരിയിലെ ഒരു ഇംഗ്‌ളീഷ് മീഡിയം അധ്യാപകന്‍ പറയുകയുണ്ടായി.

പ്രതിഷേധിക്കാനുള്ള മടി

മാനേജ്‌മെന്റുകള്‍ തുടരുന്ന ഇത്തരം കൊടിയ ചൂഷണത്തിനെതിരെ അധ്യാപക പക്ഷത്തുനിന്ന് കാര്യമായ പ്രതിഷേധങ്ങള്‍ ഇപ്പോഴുമുണ്ടായിട്ടില്ലെന്നതാണ് ഖേദകരം. പത്തു വര്‍ഷം മുമ്പ് തലശ്ശേരിയിലെ ഒരു ഇംഗ്‌ളീഷ് മീഡിയം കണക്ക് അധ്യാപകന്‍ തന്റെ പി.എഫ് തുക തട്ടിയെടുത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നിരാഹാരസമരം നടത്തിയതും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ചേവായൂര്‍ പ്രമുഖ ഹൈസ്‌കൂളിലെ കായികാധ്യാപിക നടത്തിയ കുത്തിയിരിപ്പു സമരവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അധ്യാപക പക്ഷത്തുനിന്നുള്ള പ്രതിഷേധങ്ങള്‍. 25 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന തനിക്ക് അര്‍ഹമായ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു ചേവായൂരിലെ അധ്യാപികയുടെ കുത്തിയിരിപ്പ്.

സത്യത്തില്‍, ഇത് ചേവായൂരിലെ ഒരധ്യാപികയുടെ മാത്രം പ്രശ്‌നമല്ല. മഹാഭൂരിപക്ഷം ഇംഗ്‌ളീഷ് മീഡിയം അധ്യാപകരുടെയും അടിസ്ഥാന പ്രശ്‌നമാണ്. കേരളത്തിലെ നഴ്‌സുമാരുടെ അത്രപോലും സംഘടിതരല്ല ഇംഗ്‌ളീഷ് മീഡിയം അധ്യാപകര്‍ എന്നതാണ് മുല്ലപ്പൂ വിപ്‌ളവം വരുന്നതിന് ഏക തടസ്സം. കഷണ്ടിക്കാരന് മുതല്‍ യാചകനുവരെ സംഘടനകളും അവക്ക് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ തണലുമുള്ള നമ്മുടെ രാജ്യത്ത് അഭ്യസ്തവിദ്യരും തൊഴില്‍ വൈദഗ്ധ്യമുള്ളവരുമായ ഈ അധ്യാപക വര്‍ഗത്തിന് അവയൊന്നുമില്ലെന്നതാണ് സത്യം. പഠനകാലത്ത് വിദ്യാര്‍ഥി സംഘടനകളുടെ തലപ്പത്ത് ഉണ്ടായിരുന്നവര്‍ പോലും ഇംഗ്‌ളീഷ് മീഡിയത്തിലേക്ക് ചേക്കേറുന്നതോടെ നിശ്ശബ്ദരാവുകയാണ്.

ഏറ്റവും രസകരം മാനേജ്‌മെന്റുകള്‍ക്കും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പ്രധാനാധ്യാപകര്‍ക്കും സംഘടനകള്‍ ഉണ്ട് എന്നതാണ്. ഇത്തരം സംഘടനകള്‍ അധ്യാപകരെ കൂടുതല്‍ കൂടുതല്‍ ഞെക്കിപ്പിഴിയുവാനുള്ള ഉത്തരവുകള്‍ക്കുവേണ്ടി കോടതികളെ സമീപിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് കൊണ്ടുവന്ന മാര്‍ഗരേഖകളില്‍ ചിലത് സ്‌റ്റേചെയ്ത നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും മാര്‍ഗരേഖകള്‍ക്കെതിരെ ഒരുകൂട്ടം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജികളും പരിഗണിച്ച ശേഷം അധ്യാപകരുടെ ശമ്പളക്കാര്യം കൂടി ഹൈകോടതി ഡിവിഷന്‍ബെഞ്ച് പരാമര്‍ശിച്ചു എന്നത് ഇംഗ്‌ളീഷ് മീഡിയം അധ്യാപകരെ സംബന്ധിച്ചിടത്തോളം ശുഭകരമായ വാര്‍ത്തയാണ്.

