കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊന്നതും തല്ലിച്ചതച്ചതുമായ നൂറായിരം '' ജാതി കഥകൾ''.. അപർണ പ്രശാന്തി എഴുതുന്നു

  • By Desk
Google Oneindia Malayalam News

അപർണ പ്രശാന്തി

സ്വതന്ത്ര മാധ്യമപ്രവർത്തകയായ അപർണ പ്രശാന്തി അറിയപ്പെടുന്ന കോളം എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയും അവതാരകയുമാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടൻ പുരസ്കാരത്തിന് അപർണയുടെ ആദ്യ പുസ്കമായ 'ചലച്ചിത്രത്താഴ്' അർഹമായി. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടി.

മെലിഞ്ഞു നീണ്ട ഒരു പെൺകുട്ടി കൂടെ പഠിച്ചിരുന്നു. എല്ലാവരും ഭാവന എന്നവളെ വിളിച്ചിരുന്നു. (രൂപം കൊണ്ടും സംസാരം കൊണ്ടും അവൾ സിനിമാ നടി ഭാവനയെ ഓർമിപ്പിച്ചു) .കളിക്കൂട്ടുകാരനുമായുള്ള പൊള്ളുന്ന പ്രണയമാണ് അവളെ ഞങ്ങളിൽ ചിലർക്കിടയിൽ അധികം സംസാര വിഷയമാക്കിയത്. ഞങ്ങൾക്കൊരിക്കലും കല്യാണം കഴിക്കാൻ പറ്റില്ലല്ലോ അവൻ വേറെ ജാതിയല്ലേ എന്ന് വിഷമിച്ചിരുന്ന അവളുടെ മുഖം ഇപ്പഴും ഞങ്ങൾക്ക് ഓർമയുണ്ട്. അവളെ തിരിഞ്ഞു നോക്കി കൊണ്ട് നടന്നു പോയ അവന്റെ നിസ്സഹായമായ മുഖത്തെയും മറന്നിട്ടില്ല.

''സ്വർണ നൂല് പോൽ മെലിഞ്ഞ നിന്നെ ഞാൻ സ്വന്തമാക്കുവാൻ വരുന്ന മാത്രയിൽ'' എന്നൊക്കെയുള്ള വരികൾ എഴുതിയ അവളുടെ ഫോട്ടോ പതിപ്പിച്ച ആശംസാ കാർഡുകൾ ഒളിപ്പിച്ചു കൊണ്ട് നടക്കുന്ന അവൾക്ക് എന്നും നിരാശ ആയിരുന്നു. എന്തായാലും ധൈര്യം സംഭരിച്ചു അവൾ കോളജ് പഠന കാലത്ത് എപ്പോഴോ വീട്ടിൽ തന്റെ പ്രണയത്തെ പറ്റി പറഞ്ഞു. അവനെ വീട്ടിലെ അമ്മാവന്മാർ പോയി തല്ലി. പൂട്ടിയിട്ട മുറിയിൽ നിന്നും കല്യാണ പന്തലിലേക്ക് അവൾ കരഞ്ഞിറങ്ങി. അച്ഛൻ വെട്ടിക്കൊന്ന മകളുടെ വാർത്ത കണ്ടപ്പോൾ മുതൽ ഓർക്കുന്നുണ്ട് അവൾ എവിടെ ഉണ്ട് എന്ന്. ആർക്കും മുഖ൦ നൽകാതെ നാട്ടിൽ എവിടെയോ ജീവിക്കുന്നുണ്ട് എന്നറിഞ്ഞു.

'നില' മറന്നവർ

'നില' മറന്നവർ

ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് മധ്യവയസ്കരുടെ ഒരു കൂട്ടം ട്രെയിൻ കാത്തു നിൽക്കുന്ന ഒരു പയ്യനെ വളഞ്ഞിട്ടു തല്ലുന്നത്. 'അയ്യോ' എന്ന് പറഞ്ഞ എന്നെ കടന്നു അതിനേക്കാൾ വലിയ കൂട്ടം ആ കാഴ്ച കണ്ടു നിന്നു. ''കുടുംബത്തിൽ പിറന്ന പെണ്ണുങ്ങളെ നോക്കാറായോ നീ'' എന്നുറക്കെ അലറി മുഖത്ത് കൈ വീശി അടിച്ചു കൊണ്ടേ ഇരുന്നു അവർ. കുതറിയ അവനെ കോളറിന് പിടിച്ചു അതിലൊരാൾ പറഞ്ഞു, ''അമ്മ എച്ചിൽ പാത്രം കഴുകുന്നത് ഇല്ലാതാക്കണ്ടെങ്കിൽ ഇനി അവളെ നോക്കരുത്'' എന്ന്. ജാതിപ്പേര് വിളിച്ചു ആ 'കുലീനർ' അവനെ നോക്കി തുപ്പിയിട്ട് കടന്നു പോയി. തെറിച്ചു പോയ കണ്ണടയും തളർന്നു നിൽക്കുന്ന അവനും ബാക്കിയായി ആൾക്കൂട്ടം പല വഴി പിരിഞ്ഞു. അവൻ നില മറന്നതിനെ പറ്റിയും ജാതി മറന്നതിനെ പറ്റിയും കൂട്ടമായി ചർച്ച ചെയ്താണ് അവർ പിരിഞ്ഞു പോയത്.

