ഇളയരാജയുടെ പാട്ട്, എംജിആറിന്റെ പ്രസംഗം; റോസമ്മയുടെ ഓര്‍മ്മകളില്‍ ദേവികുളം
താരപ്പകിട്ടാര്‍ന്ന ആദ്യ ഉപതെരഞ്ഞെടുപ്പിന്റെ ഓര്‍മ്മകളിലാണ് മൂന്നാര്‍ അടങ്ങുന്ന ദേവികുളം നിയമസഭാ മണ്ഡലം. അന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന റോസമ്മ പുന്നൂസിന് വേണ്ടി പ്രസംഗിച്ചത് നടികര്‍ തിലകം എംജിആര്‍, പാട്ടു പാടിയത് ഇശല്‍മന്നന്‍ ഇളയരാജ. 1958ലായിരുന്നു ഇത്.
വര്‍ഷം 1957. ഐക്യകേരളത്തിലെ ആദ്യ നിയമസഭയില്‍ ആദ്യം സത്യപ്രതിജ്ഞചെയ്ത റോസമ്മ പുന്നൂസിന് പ്രത്യേകതകളേറെയാണ്. സഭാംഗങ്ങളുടെ എണ്ണം അന്ന് 126. ദേവികുളത്തുനിന്ന് ജയിച്ചെത്തിയത് റോസമ്മ പുന്നൂസ്. ഏപ്രില്‍ പത്തിന് ആ നിയമസഭയിലെ ആദ്യ സത്യപ്രതിജ്ഞ റോസമ്മയുടെ വക. അങ്ങനെ റോസമ്മ പുന്നൂസ് പ്രോടെം സ്പീക്കറായി നിയോഗിക്കപ്പെട്ടു. അങ്ങനെ ആദ്യ നിയമസഭയിലെ ആദ്യ സത്യപ്രതിജ്ഞ അവരുടേതായി. ഏപ്രില്‍ 27ന് ആദ്യമായി സഭ ചേരുമ്പോള്‍ മുഖ്യമന്ത്രി ഇഎംഎസ് ഉള്‍പ്പെടെ 125 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തത് അവരുടെ മുന്നിലാണ്.

റോസമ്മ നിയമസഭയിലെത്തിയതിനുമുണ്ട് കൗതുകം. ഇത് തന്നെയാണ് ദേവികുളം ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചതും. റോസമ്മക്കെതിരെ രംഗത്തിറങ്ങിയ കോണ്‍ഗ്രസ് നേതാവ് ബികെ നായരുടെ പത്രിക തള്ളിപ്പോയതാണ് റോസമ്മയുടെ വിജയം അനായാസമാക്കിയത്.
പക്ഷെ സംഗതി കോടതി കയറി. അന്ന് ഹൈക്കോടതിയല്ല, കോട്ടയം ഇലക്ഷന്‍ ട്രൈബ്യൂണലാണ് പരാതികേട്ടത്. ട്രൈബ്യൂണല്‍ തെരഞ്ഞെടുപ്പ് അസാധുവാക്കി. 1958ല്‍ ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ബി.കെ. നായര്‍ തന്നെ റോസമ്മയ്‌ക്കെതിരെ കളത്തിലിറങ്ങി.
ഇന്നത്തെ ഉപതെരഞ്ഞെടുപ്പു പോലെയായിരുന്നില്ല അന്ന്. ഇന്ന് ഉപതരഞ്ഞെടുപ്പ് നടന്നാല്‍ ഓരോ മന്ത്രിയും ഓരോ പഞ്ചായത്തിലും വോട്ടുപിടിക്കാനിറങ്ങും. എന്നാല്‍ മുഖ്യമന്ത്രി ഇഎംഎസ് ഒരു തീരുമാനമെടുത്തു. ഒരു മന്ത്രിയും വോട്ടുതേടി ദേവികുളത്തേക്ക് പോകേണ്ടതില്ല. ബികെ നായര്‍ക്കു വേണ്ടി കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജും പ്രധാനമന്ത്രി നെഹ്രുവിന് പകരം മകള്‍ ഇന്ദിരാഗാന്ധിയും വരെ ദേവികുളത്തേക്ക് മലകയറിയെത്തി.
ഈ സമയത്താണ് എംജിആര്‍ ഷൂട്ടിങ്ങിനായി മൂന്നാറിലെത്തുന്നത്. അക്കാലത്തു തന്നെ കോണ്‍ഗ്രസിനോട് താല്‍പര്യമില്ലാതിരുന്ന എം ജി ആര്‍ റോസമ്മയ്ക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിയ്ക്കാനെത്തി. ഏതാനും വാചകങ്ങളില്‍ ഒതുങ്ങിയ പ്രസംഗം പക്ഷേ തമിഴ്മക്കളെ ഇളക്കിമറിയ്ക്കാന്‍ പോന്നതായിരുന്നു. കേരള അതിര്‍ത്തിയിലെ ലോവര്‍ ക്യാംപ് സ്വദേശിയായ ഇളയരാജയും അനുജനും തമിഴ്‌വിപ്ലവ ഗാനങ്ങളിലൂടെ തേയില തോട്ടങ്ങളെ ഉണര്‍ത്തി. കൂടുതല്‍ ഭൂരിപക്ഷത്തോടെ റോസമ്മ വീണ്ടും വിജയിച്ചു.
റോസമ്മയെ ചരിത്രവനിതയാക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ പ്രോടെം സ്പീക്കര്‍, കോടതി വിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞടുപ്പിലെ വിജയി എന്നിങ്ങനെ കേരള നിയമസഭാ ചരിത്രത്തിലെ പല റെക്കോഡുകളും റോസമ്മയ്ക്ക് സ്വന്തം.
ഒപ്പം കേരളത്തില്‍നിന്ന് ആദ്യമായി ഒരേസമയം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ജയിച്ചുകയറിയ ദമ്പതികളെന്ന ബഹുമതിയുമുണ്ട് റോസമ്മയ്ക്കും ഭര്‍ത്താവും കമ്മ്യൂണിസ്റ്റ് നേതാവായ പിടി പുന്നൂസിനും. 1957ല്‍ ദേവികുളത്തു നിന്നു റോസമ്മ നിയമസഭയിലെത്തിയപ്പോള്‍ പി .ടി പുന്നൂസ് ആലപ്പുഴയില്‍ നിന്നാണ് ലോക്‌സഭയിലെത്തിയത്.എട്ടാം കേരള നിയമസഭയിലേക്ക് 1987 മാര്‍ച്ച് 23ന് നടന്ന തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍നിന്ന് സി.പി.ഐ. അംഗമായി റോസമ്മ വീണ്ടും സഭയിലെത്തി. 2013 ഡിസംബര്‍ 28ന് നൂറാംവയസ്സില്‍ സലാലയിലാണ് റോസമ്മ പുന്നൂസ് അന്തരിച്ചത്.












Click it and Unblock the Notifications