കോടതി ഉത്തരവും സര്‍ക്കാറിന്റെ അനാസ്ഥയും

കോടതിയുടെ ഉത്തരവ് പ്രകാരം, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് 20,000, സെക്കന്‍ഡറിക്കാര്‍ക്ക് 15,000, െ്രെപമറിമിഡില്‍ക്‌ളാസ് അധ്യാപകര്‍ക്ക് 10,000 എന്നിങ്ങനെ ശമ്പളം നല്‍കണം. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോര്‍ഡുകളും കൂടിയാലോചിച്ച് അധ്യാപകര്‍ക്ക് കൃത്യമായ ശമ്പളഘടന നിര്‍ണയിച്ച് തീരുമാനം നടപ്പാക്കണമെന്നും കോടതി നിര്‍ദേശിക്കുകയുണ്ടായി. ഈ തീരുമാനം വരുംവരെ അടിയന്തരമായി നടപ്പാക്കേണ്ട ശമ്പള ഘടനയാണ് കോടതി നിര്‍ദേശിച്ച ശമ്പളത്തുക. നിര്‍ദേശിക്കപ്പെട്ട ശമ്പളം നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം സ്‌കൂളുകള്‍ക്ക് അഫിലിയേഷന്‍ തുടരുമെന്ന ഉപാധിവെക്കണമെന്ന് സി.ബി.എസ്.ഇയോട് കോടതി ആവശ്യപ്പെടുകയുണ്ടായി. സി.ബി.എസ്.ഇ ചട്ടപ്രകാരവും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും സര്‍ക്കാര്‍ അധ്യാപകര്‍ക്ക് തുല്യമായ ശമ്പളത്തിന് സി.ബി.എസ്.ഇ അധ്യാപകര്‍ക്ക് അര്‍ഹതയുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

സത്യത്തില്‍ നിയമങ്ങള്‍ ഇല്ലാത്തതല്ല പ്രശ്‌നം. അവ നടപ്പാക്കുവാന്‍ തൊഴില്‍ വകുപ്പോ വിദ്യാഭ്യാസ വകുപ്പോ തയാറാവാത്തതാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശമ്പള വര്‍ധന നടപ്പാക്കേണ്ടിവരുമോ എന്ന ആശങ്കയുള്ള ചില 'ഫൈവ്സ്റ്റാര്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകള്‍' (കുട്ടികള്‍ക്ക് കുളിക്കാന്‍ സ്വിമ്മിങ്പൂള്‍, ബെഡ്‌കോഫി, പടുകൂറ്റന്‍ ബില്‍ഡിങ്ങുകള്‍, രക്ഷിതാക്കളോട് ലക്ഷങ്ങള്‍ കോഴ, എ.സി സ്‌കൂള്‍ ബസുകള്‍ തുടങ്ങി വിദ്യാര്‍ഥികളുടെ സുഖസൗകര്യങ്ങളെപ്പറ്റി വന്‍ പരസ്യം നല്‍കുന്ന സ്‌കൂളുകളെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം) അധ്യാപകരെ നിയമിക്കുമ്പോള്‍ ലക്ഷങ്ങള്‍ കോഴവാങ്ങാന്‍ ആരംഭിച്ചു എന്നതാണ് പുതിയ പ്രവണത. 'സര്‍ക്കാര്‍ ശമ്പളം നല്‍കാം. പക്ഷേ, പത്തു ലക്ഷം നല്‍കണം' എന്നാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. മൂന്നു ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷംവരെ കോഴപ്പണം സ്‌കൂളുകളുടെ വലുപ്പച്ചെറുപ്പമനുസരിച്ച് വാങ്ങി ത്തുടങ്ങിയതായി അന്വേഷണങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞു.

