കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്രയും ബഹുമാനപ്പെട്ട, എന്റെ ശുനക സഹോദരങ്ങള്‍ വായിച്ചറിയുവാന്‍...

Google Oneindia Malayalam News

ക്രിസ്റ്റീന ചെറിയാൻ

ടിവി ന്യൂ ചാനലിലെ ചീഫ് സബ് എഡിറ്റര്‍ ആയിരുന്നു ക്രിസ്റ്റീന ബാലു. ഇപ്പോള്‍ ഫ്രീലാന്‍സ് കണ്ടന്റ് റൈറ്റര്‍ ആണ്.

പ്രിയപ്പെട്ട ശ്വാനന്‍മാരേ,

ഞങ്ങള്‍ മനുഷ്യര്‍ക്ക് അടുത്തിടെയുണ്ടായ ചില ആവലാതികള്‍ ഞങ്ങളുടെ സഹജീവകളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് ബോധ്യമായ സ്ഥിതിയ്ക്കാണ് നിങ്ങള്‍ക്ക് നേരിട്ട് ഈ കത്തെഴുതുന്നത്. സമീപകാലത്ത് നിങ്ങള്‍ക്കുണ്ടായ മൂല്യ വര്‍ദ്ധനയും മനുഷ്യര്‍ക്കിടയില്‍ നിങ്ങള്‍ നേടിയെടുത്ത ജനസമ്മതിയും മൂലം പഴയതുപോലെ 'പോടാ പട്ടികളേ' എന്ന് വിളിക്കാന്‍ നാവ് പൊന്തുന്നില്ല.

കഴിഞ്ഞ ദിവസം നടക്കാനിറങ്ങിയപ്പോള്‍ കണി കണ്ടത് നിങ്ങളുടെ ഒരു കൂട്ടം. അതും നല്ല 'കട്ടക്കലിപ്പില്‍'... അവരുടെ നോട്ടം കണ്ടാല്‍ തോന്നും അവരിലൊരുത്തനെ കഴിഞ്ഞ ദിവസം ഞാന്‍ കടിച്ചുപറിച്ച് തിന്നുകളഞ്ഞെന്ന്!!!

Stray Dog

അല്ലയോ ശ്വാന സഹോദരങ്ങളേ, ആരോഗ്യസംരക്ഷണത്തിനായി ഒന്ന് നടക്കാനിറങ്ങിയതാണ്, ഉപദ്രവിക്കരുത്... എന്ന് ദയനീയം പറഞ്ഞിട്ടും 'നോ രക്ഷ'. ഈ ദുനിയാവില്‍ ആരോഗ്യം ഇല്ലാണ്ടിരിക്കുവാ നല്ലതെന്ന് പറഞ്ഞ് ഞാന്‍ തിരികെ വീട്ടില്‍ കയറി.

ശരിക്കും നടന്നത് എന്താണെന്ന് നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ... ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ സഹജീവിയായ ഒരു അമ്മയെ നിങ്ങളില്‍ ചിലര്‍ ചേര്‍ന്ന് കടിച്ചുകീറിക്കൊന്ന കാര്യം. അതും ആ അമ്മയുടെ മകന്റെ മുന്നില്‍ വച്ച്. ആ അമ്മയുടെ രക്തവും മാംസവും നിങ്ങള്‍ കൊതിയോടെ നുണഞ്ഞപ്പോള്‍, ആ രക്തത്തിന്റേയും മാംസത്തിന്റേയും ഭാഗമായി പത്തുമാസം കിടന്ന ആ മകനുണ്ടായ വേദനയെന്താണെന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായേക്കാം... പക്ഷേ ഞങ്ങളില്‍ ചിലര്‍ക്ക് മനസ്സിലായില്ല.

Stray Dog

'മാംസം കൊണ്ടുപോയതാണത്രെ നിങ്ങളെ പ്രകോപിപ്പിച്ചത്'. സ്വന്തം മാംസം വീട്ടില്‍ ഊരിവച്ചിട്ട് പോകാന്‍ പറ്റണ ടെക്‌നോളജിയൊന്നും ഞങ്ങള്‍ മനുഷ്യര്‍ കണ്ടുപിടിച്ചിട്ടില്ല സഹോദരങ്ങളേ... ഇനി കഷ്ടപ്പെട്ട് അത് കണ്ടുപിടിച്ചാല്‍, മാസം വേണ്ട എല്ല് മതി എന്ന പോളിസിയില്‍ നിങ്ങള്‍ എത്തിച്ചേരുകയും ചെയ്യും.