ജാതിയും മതവും അഭിമാനവും വല്ലാതെയുണ്ട്

ജാതിയും മതവും അഭിമാനവും വല്ലാതെയുണ്ട്

കുറച്ചു കൂടി പ്രായമായിരുന്നെങ്കിൽ ഞാൻ പോലീസിനെ വിളിക്കുമായിരുന്നു എന്നൊക്കെ കുറ്റബോധത്തോടെ ഞാൻ കപടമായി ആശ്വസിക്കാറുണ്ട്. ഒരാൾക്കൂട്ടം ക്രൂരമായി ഒരാളെ ഉപദ്രവിക്കുന്നതും അതിനേക്കാൾ ക്രൂരമായി ഒരാൾക്കൂട്ടം അത് നോക്കി നിൽക്കുന്നതും ആദ്യമായി കാണുന്നത് അപ്പോഴാണ്. അവന്റെ തെറിച്ചു പോയ കണ്ണട കുറെ ദിവസം കണ്ണിൽ നിന്നു പോകാതെ നിന്നു. ഈ രണ്ടു സംഭവങ്ങളും കണ്മുന്നിൽ നടന്നിട്ടു വർഷങ്ങളായി. നമുക്ക് ജാതിയും മതവും അഭിമാനങ്ങളും ഒക്കെ വല്ലാതെ ഉണ്ട് എന്ന് ഓർമപ്പെടുത്തിയ തല്ലുകളാണ് രണ്ടും. പിന്നെയും കണ്ടിട്ടും കേട്ടിട്ടുമുണ്ട് സമാന സംഭവങ്ങൾ. അച്ഛൻ കൊന്ന മകൾ വാർത്തയാകുന്നത് ആദ്യമായിട്ടാവാം. കൊന്നതും തല്ലി ചതച്ചതും ആയ നൂറായിരം'' ജാതി കഥകൾ'' കണ്ടും കേട്ടും കടന്നു പോയിട്ടുണ്ട്. ചിലപ്പോഴെങ്കിലും വളരെ സാധാരണമായ അനുഭവമായി ജാതി ചുരുങ്ങിയിട്ടും ഉണ്ട്.

മിഥ്യാഭിമാനം സംരക്ഷിക്കുന്നവർ

മിഥ്യാഭിമാനം സംരക്ഷിക്കുന്നവർ

നമുക്ക് ജാതിയില്ല എന്നൊക്കെയുള്ള ആഹ്വാനങ്ങളുടെ മറുകരയിൽ ഇങ്ങനെ വെട്ടുകത്തിയുമായി ജാതി സംരക്ഷണ മതിൽ മുറുക്കെ പിടിച്ചു അച്ഛന്മാർ നിൽക്കും. മക്കളെ അല്ലെങ്കിൽ പ്രിയപ്പെട്ടവർ ആയ ആരെയും വെട്ടിക്കൊന്നും അവർ മിഥ്യാഭിമാനം സംരക്ഷിക്കും. അതിനെ വലിയ ശരി എന്ന് ധരിക്കുന്ന വലിയൊരു വിഭാഗം അവരെ സർവാത്മനാ പിന്തുണക്കും. നമ്മൾ ഫേസ്‌ബുക്കിൽ അല്ലെങ്കിൽ ചെറിയൊരിടത്ത് ഒരു അപലപിക്കാൻ നടത്തി സുരക്ഷിതമായി മാറി നടക്കും പോലെ അല്ല അവർക്കു ലഭിക്കുന്ന പിന്തുണകൾ. ആയുധം കൊണ്ടും ജീവൻ കൊണ്ട് വരെയും ജാതി സംരക്ഷണ സേനക്കാർ ഒറ്റക്കും കൂട്ടമായും അവരെ പിന്തുണക്കും. സ്ക്കൂളിൽ കളി മൈതാനത്തിൽ മുതൽ മരണം വരെ ജാതി അളക്കുന്ന നാട് തന്നെയാണ് കേരളവും.