ഈ തുക ബിസിനസിലോ മറ്റോ നിക്ഷേപിച്ച് അതില്‍നിന്നുള്ള ലാഭം/പലിശ ശമ്പളമായി നല്‍കുകയാണ്. ഒരേ സ്‌കൂളില്‍, സമാനയോഗ്യതയുള്ളവര്‍ക്ക് വ്യത്യസ്ത നിരക്കില്‍ ശമ്പളം നല്‍കുന്ന പതിവ് ചില സ്‌കൂളുകളിലുണ്ട്. ഇത് പല രീതിയില്‍ സംഭവിക്കാം. അഞ്ചുലക്ഷം കോഴ നല്‍കുന്നവനും മൂന്നുലക്ഷം നല്‍കുന്നവനും രണ്ടുതരം വേതനമായിരിക്കും. കോഴ നല്‍കാന്‍ തയാറാവാത്തവര്‍ക്ക് 'പാരമ്പര്യ' ശമ്പളവും. വിഷയംതിരിച്ച് വേതനം നല്‍കുന്ന സ്‌കൂളുകളുമുണ്ട്. അടുത്തകാലം വരെ സമാനമായ യോഗ്യതയുണ്ടായിട്ടും അറബിക് അധ്യാപകര്‍ക്ക് മാത്രം മറ്റുള്ളവരെക്കാള്‍ കുറഞ്ഞ ശമ്പളം നല്‍കുന്ന ഒരു സ്ഥാപനം കോഴിക്കോട് ജില്ലയിലുണ്ട്. മോറല്‍ സ്റ്റഡി കൂടി ഇവര്‍ പഠിപ്പിക്കേണ്ടതുണ്ട്. ഈ സ്ഥാപനത്തിന്റെ 'അട്രാക്ഷനു'കളില്‍ ഒന്ന് ഈ മോറല്‍ സ്റ്റഡിയാണ്!

അധ്യാപക ലോകത്തും ചാതുര്‍വര്‍ണ്യം

സത്യത്തില്‍, അധ്യാപക ലോകത്തും സമ്പത്തിന്റെ/ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്നുണ്ട്. യൂനിവേഴ്‌സിറ്റി, കോളജ് അധ്യാപകരാണ് ഇതിലെ ബ്രാഹ്മണര്‍. സകലവിധ അവകാശങ്ങളും നിഷേധിക്കപ്പെട്ട ശൂദ്രരാണ് ഇംഗ്‌ളീഷ് മീഡിയം അധ്യാപകര്‍. യൂനിവേഴ്‌സിറ്റി, കോളജ്‌സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപക സംഘടനകളുടെ പ്രമേയങ്ങളില്‍പോലും ഈ പാവങ്ങള്‍ക്ക് ഇടം ലഭിക്കാറില്ല. നഴ്‌സുമാരുടെ സമരവിജയത്തിന് ശേഷം തങ്ങള്‍ക്കും അത്തരമൊരു സമരമാവാമെന്ന ആലോചന അഭ്യസ്തവിദ്യരും തൊഴില്‍ വൈദഗ്ധ്യമുള്ളവരുമായ ഇംഗ്‌ളീഷ് മീഡിയം അധ്യാപകരില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ മേഖലയില്‍നിന്ന് എന്തുകൊണ്ട് ഒരു 'മുല്ലപ്പൂ ഇംഗ്‌ളീഷ് മീഡിയം വിപ്‌ളവം' പൊട്ടിപ്പുറപ്പെട്ടുകൂടാ?

English summary
1.25 lakh teachers in the CBSE/ICSE boards would see their salaries doubled following a landmark verdict from the Kerala high court. But no change occured? Why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X