കടുവാക്കൊല: പെണ്ണിനെ ആണാക്കി തടിയൂരാന്‍ ശ്രമം
നാട്ടിലിറങ്ങിയ കടുവയെ വെടിവച്ചുകൊന്ന സംഭവം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഉറപ്പായതോടെ തുറന്നുവിട്ട കടുവയും ചത്ത കടുവയും ഒന്നാണെന്ന് വരുത്താന്‍ വനം ഉദ്യോഗസ്ഥര്‍ നീക്കം നടത്തുന്നു. ദേശീയമൃഗമായ കടുവയുടെ സംരക്ഷണത്തിന് വന്‍പ്രാധാന്യം നല്‍കുന്ന ഇന്ത്യയില്‍ ആള്‍പ്പിടിയന്‍ കടുവകളെ കൊല്ലാന്‍ മാത്രമാണ് അനുമതി. മൂന്ന് മനുഷ്യരെയെങ്കിലും കൊന്ന കടുവയെയാണ് ആള്‍പ്പിടിയന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഇതുവരെ ഒരു മനുഷ്യജീവിയെപ്പോലും ഉപദ്രവിക്കാതെ ഇരതേടിയിറങ്ങിയ കടുവയെ വെടിവച്ചുകൊന്നതോടെയാണ് സംസ്ഥാന സര്‍ക്കാരും വനം വകുപ്പും വനം ഉദ്യോഗസ്ഥരും കെണിയിലായത്. വയനാട്ടിലെ ജനങ്ങളുടെ കടുവാവിരുദ്ധ വികാരത്തിന് മുന്നില്‍ കീഴടങ്ങിയ സര്‍ക്കാരും ഉദ്യോഗസ്ഥരും പ്രധാനമന്ത്രി അധ്യക്ഷനായ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മുമ്പില്‍ ഉത്തരം പറയേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്.

അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലുള്ള സഞ്ജയ്കുമാര്‍, രവികിരണ്‍, ശിവകുമാര്‍ എന്നിവരെയാണ് വയനാട്ടില്‍ കടുവയെ വെടിവച്ചുകൊന്ന സംഭവം അന്വേഷിക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി നിയോഗിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് കടുവാ വേട്ടയ്ക്ക് വന്ന ദൗത്യസേനാംഗമാണ് കടുവയെ വെടുവച്ചതെന്നായിരുന്നു ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ കര്‍ണാടക വനംവകുപ്പും ദൗത്യസംഘവും ഇതിനെതിരെ കടുത്ത പ്രതിഷേധം നടത്തിയപ്പോള്‍ ഈ വാദം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു കേരള വനംവകുപ്പുദ്യോഗസ്ഥര്‍.
എന്നാല്‍ കടുവയെ വെടിവച്ചെന്ന കുറ്റം ചുമത്തി ഇപ്പോള്‍ ഒരു ഫോറസ്റ്റ് ഗാര്‍ഡിനെ സ്ഥലം മാറ്റിയിട്ടുണ്ട്. മുത്തങ്ങ വൈല്‍ഡ് ലൈഫ് ഓഫീസില്‍ ജോലിചെയ്തിരുന്ന ഫോറസ്റ്റ് ഗാര്‍ഡ് ജോസഫിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇദ്ദേഹത്തെ ബത്തേരിയിലെ വയനാട് വന്യജീവി സങ്കേതം ആസ്ഥാനത്തേക്കാണ് മാറ്റിയത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തലയൂരാന്‍ ഫോറസ്റ്റ് ഗാര്‍ഡിനെ ബലിയാടാക്കുന്നതില്‍ വനംവകുപ്പിലെ താഴേയ്ക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷമുണ്ട്.