സഹോദരങ്ങളേ... ഇങ്ങനെ പോയാല്‍ ഞങ്ങള്‍ക്ക് ചിതയൊരുക്കേണ്ട ചെലവ് പോലും ലാഭിക്കാന്‍ പറ്റുമെന്നാ തോന്നുന്നെ. മാംസം മുഴുവന്‍ നിങ്ങള്‍ തിന്ന് തീര്‍ക്കും. പിന്നെ, അസ്ഥിയുള്ളതില്‍ കുറച്ച് വാരിയെടുത്ത് ചടങ്ങ് തീര്‍ത്താല്‍ മതിയല്ലോ. ഇനി സാമ്പത്തിക മാന്ദ്യമാണെന്ന് മനസ്സിലാക്കി ചെലവ് ചുരുക്കാന്‍ നിങ്ങള്‍ ഞങ്ങളെ സഹായിക്കുകയാണോ? ഉദ്ദേശ ശുദ്ധിയോടെയുള്ള പ്രവര്‍ത്തനം ഞാന്‍ തെറ്റായിക്കണ്ടതാണോ എന്നറിയണമല്ലോ!

Stray Dog

നിങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കാന്‍ ഈയുള്ളവള്‍ക്ക് ഒരു സംശയം കൂടിയുണ്ട്. ഇടക്കാലത്തായി നിങ്ങളുടെ 'ജനസംഖ്യ'(നിങ്ങള്‍ക്ക് വേണ്ടി ഇനിയിപ്പോ നായ്‌സംഖ്യ എന്നൊന്നും പറയേണ്ടല്ലോ)യിലുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച. പണ്ടൊക്കെ ഒരു പത്ത് കിലോമീറ്റര്‍ യാത്രയില്‍ നിങ്ങളില്‍ ഒരാളെ കണ്ടാലായി. എന്നാല്‍ ഇപ്പോ നിങ്ങളെ കാണാന്‍ 'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്' നടക്കേണ്ട കാര്യമില്ല. മുക്കിന് മുക്കിന് നിങ്ങളുടെ കൂട്ടങ്ങള്‍ കാണാം. ദിവസേന നിങ്ങള്‍ സംസ്ഥാന സമ്മേളനങ്ങള്‍ നടത്താറുണ്ടോ? അതോ ഞങ്ങള്‍ മനുഷ്യരെ അനുകരിച്ച് നിങ്ങള്‍ വല്ല ശ്വാന മുന്നേറ്റയാത്രയോ ശ്വാന സംരക്ഷണ യാത്രയോ മറ്റോ സംഘടിപ്പിയ്ക്കുന്നതാണോ?

ഓ, പറഞ്ഞുവന്നത് നിങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയെപ്പറ്റി. ശരിക്കും എന്താ ഇതിന് കാരണം? അല്ല, അറിയാന്‍ പാടില്ലാഞ്ഞ് ചോദിച്ചതാ. ഒരു ശുനക സാമ്രാജ്യം കെട്ടിപ്പടുക്കും പോലെയുളള നിങ്ങളുടെ വളര്‍ച്ചയില്‍ ഞങ്ങള്‍ മനുഷ്യരുടെ പരോക്ഷ സഹായം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ഞാന്‍ ശക്തമായ സംശയിക്കുന്നു.

Stray Dog

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ആയിരുന്ന ഈ കേരളത്തെ ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയാക്കിയതില്‍ നിങ്ങള്‍ക്കുള്ള പങ്ക് ഒട്ടും ചെറുതല്ല. അല്ലയോ മഹാനുഭാവന്‍മാരേ, ഇതിലൂടെ നിങ്ങള്‍ ഞങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്ന കാര്യം പറയാതെ തന്നെ അറിയാമല്ലോ?

വര്‍ഷാവര്‍ഷം ബാഗ് തൂക്കി കേരളം കാണാന്‍ വന്നിരുന്ന വിദേശികള്‍ക്കിപ്പോള്‍ കൊളംബോയാണത്രെ പ്രിയം. നിങ്ങളേക്കാള്‍ ഭേദം തമിഴ് പുലികള്‍ ആണത്രെ. അവരാണെങ്കില്‍ ഒറ്റയടിക്ക് കൊല്ലും. നിങ്ങളോ... ഇഞ്ചിഞ്ചായും! എന്തിരായാലും ആ പേരില്‍ കിട്ടിക്കൊണ്ടിരുന്ന വിദേശ നാണ്യം ഇപ്പോള്‍ ഗോവിന്ദ!!!

'കാറില്ല, ബാറില്ല... എന്നാലോ, എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലെന്തവിടെല്ലാം ഉശിരന്‍ നായ്ക്കള്‍ മാത്രം'- എന്നാണത്രെ കേരളത്തിന്റെ പുതിയ ടൂറിസം ടാഗ് ലൈന്‍. നിങ്ങള്‍ പുലികളാണ് കേട്ടോ!!!

Stray Dog

എന്നാലും, ഞങ്ങളില്‍ ചിലരുടെ ഇത്രയും സപ്പോര്‍ട്ട് നിങ്ങള്‍ക്ക് ലഭിക്കാനുള്ള കാരണം എന്ത്ര ചിന്തിച്ചിട്ടും തെരിയാത്... നിങ്ങള്‍ വല്ല കൂടോത്രവും ചെയ്‌തോണ്ടാ, അതോ അവര്‍ പൂര്‍വ്വ ജന്മത്തിലെങ്ങാന്‍ നിങ്ങളുടെ കുലത്തില്‍ പിറന്നിട്ടുള്ളതുകൊണ്ടോ? ആര്‍ക്കറിയാം... ഞങ്ങളെ കടിച്ചാലും കൊന്നാലും നിങ്ങളെ കൊല്ലരുതത്രെ!!

വന്ധ്യംകരണം ആവാം... ചിലപ്പോള്‍ നിങ്ങളില്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കും എന്ന് പറഞ്ഞ് ഇവര്‍ നാളെ അതും വേണ്ടെന്ന് പറയും. മക്കളുടെ മുന്നില്‍ വച്ച് കൊന്നൊടുക്കപ്പെടുന്ന അമ്മയുടേയോ, അമ്മയുടെ കണ്‍മുന്നില്‍ കടിച്ചുകീറപ്പെടുന്ന മക്കളുടേയും വേദന ആരറിയാന്‍? ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായേക്കും. എന്നാലും ഞങ്ങളുടെ കൂട്ടര്‍ക്ക് മനസ്സിലാവില്ല.

ചിന്തിച്ച് നോക്കൂ, നിങ്ങള്‍ ചെയ്യുന്നത് കുറേ അതിക്രമമല്ലേ? സ്‌നേഹത്തിനും നന്ദിക്കും പേരെടുത്ത നിങ്ങളുടെ പൂര്‍വ്വികരെ എങ്കിലും ഓര്‍ക്കേണ്ടേ? നല്ല ഗുണങ്ങള്‍ക്ക് പേരെടുത്ത് ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ട എത്രയോ ശ്വാനനാമങ്ങളുണ്ട്? അല്ലാ.. ഇങ്ങളെന്താ മനുഷ്യര്‍ക്ക് പഠിക്കുവാ? നിങ്ങള്‍ക്ക് 'ശ്വാനത്വം' തീരെ ഇല്ലാതെ പോയ? മാരകായുധങ്ങളായ പല്ലും നഖവുമായി സംഘടിക്കുന്ന നിങ്ങള്‍ക്ക് 'ഉവാപ'(യുഎപിഎ എന്ന് ഇംഗ്ലീഷില്‍ വായിക്കാം) ഒന്നും ബാധകമല്ലേ? ഭാഗ്യവാന്‍മാര്‍...

ആവലാതികളുടെ ഭാണ്ഡമായ ഈ കത്ത് തള്ളിക്കളയരുത്, പ്ലീസ്. ഞങ്ങളെ സഹായിക്കാന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ആള് കുറവാ... നിങ്ങള്‍ക്കാണെങ്കില്‍ അമിത 'വില'ക്കയറ്റവും! കത്ത് വായിച്ച് നിങ്ങളുടെ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ തീരുമാനമെടുക്കുമെന്ന് കരുതട്ടെ. ഇത്രയും വായിച്ചിട്ടും ഇതിനെ പുച്ഛിക്കാന്‍ തക്ക പിതൃശൂന്യത ഞങ്ങളില്‍ നിന്ന് നിങ്ങള്‍ നേടിയിട്ടില്ലെങ്കില്‍...

എന്ന് സ്വന്തം,

വിലയിടിഞ്ഞ മനുഷ്യകുലത്തില്‍ നിന്ന് ഒരാള്‍

English summary
A letter to Stray Dogs by Christina Cherian.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X