ജാതിയും കല്യാണങ്ങളും

ജാതിയും കല്യാണങ്ങളും

'കുട്ടി ഏതാ ജാതി, ഒരു കല്യാണാലോചനക്കു വേണ്ടി ആയിരുന്നു' എന്ന് പറഞ്ഞു അടുത്ത് കൂടുന്നവരുണ്ട് യാത്രകളിൽ.. എത്ര അവഗണിച്ചാലും താത്പര്യമില്ലെന്ന് പറഞ്ഞാലും പെൺകുട്ടികളുടെ പുറകെ കൂടുന്നവർ. ഏറ്റവും പച്ചക്ക് ഏതാ ജാതി എന്ന ചോദ്യം കേട്ടിട്ടുള്ളത് ഇവരുടെ കയ്യിൽ നിന്നാണ്. ഇങ്ങനെ ചോദിക്കുന്നവരിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. കല്യാണ ബ്രോക്കർമാരും അടുത്ത വീട്ടിലെ പയ്യന് കല്യാണം ആലോചിച്ചു സഹായം ചെയ്യാൻ നോക്കുന്ന ചേച്ചിമാരും ഉണ്ട്. ഒറ്റ കേൾവിയിൽ വളരെ സ്വാഭാവികമായ നാട്ടു കാഴ്ച ഒക്കെ ആയി തോന്നുന്ന ഇത്തരം രീതികൾ കേൾക്കുന്നവരിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചെറുതല്ല. ജാതി ഏറ്റവുമധികം ചോദിക്കുന്നത് കല്യാണവുമായി ബന്ധപ്പെട്ടാണ്.

മുഖംമൂടികൾ അഴിഞ്ഞ് വീഴുന്നയിടം

മുഖംമൂടികൾ അഴിഞ്ഞ് വീഴുന്നയിടം

സ്വാഭാവികമായും സ്വകാര്യ സ്വത്തു നിലനിർത്തലിന്റെയും വംശ വർദ്ധനവിന്റെയും മൂല്യ ബോധ്യങ്ങളിൽ ജാതിക്കു ഇവിടെ വലിയ സ്ഥാനമുണ്ട്. എല്ലാ വിശാലതകളുടെയും മുഖംമൂടികൾ അഴിഞ്ഞു വീഴുന്ന ഇടമാണ് കല്യാണങ്ങൾ. മറ്റൊരു ജാതിക്കാരനൊപ്പം 'ഒളിച്ചോടിയ' പെൺകുട്ടി ഒരു നാട്ടിലെ ഏറ്റവും വലിയ ക്രൂരതയുടെ പര്യായവും അവളുടെ രക്ഷിതാക്കൾ സഹതാപാർഹരായ പരിഹാസ പാത്രങ്ങളുമാണ്. പൂജാരി അടക്കം കല്യാണത്തിന്റെ ലെസ്റ്റെസ്റ്റ് അഡീഷനുകൾ പറയും നമ്മൾ എത്ര പിന്നിലേക്കാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന്. അച്ഛനുമമ്മയും പൂട്ടിയിട്ടു കല്യാണം കഴിപ്പിക്കുന്ന തല്ലിപ്പഴുപ്പിക്കുന്ന പെൺകുട്ടികൾ അത്ര അപൂർവമായ കാഴ്ചയൊന്നുമല്ല ഇവിടെ. പ്രേമം തന്നെ വലിയ നാണക്കേടായ ഇവിടെ ജാതി ഒക്കെ മാറി പ്രേമിക്കുന്നത് എന്താണെന്ന് ഇനിയും പറയേണ്ടി വരില്ലല്ലോ.

തല്ലിപ്പഴുപ്പിച്ച കല്യാണങ്ങൾ

തല്ലിപ്പഴുപ്പിച്ച കല്യാണങ്ങൾ

നീണ്ട കാലത്തെ പ്രണയത്തിനു ശേഷം സമാനമായി വീട്ടുകാർ തല്ലി പഴുപ്പിച്ചു കല്യാണം കഴിപ്പിച്ച ഒരു കൂട്ടുകാരിയുണ്ട്, 'താഴ്ന്ന ജാതിയിലെ' ഒരാളെ പ്രണയിച്ചതിനു മനഃശാസ്ത്രഞ്ജന്റെ അടുത്ത് നിരവധി തവണ അവൾ കൗൺസിലിംഗിന് വിധേയ ആയി. തല്ലിയും ചവിട്ടിയും അവളുടെ ആങ്ങള, കുലത്തിന്റെ അഭിമാനം സംരക്ഷിച്ചു പോന്നു. അവളുടെ കല്യാണം മറ്റാരുമായോ നടന്നു. അവളുടെ തേപ്പുകഥകൾ നാട്ടിലൊക്കെ നല്ല രീതിയിൽ കൊണ്ടാടി. തല്ലിപ്പഴുപ്പിച്ച ഏട്ടൻ നിരന്തരം തേപ്പു ട്രോളുകൾ ഷെയർ ചെയ്യാറുണ്ട്. അന്ന് അവളെ കുറിച്ചുള്ള തേപ്പു കഥാ സംഘം അവനു 'കട്ട സപ്പോർട്ടുമായി ' കാണാറും ഉണ്ട്. എന്താ പെങ്ങളെ കല്യാണം കഴിക്കാത്തെ, എത്ര വൈകിയാലും കുടുംബത്തിന് മാനക്കേട് ഉണ്ടാക്കല്ലേ എന്ന് എന്നെ എപ്പോ കാണുമ്പോഴും മറക്കാതെ ഉപദേശിക്കാറും ഉണ്ട്.

കൊല്ലാതെ കൊന്ന ഇരകൾ

കൊല്ലാതെ കൊന്ന ഇരകൾ

ഇതര മതസ്ഥരെ പ്രണയിച്ച പെൺകുട്ടിയെ 'നേരെയാക്കി' കല്യാണം കഴിപ്പിച്ചതിൽ അഭിമാനിക്കുന്ന വളരെ പുരോഗമനം പറയുന്ന കുടുംബക്കാരുണ്ട്. ജാതിയും മതവും ഒന്നല്ലെങ്കിൽ കിട്ടാവുന്ന ശിക്ഷകൾ കുറിച്ചു ഊറ്റം കൊല്ലുന്നവരും ഉണ്ട്. കല്യാണ പന്തലിലെ മുല്ലപ്പൂ മാനത്തിനു പിന്നിൽ ചീഞ്ഞളിഞ്ഞ ഇങ്ങനെ എത്രയെത്ര കഥകൾക്ക് നമ്മൾ അനുഭവസ്ഥരും സാക്ഷികളുമാണ് എന്നോർത്താൽ മതി. വെട്ടിക്കൊല്ലുക എന്നൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഭീതിക്കപ്പുറം നിത്യജീവിതത്തിൽ ജാതിമാറി പ്രണയിച്ചവർ, കല്യാണം കഴിച്ചവർ ഒക്കെ അനുഭവിച്ച ജീവിതമെന്തെന്നു കണ്ടിട്ടില്ലേ... ഇനി കുലമഹിമ മൊത്തം നോക്കി കല്യാണം കഴിച്ചു ജീവിക്കുന്നവരോ... ഇങ്ങനെ കൊല്ലാതെ കൊന്ന ഇരകളുടെ എണ്ണം നമ്മൾ ഓരോരുത്തർക്ക് ചുറ്റും എത്ര കൂടുതലാണ്.. എത്ര പുരോഗമനം അഭിനയിച്ചാലും ഇവിടെ ജാതിയുണ്ട്, കല്യാണം ഒരു കച്ചവടവും ആണ്.

ഓർമ്മകളിലേക്ക് അപ്രതീക്ഷിതമായി ഒരു പാട്ട് മൂളി കടന്ന് വന്നവൾ.. അപർണ പ്രശാന്തിയുടെ പാട്ടോർമ്മകൾഓർമ്മകളിലേക്ക് അപ്രതീക്ഷിതമായി ഒരു പാട്ട് മൂളി കടന്ന് വന്നവൾ.. അപർണ പ്രശാന്തിയുടെ പാട്ടോർമ്മകൾ

ഒരിക്കലും പരസ്പരം തോന്നാത്ത പ്രണയത്തിന്റെ രണ്ടിരകളെ കുറിച്ചുള്ള ഓർമകൾ.. അപർണ പ്രശാന്തി എഴുതുന്നുഒരിക്കലും പരസ്പരം തോന്നാത്ത പ്രണയത്തിന്റെ രണ്ടിരകളെ കുറിച്ചുള്ള ഓർമകൾ.. അപർണ പ്രശാന്തി എഴുതുന്നു

English summary
Aparna Prasanthi's column about Honour killings in the name of Caste
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X