കടുവയെ വെടിവച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഗാര്‍ഡ് ജോസഫിനെ മാത്രം നടപടിക്ക് വിധേയനാക്കാന്‍ ആവില്ലെന്നും വെടിവയ്ക്കാന്‍ ഉത്തരവിട്ട സംസ്ഥാന മുഖ്യവനപാലകന്‍, അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി. കടുവയെ വെടിവച്ചുകൊല്ലാന്‍ ഉത്തരവുണ്ടെന്ന് പ്രചരിപ്പിച്ച എം ഐ ഷാനവാസ് എം പി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും അടക്കമുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്കും തുല്യ ഉത്തരവാദിത്തമാണ് ഉള്ളതെന്ന് വയനാട്ടിലെ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി, നൂല്‍പുഴ, നേന്മേനി പഞ്ചായത്തുകളിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരതേടിയെങ്കിലും ഒരു മനുഷ്യനെ പോലും ആക്രമിക്കാത്ത കടുവയെ വെടിവച്ചുകൊന്നത് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള പരിസ്ഥിതി-മൃഗസ്‌നേഹി സംഘടനകളും ഗൗരവത്തോടെയാണ് കാണുന്നത്. തേലമ്പറ്റയിലെ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ രണ്ടുവട്ടം മയക്കുവെടിയേറ്റ കടുവയെയാണ് വെടിവച്ചുകൊന്നത്. രണ്ടുതവണ മയക്കുവെടിയേറ്റ കടുവ ഏതാണ്ട് മയങ്ങിയ ഘട്ടത്തിലാണ് വെടിവച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ഇതിനിടെ തിരുനെല്ലിയില്‍ കെണിയിലായ കടുവയെ തന്നെയാണ് നൂല്‍പ്പുഴയില്‍ വെടിവച്ചുകൊന്നതെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമമുണ്ടായി. തിരുനെല്ലിയില്‍ കെണിയില്‍പ്പെട്ട പെണ്‍കടുവയെ മുത്തങ്ങയില്‍ കൂടുതുറന്നുവിട്ടെന്ന് ഫോറസ്റ്റുകാര്‍ തന്നെയാണ് നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ നൂല്‍പ്പുഴയില്‍ വെടിയേറ്റ് ചത്തത് ആണ്‍കടുവയായതിനാല്‍ വിവാദം കൊഴുത്തിരുന്നു. തിരുനെല്ലി പുലിവാല്‍മുക്കില്‍ കെണിയിലായതും കുറിച്യാട് വനത്തില്‍ തുറന്നുവിട്ടതും പെണ്‍ കടുവയെയാണെന്നാണ് മഹസറില്‍ എഴുതിയിരിക്കുന്നതെന്ന് വടക്കേ വയനാട് വനം ഡിവിഷന്‍ ഓഫീസര്‍ എ ഷാനവാസ് വ്യക്തമാക്കിയിട്ടുണ്ട്.
കെണിയിലായ കടുവയെ നിരീക്ഷിച്ച അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ പറഞ്ഞതനുസരിച്ചാണ് മഹസറില്‍ പെണ്‍കടുവയെന്ന് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. നൂല്‍പ്പുഴയില്‍ കൊല്ലപ്പെട്ടത് ആണ്‍ കടുവയാണ്. പുലിവാല്‍മുക്കില്‍ കെണിവച്ചുപിടിച്ച അതേ കടുവയാണിതെന്ന വാദം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ വിവാദം കത്തിപ്പടരുന്നത്. പുലിവാല്‍മുക്കില്‍ കെണിയിലായ കടുവയുടെ ലിംഗനിര്‍ണയം നടത്തിയതില്‍ വെറ്ററിനറി ഓഫീസര്‍ക്ക് തെറ്റുപറ്റിയിരിക്കാമെന്നും കെണിയിലായത് ആണ്‍കടുവ തന്നെയാണെന്നുമാണ് പുതിയ പ്രചരണം. അതേസമയം ലിംഗനിര്‍ണയത്തില്‍ തനിക്ക് പിശകുപറ്റിയതായി വെറ്ററിനറി ഓഫീസര്‍ പ്രസ്താവന നടത്തിയിട്ടില്ല,. പുലിവാല്‍മുക്കില്‍ കെണിയിലായതും ബത്തേരിയിലും മറ്റും ശല്യം ചെയ്യുന്നതും വ്യത്യസ്ത കടുവകളാണെന്ന് വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റ് പി എസ് ഈസയും നേരത്തേ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications